Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 20/12/2022)

മണ്ഡലപൂജക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ണം, ക്യൂ കോംപ്ലക്സില്‍ നിരന്തരം വിവിധ ഭാഷകളില്‍ അറിയിപ്പുകള്‍

*വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേര്‍ന്നു

ശരംകുത്തിയിലെ ക്യൂ കോംപ്ലക്സില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സന്നിധാനം എ.ഡി.എം പി.വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. മണ്ഡലപൂജയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്യൂ കോംപ്ലക്സില്‍ കൂടുതല്‍ ശുചീകരണ തൊഴിലാളികളെ നിയോഗിക്കും. ഇവിടെയെത്തുന്ന ഭക്തര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി വിവിധ ഭാഷകളിലുള്ള അനൗണ്‍സ്മെന്റ് സംവിധാനം അടുത്ത ദിവസം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ക്യൂ കോംപ്ലക്സുകളുടെ ഉപയോഗം സംബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് മനസിലാകുന്ന രീതിയില്‍ വിവിധ ഭാഷകളിലാകും അനൗണ്‍സ്മെന്റ്. മരക്കൂട്ടം മുതല്‍ ശരംകുത്തിവരെയുള്ള ശരണപാതയില്‍ എട്ടുബ്ലോക്കുകളിലായി 24 ക്യൂ കോംപ്ലക്സുകളും വിശാലമായ നടപ്പന്തലുമുണ്ട്. ഇവിടെ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ശുചിമുറികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വലിയ നടപ്പന്തലില്‍ നിലവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ക്യൂ സംവിധാനവുമുണ്ട്. ഇതിനുപുറമെ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ഇവിടെ ഒരു നിര ഒഴിച്ചിട്ടിട്ടുമുണ്ട്. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട് . ഭക്ഷണശാലകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ കര്‍ശനമാക്കാനും തീരുമാനമായി. ഇന്നലെ (ഡിസംബര്‍ 20) വരെയുള്ള കണക്കനുസരിച്ച് ഇത്തവണ മരിച്ചത് 24 തീര്‍ത്ഥാടകരാണ്. ഭൂരിഭാഗം പേരുടെയും മരണകാരണം ഹൃദയാഘാതമാണ്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ തീര്‍ത്ഥാടകര്‍ പതിവായി കഴിക്കുന്ന മരുന്നുകള്‍ ഒപ്പം കരുതണമെന്നും കൃത്യസമയത്ത് അവ ഉപയോഗിക്കണമെന്നും ഇക്കാര്യം ഓര്‍മ്മിപ്പാകാനായി വിവിധ സ്ഥലങ്ങളില്‍ ഇടവിട്ട് അനൗണ്‍സ്മെന്റ് നല്‍കാനും യോഗം തീരുമാനിച്ചു. തീര്‍ത്ഥാടകര്‍ക്ക് അവശ്യഘട്ടങ്ങളില്‍ ആരോഗ്യവകുപ്പ്, കേരള പോലീസ്, അഗ്‌നിരക്ഷാസേന, ദേശീയ ദുരന്തനിവാരണ സേന, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം തേടാവുന്നതാണ്. നടപ്പാതകളിലും മറ്റും തീര്‍ത്ഥാടകര്‍ക്ക് തടസമുണ്ടാക്കിയ മരച്ചില്ലകളെല്ലാം നിലവില്‍ വെട്ടിമാറ്റിയിട്ടുണ്ട്. ഭക്തര്‍ക്ക് സുരക്ഷിതമായി വിരിവക്കാനുള്ള സൗകര്യം ആവശ്യത്തിനുോണ്ടെന്നും യോഗം വിലയിരുത്തി.

സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ ആനന്ദ് ആര്‍, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്റന്റ് ജി. വിജയന്‍, അസി. സ്പെഷ്യല്‍ ഓഫീസര്‍ നിതിന്‍രാജ് , ഡ്യൂട്ടി മജിസ്ട്രേറ്റ് റ്റി. മുരളി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

 

ഇരുപത്തിനാല് മണിക്കൂറും മുടങ്ങാതെ കുടിവെള്ളമെത്തിച്ച് വാട്ടര്‍ അതോറിറ്റി

ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് പമ്പയിലും സന്നിധാനത്തുമായി ഇരുപത്തിനാല് മണിക്കൂറും മുടങ്ങാതെ കുടിവെള്ളമെത്തിച്ച് വാട്ടര്‍ അതോറിറ്റി. ത്രിവേണി ഇന്‍ടേക് പമ്പ്ഹൗസില്‍ നിന്നും ദിവസേന പരമാവധി 60 ലക്ഷം ലിറ്റര്‍ വെള്ളമാണ് പമ്പയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും വിതരണം ചെയ്യുന്നത്. നീലിമല വഴി ശരംകുത്തിയിലേക്ക് മൂന്ന് ബൂസ്റ്റര്‍ പമ്പ് ഹൗസുകളുടെ സഹായത്തോടെ ദേവസ്വം ബോര്‍ഡിന്റെ 40 ലക്ഷത്തിന്റെ കുടിവെള്ള സംഭരണിയിലേക്ക് ദിവസേന പരമാവധി 70 ലക്ഷം ലിറ്റര്‍ വെള്ളവുമെത്തിക്കുന്നു. നീലിമല പാതയിലുള്ള എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍, നീലിമല ടോപ്പിലുള്ള ആശുപത്രി, അപ്പാച്ചിമേട്ടിലുള്ള കാര്‍ഡിയാക് സെന്റര്‍, സ്വാമി അയ്യപ്പന്‍ പാതയിലുള്ള എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ചരല്‍മേട്ടിലുള്ള ആശുപത്രി, ശരംകുത്തി പാതയിലുള്ള ക്യൂ കോംപ്ലക്സുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം കുടിവെള്ളം വിതരണം ചെയ്യുന്നതും വാട്ടര്‍ അതോറിറ്റി തന്നെ.

