Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (08/12/2022)

 

 

 

ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടുകളിലൊന്നാണ് നെല്‍പ്പറ നിറയ്ക്കല്‍. പറനിറയ്ക്കുന്നതിലൂടെ ഭക്തനും കുടുംബത്തിനും ഐശ്വര്യം വന്നുചേരും എന്നതാണ് സങ്കല്‍പം. ഈ മണ്ഡലകാലം ആരംഭിച്ചത് മുതല്‍ ഇതുവരെ സന്നിധാനത്ത് ഒമ്പതിനായിരത്തോളം ഭക്തരാണ് നെല്‍പ്പറ നിറച്ചത്.

പതിനെട്ടാം പടി കയറി വരുമ്പോള്‍ കൊടിമരത്തിന് സമീപമാണ് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുള്ളത്.

മലയാളികളായ അയ്യപ്പ ഭക്തന്മാരും അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തരും ഒരുപോലെ പറനിറയ്ക്കല്‍ വഴിപാട് ചെയ്തുവരുന്നു.
200 രൂപയാണ് നെല്‍പ്പറ നിറയ്ക്കുന്നതിനുള്ള വഴിപാട് തുക. നിലവില്‍ ഒരു ദിവസം ശരാശരി അഞ്ഞൂറില്‍പ്പരം അയ്യപ്പ ഭക്തരാണ് നെല്‍പ്പറ നിറയ്ക്കുന്നത്. ഇതുവഴി ഏകദേശം 18 ലക്ഷത്തോളം രൂപയാണ് വരുമാനമായി ലഭിച്ചത്.

 

സന്നിധാനത്തെ ഭക്ഷണശാലകളില്‍ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്

സന്നിധാനത്തെ ഹോട്ടലുകളിലും ജ്യൂസ് കടകളിലും പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്. ഭക്തജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് പതിവ് പരിശോധനകള്‍ക്ക് പുറമെ പ്രത്യേക പരിശോധനകൂടി ആരംഭിച്ചിരിക്കുന്നത്.

ഹോട്ടലുകളിലെയും മറ്റ് ഭക്ഷണശാലകളിലെയും ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും അമിത വില ഈടാക്കുന്നത് തടയുകയുമാണ് പരിശോധനയുടെ ലക്ഷ്യം.

പഴകിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്നുണ്ടോ എന്നും വൃത്തിഹീനമായിട്ടാണോ പാചകം, ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍, കൃത്യമായ രീതിയില്‍ മാലിന്യം നിര്‍മ്മാര്‍ജ്ജനം നടത്തുന്നുണ്ടോ, കാലാവധി കഴിഞ്ഞ സാധനങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ, ജോലിക്കാര്‍ക്ക് ഹെത്ത് കാര്‍ഡുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധനാ സംഘം വിലയിരുത്തുന്നത്. പരിശോധന തുടരുമെന്നും ഭക്തജനങ്ങള്‍ക്ക് വൃത്തിയുള്ള സാഹചര്യത്തില്‍ നല്ല ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഡിസംബര്‍ 8 ന് (വ്യാഴാഴ്ച) നടന്ന പരിശോധനയ്ക്ക് സന്നിധാനം മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. വിനീത് നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി സന്തോഷ് , ടി. ഗോപകുമാര്‍, എസ്.കെ പ്രദീപ്, എസ്. ഷൈന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന്  ആറന്മുളയില്‍ നിന്നു പുറപ്പെടും

മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര ഡിസംബര്‍ 23ന് രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. ഘോഷയാത്ര ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. ഡിസംബര്‍ 23ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തില്‍ തങ്ക അങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്.

തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും എന്ന ക്രമത്തില്‍: ഡിസംബര്‍ 23ന് രാവിലെ 7ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം(ആരംഭം). 7.15ന് മൂര്‍ത്തിട്ട ഗണപതി ക്ഷേത്രം. 7.30ന് പുന്നംതോട്ടം ദേവീ ക്ഷേത്രം. 7.45ന് ചവുട്ടുകുളം മഹാദേവക്ഷേത്രം. 8ന് തിരുവഞ്ചാംകാവ് ദേവിക്ഷേത്രം. 8.30ന് നെടുംപ്രയാര്‍ തേവലശേരി ദേവി ക്ഷേത്രം.

9.30ന് നെടുംപ്രയാര്‍ ജംഗ്ഷന്‍. 10ന് കോഴഞ്ചേരി ടൗണ്‍. 10.15ന് തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷന്‍. 10.30ന് കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം. 11ന് കാരംവേലി. 11.15ന് ഇലന്തൂര്‍ ഇടത്താവളം. 11.20ന് ഇലന്തൂര്‍ ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രം. 11.30ന് ഇലന്തൂര്‍ ഗണപതി ക്ഷേത്രം. 11.45ന് ഇലന്തൂര്‍ കോളനി ജംഗ്ഷന്‍. 12.30ന് ഇലന്തൂര്‍ നാരായണമംഗലം.

