Trending Now

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 11/12/2022)

മഹാരാഷ്ട്രയിൽ 75,000 കോടിരൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.
ന്യൂഡൽഹി, ഡിസംബർ 11, 2022
 
മഹാരാഷ്ട്രയിൽ  75,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ രാജ്യത്തിന് സമർപ്പണവും തറക്കല്ലിടലും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. 1500 കോടിയിലധികം രൂപ ചെലവുവരുന്ന ദേശീയ റെയിൽ പദ്ധതികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത് (എൻ.ഐ.ഒ), നാഗ്പൂർ, നാഗ് നദിയിലെ മലിനീകരണ നിയന്ത്രണ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരിപാടിയിൽ ചന്ദ്രപൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി (സിപെറ്റ്) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ചന്ദ്രാപൂർരിലെ സെന്റർ ഫോർ റിസർച്ച്, മാനേജ്‌മെന്റ് ആൻഡ് കൺട്രോൾ ഓഫ് ഹീമോഗ്ലോബിനോപതിയുടെ, ഉദ്ഘാടനവും നിർവഹിച്ചു.
അതിന് മുൻപേ ഇന്ന് നാഗ്പൂരിൽ നിന്ന് ബിലാസ്പൂരിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുകയും നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടം രാജ്യത്തിന് സമർപ്പിക്കുകയും നാഗ്പൂർ മെട്രോയുടെ രണ്ടാം ഘട്ടത്തിന് തറക്കല്ലിടുകയും ചെയ്തു. നാഗ്പൂരിനെയും ഷിർദ്ദിയെയും ബന്ധിപ്പിക്കുന്ന 520 കിലോമീറ്റർ ദൂരമുള്ള ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗിന്റെ ഒന്നാം ഘട്ട ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
1575 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ച നാഗ്പൂർ എയിംസും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. ഒ.പി.ഡി, ഐ.പി.ഡി, രോഗനിർണ്ണയ സേവനങ്ങൾ, ഓപ്പറേഷൻ തിയറ്ററുകൾ, മെഡിക്കൽ ശാസ്ത്രത്തിലെ സ്‌പെഷ്യാലിറ്റി സൂപ്പർ സ്‌പെഷ്യാലിറ്റി വിഷയങ്ങളിൽപ്പെട്ട പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളും ഉൾക്കൊള്ളുന്ന 38 വകുപ്പുകൾ എന്നിവയൊക്കെയുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയാണ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചത്. മഹാരാഷ്ട്രയിലെ വിദർഭ മേഖലയ്ക്ക് ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഈ ആശുപത്രി ഗഡ്ചിരോളി, ഗോണ്ടിയ, മെൽഘട്ട് എന്നിവിടങ്ങളിലെ ഗോത്രവർഗ്ഗ മേഖലകൾക്ക് ഒരു അനുഗ്രഹവുമാണ്.
സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, സങ്കഷ്ടി ചതുർത്ഥിയുടെ ശുഭദിനത്തിൽ ആശംസകൾ നേരുകയും, ഗണപതി ഭഗവാനെ സ്തുതിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ  നാഗ്പൂരിൽ നിന്ന് വികസന പ്രവർത്തനങ്ങളുടെ ഒരു പൂച്ചെണ്ടിന് സമാരംഭം കുറിയ്ക്കുന്ന ഈ സവിശേഷ ദിനം ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ”ഇന്ന് മഹാരാഷ്ട്രയുടെ വികസനത്തിനായി പതിനൊന്ന് പുതിയ താരകങ്ങളുടെ ഒരു നക്ഷത്രസമൂഹം  ഉയർന്നുവരികയാണ്, അത് പുതിയ ഉയരങ്ങൾ കൈവരിക്കാനും പുതിയ ദിശാബോധം നൽകാനും സഹായിക്കും”, അദ്ദേഹം പറഞ്ഞു. ”ഹിന്ദു ഹൃദയ് സമ്രാട്ട് ബാലാസാഹേബ് താക്കറെ മഹാരാഷ്്രട സമൃദ്ധി മഹാമാർഗ് ഇപ്പോൾ നാഗ്പൂർ മുതൽ ഷിർദ്ദി വരെ തയാറായിക്കഴിഞ്ഞു, എയിംസ് വിദർഭയിലെ ജനങ്ങൾക്ക് ഗുണകരമാകും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ചന്ദ്രാപൂരിൽ ഐ.സി.എം.ആറിന്റെ ഗവേഷണ കേന്ദ്രം സ്ഥാപിക്കൽ, ചന്ദ്രാപൂരിൽ സിപെറ്റ് സ്ഥാപിക്കൽ, നാഗ് നദിയുടെ മലിനീകരണം കുറയ്ക്കുന്നതിന് നാഗ്പൂരിലെ വിവിധ പദ്ധതികൾ, മെട്രോ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും, നാഗ്പൂരിനും ബിലാസ്പൂരിനുമിടയിൽ വന്ദേ ഭാരത് എക്‌സ്പ്രസ്, നാഗ്പൂർ, അജ്‌നി റെയിൽവേ സ്‌റ്റേഷനുകളുടെ പുനർവികസന പദ്ധതി, അജ്‌നിയിൽ 42,000 കുതിരശക്തിയുള്ള റെയിൽ എഞ്ചിന്റെ മെയിന്റനൻസ് ഡിപ്പോയുടെ ഉദ്ഘാടനവും നാഗ്പൂർ-ഇറ്റാർസി പാതയുടെ കോഹ്‌ലി-നാർഖേഡ് റൂട്ടിന്റെ ഉദ്ഘാടനവും. പൂർത്തിയാക്കിയതുമായ 11 പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും പ്രധാനമന്ത്രി അവ അക്കമിട്ട് എടുത്തുപറയുകയും ചെയ്തു. പൂർത്തിയായതും വരാനിരിക്കുന്നതുമായ ഈ പദ്ധതികൾക്ക് പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ ജനങ്ങളെ അഭിനന്ദിച്ചു.
മഹാരാഷ്ട്രയിലെ ഇരട്ട എഞ്ചിൻ ഗവൺമെന്റിന്റെ പ്രവർത്തന വേഗത്തിന്റെ തെളിവാണ് ഇന്നത്തെ പദ്ധതികളെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സമൃദ്ധി മഹാമാർഗ് നാഗ്പൂരും മുംബൈയും തമ്മിലുള്ള ദൂരം കുറയ്ക്കുക മാത്രമല്ല, അത് മഹാരാഷ്ട്രയിലെ 24 ജില്ലകളെ ആധുനിക കണക്റ്റിവിറ്റി സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നുവെന്നതിനും അദ്ദേഹം അടിവരയിട്ടു. ഇവ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നതിനു പുറമേ, കർഷകർക്കും തീർത്ഥാടകർക്കും ഈ മേഖലയിൽ സ്ഥിതിചെയ്യുന്ന വ്യവസായങ്ങൾക്കും ഈ ബന്ധിപ്പിക്കൽ പദ്ധതികൾ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികൾ അടിസ്ഥാന സൗകര്യ വികസനത്തിന്റെ സമഗ്രമായ കാഴ്ചപ്പാടിന്റെ ഒരു ചിത്രം വരച്ചുകാട്ടുന്നുവെന്ന് ഈ പദ്ധതികളുടെ ആസൂത്രണ അന്തർലീനതയിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ”അത് നാഗ്പൂർ എയിംസോ സമൃദ്ധി മഹാമാർഗോ ആകട്ടെ, അത് വന്ദേ ഭാരത് എക്‌സ്പ്രസോ നാഗ്പൂർ മെട്രോയോ ആകട്ടെ, ഈ പദ്ധതികളെല്ലാം അവയുടെ ഗുണഗണങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കാം, എന്നാൽ ഒരു പൂച്ചെണ്ട് രൂപത്തിലാകുമ്പോൾ, സമ്പൂർണ്ണ വികസനത്തിന്റെ സത്ത ഓരോ പൗരനിലും എത്തിച്ചേരും” അദ്ദേഹം പറഞ്ഞു. അത് സാധാരണക്കാരന്റെ ആരോഗ്യ പരിരക്ഷണത്തിലായിക്കോട്ടെ അല്ലെങ്കിൽ സമ്പത്ത് സമ്പാദനത്തിലാകട്ടെ, അത് കർഷക ശാക്തീകരണമായാലും ജലസംരക്ഷണമായാലും, മനുഷ്യസ്പർശം എല്ലാവരുടെയും ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള മനുഷ്യരൂപം ഗവൺമെന്റ് നൽകുന്ന ആദ്യ സംഭവമാണിതെന്ന് ഇരട്ട എഞ്ചിൻ ഗവൺമെന്റിന്റെ ശ്രമങ്ങളെ ഉയർത്തിപിടിച്ചുകൊണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
”പാവപ്പെട്ട ഓരോരുത്തർക്കും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത് പദ്ധതി നമ്മുടെ സാമൂഹിക അടിസ്ഥാനസൗകര്യത്തിന്റെ ഒരു ഉദാഹരണമാണ്, നമ്മുടെ വിശ്വാസകേന്ദ്രങ്ങളായ കാശിയിൽ നിന്നും കേദാർനാഥ്, ഉജ്ജയിനി മുതൽ പാണ്ഡർപൂർ വരെയുള്ള വികസനം നമ്മുടെ സാംസ്‌കാരിക അടിസ്ഥാനസൗകര്യത്തിന്റെ ഉദാഹരണമാണ് 45 കോടിയിലധികം പാവപ്പെട്ടവരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുന്ന ജൻധൻയോജന നമ്മുടെ സാമ്പത്തിക അടിസ്ഥാനസൗകര്യത്തിന്റെ ഉദാഹരണമാണ്” അടിസ്ഥാന സൗകര്യ വികസനത്തിന്റെ സമഗ്ര വീക്ഷണത്തിന്റെ ഉദാഹരണങ്ങൾ നിരത്തി പ്രധാനമന്ത്രി പറഞ്ഞു. നാഗ്പൂർ എയിംസ് പോലുള്ള ആധുനിക ആശുപത്രികളും മെഡിക്കൽ കോളേജുകളും തുറക്കാനുള്ള സംഘടിതപ്രവർത്തനം മെഡിക്കൽ അടിസ്ഥാനസൗകര്യത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”നിർജീവമായ റോഡുകളേയും മേൽപ്പാലങ്ങളേയും മാത്രം ഉൾക്കൊള്ളളാൻ കഴിയുന്നതല്ല അടിസ്ഥാന സൗകര്യങ്ങൾ, അതിന്റെ വിപുലീകരണം വളരെ വലുതാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം 400 കോടി രൂപ ചെലവ് കണക്കാക്കി മുപ്പത് മുപ്പത്തിയഞ്ച് വർഷം മുമ്പ് തറക്കല്ലിടുകയും ഒരിക്കലും പൂർത്തിയാകാതിരിക്കുകയും ചെയ്ത ഗോശേഖുർദ് അണക്കെട്ടിന്റെ ഉദാഹരണം പ്രധാനമന്ത്രി പറഞ്ഞു. അണക്കെട്ടിന്റെ എസ്റ്റിമേറ്റ് തുക ഇപ്പോൾ 18,000 കോടി രൂപയായി വർദ്ധിച്ചതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ”2017-ൽ ഇരട്ട എഞ്ചിൻ ഗവൺമെന്റ് രൂപീകരിച്ചതിന് ശേഷം ഈ അണക്കെട്ടിന്റെ പണികൾ ത്വരിതപ്പെടുത്തുകയും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുകയും ചെയ്തു” അദ്ദേഹം പറഞ്ഞു. ഈ വർഷം ഈ അണക്കെട്ട് പൂർണമായും നിറഞ്ഞതിൽ പ്രധാനമന്ത്രി സംതൃപ്തിയും രേഖപ്പെടുത്തി.
”ആസാദി കാ അമൃത് കാലത്തു്  , വികസിത ഇന്ത്യ എന്ന മഹത്തായ ദൃഢനിശ്ചയത്തോടെയാണ് രാജ്യം മുന്നേറുന്നത്. രാജ്യത്തിന്റെ കൂട്ടായ ശക്തിയാൽ അത് നേടിയെടുക്കാൻ കഴിയും. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള മന്ത്രം രാജ്യത്തിന്റെ വികസനത്തിനായുള്ള സംസ്ഥാനത്തിന്റെ വികസനമാണ്”പ്രധാനമന്ത്രി ആവർത്തിച്ചു. വികസനം പരിമിതമാകുമ്പോൾ അവസരങ്ങളും പരിമിതമാകുമെന്ന് അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് പ്രധാനമന്ത്രി അടിവരയിട്ടു. വിദ്യാഭ്യാസം തെരഞ്ഞെടുക്കപ്പെട്ട ചിലർക്ക് മാത്രമായി പരിമിതപ്പെടുത്തിയപ്പോൾ, രാജ്യത്തിന്റെ പ്രതിഭകൾക്ക് മുന്നിൽ വരാൻ കഴിഞ്ഞില്ല, കുറച്ച് ആളുകൾക്ക് മാത്രം ബാങ്കുകൾ പ്രാപ്യമായിരുന്നപ്പോൾ, കച്ചവടവും വ്യാപാരവും പരിമിതമായി തുടർന്നു, മികച്ച ബന്ധിപ്പിക്കൽ ഏതാനും നഗരങ്ങൾക്ക് മാത്രമായി പരിമിതമായിരുന്നപ്പോൾ വളർച്ചയും അതേ അളവിൽ പരിമിതമായിരുന്നു, പ്രധാനമന്ത്രി വിശദീകരിച്ചു. അതിന്റെ ഫലമായി, രാജ്യത്തെ വലിയ ജനസമൂഹത്തിന് വികസനത്തിന്റെ പൂർണമായ നേട്ടങ്ങൾ പ്രയോജനപ്പെട്ടിരുന്നുമില്ല ഇന്ത്യയുടെ യഥാർത്ഥ ശക്തി മുന്നിൽ വരുന്നിരുന്നുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 8 വർഷമായി ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് (എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം)’ എന്നീ തത്വങ്ങൾക്കൊപ്പം ഈ ചിന്തയും സമീപനവും മാറിയെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ”നേരത്തെ തഴഞ്ഞിരുന്നവർ ഇന്ന് ഗവൺമെന്റിന്റെ മുൻഗണനയായി മാറിയിരിക്കുന്നു” ശ്രീ മോദി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ വലിയ നേട്ടം വിദർഭയിലെ കർഷകർക്കും ലഭിച്ചിട്ടുണ്ടെന്നും കന്നുകാലി സംരക്ഷകർക്ക് മുൻഗണന നൽകി കൊണ്ട് കിസാൻ ക്രെഡിറ്റ് കാർഡിന്റെ സൗകര്യം ബന്ധിപ്പിച്ചത് ഈ ഗവൺമെന്റാണെന്നും കർഷകർ നയിക്കുന്ന വികസനത്തിന്റെ ഉദാഹരണങ്ങൾ നിരത്തി, ശ്രീ മോദി ചൂണ്ടിക്കാട്ടി.
