Trending Now

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 17/12/2022 )

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കേരള മദ്രസ അധ്യാപക ക്ഷേമനിധിബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന അംഗങ്ങള്‍ ലൈഫ്സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 മുന്‍പായി സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസറിനാല്‍ സാക്ഷ്യപെടുത്തിയതിനു ശേഷം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, കെയുആര്‍ഡിഎഫ്സി ബില്‍ഡിംഗ് രണ്ടാംനില, ചാക്കോരത്തുകുളം, വെസ്റ്റ്ഹില്‍.പി.ഒ, കോഴിക്കോട്-673 005 എന്ന വിലാസത്തില്‍ അയച്ചുതരണം. ലൈഫ്സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍നമ്പറും മൊബൈല്‍നമ്പറും നിര്‍ബന്ധമായും രേഖപ്പെടുത്തണം. ലൈഫ്സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ 2023 ജനുവരി മുതല്‍ പെന്‍ഷന്‍ നല്‍കുകയുള്ളുവെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0495 2 966 577, 9188 230 577.

മാധ്യമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റിന്റെ തിരുവല്ലം കേന്ദ്രത്തില്‍ ദൃശ്യ മാധ്യമ സാങ്കേതിക കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസ ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ എഡിറ്റിംഗ് എന്നീ കോഴ്‌സുകള്‍ക്ക് പ്ലസ്ടുവും അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫിക്ക് എസ്എസ്എല്‍സിയുമാണ് യോഗ്യത.അവസാന തീയതി ഡിസംബര്‍ 20. ഫോണ്‍ : 8547 720 167, 6238 941 788.     വെബ്‌സൈറ്റ് : https//mediastudies.cdit.org.
(പിഎന്‍പി 4089/22)

പ്രിഡിഡിസി യോഗം ഡിസംബര്‍ 24ന്
ജില്ലാ വികസന സമിതിയുടെ പ്രിഡിഡിസി യോഗം ഡിസംബര്‍ 24ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും.

ക്വട്ടേഷന്‍
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന ആറ് സാമൂഹ്യ പഠന മുറികളിലേക്ക് ട്രോളി സ്പീക്കറുകള്‍ (പിഎ ആബ്ലിഫൈയര്‍ വിത്ത് ട്രോളി സിസ്റ്റം ആന്റ് റീചാര്‍ജബിള്‍ ബാറ്ററി) വിതരണം നടത്തുന്നതിന് ബ്രാന്റഡ് കമ്പനികളുടെ 40 വാട്സും പരമാവധി ഒന്‍പത് കിലോഗ്രാം ഭാരം വരുന്ന ആറ് വയര്‍ലെസ് ട്രോളി സ്പീക്കറുകള്‍ (രണ്ട് മൈക്കുകള്‍) സഹിതം വിതരണം ചെയ്യുന്നതിനായി താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 22ന് വൈകുന്നേരം നാലു വരെ. ഫോണ്‍ : 0473 5 227 703.

 

അതിദാരിദ്ര സര്‍വേയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അടിസ്ഥാനരേഖകള്‍ ഉറപ്പാക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അതിദാരിദ്ര സര്‍വേയില്‍ ദരിദ്രരെന്ന് കണ്ടെത്തിയവര്‍ക്ക് അടിസ്ഥാന രേഖകളായ ആധാര്‍, റേഷന്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉറപ്പാക്കുന്നതിന് ഗൗരവമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി അവലോകന യോഗത്തില്‍  അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ശുചിത്വ പദ്ധതിയായ നിര്‍മല ഗ്രാമം നിര്‍മല നഗരം നിര്‍മല ജില്ലയുടെ പ്രവര്‍ത്തനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പുരോഗതി വരുത്തണം. ശുചിത്വ കൗണ്‍സില്‍ രൂപീകരിക്കാത്ത തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി കൗണ്‍സില്‍ രൂപികരിക്കുകയും ഗ്രാമപഞ്ചായത്തുകള്‍ ശുചിത്വ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
മാലിന്യ ശേഖരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം പരമാവധി  പ്രയോജനപ്പെടുത്തണം. ഹരിതകര്‍മസേന അംഗങ്ങള്‍ സജീവമല്ലാത്ത തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ അംഗങ്ങളെ കണ്ടെത്തുന്നതിന് ജനപ്രതിനിധികള്‍ ഇടപെട്ട് പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
പദ്ധതി നിര്‍വഹണത്തിന് മൂന്ന് മാസം ബാക്കി നില്‍ക്കെ എക്‌സ്‌പെന്‍ഡീച്ചര്‍ വേഗത്തിലാക്കുന്നതിനായി ഗ്രാമ പഞ്ചായത്തുകള്‍ പ്രവര്‍ത്തിക്കണം. നിർമാണ പ്രോജക്ടുകളുടെ എസ്റ്റിമേറ്റ് തയാറാക്കലും സാങ്കേതിക അനുമതി നൽകലും ഡിസംബര്‍ 31 ന് മുമ്പ് പൂർത്തിയാക്കാൻ എഞ്ചിനിയറിംഗ് വിഭാഗം ശ്രദ്ധിക്കണമെന്ന് യോഗം പറഞ്ഞു.
ലൈഫ് ഭവനനിർമാണ പദ്ധതിയുടെ നിർവഹണത്തിന്റെ ഭാഗമായി വിഇഒമാരുടെ ചുമതലയിൽ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും സഹകരിച്ച് ഗുണഭോക്തൃ സംഗമം നടത്തുകയും നിർമാണത്തിന് കരാര്‍ വയ്ക്കുകയും വേണം. പുതിയ ലിസ്റ്റില്‍ നിന്ന് ഗുണഭോക്തക്കളെ എടുക്കാനും അവലോകന യോഗം തീരുമാനിച്ചു.
കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കാൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സത്വര നടപടി സ്വീകരിക്കണം. നെൽ കർഷകർക്ക് കൃഷി ചെലവ് നൽകാനുള്ള പദ്ധതിയുടെ തുക എത്രയും വേഗം കർഷകരുടെ അക്കൗണ്ടിലേക്ക് നൽകണം. പൂര്‍ത്തികരിച്ച പദ്ധതികളുടെ ബില്‍ മാറാന്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കൃഷി വകുപ്പിന് യോഗം നിര്‍ദേശം നല്‍കി. കൃഷി ഓഫീസര്‍മാര്‍ ഇല്ലാത്ത തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ കാര്‍ഷികമേഖലയിലെ പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കുന്നുണ്ടെന്നും ഇവരുടെ ഒഴിവ് എത്രയും വേഗം നികത്തണമെന്നും യോഗം വിലയിരുത്തി.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിച്ച ഗ്രാമപഞ്ചായത്തുകള്‍ ഡിസംബര്‍ 22 ന് മുന്‍പായി പ്രേജക്ടുകള്‍ തയാറാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ബ്ലോക്കുതല അവലോകനം ചേരാനും യോഗം തീരുമാനിച്ചു.
പട്ടികജാതി പട്ടികവര്‍ഗ ഉപപദ്ധതികള്‍, എബിസി, പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍ തുടങ്ങിയവയുടെ പുരോഗതി അവലോകനയോഗം ചര്‍ച്ച ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ജോര്‍ജ് , ഡിഡിപി കെ.ആര്‍ സുമേഷ്, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ , വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
error: Content is protected !!