Trending Now

ശബരിമല തീര്‍ഥാടനം കേരളത്തിന്റെ യശസിനെ ഉയര്‍ത്തിപിടിക്കുന്ന തരത്തിലുള്ളതാക്കി മാറ്റണം- മന്ത്രി കെ. രാധാകൃഷ്ണന്‍

 

ശബരിമല തീര്‍ഥാടനമെന്നത് കേരളത്തിന്റെ യശസിനെ ഉയര്‍ത്തിപിടിക്കുന്ന തരത്തിലുള്ളതാക്കി മാറ്റുന്നതിന് സങ്കുചിതമായ ചിന്തകള്‍ മാറ്റി വച്ച് വിശാലമായ രീതിയില്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടന പുരോഗതിയും ക്രമീകരണങ്ങളും വിലയിരുത്തുന്നതിന്
പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

 

കോവിഡാനന്തരമുള്ള തീര്‍ഥാടനമായത് കൊണ്ട് തന്നെ തീര്‍ഥാടകരുടെ എണ്ണത്തിലെ വര്‍ധന കണക്ക് കൂട്ടി തീര്‍ഥാടനത്തിനായി മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ വകുപ്പുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചതിലും അധികം ആളുകളാണ് ഓരോ ദിവസവും ദര്‍ശനത്തിനായി ശബരിമലയിലേക്ക് എത്തുന്നത്. ഒരു ദിവസം ഒരു ലക്ഷത്തിലധികം തീര്‍ഥാടകര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള ദീര്‍ഘനേരത്തെ ക്യു ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിന് വേണ്ട ബദല്‍ സംവിധാനങ്ങള്‍ വേഗത്തില്‍ സ്വീകരിക്കും. അതിന്റെ ഭാഗമായി കുട്ടികള്‍, വയസായ സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക ക്യു ഒരുക്കും. പ്രത്യേക ക്യു ഒരുക്കുമ്പോള്‍ കൂട്ടം തെറ്റി പോകുമെന്ന ആശങ്ക കൂടി കണക്കിലെടുത്തുള്ള തയാറെടുപ്പുകളായിരിക്കും നടത്തുക.
തിരക്കിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. അതിന്റെ ഭാഗമായാണ് ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തില്‍ അവലോകനയോഗം സംഘടിപ്പിച്ചത്. യോഗത്തില്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദര്‍ശനത്തിനെത്തേണ്ട ഭക്തരുടെ എണ്ണം വെര്‍ച്വല്‍ ക്യു വഴി 90,000 എന്ന നിലയിലേക്ക് നിയന്ത്രിക്കും. മാത്രമല്ല, ക്യു കോംപ്ലക്‌സ്, ഫ്‌ളൈഓവര്‍ എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.

 

ക്യു നില്‍ക്കുന്ന ഭക്തര്‍ക്ക് ആഹാരം, വെള്ളം, മതിയായ ടോയ്‌ലെറ്റ് സൗകര്യം എന്നിവ ഉറപ്പാക്കും. ഇതിലൂടെ തീര്‍ഥാടകരുടെ പ്രയാസം കുറയ്ക്കുന്നതിന് വേണ്ട എല്ലാ ഇടപെടലുകളും കാര്യക്ഷമമായി നടപ്പാക്കും. ആരോഗ്യവകുപ്പ് മികച്ച ഇടപെടലുകളാണ് നടത്തുന്നത്. ഇതുവരെ 19 ലക്ഷത്തിലധികം തീര്‍ഥാടകരാണ് എത്തിയത്. മെച്ചപ്പെട്ട വാഹനമില്ലായെന്നതാണ് കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതി. എന്നാല്‍ എല്ലാ വാഹനങ്ങളും പര്യാപ്തമാണ്. കെഎസ്ആര്‍ടിസിയുടെ പരിശോധനയ്ക്ക് ശേഷമാണ് അവ സര്‍വീസ് നടത്തുന്നതിനായി കൊണ്ടുവന്നിട്ടുള്ളത്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനോട് അവശ്യമെങ്കില്‍ വീണ്ടും പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്തരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