കൂടാതെ പമ്പയിലും പരിസരത്തുമായി സ്ഥാപിച്ചിട്ടുള്ള പന്ത്രണ്ടോളം ആര്‍.ഒ (റിവേഴ്സ് ഓസ്മോസിസ്) പ്ലാന്റുകളുടെ സഹായത്തോടെ മണിക്കൂറില്‍ 35,000 ലിറ്ററെന്ന കണക്കില്‍ ദിവസേന ഏഴ് ലക്ഷം ലിറ്റര്‍ കുടിവെള്ളം പമ്പ മുതല്‍ സന്നിധാനം വരെ സ്ഥാപിച്ചിട്ടുള്ള നൂറിലധികം കിയോസ്‌ക് യൂണിറ്റുകളിലൂടെ ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു. ചൂടുവെള്ളം/ തണുത്ത വെള്ളം/ സാധാരണ വെള്ളം എന്നിങ്ങനെ വിതരണം ചെയ്യാന്‍ കഴിയുന്ന ഏഴോളം വാട്ടര്‍ ഡിസ്പെന്‍സറുകളും പമ്പ കെ.എസ്.ആര്‍.ടി.സി മുതല്‍ ശരംകുത്തി വരെ നീളുന്ന വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ കിയോസ്‌കുകള്‍ കഴുകി വൃത്തിയാക്കാന്‍ പതിനഞ്ചോളം താത്കാലിക ജീവനക്കാരെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി അഞ്ച് ലൈന്‍ വാച്ചര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

ഈ സ്ഥലങ്ങളില്‍ പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ ഇതുപതോളം ഫിറ്റര്‍മാര്‍, വെല്‍ഡര്‍മാര്‍, അസിസ്റ്റന്റ് ഫിറ്റര്‍മാര്‍ എന്നിവരും സജ്ജമാണ്. ശബരിമലയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേന്‍മ ഉറപ്പുവരുത്താന്‍ പമ്പയില്‍ ഒരു ക്വാളിറ്റി വിങ്ങും പ്രവര്‍ത്തിക്കുന്നു. ഒരു അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഒരു കെമിസ്റ്റ്, ഒരു ബാക്റ്റീരിയോളജിസ്റ്റ്, ഒരു ക്വാളിറ്റി അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തില്‍ അത്യാധുനിക സാങ്കേതിക ലാബും പമ്പയിലുണ്ട്.

 

ശബരിമലയിലെ ചടങ്ങുകള്‍
(21.12.2022)

………
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12.15 വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30. ന് ..25 കലശാഭിഷേകം
12.45 ന് കളഭാഭിഷേകം
1 മണിക്ക്……ഉച്ചപൂജ
1.30 ന് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
11.20ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 ന് ശ്രീകോവില്‍ നട അടയ്ക്കും.

 

23ന് പോലീസ് സേനയും കര്‍പ്പൂരാഴി ഒരുക്കും

ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കര്‍പ്പൂരാഴി ഘോഷയാത്ര നാളെ (ഡിസംബര്‍ 22ന്) ദീപാരാധനയ്ക്കുശേഷം ശബരിമല അയ്യപ്പസന്നിധിയില്‍ നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ വകയായാണ് കര്‍പ്പൂരാഴി.
ക്ഷേത്രകൊടിമരത്തിനു മുന്നിലായി ക്ഷേത്രതന്ത്രി കണ്ഠര് രാജീവര് കര്‍പ്പൂരാഴിക്ക് അഗ്‌നി പകരും. മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രവികുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശാന്തകുമാര്‍, ശബരിമല പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ആനന്ദ്, എ.ഡി.എം.വിഷ്ണുരാജ്, പി.ആര്‍.ഒ. സുനില്‍ അരുമാനൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് കര്‍പ്പൂരാഴി ഘോഷയാത്ര ആരംഭിക്കും.
പുലിവാഹനനായ അയ്യപ്പന്‍, വിവിധ വാദ്യമേളങ്ങള്‍, പുരാണ വേഷവിദാനങ്ങള്‍, പൂക്കാവടി, മയിലാട്ടം, വിളക്കാട്ടം തുടങ്ങിയവ ഘോഷയാത്രയില്‍ അണിനിരക്കും. ശബരിമലയില്‍ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലില്‍ എത്തി പതിനെട്ടാം പടിക്ക് മുന്നിലേക്കാണ് കര്‍പ്പൂരാഴി ഘോഷയാത്ര. 23ന് സന്നിധാനത്ത് ചുമതലയിലുള്ള പോലീസ്‌സേനാ ഉദ്യോഗസ്ഥരുടെ വകയായി കര്‍പ്പൂരാഴി ഘോഷയാത്ര നടക്കും.

error: Content is protected !!