കച്ചവടക്കാർക്ക് വായ്പ സുഗമമാക്കുന്നതിനും വികസനം കാംക്ഷിക്കുന്ന 100-ലധികം ജില്ലകൾക്കുമുള്ള നടപടികളുടെ പട്ടിക നിരത്തികൊണ്ട് തിരസ്‌കരിക്കപ്പെട്ടവർക്ക് മുൻഗണന എന്ന വിഷയവുമായി മുന്നോട്ടുപോയ പ്രധാനമന്ത്രി പറഞ്ഞു. മറാത്ത്‌വാഡ, വിദർഭ ജില്ലകൾ ഉൾപ്പെടെ രാജ്യത്തെ നൂറിലധികം ജില്ലകൾ വികസനത്തിന്റെ പല മാനദണ്ഡങ്ങളിലും പിന്നിലാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ”കഴിഞ്ഞ 8 വർഷമായി, തിരസ്‌ക്കരിക്കപ്പെട്ട ഈ പ്രദേശങ്ങളെ ദ്രുതഗതിയിലെ വികസനത്തിനുള്ള ഊർജത്തിന്റെ പുതിയ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുകയാണ്”, അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കുറുക്കുവഴിയുടെ രാഷ്ട്രീയം ഉയർന്നുവരുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി എല്ലാവർക്കും മുന്നറിയിപ്പ് നൽകി. രാഷ്്രടീയ പാർട്ടികൾ അദ്ധ്വാനിച്ച് സമ്പാദിക്കുന്ന നികുതിദായകരുടെ പണം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി കൊള്ളയടിക്കുകയും വ്യാജ വാഗ്ദാനങ്ങൾ നൽകി ഗവൺമെന്റ് രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ കുറുക്കുവഴികൾ സ്വീകരിക്കുകയുമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അടുത്ത 25 വർഷത്തിനുള്ളിൽ രാജ്യത്തെ ഒരു വികസിത രാഷ്ട്രമായി മാറുന്നതിന് വേണ്ടി പ്രവർത്തിക്കുമ്പോൾ ചില രാഷ്്രടീയ പാർട്ടികൾ തങ്ങളുടെ സ്വാർത്ഥതാൽപര്യങ്ങൾക്കായി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഒന്നാം വ്യാവസായിക വിപ്ലവം പ്രയോജനപ്പെടുത്താൻ കഴിയാതെ നഷ്ടപ്പെട്ട അവസരങ്ങളേയും രണ്ടാം-മൂന്നാം വ്യാവസായിക വിപ്ലവകാലത്ത് പിന്നാക്കം പോയതിനേയും പ്രധാനമന്ത്രി അപലപിച്ചു. നാലാം വ്യാവസായിക വിപ്ലവത്തിന്റെ സമയമാകുമ്പോൾ ഇന്ത്യക്ക് അത് നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ”ഒരു രാജ്യത്തിനും കുറുക്കുവഴികളിലൂടെ മുന്നേറാൻ കഴിയില്ല, ദീർഘകാല വീക്ഷണത്തോടെയുള്ള ശാശ്വത പരിഹാരം രാജ്യത്തിന്റെ പുരോഗതിക്ക് വളരെ പ്രധാനമാണ്”, ശ്രീ മോദി അഭിപ്രായപ്പെട്ടു.
ഒരുകാലത്ത് ദരിദ്രരായി കണക്കാക്കപ്പെട്ടിരുന്ന ദക്ഷിണ കൊറിയയും സിംഗപ്പൂരും പോലുള്ള രാജ്യങ്ങളുടെ ഉദാഹരണങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ കുതിച്ചുചാട്ടത്തിലൂടെ അവർക്ക് അവരുടെ വിധി മാറ്റാൻ കഴിഞ്ഞു. ഇന്ന് അവർ സമ്പദ്‌വ്യവസ്ഥയുടെ വലിയ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഗവൺമെന്റ് ഖജനാവിലെ ഓരോ ചില്ലിക്കാശും യുവതലമുറയുടെ ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ ചെലവഴിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ആവർത്തിച്ചു.
കുറച്ച് സമ്പാദിക്കുക, കൂടുതൽ ചെലവഴിക്കുക എന്ന നയം പിന്തുടരുന്ന സ്വാർത്ഥമായ രാഷ്ട്രീയ കക്ഷികളെ തുറന്നുകാട്ടാൻ പ്രധാനമന്ത്രി രാജ്യത്തെ യുവജനങ്ങളോടും നികുതിദായകരോടും അഭ്യർത്ഥിച്ചു. ഇത്തരം മോശം നയരൂപീകരണങ്ങൾ മൂലം സമ്പദ്‌വ്യവസ്ഥ മുഴുവൻ തകർന്ന ലോകത്തെ പല രാജ്യങ്ങളെയും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. മറുവശത്ത്, രാജ്യത്തെ സുസ്ഥിര വികസനത്തിനും സുസ്ഥിരമായ പരിഹാരങ്ങൾക്കുമുള്ള ശ്രമങ്ങൾക്കുള്ള ജന പിന്തുണയിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ”ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ശാശ്വത വികസനത്തിന്റെയും ശാശ്വത പരിഹാരത്തിന്റെയും സാമ്പത്തിക നയത്തിന്റെ പരിണിതഫലമാണ്”, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡെ, മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത് സിംഗ് കോഷിയാരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
നാഗ്പൂർ മെട്രോ
നഗര ചലനാക്ഷമതയിൽ വിപ്ലവം സൃഷ്ടിക്കുന്ന മറ്റൊരു ചവുട്ടുപടിയാകുന്ന നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഖാപ്രിയിൽ നിന്ന് ഓട്ടോമോട്ടീവ് സ്‌ക്വയർ വരെയും (ഓറഞ്ച് ലൈൻ), പ്രജാപതി നഗർ മുതൽ ലോകമാന്യ നഗർ (അക്വാ ലൈൻ) വരെയുമുള്ള രണ്ട് മെട്രോ ട്രെയിനുകളും ഖാപ്രി മെട്രോ സ്േറ്റഷനിൽ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. 8650 കോടിയിലധികം രൂപ ചെലവിലാണ് നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടം വികസിപ്പിച്ചിരിക്കുന്നത്. 6700 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന നാഗ്പൂർ മെട്രോ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
റെയിൽ പദ്ധതികൾ
നാഗ്പൂരിനും ബിലാസ്പൂരിനുമിടയിൽ ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസും നാഗ്പൂർ റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
നാഗ്പൂർ റെയിൽവേ സ്‌റ്റേഷന്റെയും അജ്‌നി റെയിൽവേ സ്‌റ്റേഷന്റെയും പുനർവികസനത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. യഥാക്രമം 590 കോടി രൂപയും 360 കോടി രൂപയും ചെലവിട്ടാണ് ഇവ പുനർവികസിപ്പിച്ചെടുക്കുന്നത്. അജ്‌നി (നാഗ്പൂർ)യിലെ ഗവൺമെന്റ് മെയിന്റനൻസ് ഡിപ്പോ, നാഗ്പൂർ-ഇറ്റാർസി മൂന്നാം പാത പദ്ധതിയുടെ കോഹ്ലി-നാർഖർ ഭാഗം എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. യഥാക്രമം 110 കോടി രൂപയും ഏകദേശം 450 കോടി രൂപയും ചെലവഴിച്ചാണ് ഈ പദ്ധതികൾ വികസിപ്പിച്ചിരിക്കുന്നത്.
സമൃദ്ധി മഹാമാർഗ്
520 കിലോമീറ്റർ ദൂരം ഉൾക്കൊള്ളുന്ന നാഗ്പൂരിനെയും ഷിർദ്ദിയെയും ബന്ധിപ്പിക്കുന്ന ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗിന്റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
