Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 19/12/2022)

വ്യാജമദ്യ നിയന്ത്രണസമിതി യോഗം
വ്യാജമദ്യ നിയന്ത്രണ സമിതി ജില്ലാതല യോഗം ഡിസംബര്‍ 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും.

 

പാരാ ലീഗല്‍ വോളന്റിയര്‍: അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും, കോഴഞ്ചേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ഒരു വര്‍ഷത്തെ നിയമ സേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാ ലീഗല്‍ വോളന്റിയര്‍മാരുടെ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ സന്നദ്ധ സേവനത്തില്‍ തല്‍പരരായിരിക്കണം. പാരാ ലീഗല്‍ വോളന്റിയര്‍ സേവനത്തിനു ലീഗല്‍ സര്‍വീസസ് അതോറിറ്റി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന ഹോണറേറിയമല്ലാതെ യാതൊരുവിധ ശമ്പളമോ, പ്രതിഫലമോ, കൂലിയോ ലഭിക്കുന്നതല്ല. മെട്രിക്കുലേഷന്‍ അഭിലഷണീയം.

നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, വിവിധ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. കോഴഞ്ചേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ കീഴില്‍ സേവനത്തിന് അപേക്ഷിക്കുന്നവര്‍ കോഴഞ്ചേരി, കോന്നി താലൂക്കുകളില്‍ നിന്നുള്ളവരായിരിക്കണം. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ സേവനത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷ 2023 ജനുവരി 21 നകം ചെയര്‍മാന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2220141.

പ്രീഡിഡിസി യോഗം ഡിസംബര്‍ 24ന്
ജില്ലാ വികസന സമിതിയുടെ പ്രീഡിഡിസി യോഗം ഡിസംബര്‍ 24ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 22ന്
ജില്ലയിലെ പട്ടികവര്‍ഗ കോളനിയായ അട്ടത്തോട് പടിഞ്ഞാറേക്കരയിലെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ 2022 -23 അധ്യയന വര്‍ഷത്തേയ്ക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

 

അപേക്ഷകര്‍ അട്ടത്തോട് പടിഞ്ഞാറേക്കര കോളനിയിലോ സമീപത്തുള്ള മറ്റ് കോളനികളിലോ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവരും ഡിഗ്രിയോ അതിനു മുകളിലോ യോഗ്യത ഉള്ളവരോ, ബി.എഡ്/ ടി.ടി.സി/ ഡി.എല്‍.എഡ് തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യത ഉള്ളവരോ ആയിരിക്കണം. അട്ടത്തോട് പടിഞ്ഞാറേക്കരയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ട്. പ്രതിമാസ ഹാജരിന്റെ അടിസ്ഥാനത്തില്‍ പരമാവധി 15000 രൂപ ഓണറേറിയം അനുവദിക്കും. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ, ജാതി -വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 22ന് രാവിലെ 10 ന് റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

വായ്പ പദ്ധതികളില്‍ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ ജില്ലയിലെ താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും സ്വയം തൊഴില്‍, സുവര്‍ണശ്രീ, പെണ്‍കുട്ടികളുടെ വിവാഹം എന്നീ വായ്പ പദ്ധതികളില്‍ അപേക്ഷ ക്ഷണിച്ചു.

പലിശ നിരക്ക് ആറ് മുതല്‍ എട്ട് ശതമാനം. ജാമ്യ വ്യവസ്ഥകള്‍ ബാധകം. കൂടാതെ പിന്നാക്ക മത-ന്യൂനപക്ഷ വിഭാഗത്തിലുള്ള 60 വയസില്‍ താഴെ പ്രായമുള്ള സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാരില്‍ നിന്നും വിവിധ വായ്പ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-60, വാര്‍ഷിക വരുമാന പരിധി 15 ലക്ഷം രൂപയില്‍ താഴെ.

9.5 ശതമാനം പലിശനിരക്കില്‍ വ്യക്തിഗത വായ്പ അഞ്ച്  ലക്ഷം രൂപ വരെയും ഒന്‍പത് ശതമാനം പലിശയില്‍ ഭവനപുനരുദ്ധാരണ വായ്പ അഞ്ച് ലക്ഷം രൂപ വരെയും എട്ട് ശതമാനം പലിശയില്‍ വാഹന വായ്പ എട്ട് ലക്ഷം രൂപ വരെയും ലഭിക്കും. വിശദ  വിവരങ്ങള്‍ക്ക് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനടുത്തുള്ള കെ.എസ്.ബി.സി.ഡി.സി ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0468 2 226 111, 2 272 111

ലഹരി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചു
ജില്ലാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയും ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മയക്കുമരുന്നിനെതിരെ ലഹരി വിരുദ്ധ കാമ്പയിന്‍ ഉണര്‍വ് 2022, ക്ഷേമനിധി സിറ്റിംഗും സംഘടിപ്പിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സി.ഓഫീസര്‍ എസ് സേവ്യര്‍ ക്ഷേമനിധി ക്ലാസ് നയിച്ചു. അടൂര്‍ പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ എസ് ധന്യ, ബോര്‍ഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ടെന്‍ഡര്‍

കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മത്സര സ്വഭാവമുളള ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി മൂന്നിന് പകല്‍ നാലു വരെ. ഫോണ്‍ : 9446 604 828, 9446 116 086.


