Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ക്യൂ ഫലപ്രദം:
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരുക്കിയ പ്രത്യേക ക്യൂ സംവിധാനം ഫലപ്രദമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് മറികടക്കാനും ഭക്തര്‍ക്ക് സുഖ ദര്‍ശനം ഒരുക്കാനും വേണ്ടിയാണ് പ്രത്യേക ക്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നടപ്പന്തലിലെ ഒമ്പതാമത്തെ വരിയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഈ സംവിധാനം നടപ്പിലാക്കിയ ആദ്യ ദിവസമായ ഇന്നലെ ( ഡിസംബര്‍ 19) ഭക്തരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കാതെ അയ്യപ്പ ദര്‍ശനം സാധ്യമായതിന്റെ സന്തോഷത്തിലാണ് സ്ത്രീകളും കുട്ടികളും. ഒരു കുട്ടിയോടോപ്പം ഒരു രക്ഷകര്‍ത്താവ് എന്ന നിലയിലാണ് ഇപ്പോള്‍ പ്രത്യേക ക്യൂ ക്രമീകരിച്ചിരിക്കുന്നതെന്നും സന്നിധാനത്തെ പ്രത്യേക ക്യൂ ക്രമീകരണം പരിശോധിച്ചശേഷം അദ്ദേഹം പറഞ്ഞു.

ശബരിമല എപ്പോഴും മാലിന്യ വിമുക്തമായിരിക്കണം:
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

അയ്യപ്പന്റെ പൂങ്കാവനമായ ശബരിമലയും പരിസര പ്രദേശവും എപ്പോഴും മാലിന്യ വിമുക്തമായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല സമ്പൂര്‍ണ ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാവിലെ അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് പവിത്രം ശബരില പദ്ധതിയുടെ ഭാഗമായി ശുചീകരണത്തില്‍ അദ്ദേഹം പങ്കാളിയായത്. പവിത്രം ശബരിമല പദ്ധതിയുടെ നീല തൊപ്പിയും പ്രത്യേക മാസ്‌കും അണിഞ്ഞാണ് അദ്ദേഹം ശുചീകരണ യജ്ഞത്തിന്റെ ഭാഗമായത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല സമ്പൂര്‍ണ ശുചീകരണ യജ്ഞം പരിപാടിയുടെ ഭാഗമായി ദിവസവും ഒരു മണിക്കൂര്‍ വീതമാണ് ശബരിമല അയ്യപ്പസന്നിധിയില്‍ ശുചീകരണം നടത്തി വരുന്നത്.

സന്നിധാനത്ത് എക്സൈസ് രജിസ്റ്റര്‍ ചെയ്തത് 404 കോട്പ കേസുകള്‍, 

ഈടാക്കിയത് 80,800 രൂപ

സന്നിധാനത്തും പരിസരത്തും എക്സൈസ് സംഘം കഴിഞ്ഞ ദിവസം (ഡിസംബര്‍ 18) വരെ നടത്തിയ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 404 കോട്പ കേസുകള്‍. നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളിലായി 80,800 രൂപ പിഴയിനത്തില്‍ ഈടാക്കുകയും 20 കിലോ നിരോധിത പുകയില പിടികൂടുകയും ചെയ്തു. മദ്യം മയക്കുമരുന്ന് എന്നിവ പിടികൂടിയിട്ടില്ല.

ശബരിമലയും പരിസര പ്രദേശങ്ങളും മദ്യം, പുകയില, മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയുടെ നിരോധിത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൃത്യമായി പാലിക്കാന്‍ പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന റേഞ്ച് ഓഫീസുകള്‍ വഴി എക്സൈസ് വകുപ്പ് കൃത്യമായ നിരീക്ഷണം നടത്തി വരുന്നുണ്ട്. സന്നിധാനത്തെ റേഞ്ച് ഓഫീസില്‍ മാത്രം 27 ഉദ്യോഗസ്ഥര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നു. മഫ്തിയിലും യൂണിഫോമിലുമുള്ള പെട്രോളിംഗ് സംഘം 24 മണിക്കൂറും സന്നിധാനത്ത് നിരീക്ഷണം നടത്തുന്നുമുണ്ട്. മദ്യം, മറ്റ് ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ദര്‍ശനം കോംപ്ലക്സിലെ എക്സൈസ് ഓഫീസിലെത്തി പരാതി നല്‍കാവുന്നതാണ്.