രാജ്യത്തുടനീളം മെച്ചപ്പെട്ട ബന്ധിപ്പിക്കലും അടിസ്ഥാന സൗകര്യങ്ങളും എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് സമൃദ്ധി മഹാമാർഗ് അല്ലെങ്കിൽ നാഗ്പൂർ-മുംബൈ സൂപ്പർ കമ്മ്യൂണിക്കേഷൻ എക്‌സ്പ്രസ് വേ പദ്ധതി. ഏകദേശം 55,000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 701 കിലോമീറ്റർ വരുന്ന ഈ അതിവേഗ പാത രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗ പാതകളിൽ ഒന്നാണ്. ഇത് മഹാരാഷ്്രടയിലെ 10 ജില്ലകളിലൂടെയും അമരാവതി, ഔറംഗബാദ്, നാസിക്ക് എന്നീ പ്രമുഖ നഗരപ്രദേശങ്ങളിലൂടെയും കടന്നുപോകും. അതിവേഗ പാത സമീപത്തുള്ള മറ്റ് 14 ജില്ലകളുടെ ബന്ധിപ്പിക്കൽ മെച്ചപ്പെടുത്തുകയും അതിലൂടെ വിദർഭ, മറാത്ത്‌വാഡ, നോർത്ത് മഹാരാഷ്ട്ര എന്നീ പ്രദേശങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ 24 ജില്ലകളുടെ വികസനത്തിന് സഹായിക്കുകയും ചെയ്യും.
പ്രധാനമന്ത്രി ഗതി ശക്തിയുടെ കീഴിൽ അടിസ്ഥാന സൗകര്യ ബന്ധിപ്പിക്കൽ പദ്ധതികളുടെ സംയോജിത ആസൂത്രണവും ഏകോപിപ്പിച്ച നടപ്പാക്കലും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചുകൊണ്ട്, ഡൽഹി മുംബൈ എക്‌സ്പ്രസ് വേ, ജവഹർലാൽ നെഹ്രു പോർട്ട് ട്രസ്റ്റ് എന്നിവയുമായും വിനോദസഞ്ചാരകേന്ദ്രങ്ങളായ അജന്ത എല്ലോറ ഗുഹകൾ, ഷിർദ്ദി, വെറുൾ, ലോനാർ എന്നിവയും തമ്മിലും സമൃദ്ധി മഹാമാർഗ് ബന്ധിപ്പിക്കും. മഹാരാഷ്ട്രയുടെ സാമ്പത്തിക വികസനത്തിന് വലിയ ഉത്തേജനം നൽകുന്നതിൽ വലിയ മാറ്റമായിരിക്കും സമൃദ്ധി മഹാമാർഗ് വരുത്തുക.
നാഗ്പൂർ എയിംസ്
നാഗ്പൂർ എയിംസ് രാജ്യത്തിന് സമർപ്പിച്ചതിലൂടെ രാജ്യത്തുടനീളമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത കരുത്താർജ്ജിക്കും. 2017 ജൂലൈയിൽ പ്രധാനമന്ത്രി തന്നെ തറക്കല്ലിട്ട ആശുപത്രി, കേന്ദ്ര മേഖലാ പദ്ധതിയായ പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിലാണ് ഏറ്റെടുത്തത് നടപ്പാക്കിയത്.
1575 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ച നാഗ്പൂർ എയിംസ്, ഒ.പി.ഡി, ഐ.പി.ഡി, രോഗനിർണ്ണയ സേവനങ്ങൾ, ഓപ്പറേഷൻ തിയേറ്ററുകൾ, മെഡിക്കൽ സയൻസിലെ എല്ലാ പ്രധാന സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഷയങ്ങളും ഉൾക്കൊള്ളുന്ന 38 ഡിപ്പാർട്ട്‌മെന്റുകളും ഉള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയാണ്. മഹാരാഷ്ട്രയിലെ വിദർഭ മേഖലയ്ക്ക് ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഈ ആശുപത്രി ഗഡ്ചിരോളി, ഗോണ്ടിയ, മെൽഘട്ട് എന്നിവിടങ്ങളിലെ ഗോത്രവർഗ്ഗ മേഖലകൾക്ക് ഒരു അനുഗ്രഹവുമാണ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, നാഗ്പൂർ
‘വൺ ഹെൽത്ത്’ (ഏക ആരോഗ്യം) എന്ന സമീപനത്തിന് കീഴിൽ രാജ്യത്ത് കാര്യശേഷിയും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ് പ്രധാനമന്ത്രി തറക്കല്ലിട്ട നാഗ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത് (എൻ.ഐ.ഒ).
മനുഷ്യന്റെ ആരോഗ്യം മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത് തിരിച്ചറിയുന്നതാണ് ‘ഏക ആരോഗ്യ’ സമീപനം. മനുഷ്യരെ ബാധിക്കുന്ന പകർച്ചവ്യാധികളിൽ ഭൂരിഭാഗവും സൂനോട്ടിക് (മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവ) സ്വഭാവമുള്ളതാണെന്നതിനെ ഈ സമീപനം അംഗീകരിക്കുന്നു. 110 കോടി രൂപയിലധികം ചെലവിൽ സ്ഥാപിക്കുന്ന സ്ഥാപനം – എല്ലാ പങ്കാളികളുമായി സഹകരിക്കുകയൂം ഏകോപിപ്പിക്കുകയും ചെയ്യുകയും രാജ്യത്തുടനീളം ‘ഏക ആരോഗ്യ’ സമീപനത്തിൽ ഗവേഷണത്തിനും കാര്യശേഷി വർദ്ധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഉൾപ്രേരകമായി പ്രവർത്തിക്കുകയും ചെയ്യും.
മറ്റ് പദ്ധതികൾ
നാഗ് നദിയുടെ മലിനീകരണ നിവാരണത്തിനുള്ള പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നാഗ്പൂരിൽ നിർവഹിച്ചു. ദേശീയ നദീസംരക്ഷണ പദ്ധതി (എൻ.ആർ.സി.പി)ക്ക് കീഴിലുള്ള ഈ പദ്ധതി 1925 കോടിയിലധികം രൂപ ചെലവിലാണ് പ്രവർത്തനക്ഷമമാക്കുക.
വിദർഭ മേഖലയിൽ, പ്രത്യേകിച്ച് ഗോത്രവർഗ്ഗ ജനസംഖ്യയിൽ അരിവാൾ കോശ രോഗത്തിന്റെ വ്യാപനം താരതമ്യേന കൂടുതലാണ്. തലസീമിയ, എച്ച്.ബി.ഇ തുടങ്ങിയ ഹീമോ ോബിനോപ്പതികൾക്കൊപ്പം ഈ രോഗവും രാജ്യത്തിന് ഗണ്യമായ രോഗഭാരം ഉണ്ടാക്കുന്നുണ്ട്. ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതിനായി, 2019 ഫെബ്രുവരിയിൽ, ചന്ദ്രാപൂരിൽ സെന്റർ ഫോർ റിസർച്ച്, മാനേജ്‌മെന്റ് ആൻഡ് കൺട്രോൾ ഓഫ് ഹീമോഗ്ലോബിനോപ്പതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു. രാജ്യത്ത് ഹീമോഗ്ലോ ബിനോപ്പതി മേഖലയിലെ നൂതന ഗവേഷണം, സാങ്കേതിക വികസനം, മാനവ വിഭവശേഷി വികസനം എന്നിവയ്ക്കുള്ള മികവിന്റെ കേന്ദ്രമായി മാറുമെന്ന വിഭാവനം െചയ്യുന്ന കേന്ദ്രമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.
ചന്ദ്രപൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയും (സിപെറ്റ്) പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. പോളിമർ, അനുബന്ധ വ്യവസായങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി വികസിപ്പിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്.

