മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധമായ വാഴമുട്ടം ശര്‍ക്കര പുനര്‍ജനിക്കുന്നു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴമുട്ടത്ത് കരിമ്പു കൃഷി വിളവ് എടുത്തു തുടങ്ങി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവിയും ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാലും ചേര്‍ന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
കേരളകര്‍ഷകസംഘം പത്തനംതിട്ട ഏരിയ പ്രസിഡന്റും ഓമല്ലൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാനുമായ അഡ്വ. മനോജ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കരിമ്പു കൃഷി ആരംഭിച്ചത്. വാഴമുട്ടം ശര്‍ക്കര എന്ന പേരില്‍ വിപണിയില്‍ ഉത്പന്നം എത്തിക്കുവാനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലത്ത് കരിമ്പു കൃഷി വ്യാപിപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഇവിടെ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന കരിമ്പില്‍ നിന്നും നിര്‍മിക്കുന്ന ശര്‍ക്കരക്ക് നല്ല നിറവും തരിയും ഗുണമേന്മയും ഉണ്ട്. അതോടൊപ്പം, മായം ചേരാത്ത നല്ല ശര്‍ക്കര വിപണിയില്‍ എത്തിക്കുവാന്‍ കരിമ്പു കര്‍ഷക കൂട്ടായ്മക്ക് കഴിയുമെന്നതിനാല്‍ പഞ്ചായത്ത് വേണ്ട എല്ലാ പ്രോത്സാഹനവും നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു.