Trending Now

റാന്നി – പെരുനാട്: ജനകീയാസൂത്രണം ഗുണഭോക്തൃസംഗമം: സംഘാടക സമിതി രൂപീകരിച്ചു

konnivartha.com : റാന്നി – പെരുനാട് ഗ്രാമ പഞ്ചായത്തിലെ ജനകീയാസൂത്രണം 2022-23 വാര്‍ഷിക പദ്ധതിയുടെ ഗുണഭോക്തൃസംഗമം, വിവിധ പദ്ധതികളുടെ നിര്‍വഹണം എന്നിവയുമായി ബന്ധപ്പെട്ട് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം റാന്നി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് പി.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു. കേരള പഞ്ചായത്ത് അസോസിയേഷന്‍, കൃഷി വകുപ്പ്, കില എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഞങ്ങളുംകൃഷിയിലേക്ക് എന്ന പദ്ധതിയില്‍ തെരഞ്ഞെടുത്ത റാന്നി പെരുനാട് ഗ്രാമ പഞ്ചായത്തിലെ പദ്ധതി നടത്തിപ്പിന്റെ മുന്നോടിയായുള്ള കാര്‍ഷിക കര്‍മ്മ സേന രൂപീകരണത്തിനും യോഗത്തില്‍ തുടക്കം കുറിച്ചു.

കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നവിധത്തിലാണ് പരിപാടി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി നിര്‍വഹണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം, ഗുണഭോക്തൃ സംഗമം, ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷ വാര്‍ഷികം, കുടുംബശ്രീ വാര്‍ഷികം, കാര്‍ഷിക കര്‍മ്മ സേന ഉദ്ഘാടനം എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ തീരുമാനമായി.

അങ്കണവാടി കലാമേള, വയോജന സംഗമം, ആദിവാസി സംഗമം, അധ്യാപക രക്ഷാകര്‍ത്തൃ സംഗമം, എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. സംഗമം 2023 ജനുവരി 17ന് രാവിലെ 10 ന് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.

ആസൂത്രണസമിതി അംഗം പി.എന്‍.വി. ധരന്‍ യോഗത്തില്‍ വിഷയാവതരണം നടത്തി. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനപ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍, യുവജന സംഘടനാ പ്രതിനിധികള്‍, സ്‌കൂള്‍ പി.ഇ.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.