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സുഖ്‌വീന്ദർ സിംഗ് സുഖുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ന്യൂഡൽഹി, ഡിസംബർ 11, 2022
 

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സുഖ്‌വീന്ദർ സിംഗ് സുഖുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സുഖ്‌വീന്ദർ സിംഗ് സുഖു ജിക്ക് അഭിനന്ദനങ്ങൾ. ഹിമാചൽ പ്രദേശിന്റെ വികസനത്തിന് കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹകരണവും ഞാൻ ഉറപ്പ് നൽകുന്നു.”

 

നാഗ്പൂരിലെ മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
 

ന്യൂഡൽഹി, ഡിസംബർ 11, 2022
 
നാഗ്പൂരിനെയും ഷിർദ്ദിയെയും ബന്ധിപ്പിക്കുന്ന 520 കിലോമീറ്റർ ദൂരമുള്ള ഹിന്ദു ഹൃദ്യസാമ്രാട്ട് ബാലാസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗിന്റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നാഗ്പൂരിൽ ഉദ്ഘാടനം ചെയ്തു.
 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
 
“ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, നാഗ്പൂരിനും ഷിർദിക്കുമിടയിലുള്ള മഹാമാർഗ് ഈ ശ്രമത്തിന്റെ ഒരു ഉദാഹരണമാണ്. ഈ ആധുനിക റോഡ് പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം മഹാമാർഗിലൂടെ യാത്രയും ചെയ്തു.   മഹാരാഷ്ട്രയുടെ  സാമ്പത്തിക പുരോഗതിക്ക് ഇത്  കൂടുതൽ  സംഭാവന ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.
 
മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡെ, മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത് സിംഗ് കോഷിയാരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി.എന്നിവർ ചേർന്ന്  പ്രധാനമന്ത്രിയെ ആദരിച്ചു. 
 
പശ്ചാത്തലം
 
നാഗ്പൂരിനെയും ഷിർദിയെയും ബന്ധിപ്പിക്കുന്ന   520 കിലോമീറ്റർ നീളത്തിലുള്ള ,  ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗിന്റെ ഒന്നാം ഘട്ടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
 
സമൃദ്ധി മഹാമാർഗ് അഥവാ  നാഗ്പൂർ-മുംബൈ സൂപ്പർ കമ്മ്യൂണിക്കേഷൻ എക്‌സ്‌പ്രസ് വേ പദ്ധതി, രാജ്യത്തുടനീളമുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണ്. 55,000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 701 കിലോമീറ്റർ അതിവേഗ പാത – മഹാരാഷ്ട്രയിലെ 10 ജില്ലകളിലൂടെയും അമരാവതി, ഔറംഗബാദ്, നാസിക് എന്നീ പ്രമുഖ നഗരപ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന ഇന്ത്യയിലെ ഏറ്റവും നീളമേറിയ എക്സ്പ്രസ് വേകളിൽ ഒന്നാണ്. വിദർഭ, മറാത്ത്‌വാഡ, വടക്കൻ മഹാരാഷ്ട്ര എന്നീ പ്രദേശങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ 24 ജില്ലകളുടെ വികസനത്തിന് സമീപമുള്ള മറ്റ് 14 ജില്ലകളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും എക്സ്പ്രസ് വേ സഹായിക്കും.
 
പ്രധാനമന്ത്രിയുടെ ഗതി ശക്തിക്ക് കീഴിൽ അടിസ്ഥാന സൗകര്യ കണക്റ്റിവിറ്റി പദ്ധതികളുടെ സംയോജിത ആസൂത്രണവും ഏകോപിപ്പിച്ച നടപ്പാക്കലും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ഉയർത്തിക്കാട്ടി, സമൃദ്ധി മഹാമാർഗ് ഡൽഹി മുംബൈ എക്‌സ്‌പ്രസ് വേ, ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ്, അജന്ത എല്ലോറ ഗുഹകൾ, ഷിർദി, വെറുൾ, ലോനാർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. മഹാരാഷ്ട്രയുടെ സാമ്പത്തിക വികസനത്തിന് വലിയ ഉത്തേജനം നൽകുന്നതിൽ സമൃദ്ധി മഹാമാർഗ് ഗണ്യമായ  മാറ്റം വരുത്തും.
 
നാഗ്പൂർ എയിംസ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
 
ന്യൂഡൽഹി, ഡിസംബർ 11, 2022
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നാഗ്പൂരിലെ എയിംസ് രാഷ്ട്രത്തിന് സമർപ്പിച്ചു.  നാഗ്പൂർ എയിംസ്  പദ്ധതിയുടെ മാതൃക  വീക്ഷിച്ച പ്രധാനമന്ത്രി, ചടങ്ങിൽ  മൈൽസ്റ്റോൺ എക്സിബിഷൻ ഗാലറിയും കണ്ടു.
 
