ഗതാഗത നിയന്ത്രണം
കായംകുളം – പത്തനാപുരം റോഡില്‍ ഇളമണ്ണൂര്‍ ജംഗ്ഷനു സമീപം കലുങ്കിന്റെ നിര്‍മാണം നടക്കുന്നതിനല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
ഡിസംബര്‍ 21 മുതല്‍ അടൂരില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ തിയേറ്റര്‍പടി ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇളമണ്ണൂര്‍ പൂതങ്കര റോഡില്‍ കൂടി ബാങ്ക് പടി ജംഗ്ഷന്‍ വഴി പത്തനാപുരം ഭാഗത്തേക്കു പോകണം. പത്തനാപുരത്തു നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ ബാങ്ക് പടി ജംഗ്ഷനില്‍ തിരിഞ്ഞ് ഇളമണ്ണൂര്‍ പൂതങ്കര റോഡില്‍ കൂടി തിയേറ്റര്‍പടി ജംഗ്ഷന്‍ വഴി അടൂരിലേക്കും പോകണം.
ഗതാഗത നിയന്ത്രണം
കൂടല്‍ രാജഗിരി റോഡില്‍ ഗുരുമന്ദിരത്തിനു സമീപം കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതംഡിസംബര്‍ 21 മുതല്‍ ഭാഗികമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
(പിഎന്‍പി 4116/22)
നയിചേതന – ദേശീയ ജെന്‍ഡര്‍ കാമ്പയിന്‍ ദീപശിഖാ പ്രയാണം
നയിചേതന – ദേശീയ ജെന്‍ഡര്‍ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്(21) രാവിലെ 10ന് അടൂര്‍ എസ്എന്‍ഡിപി ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിക്കും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍(എന്‍ആര്‍എല്‍എം) നയിചേതന എന്ന പേരില്‍ നടത്തുന്ന ദേശീയ കാമ്പയിന്റെ ഭാഗമായി ഡിസംബര്‍ 23 വരെ ഒരുമാസക്കാലയളവില്‍ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയല്‍ക്കൂട്ടതലം വരെ വിവിധ പരിപാടികള്‍ നടത്തിവരുന്നു. ലിംഗ സമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും എന്നതാണ് കാമ്പയിന്റെ തീം. സഹനം അല്ല ശബ്ദമാണ് എന്ന ആശയത്തില്‍ ഊന്നി നാല് ആഴ്ച നീണ്ടുനില്‍ക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ചു വരുന്നത്.
ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍, അതിക്രമങ്ങളെ തിരിച്ചറിയുക, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക, അതിക്രമങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാലാഴ്ച നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളര്‍ത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിന്റെ ലക്ഷ്യം.
സിഡിഎസ് -എ.ഡി.എസ് – അയല്‍ക്കൂട്ടതല ബോധവല്‍ക്കരണം, പോസ്റ്റര്‍ പ്രചാരണം, പ്രതിജ്ഞ ചൊല്ലല്‍, ചര്‍ച്ച, സന്ദേശറാലികള്‍, രാത്രി നടത്തം, നിലവിലുള്ള സേവന സംവിധാനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കല്‍, ചുവര്‍ചിത്രം, മികച്ച വ്യക്തിത്വങ്ങളെ ആദരിക്കല്‍, പൊതുയോഗങ്ങള്‍, സിനിമ- ഡോക്യുമെന്ററി പ്രദര്‍ശനം, സ്ഥാപനസന്ദര്‍ശനം, അയല്‍ക്കൂട്ട കുടുംബ സംഗമങ്ങള്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നാലാഴ്ച നീണ്ടു നില്‍ക്കുന്ന കാമ്പയിനോട് അനുബന്ധിച്ച് ജില്ലയില്‍ സംഘടിപ്പിക്കുന്നത്.
യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ചെറുകോല്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ബിഎഎംഎസ്, ബിഎന്‍വൈഎസ്, എം എസ് സി (യോഗ)/ പി.ജി.ഡിപ്ലോമ (യോഗ) എന്നീ യോഗ്യതകളില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് ഡിസംബര്‍ 29 ന് രാവിലെ 11 ന് ചെറുകോല്‍ ഗവ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ : 9495 554 349.
(പിഎന്‍പി 4111/22)
ലാപ്‌ടോപ്പിന് അപേക്ഷിക്കാം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുളള തൊഴിലാളികളുടെ മക്കളില്‍ എം.ബി.ബി.എസ് , ബി ടെക്, എം ടെക്ക്, ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ്‌സി ആന്റ് എഎച്ച്, എംഡിഎസ്, എംഡി, ബിഎച്ച്എംഎസ്, പി ജി ആയുര്‍വേദ, പിജി ഹോമിയോ, എംവിഎസ്‌സി ആന്റ് എഎച്ച് എന്നീ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ലാപ് ടോപ്പിന് അപേക്ഷിക്കാം.
കേന്ദ്ര സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് മാത്രമേ ഈ ആനുകൂല്യത്തിന് അര്‍ഹതയുളളൂ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍ : 0469 2 603 074.
വാര്‍ഷിക പുതുക്കല്‍
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പെന്‍ഷന്‍ പ്രായം പൂര്‍ത്തീകരിക്കാത്ത എല്ലാ അംഗതൊഴിലാളികളും 2022 വര്‍ഷത്തെ വാര്‍ഷിക പുതുക്കല്‍ 2023 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ നടത്തണം.