സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായ 20 ലക്ഷം ആളുകൾക്ക് 2026 ന് മുൻപ് സ്വകാര്യ മേഖലയിൽ ജോലി നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി കെ ഡിസ്ക്, കേരള നോളജ് ഇക്കോണമി മിഷൻ കുടുംബശ്രീയുമായി ചേർന്ന് നൂതന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ‘തൊഴിലരങ്ങത്തേക്ക് ‘ എന്ന പേരിൽ പുതിയ കാമ്പയിന് സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണ് മാർച്ച് എട്ടിന് ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ തൊഴിൽ അന്വേഷകരായ 1000 സ്ത്രീകൾക്ക് തൊഴിൽ കണ്ടെത്തി അവർക്ക് ജോബ് ഓഫർ ലെറ്റർ കൈമാറുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം.
കുടുംബശ്രീ മിഷനിലൂടെ നടത്തിയ എന്റെ തൊഴിൽ എന്റെ അഭിമാനം കാമ്പയിൻ സർവേയിലൂടെ കണ്ടെത്തിയ 53 ലക്ഷം തൊഴിൽ അന്വേഷകരിൽ 58 ശതമാനവും സ്ത്രീകൾ ആണ് എന്നുള്ളതാണ് വസ്തുത. ഉന്നത വിദ്യാഭ്യാസം ഉള്ളവരായ സ്ത്രീകൾ ഉൾപ്പെടെ നിരവധി യുവതികൾ കുടുംബങ്ങളുടെ അകത്തളങ്ങളിൽ കഴിയുന്നുണ്ട്. ഇത്തരത്തിലുള്ള ആളുകൾക്ക് സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കുവാനുള്ള ഊർജവും അവസരവും കൊടുക്കുവാൻ ഇതിലൂടെ കഴിയും. പ്രാദേശിക തൊഴിൽ അവസരങ്ങളും വിദേശ തൊഴിൽ അവസരങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിലെ വിജ്ഞാന സമ്പത്തിനെ പൂർണമായി ഉപയോഗപ്പെടുത്തി നവകേരളം നിർമിക്കുക എന്ന വലിയ സ്വപ്നത്തിലേക്കുള്ള ചുവട് വയ്പ്പിനാണ് തുടക്കം കുറിക്കുന്നത്. തൊഴിലരങ്ങത്തേക്ക് എന്ന കാമ്പയിൻ ജില്ലയിൽ പൂർണതോതിൽ നടപ്പാക്കുന്നതിനു വേണ്ടി ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, വൈസ് പ്രസിഡന്റ് സാറ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എസ്. മോഹനൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കേരള നോളജ് ഇക്കണോമി മിഷൻ സംസ്ഥാന ഡയറക്ടർ ഡോ. ശ്രീകല വിഷയാവതരണം നടത്തി. കെ കെ ഇ എം റീജണൽ മാനേജർ അനൂപ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഷിജു എം സാംസൺ, കില കോ-ഓർഡിനേറ്റർ അശ്വതി എന്നിവരും യോഗത്തിൽ പങ്കെടുത്തു.