 

പാര്‍ക്കിംഗ് സൗകര്യം കൂടുതല്‍ ഒരുക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 6500 വാഹനങ്ങള്‍ക്കാണ് ഇപ്പോള്‍ നിലയ്ക്കലില്‍ പാര്‍ക്കിംഗ് സൗകര്യമുള്ളത്. എന്നാല്‍ അവിടുത്തെ മണ്ണിന്റെ ഘടന അനുസരിച്ച് മഴ വരുമ്പോള്‍ പാര്‍ക്കിംഗിനുള്ള ബുദ്ധിമുട്ടുണ്ടാകും. അതിനുള്ള ബദല്‍സംവിധാനം സ്വീകരിക്കും. കൂടുതല്‍ പാര്‍ക്കിംഗ് സെന്ററുകള്‍ കണ്ടെത്താന്‍ വനം വകുപ്പിനോട് സഹായം തേടിയിട്ടുണ്ട്. നിലവിലുണ്ടായ പ്രയാസങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ അതത് വകുപ്പുകള്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സ്‌പോട്ടില്‍ തന്നെ പരിഹാരമുണ്ടാക്കും. ഇനിയുള്ള ദിവസങ്ങള്‍ വലിയ കരുതലോടെ മുന്നോട്ട് പോകും.

 

റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നുവെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ശബരിമല തീര്‍ഥാടവുമായി ബന്ധപ്പെട്ട് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തയാറാണ്. കോവിഡാനന്തരമായതുകൊണ്ട് തന്നെ എല്ലാ വിശ്വാസകേന്ദ്രങ്ങളിലും തിരക്ക് കൂടുതലാണ്.
പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലായി എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്തസാധ്യതയുള്ള പന്ത്രണ്ട് പ്രദേശങ്ങള്‍ കണ്ടെത്തി മുന്നറിയിപ്പ് കൊടുത്തിരുന്നു.

 

വിശുദ്ധി സേനയുടെ മികച്ച സേവനമാണ് പമ്പ, സന്നിധാനം, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലായി നടത്തുന്നത്. തിരക്ക് കൂടുന്ന സമയമാണ് ഇനി. കോവിഡാനന്തരമുള്ള തീര്‍ഥാടനമായതുകൊണ്ട് തന്നെ കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുള്ളത്. ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന ഭക്തര്‍ സന്നിധാനത്തെത്തി ദര്‍ശനം കഴിഞ്ഞ് പ്രസാദം വാങ്ങിയ ശേഷമേ മടങ്ങു. പാര്‍ക്കിംഗിന്റെ പ്രശ്‌നത്തിനും ഉടന്‍ പരിഹാരമുണ്ടാകും. കുട്ടികള്‍ക്കും വയസായ സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യു സൗകര്യം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

 

തീര്‍ഥാടനപാതയിലെ 32 പഞ്ചായത്തുകള്‍ക്കും ആറു മുനിസിപ്പാലിറ്റികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി തുക അനുവദിച്ചിട്ടുണ്ടെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. റാന്നി-പെരുനാട് പഞ്ചായത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിക്കും. ലൈഫ് ഗാര്‍ഡുകള്‍, ലൈഫ് ജാക്കറ്റുകള്‍, തെരുവുവിളക്കുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, ഇടത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഗവ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, എഡിജിപി എം.ആര്‍. അജിതകുമാര്‍, ഡിഐജി ആര്‍.നിശാന്തിനി, ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, സന്നിധാനം എസ്ഒ ആര്‍. ആനന്ദ്, പമ്പ എസ്ഒ കെ.ഇ. ബൈജു, ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ പി.എം. തങ്കപ്പന്‍, എസ്.എസ്. ജീവന്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി.എസ് പ്രകാശ്, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ആര്‍.അജിത്കുമാര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!