കരുതലിന്റെ അഞ്ച് വര്‍ഷങ്ങളുമായി സ്‌നേഹിതാ

ജില്ലയില്‍ സ്നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായി. സ്ത്രീകള്‍, കുട്ടികള്‍, മറ്റു പാര്‍ശ്വവല്‍കൃതവിഭാഗങ്ങള്‍ എന്നിവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ഇവരെ സാമൂഹ്യപരമായി ഉയര്‍ത്തുന്നതും ലക്ഷ്യമിട്ട് ആരംഭിച്ച സ്നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് പന്തളം മെഡിക്കല്‍ മിഷന്‍ ജംഗ്ഷന് സമീപമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.  2634 കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 189 പേര്‍ക്ക് താത്കാലിക അഭയം നല്‍കാനും സ്നേഹിതക്ക് കഴിഞ്ഞു.
ഗാര്‍ഹികപീഡനം, ഇതര കുടുംബപ്രശ്നങ്ങള്‍, മദ്യപാനം മൂലമുള്ള പ്രശ്നങ്ങള്‍, കുട്ടികളുമായും വയോജനങ്ങളുമായും  ബന്ധപ്പെട്ട വിഷയങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ ഭൂരിഭാഗവും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യഥാസമയം കൗണ്‍സിലിംഗ്, മാനസികപിന്തുണ, നിയമസഹായം, മറ്റ് സര്‍ക്കാര്‍ സേവനസംവിധാനങ്ങളുടെ പിന്തുണ ഉറപ്പാക്കല്‍, ഉപജീവനമാര്‍ഗങ്ങളിലേക്ക് നയിക്കല്‍ എന്നിവ ഉറപ്പാക്കാന്‍ സ്നേഹിതക്ക് കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ സ്ത്രീ ശാക്തീകരണ പദ്ധതികളെ സമൂഹത്തിന്റെ താഴെത്തട്ടില്‍ എത്തിക്കല്‍, ലിംഗതുല്യത, ലിംഗസമത്വം ഉറപ്പാക്കുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ , ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, സമൂഹത്തില്‍ ഒറ്റപ്പെട്ട താമസിക്കുന്നവര്‍ക്ക് മാനസികപിന്തുണ ഉറപ്പാക്കാന്‍ സ്നേഹിത കോളിംഗ് ബെല്‍, പട്ടികവര്‍ഗ മേഖലയില്‍ വിവിധ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മരിമ്പ, ലക്ഷ്യ എന്ന പേരില്‍ ഉപജീവന കേന്ദ്രം, അടൂര്‍, പന്തളം പോലീസ്സ്റ്റേഷനുകളില്‍ കൗണ്‍സിലിംഗ് സെന്ററുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിവിധതലങ്ങളില്‍ ഉള്ള അവബോധ പ്രവര്‍ത്തനങ്ങളും സ്നേഹിതയുടെ ഭാഗമായി നടക്കുന്നു.
കുടുംബശ്രീയുടെ ജെന്‍ഡര്‍ വികസന വിഭാഗത്തിന് കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്നേഹിതയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍, അഞ്ച് സര്‍വീസ് പ്രൊവൈഡര്‍മാര്‍, രണ്ട് സെക്യൂരിറ്റി, ഒരു ഓഫീസ് അസിസ്റ്റന്റ്, കെയര്‍ടേക്കര്‍ ഉള്‍പ്പെടെ 11 ജീവനക്കാരുണ്ട്.

ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ (സമഗ്ര മാനസികാരോഗ്യ പരിപാടി, പകല്‍ വീട്, കാഞ്ഞീറ്റുകര) ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം (7 സീറ്റ്, 2010/അതില്‍ ഉയര്‍ന്ന മോഡല്‍, പ്രതിമാസം 2500 കി.മീ ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുളളവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30 ന് വൈകുന്നേരം അഞ്ചു വരെ.


ടെന്‍ഡര്‍

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ (സമഗ്ര മാനസികാരോഗ്യ പരിപാടി, പകല്‍ വീട്, വല്ലന) ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം (7 സീറ്റ്, 2010 / അതില്‍ ഉയര്‍ന്ന മോഡല്‍, പ്രതിമാസം 2500 കി.മീ ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുളളവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30 ന് വൈകുന്നേരം അഞ്ചു വരെ.

ദേശീയ ഉപഭോക്തൃ ദിനാഘോഷം:വിദ്യാര്‍ഥികള്‍ക്ക് മത്സരം സംഘടിപ്പിക്കുന്നു
ദേശീയ ഉപഭോക്തൃ ദിനാഘോഷത്തിന്റെ ഭാഗമായി ഹരിത ഉപഭോഗം, ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ്, ഉപഭോക്തൃ നിയമം – അവകാശങ്ങള്‍ – കടമകള്‍ എന്നീ വിഷയങ്ങളില്‍ ജില്ലാ തലത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ജില്ലാതല ഉപന്യാസ മത്സരം, കോളേജ് തലത്തില്‍ ജില്ലാതല പ്രസംഗ മത്സരം എന്നിവ ഡിസംബര്‍ 23 ന് രാവിലെ 11 മുതല്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും. മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനം 1500 രൂപയും രണ്ടാം സമ്മാനം 1000 രൂപയും മൂന്നാം സമ്മാനം 500രൂപയും  ലഭിക്കും.

എല്‍കെജി മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്കായി ഡിസംബര്‍ 23 വരെ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന എന്റെ റേഷന്‍ കട സെല്‍ഫി മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 7000 രൂപയും മൂന്നാം സമ്മാനം 5000 രൂപയും സമ്മാനമായി ലഭിക്കും.  9188 527 310 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കാണ് സെല്‍ഫി അയയ്ക്കേണ്ടത്.
error: Content is protected !!