Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (17/12/2022)

ശബരിമലയിലെ  ചടങ്ങുകള്‍
(18.12.2022)

………
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12.15 വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30. ന് ..25 കലശാഭിഷേകം
12.45 ന് കളഭാഭിഷേകം
1 മണിക്ക്……ഉച്ചപൂജ
1.30 ന് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
11.20ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 ന് ശ്രീകോവില്‍ നട അടയ്ക്കും.

 

ഇത്തവണ കാനനപാതയിലും വെളിച്ചമെത്തി, 24 മണിക്കൂറും മുടങ്ങാതെ സേവനമൊരുക്കി കെ എസ് ഇ ബി

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിലും വെളിച്ചമെത്തിച്ച് കെ.എസ്.ഇ.ബി. ഇത്തവണ കാനനപാതയിലെ വല്യാനവട്ടം, ചെറ്യാനവട്ടം എന്നിവിടങ്ങളിലേക്ക് കവേര്‍ഡ് കണ്ടക്ടര്‍ ഉപയോഗിച്ച് ലൈന്‍ വലിച്ച് വൈദ്യുത കണക്ഷന്‍ നല്‍കി. ജില്ലയില്‍ തന്നെ ആദ്യമായാണ് കവേര്‍ഡ് കണ്ടക്ടര്‍ ഉപയോഗിച്ച് വൈദ്യുതി കണക്ഷന്‍ നല്‍കുന്നത്. ഇതുകൂടാതെ സന്നിധാനം , പമ്പ എന്നീ പ്രദേശങ്ങളില്‍ നാലായിരത്തോളം തെരുവുവിളക്കുകളും സ്ഥാപിച്ചു. ഭൂരിഭാഗവും എല്‍.ഇ.ഡി ലൈറ്റുകളാണ് ഇത്തവണ സ്ഥാപിച്ചിരിക്കുന്നതെന്നും പ്രത്യേകതയാണ്. ചുരുക്കം ചിലയിടങ്ങളില്‍ മാത്രമാണ് ഫ്ളൂറസെന്റ് ട്യൂബുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കാനനപാതയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്കും എല്‍.ഇ.ഡി വിളക്കുകകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്. അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള നാല്‍പ്പത്തിയഞ്ചോളം ജീവനക്കാരാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്ക് മുടങ്ങാതെ വൈദ്യുതിയെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പത്തനംതിട്ട സര്‍ക്കിളിന് കീഴിലുള്ള റാന്നി – പെരുനാട് സെക്ഷനാണ് പമ്പയിലേയും സന്നിധാനത്തെയും ചുമതല.

ശബരിമല, പമ്പ തുടങ്ങിയ പ്രദേശങ്ങളിലെ വൈദ്യുതി സംബന്ധമായ അറ്റകുറ്റപ്പണികള്‍ ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിന് മൂന്നുമാസം മുമ്പ് തന്നെ പൂര്‍ത്തിയായിരുന്നു. പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്നത് ത്രിവേണിയിലെ ഫീഡറില്‍ നിന്നാണ്. ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ (എ.ബി.സി) ഉപയോഗിച്ച് വൈദ്യുതവിതരണം നടത്തിയിരിക്കുന്നതിനാല്‍ വൈദ്യുത തടസം പൂര്‍ണമായും ഒഴിവാക്കാനായി. വന്യമൃഗങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഒഴിവാക്കി. സംസ്ഥാനത്ത് നിലവിലുള്ള പൂര്‍ണമായും കവചിതമായ ഏക വൈദ്യുതി വിതരണ സംവിധാനമാണ് ശബരിമലയിലുള്ളതെന്നും പ്രത്യേകതയാണ്. പമ്പ ത്രിവേണിയില്‍ ഒരേ സമയം മൂന്നുവാഹനങ്ങള്‍ക്ക് വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വിധം ഒരു ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനും കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ കക്കാട് സെക്ഷന് കീഴിലുള്ള ഇലവുങ്കലില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ആവശ്യമായ പുതിയ ട്രാന്‍സ്ഫോര്‍മറും സ്ഥാപിച്ചു.

സന്നിധാനത്ത് പോലീസിന്റെ നാലാം ബാച്ച് ചുമതലയേറ്റു

ശബരിമല സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നാലാമത്തെ ബാച്ച് വെള്ളിയാഴ്ച ചുമതലയേറ്റു. പുതിയതായി എത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു.

മണ്ഡലപൂജയോടനുബന്ധിച്ച് തിരക്കുവര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഭക്തര്‍ക്ക് സുഖദര്‍ശനം ഒരുക്കാന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ ആനന്ദ്്് ആര്‍ നിര്‍ദ്ദേശം നല്‍കി. ഭക്തര്‍ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതിന് മുഴുവന്‍ ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. കൂടാതെ പുണ്യം പൂങ്കാവനം ഉദ്യമത്തില്‍ പോലീസുദ്യോഗസ്ഥര്‍ പങ്കാളികളാകണമെന്നും സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ഭക്തരെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, നടപ്പന്തല്‍, യു ടേണ്‍, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം എന്നിവിടങ്ങളിലും പുണ്യം പൂങ്കാവനം പദ്ധതിയുടെ നടത്തിപ്പിനുമായി ഒമ്പത്് സെക്ടറുകളായി തിരിച്ചാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.

അസി. സ്പെഷ്യല്‍ ഓഫീസര്‍ നിതിന്‍രാജ് , ഒമ്പത് ഡി.വൈ.എസ്.പിമാര്‍, 33 സി.ഐമാര്‍, 93 എസ്.ഐ/ എ.എസ്.ഐ, 1200 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1335 പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലെ സേവനത്തിനായി നിയോഗിച്ചത്. പതിനെട്ടാം പടിയിലെ ഡ്യൂട്ടിക്ക് വേണ്ടി കേരള പോലീസിന്റെ ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പത്ത് ദിവസമാണ് ശബരിമലയില്‍ പുതിയതായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ചുമതല. എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, മറ്റു സംസ്ഥാനങ്ങളിലെ പോലീസുകാര്‍, വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ , ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ എന്നിവര്‍ ശബരിമല ദര്‍ശനം നടത്തി