Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 10/12/2022)

 

അയ്യപ്പ ഭക്തര്‍ക്ക് സുഖ ദര്‍ശനമൊരുക്കും:ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയില്‍ ഇനിയും തിരക്ക് വര്‍ധിക്കാനാണ് സാധ്യതയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. വരാനിരിക്കുന്നത് അവധി ദിവസങ്ങളായതിനാല്‍ കൂടുതല്‍ പേര്‍ ദര്‍ശനത്തിന് എത്തുമെന്നാണ് വിലയിരുത്തല്‍. തിരക്ക് നിയന്ത്രണ വിധേയമാക്കി ഏവര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കുകയാണ് ലക്ഷ്യം. സാന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മരക്കൂട്ടം മുതല്‍ ഘട്ടം ഘട്ടമായാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. അധികനേരം ക്യൂ നീളുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ വേഗത്തില്‍ ദര്‍ശനം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും ഏകോപനസ്വഭാവത്തോടെ മികച്ച രീതിയിലുള്ള സേവനമാണ് ശബരിമലയില്‍ നടത്തുന്നത്. യാതൊരുവിധ പരാതിക്കും ഇടനല്‍കാത്ത വിധത്തിലാണ് പോലീസിന്റെ പ്രവര്‍ത്തനം. കെ.എസ്.ആര്‍.ടി.സിയും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. വരുന്ന പതിനഞ്ച് ദിവസത്തേയ്ക്കുള്ള അപ്പം അരവണ സ്റ്റോക്ക് നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. എസ്.എസ് ജീവന്‍, ഇലക്ട്രിക്കല്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ രാജേഷ് മോഹന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

ഇതുവരെ വരുമാനം 125 കോടി
ശബരിമലയില്‍ ഈ സീസണില്‍ ഇതുവരെ ലഭിച്ചത് 125 കോടി രൂപയുടെ വരുമാനം. കാണിക്കയും മറ്റ് വഴിപാടുകളും ചേര്‍ന്നുള്ള കണക്കാണിത്. ഈ വര്‍ഷത്തെ മണ്ഡലകാലം ആരംഭിച്ചിട്ട് 24 ദിവസം പിന്നിടുകയാണിപ്പോള്‍. ഡിസംബര്‍ 9 ന് (ഇന്നലെ) 1,10,133 പേരാണ് സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്. വരും ദിവസങ്ങളിലും ഒരു ലക്ഷത്തിനടുത്താണ് ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ്.

അടുത്തവര്‍ഷം മുതല്‍ അരവണ സ്വന്തം ക്യാനില്‍
അടുത്ത വര്‍ഷം മുതല്‍ അരവണ പ്രസാദം സ്വന്തമായി നിര്‍മ്മിക്കുന്ന ക്യാനില്‍ വിതരണം ചെയ്യും. ക്യാന്‍ നിര്‍മ്മിക്കുന്നതിനുള്ള പ്ലാന്റ് സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പരിസ്ഥിതി സൗഹൃദമായ ക്യാനുകളായിരിക്കും പ്ലാന്റില്‍ ഉല്‍പ്പാദിക്കുകയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

 

കുള്ളാര്‍ ഡാം തുറക്കും

പമ്പാ നദിയുടെ ശുചീകരണത്തിനായും കോളിഫോം ബാക്റ്റീരിയയുടെ അളവ് നിയന്ത്രിക്കുന്നതിനും കുള്ളാര്‍ ഡാമില്‍ നിന്നും പ്രതിദിനം 15,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സേഫ്ടി ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഡിസംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ 27 വരെയാണ് അനുമതി. ഡാം തുറക്കുന്നത് മൂലം പമ്പ നദിയില്‍ നേരിയ അളവില്‍ മാത്രമേ ജല നിരപ്പ് ഉയരുകയുള്ളു.

 

ശബരിമലയിലെ ചടങ്ങുകള്‍
(11.12.2022)
………
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. തിരുനട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12 മണിക്ക് കളഭാഭിഷേകം
12.30ന് ……ഉച്ചപൂജ
1മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.