Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 13/12/2022)

ശബരിമലയിലെ തിരക്കിനനുസരിച്ച് നിയന്ത്രണ സംവിധാനങ്ങള്‍
ക്രമീകരിക്കും – അവലോകന യോഗം

ശബരിമലയിലെ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധനല്‍കി മുമ്പോട്ട് പോകാന്‍ ശബരിമല എ.ഡി.എം പി. വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ സന്നിധാനത്ത് ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകനയോഗത്തില്‍ തീരുമാനമായി. നിലവില്‍ ക്യൂ മാനേജ്‌മെന്റ് കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്.

അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആവശ്യമായ ഗതാഗത, പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍, കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തും.

അവശ്യഘട്ടങ്ങളില്‍ കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ വിന്യസിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. ഭക്തര്‍ക്ക് സുരക്ഷയും സുഖദര്‍ശനവും ഒരുക്കുന്ന രീതിയിലാകും നിയന്ത്രണങ്ങള്‍ ക്രമീകരിക്കുക. ക്യൂവില്‍ നില്‍ക്കുന്ന അയ്യപ്പ ഭക്തര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കും. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ സന്നിധാനത്ത് അധികനേരം തുടരുന്നത് ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ അനൗണ്‍സ്‌മെന്റ് നടത്തും. തിരക്ക് അഭൂതപൂര്‍വ്വമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലിലും നിയന്ത്രണമേര്‍പ്പെടുത്തി ഘട്ടം ഘട്ടമായി മാത്രം സന്നിധാനത്തേക്ക് കടത്തിവിടണമെന്നും യോഗത്തില്‍ തീരുമാനമായി.

സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ കെ.എസ് സുദര്‍ശന്‍, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്റന്റ് ജി. വിജയന്‍, അസി. സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍. ശ്രീകുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുണ്യം പൂങ്കാവനം; സന്നിധാനത്ത് ശുചീകരണം നടത്തി

പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സാന്നിധാനത്ത് ശുചീകരണം നടത്തി. ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ കെ.എസ് സുദര്‍ശന്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്റന്റ് ജി. വിജയന്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പോലീസ്, ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്സ്, മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ശബരിമലയിലെ  ചടങ്ങുകള്‍
(14.12.2022)

പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 12.15 വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം ആരംഭിക്കും.
7.30 ന് ഉഷപൂജ
12.30. ന് ..25 കലശാഭിഷേകം
12.45 ന് കളഭാഭിഷേകം
1 മണിക്ക്……ഉച്ചപൂജ
1.30 ന് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
11.20ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11.30 ന് ശ്രീകോവില്‍ നട അടയ്ക്കും.

ശ്രദ്ധിക്കുക
(ഭക്തജന തിരക്കുള്ള ദിവസങ്ങളില്‍ മാത്രം ബാധകം)