എയിംസ് നാഗ്പൂർ രാജ്യത്തിന് സമർപ്പിക്കുന്നതിലൂടെ രാജ്യത്തുടനീളമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത ശക്തിപ്പെടും . 2017 ജൂലൈയിൽ പ്രധാനമന്ത്രി തറക്കല്ലിട്ട ആശുപത്രി, കേന്ദ്ര മേഖലാ പദ്ധതിയായ പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിലാണ് സ്ഥാപിച്ചത്.
 
1575 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ചെടുക്കുന്ന എയിംസ് നാഗ്പൂർ, ഒപിഡി, ഐപിഡി, ഡയഗ്നോസ്റ്റിക് സേവനങ്ങൾ, ഓപ്പറേഷൻ തിയേറ്ററുകൾ, എല്ലാ പ്രധാന സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഷയങ്ങളും ഉൾക്കൊള്ളുന്ന 38 ഡിപ്പാർട്ട്മെന്റുകൾ എന്നിവയുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാണ്. വൈദ്യ ശാസ്ത്രം. മഹാരാഷ്ട്രയിലെ വിദർഭ മേഖലയ്ക്ക് ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഈ ആശുപത്രി ഗഡ്ചിരോളി, ഗോണ്ടിയ, മെൽഘട്ട് എന്നിവിടങ്ങളിലെ ആദിവാസി മേഖലകൾക്ക് അനുഗ്രഹമാണ്.
 
പ്രധാനമന്ത്രിക്കൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡെ, മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത് സിംഗ് കോഷിയാരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി എന്നിവരും സന്നിഹതനായിരുന്നു..
 
വന്ദേ ഭാരത് എക്സ്പ്രസ്   നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ   പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു 
 
ന്യൂഡൽഹി, ഡിസംബർ 11, 2022
 
നാഗ്പൂരിനെയും ബിലാസ്പൂരിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് നാഗ്പൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
 
വന്ദേ ഭാരത് എക്‌സ്പ്രസ്  ട്രെയിനിന്റെ  കോച്ചുകൾ പ്രധാനമന്ത്രി പരിശോധിക്കുകയും ട്രെയിനിനുള്ളിലെ   സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ലോക്കോമോട്ടീവ് എഞ്ചിന്റെ കൺട്രോൾ സെന്റർ പരിശോധിച്ച  ശ്രീ. മോദി നാഗ്പൂർ, അജ്‌നി റെയിൽവേ സ്‌റ്റേഷനുകളുടെ വികസന പദ്ധതികളുടെ അവലോകനവും നടത്തി. നാഗ്പൂരിൽ നിന്ന് ബിലാസ്പൂരിലേക്കുള്ള യാത്രാ സമയം 7-8 മണിക്കൂറിൽ നിന്ന് 5 മണിക്കൂർ 30 മിനിറ്റായി കുറയും.
 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
 
“നാഗ്പൂരിനും ബിലാസ്പൂരിനുമിടയിൽ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു. ഈ ട്രെയിൻ കണക്റ്റിവിറ്റി ഗണ്യമായി വർദ്ധിപ്പിക്കും. ” 
 
മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡെ, മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത് സിംഗ് കോഷിയാരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി എന്നിവരാൽ അനുഗതനായിട്ടാണ്  പ്രധാനമന്ത്രിയെ നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 
 
പശ്ചാത്തലം
ഈ മേഖലയിലെ ടൂറിസം വർദ്ധിപ്പിക്കാനും സുഖകരവും വേഗതയേറിയതുമായ യാത്രാമാർഗ്ഗം പ്രദാനം ചെയ്യാനും പുതിയ ട്രെയിൻ സഹായിക്കും. നാഗ്പൂരിൽ നിന്ന് ബിലാസ്പൂരിലേക്കുള്ള യാത്രാ സമയം 5 മണിക്കൂറും 30 മിനിറ്റും ആയിരിക്കും. രാജ്യത്ത് അവതരിപ്പിക്കുന്ന ആറാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്, നേരത്തെയുള്ളവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒരു നൂതന പതിപ്പാണ്, ഇത് വളരെ ഭാരം കുറഞ്ഞതും കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന വേഗതയിൽ എത്താൻ കഴിവുള്ളതുമാണ്. കേവലം 52 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത കൈവരിക്കാനുമുള്ള കൂടുതൽ പുരോഗതികളും മെച്ചപ്പെടുത്തിയ സവിശേഷതകളും വന്ദേ ഭാരത് 2.0 സജ്ജീകരിച്ചിരിക്കുന്നു. മെച്ചപ്പെടുത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിന് 430 ടണ്ണിന്റെ മുൻ പതിപ്പിനെ അപേക്ഷിച്ച് 392 ടൺ ഭാരമുണ്ടാകും. ആവശ്യാനുസരണം വൈഫൈ കണ്ടന്റ് സൗകര്യവും ഇതിലുണ്ടാകും. എല്ലാ കോച്ചുകളിലും യാത്രക്കാരുടെ വിവരങ്ങളുംവിനോദവും  പകരാൻ   മുൻ പതിപ്പിലെ 24 ഇഞ്ച് സ്‌ക്രീനുകളെ അപേക്ഷിച്ച്,   32 ഇഞ്ച് സ്‌ക്രീനുകളാണ് . എസികൾ 15 ശതമാനം കൂടുതൽ ഊർജ്ജക്ഷമതയുള്ളതാകുമെന്നതിനാൽ വന്ദേ ഭാരത് എക്‌സ്പ്രസും പരിസ്ഥിതി സൗഹൃദമായിരിക്കും. ട്രാക്ഷൻ മോട്ടോറിന്റെ പൊടി രഹിത ശുദ്ധവായു കൂളിംഗ് ഉപയോഗിച്ച്, യാത്ര കൂടുതൽ സുഖകരമാകും. നേരത്തെ എക്‌സിക്യൂട്ടീവ് ക്ലാസ് യാത്രക്കാർക്ക് മാത്രം നൽകിയിരുന്ന സൈഡ് റിക്ലൈനർ സീറ്റ് സൗകര്യം ഇനി എല്ലാ ക്ലാസുകൾക്കും ലഭ്യമാക്കും. എക്‌സിക്യൂട്ടീവ് കോച്ചുകൾക്ക് 180-ഡിഗ്രി കറങ്ങുന്ന സീറ്റുകളുടെ അധിക സവിശേഷതയുമുണ്ട്.
 
വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതിയ രൂപകൽപ്പനയിൽ, വായു ശുദ്ധീകരണത്തിനായി റൂഫ്-മൗണ്ടഡ് പാക്കേജ് യൂണിറ്റിൽ (ആർഎംപിയു) ഫോട്ടോ-കാറ്റലിറ്റിക് അൾട്രാവയലറ്റ് എയർ പ്യൂരിഫിക്കേഷൻ സംവിധാനം  സ്ഥാപിച്ചിട്ടുണ്ട്. ചണ്ഡീഗഢിലെ സെൻട്രൽ സയന്റിഫിക് ഇൻസ്ട്രുമെന്റ്സ് ഓർഗനൈസേഷൻ (സിഎസ്ഐഒ) ശുപാർശ ചെയ്ത പ്രകാരം, ശുദ്ധവായുയിലൂടെയും തിരിച്ചുവരുന്ന വായുവിലൂടെയും വരുന്ന അണുക്കൾ, ബാക്ടീരിയകൾ, വൈറസ് മുതലായവയിൽ നിന്ന് വായു ഫിൽട്ടർ ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനുമായി ഈ സംവിധാനം  രൂപകൽപ്പന ചെയ്തത്.
 
വന്ദേ ഭാരത് എക്‌സ്‌പ്രസ് 2.0 മികച്ചതും വിമാനത്തിലേത്  പോലെയുള്ള യാത്രാനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ട്രെയിൻ,  കൂട്ടിയിടി ഒഴിവാക്കൽ സംവിധാനം – കവാച്ച് ഉൾപ്പെടെയുള്ള വിപുലമായ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും  ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
 
 
മഹാകവി ഭാരതിയാർ സുബ്രഹ്മണ്യ ഭാരതിയെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി വണങ്ങി
 
ന്യൂഡൽഹി, ഡിസംബർ 11, 2022
 
മഹാകവി ഭാരതിയാർ  സുബ്രഹ്മണ്യ ഭാരതിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
 
“മഹാനായ സുബ്രഹ്മണ്യ ഭാരതിയെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ഞാൻ വണങ്ങുന്നു. ‘മഹാകവി ഭാരതിയാർ’ ശ്രദ്ധേയമായ ധൈര്യത്തിന്റെയും  മികച്ച ബുദ്ധിശക്തിയുടെയും മൂർത്തീകരണമാണ് . ഇന്ത്യയുടെ വികസനത്തിനും ഓരോ ഭാരതീയന്റെയും ശാക്തീകരണത്തിനുമായി അദ്ദേഹത്തിന് മഹത്തായ കാഴ്ചപ്പാടുണ്ടായിരുന്നു. വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ സാക്ഷാത്കരിക്കാൻ ഞങ്ങൾ പ്രവർത്തിക്കുകയാണ്.”
 
 
പ്രധാനമന്ത്രി ‘നാഗ്പൂർ മെട്രോ രണ്ടാം ഘട്ട’ത്തിന് തറക്കല്ലിടുകയും ‘നാഗ്പൂർ മെട്രോ ഒന്നാം ഘട്ടം രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു
 
ന്യൂഡൽഹി, ഡിസംബർ 11, 2022
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നാഗ്പൂർ മെട്രോ ഒന്നാം ഘട്ടം’ രാജ്യത്തിന് സമർപ്പിക്കുകയും ‘നാഗ്പൂർ മെട്രോ  രണ്ടാം ഘട്ടത്തിന്റെ  ശിലാസ്ഥാപനം  ഖാപ്രി മെട്രോ സ്റ്റേഷനിൽ നിർവഹിക്കുകയും ചെയ്തു. ഖാപ്രിയിൽ നിന്ന് ഓട്ടോമോട്ടീവ് സ്‌ക്വയർ വരെയും പ്രജാപതി നഗർ മുതൽ ലോകമാന്യ നഗർ വരെയും രണ്ട്  മെട്രോ ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടം 8650 കോടി രൂപ ചെലവിൽ വികസിപ്പിച്ചപ്പോൾ രണ്ടാം ഘട്ടം 6700 കോടി രൂപ ചെലവിൽ വികസിപ്പിക്കും.
 
ഫ്രീഡം പാർക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് നാഗ്പൂർ മെട്രോയിൽ യാത്ര ചെയ്ത ശേഷമാണ് പ്രധാനമന്ത്രി ഖാപ്രി മെട്രോ സ്റ്റേഷനിൽ എത്തിയത്. ഫ്രീഡം പാർക്ക് മെട്രോ സ്റ്റേഷനിൽ മെട്രോയിൽ കയറുന്നതിന് മുമ്പ്, പ്രധാനമന്ത്രി നാഗ്പൂർ മെട്രോ റെയിൽ പദ്ധതിയുടെ വിശദാംശങ്ങൾ  വിവരിച്ചുകൊണ്ടുള്ള , “സ്വപ്നത്തിലേതിനേക്കാൾ മികച്ചത് ” പ്രദർശനത്തിന് സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി എഎഫ്‌സി ഗേറ്റിൽ സ്വയം ഇ-ടിക്കറ്റ് വാങ്ങി വിദ്യാർത്ഥികൾക്കും പൗരന്മാർക്കും ഉദ്യോഗസ്ഥർക്കും ഒപ്പം യാത്ര ചെയ്തു. യാത്രയിൽ അവരുമായി സംവദിക്കുകയും ചെയ്തു.
 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
 
“നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടന വേളയിൽ നാഗ്പൂരിലെ ജനങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രണ്ട് മെട്രോ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും മെട്രോ യാത്ര നടത്തുകയും  ചെയ്തു. ഈ മെട്രോ സുഖകരവും സൗകര്യപ്രദവുമാണ്.”
 
“നാഗ്പൂർ മെട്രോയിൽ വച്ച് പ്രധാനമന്ത്രി വിദ്യാർത്ഥികളുമായും സ്റ്റാർട്ടപ്പ് മേഖലയിൽ നിന്നുള്ളവരുമായും മറ്റ് ജീവിത മേഖലകളിൽ നിന്നുള്ള പൗരന്മാരുമായും സംവദിച്ചു.”
 
പ്രധാനമന്ത്രി മെട്രോ വഴി ഖാപ്രി മെട്രോ സ്റ്റേഷനിൽ എത്തിയപ്പോൾ   മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡെ, മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത് സിംഗ് കോഷിയാരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരി എന്നിവർ  പ്രധാനമന്ത്രിക്കൊപ്പമെത്തി.  
 
