കൊല്ലം – ചെങ്കോട്ട റോഡിന്റേയും എംസി റോഡിന്റേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1500 കോടി രൂപ അനുവദിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അടൂര്‍ ഇരട്ടപ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മധ്യകേരളത്തിന്റെ യാത്രാനാഡിയാണ് എംസി റോഡ്. പശ്ചാത്തല വികസനമെന്നത് പ്രധാന ഉത്തരവാദിത്തമായാണ് സര്‍ക്കാര്‍ കാണുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഓരോ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം മുതല്‍ പരിപാലനം വരെയുള്ള കാര്യങ്ങള്‍ ഏറ്റവും മികവുറ്റതാക്കുകയെന്നതാണ് ലക്ഷ്യം.
ശബരിമല തീര്‍ഥാടന സമയത്ത് തന്നെ അടൂര്‍ ഇരട്ടപ്പാലം യാഥാര്‍ഥ്യമായത് ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളിലൊന്നാണ്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വലിയ ഒരുക്കങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നേരത്തെ ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട 19 റോഡുകളുടെ നിലവിലെ സ്ഥിതി വിലയിരുത്തുകയും നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടവയുടെ കണക്കെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മാത്രമല്ല, റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൂര്‍ണമാക്കിയെന്ന് നേരിട്ട് പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു. ശബരിമല സീസണോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ കെഎസ്ടിപി ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്തിരുന്നു. ഇത്തരം കാര്യങ്ങളോട് പൂര്‍ണമായും സഹകരിച്ച ജില്ലാ കളക്ടര്‍ മുതല്‍ കരാര്‍ തൊഴിലാളികള്‍ വരെയുള്ളവര്‍ക്ക് അഭിനന്ദനം അര്‍പ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ, കായിക രംഗത്തെ പശ്ചാത്തലസൗകര്യം ഉറപ്പാക്കി സമഗ്ര വികസനം സാധ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഇരട്ടപ്പാലം സാധ്യമായതോടെ അടൂരിന്റെ യാത്രാ ക്ലേശത്തിന് പരിഹാരമാകും. നിരവധി പദ്ധതികളാണ് ഈ സര്‍ക്കാര്‍ അടൂര്‍ മണ്ഡലത്തിനായി നല്‍കിയിരിക്കുന്നത്.
2018 ല്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് അടൂരിലെ ഇരട്ടപ്പാലത്തിനായി തുക അനുവദിച്ചത്. മുന്‍ മന്ത്രി ജി.സുധാകരന്‍ തറക്കല്ലിടുകയും ചെയ്തു. കോവിഡിനെ തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അല്‍പം വൈകിയെങ്കിലും വേഗത്തില്‍ പാലത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. അടൂരില്‍ ഓവര്‍ബ്രിഡ്ജിന്റെ നിര്‍മാണപ്രവര്‍ത്തനം പ്രാരംഭഘട്ടത്തിലാണ്. കടമ്പനാട് മിനിസ്റ്റേഡിയത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. അടൂര്‍ ജനറല്‍ ആശുപത്രിയിലെ കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണത്തിനായി 14 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയില്‍ കിഫ്ബിയില്‍ നിന്നും 10.09 കോടി രൂപാ വിനിയോഗിച്ചാണ് അടൂര്‍ ഇരട്ടപ്പാലത്തിന്റെ നിര്‍മാണവും അനുബന്ധ റോഡിന്റെ പുനരുദ്ധാരണവും പൂര്‍ത്തീകരിച്ചത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കോര്‍ണറില്‍ നടന്ന ചടങ്ങില്‍ അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് സൗത്ത് സര്‍ക്കിള്‍ ടീം ലീഡര്‍ പി.ആര്‍. മഞ്ജുഷ, അടൂര്‍ നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ്, അടൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ഡി. ശശികുമാര്‍, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണം തുണ്ടില്‍, സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, രാജു നെടുവംപുറം(ജനാധിപത്യ കേരള കോണ്‍ഗ്രസ്), സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍, തദ്ദേശസ്വയംഭരണസ്ഥാപന അംഗങ്ങള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.