ഉച്ചകഴിഞ്ഞ് രണ്ടിന് അയത്തില്‍ മലനട ജംഗ്ഷന്‍. 2.30ന് അയത്തില്‍ കുടുംബയോഗ മന്ദിരം. 2.40ന് അയത്തില്‍ ഗുരുമന്ദിര ജംഗ്ഷന്‍. 2.50ന് മെഴുവേലി ആനന്ദഭൂദേശ്വരം ക്ഷേത്രം. 3.15ന് ഇലവുംതിട്ട ദേവീക്ഷേത്രം. 3.45ന് ഇലവുംതിട്ട മലനട. 4.30ന് മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം. 5.30ന് കൈതവന ദേവീക്ഷേത്രം. 6ന് പ്രക്കാനം ഇടനാട് ഭഗവതി ക്ഷേത്രം. 6.30ന് ചീക്കനാല്‍. രാത്രി 7ന് ഊപ്പമണ്‍ ജംഗ്ഷന്‍. രാത്രി 8ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം(രാത്രി വിശ്രമം).

ഡിസംബര്‍ 24ന് രാവിലെ 8ന് ഓമല്ലൂര്‍ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം(ആരംഭം). 9ന് കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. 10ന് അഴൂര്‍ ജംഗ്ഷന്‍. 10.45ന് പത്തനംതിട്ട ഊരമ്മന്‍ കോവില്‍. 11ന് പത്തനംതിട്ട ശാസ്താക്ഷേത്രം. 11.30ന് കരിമ്പനയ്ക്കല്‍ ദേവിക്ഷേത്രം. 12ന് ശാരദാമഠം മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം. 12.30ന് വിഎസ്എസ് 78-ാം നമ്പര്‍ ശാഖ കടമ്മനിട്ട. ഉച്ചയ്ക്ക് 1ന് കടമ്മനിട്ട ഭഗവതിക്ഷേത്രം(ഉച്ചഭക്ഷണം, വിശ്രമം).

ഉച്ചകഴിഞ്ഞ് 2.15ന് കടമ്മനിട്ട ഋഷികേശ ക്ഷേത്രം. 2.30ന് കോട്ടപ്പാറ കല്ലേലിമുക്ക്. 2.45ന് പേഴുംകാട് എസ്എന്‍ഡിപി മന്ദിരം. 3.15ന് മേക്കൊഴൂര്‍ ക്ഷേത്രം. 3.45ന് മൈലപ്ര ഭഗവതി ക്ഷേത്രം. 4.15ന് കുമ്പഴ ജംഗ്ഷന്‍. 4.30ന് പാലമറ്റൂര്‍ അമ്പലമുക്ക്. 4.45ന് പുളിമുക്ക്. 5.30ന് വെട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി. 6.15ന് ഇളകൊള്ളൂര്‍ മഹാദേവക്ഷേത്രം. രാത്രി 7.15ന് ചിറ്റൂര്‍ മുക്ക്. രാത്രി 7.45ന് കോന്നി ടൗണ്‍. രാത്രി 8ന് കോന്നി ചിറയ്ക്കല്‍ ക്ഷേത്രം. രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം).

ഡിസംബര്‍ 25ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(ആരംഭം). 8ന് ചിറ്റൂര്‍ മഹാദേവ ക്ഷേത്രം. 8.30ന് അട്ടച്ചാക്കല്‍. 9ന് വെട്ടൂര്‍ ക്ഷേത്രം(പ്രഭാതഭക്ഷണം). 10.30ന് മൈലാടുംപാറ, 11ന് കോട്ടമുക്ക്. 12ന് മലയാലപ്പുഴ ക്ഷേത്രം. 1ന് മലയാലപ്പുഴ താഴം. 1.15ന് മണ്ണാറക്കുളഞ്ഞി. 3ന് തോട്ടമണ്‍കാവ് ക്ഷേത്രം. 3.30ന് റാന്നി രാമപുരം ക്ഷേത്രം(ഭക്ഷണം, വിശ്രമം). 5.30ന് ഇടക്കുളം ശാസ്താക്ഷേത്രം. 6.30ന് വടശേരിക്കര ചെറുകാവ്. രാത്രി 7ന് വടശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം. രാത്രി 7.45ന് മാടമണ്‍ ക്ഷേത്രം. രാത്രി 8.30ന് പെരുനാട് ശാസ്താ ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം).

ഡിസംബര്‍ 26ന് രാവിലെ 8ന് പെരുനാട് ശാസ്താ ക്ഷേത്രം(ആരംഭം). 9ന് ളാഹ സത്രം. 10ന് പ്ലാപ്പള്ളി. 11ന് നിലയ്ക്കല്‍ ക്ഷേത്രം. ഉച്ചയ്ക്ക് 1ന് ചാലക്കയം. 1.30ന് പമ്പ(വിശ്രമം).

പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടക്കും.

 

ശബരിമലയിലെ ചടങ്ങുകള്‍
(09.12.2022)

പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12 മണിക്ക് കളഭാഭിഷേകം
12.30ന് ……ഉച്ചപൂജ
1മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.