നഗര ചലനാത്മകതയിൽ വിപ്ലവം സൃഷ്ടിക്കുന്ന മറ്റൊരു ചുവടുവയ്‌പ്പിൽ , പ്രധാനമന്ത്രി ‘നാഗ്പൂർ മെട്രോ ഒന്നാം ഘട്ടം’ രാജ്യത്തിന് സമർപ്പിച്ചു .ഖപ്രി മെട്രോ സ്റ്റേഷനിൽ ഖാപ്രി മുതൽ ഓട്ടോമോട്ടീവ് സ്ക്വയർ (ഓറഞ്ച് ലൈൻ), പ്രജാപതി നഗർ മുതൽ ലോകമാന്യ നഗർ (അക്വാ ലൈൻ) എന്നീ   രണ്ട് മെട്രോ ട്രെയിനുകളുടെ  ഫ്ലാഗ് ഓഫ് നിർവ്വഹിക്കുകയും  ചെയ്തു  . 8650 കോടി രൂപ ചെലവിലാണ് നാഗ്പൂർ മെട്രോയുടെ ഒന്നാം ഘട്ടം വികസിപ്പിച്ചിരിക്കുന്നത്. 6700 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിക്കുന്ന നാഗ്പൂർ മെട്രോ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
 
 
ഇന്ത്യയുടെ ജി20 അധ്യക്ഷതയിലുള്ള ആദ്യ ധനകാര്യ, സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് യോഗം നാളെ ബെംഗളൂരുവിൽ
 
ന്യൂഡൽഹി, ഡിസംബർ 11, 2022
 
ആദ്യ ജി20 ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് (എഫ്‌സിബിഡി) യോഗം 2022 ഡിസംബർ 13-15 തീയതികളിൽ ബെംഗളൂരുവിൽ നടക്കും. ഇന്ത്യയുടെ ജി20 അധ്യക്ഷതയിലുള്ള ധനകാര്യ മേഖലയിലെ (ഫിനാൻസ് ട്രാക്ക്) കാര്യപരിപാടികളെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്ന ഈ യോഗത്തിന് ധനമന്ത്രാലയവും റിസർവ് ബാങ്കും സംയുക്തമായി ആതിഥേയത്വം വഹിക്കും.
 
ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും നയിക്കുന്ന ജി20 ഫിനാൻസ് ട്രാക്ക് സാമ്പത്തിക-ധനകാര്യ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആഗോള സാമ്പത്തിക ചർച്ചകൾക്കും നയ ഏകോപനത്തിനും ഇത് ഫലപ്രദമായ ഒരു ഫോറം നൽകുന്നു. ആദ്യ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗം 2023 ഫെബ്രുവരി 23 മുതൽ 25 വരെ ബെംഗളൂരുവിൽ നടക്കും.
 
എഫ്‌സിബിഡി-യുടെ യോഗത്തിൽ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി ശ്രീ അജയ് സേട്ട്, ആർബിഐ ഡെപ്യൂട്ടി ഗവർണർ ഡോ മൈക്കൽ ഡി പത്രയും സഹ-അധ്യക്ഷത വഹിക്കും. ജി 20 അംഗരാജ്യങ്ങളിൽ നിന്നും, ഇന്ത്യ ക്ഷണിച്ച മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നും, അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ രണ്ട് ദിവസത്തെ യോഗത്തിൽ പങ്കെടുക്കും.
 
G20 ഫിനാൻസ് ട്രാക്ക് ആഗോള സാമ്പത്തിക കാഴ്ചപ്പാട്, അന്താരാഷ്ട്ര സാമ്പത്തിക ഘടന, അടിസ്ഥാന സൗകര്യ വികസനവും ധനസഹായവും, സുസ്ഥിര ധനകാര്യം, ആഗോള ആരോഗ്യം, അന്താരാഷ്ട്ര നികുതി, സാമ്പത്തിക ഉൾപ്പെടുത്തൽ ഉൾപ്പെടെയുള്ള സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ആഗോള സമ്പദ്‌വ്യവസ്ഥയുടെ പ്രസക്തമായ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
 
ബംഗളൂരു യോഗത്തിൽ, ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ കീഴിലുള്ള ഫിനാൻസ് ട്രാക്കിന്റെ കാര്യപരിപാടികൾ ചർച്ച ചെയ്യും. 21-ാം നൂറ്റാണ്ടിലെ സംയുക്ത ആഗോള വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ പുനഃക്രമീകരിക്കുക, നാളത്തെ നഗരങ്ങൾക്ക് ധനസഹായം നൽകുക, ആഗോള കടബാധ്യതകൾ കൈകാര്യം ചെയ്യുക, സാമ്പത്തിക ഉൾപ്പെടുത്തലുകളും ഉൽപ്പാദനക്ഷമത നേട്ടങ്ങളും മുന്നോട്ട് കൊണ്ടുപോകുക, കാലാവസ്ഥാ പ്രവർത്തനത്തിനും SDG-കൾക്കും വേണ്ടിയുള്ള ധനസഹായം, പിന്തുണയില്ലാത്ത ക്രിപ്‌റ്റോ ആസ്തികൾക്കുള്ള ആഗോള ഏകോപന സമീപനം, അന്താരാഷ്ട്ര നികുതി അജണ്ട മുന്നോട്ട് കൊണ്ടുപോകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
 
യോഗത്തോടനുബന്ധിച്ച്, ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സംയുക്ത ആഗോള വെല്ലുവിളികളെ നേരിടാൻ ബഹുമുഖ വികസന ബാങ്കുകളെ ശക്തിപ്പെടുത്തൽ’ എന്ന വിഷയത്തിൽ ഒരു പാനൽ ചർച്ച നടക്കും. ‘ഗ്രീൻ ഫിനാൻസിംഗിൽ കേന്ദ്ര ബാങ്കുകളുടെ പങ്ക്’ എന്ന വിഷയത്തിൽ സെമിനാറും നടക്കും.
 
‘ഒരു ഭൂമി ഒരു കുടുംബം, ഒരു ഭാവി’ എന്ന ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ പ്രമേയം ഫിനാൻസ് ട്രാക്ക് ചർച്ചകളെ നയിക്കും. ജി20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗങ്ങൾ ഉൾപ്പെടുന്ന ഫിനാൻസ് ട്രാക്കിന്റെ ഏകദേശം 40 യോഗങ്ങൾ ഇന്ത്യയിലെ പല സ്ഥലങ്ങളിലായി നടക്കും. G20 ഫിനാൻസ് ട്രാക്കിലെ ചർച്ചകൾ ആത്യന്തികമായി G20 നേതാക്കളുടെ പ്രഖ്യാപനത്തിൽ പ്രതിഫലിക്കും.
 
COVID-19 മഹാമാരി, വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ-ഭക്ഷ്യ, ഊർജ്ജ സുരക്ഷാ ആശങ്കകൾ-കടബാധ്യത, പണപ്പെരുപ്പത്തിന്റ്റെ സമ്മർദ്ദങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം വെല്ലുവിളികളുടെ സമയത്താണ് ഇന്ത്യ G20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ഇത്തരം വെല്ലുവിളികളെ നേരിടാൻ മാർഗനിർദേശം നൽകുക എന്നതാണ് ജി20യുടെ പ്രധാന പങ്ക്.
 
ഇന്ത്യയുടെ ജി 20 അധ്യക്ഷ കാലത്ത്, ഏറ്റവും ആവശ്യമുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതും വികസ്വര രാജ്യങ്ങളുടെ ആശങ്കകളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നതും ജി 20 യുടെ ശ്രമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. സാമ്പത്തിക മന്ത്രാലയവും റിസർവ് ബാങ്കും ചേർന്ന് ജി20 ഫിനാൻസ് ട്രാക്ക് അജണ്ടയെ എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിൽ, ഇന്നത്തെ ആഗോള സാമ്പത്തിക ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനും മെച്ചപ്പെട്ട നാളേക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്കും നേതൃത്വം നൽകും.