
ശബരിമലയില്‍ തിരക്കേറുന്നു;ഡിസംബര്‍ 9 നും 12 നും ബുക്കിംഗ് ഒരു ലക്ഷത്തിന് മുകളില്‍
ശബരിമലയില്‍ ഭക്തജനത്തിരക്കേറുന്നു. ഡിസംബര്‍ 9 നും 12 നും ഒരുലക്ഷത്തിനു മുകളിലാണ് ദര്‍ശനത്തിനായുള്ള ബുക്കിംഗ്. ഡിസംബര്‍ 9 ന് ശബരിമല ദര്‍ശനത്തിനായി ഇതുവരെ (ബുധന്‍) ഓണ്‍ലൈനായി ബുക്ക് ചെയ്തത് 1,04,200 പേരാണ്. ഈ മണ്ഡകാലം ആരംഭിച്ചശേഷം ആദ്യമായാണ് ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഒറ്റദിവസം ദര്‍ശനത്തിനെത്തുന്നത്. ഡിസംബര്‍ 12 നും ഒരു ലക്ഷത്തിന് മുകളിലാണ് ബുക്കിംഗ് (1,03,716 പേര്‍). ഡിസംബര്‍ 8 ന് 93,600 പേരും 10 ന് 90,500 പേരും 11 ന് 59,814 പേരുമാണ് ഇതുവരെ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത്.
ക്രിസ്തുമസ് അവധികൂടി വരുന്നതോടെ വരും ദിവസങ്ങളില്‍ ഇനിയും തിരക്കേറാനാണ് സാധ്യത. തിരക്ക് വര്‍ധിച്ചാലും ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനും വഴിപാടുകള്‍ ചെയ്യുന്നതിനും ആവശ്യമായ വിപുലമായ ക്രമീകരണങ്ങള്‍ സന്നിധാനത്ത് സജ്ജമാണ്.
ഈ സീസണില്‍ ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമാക്കിയിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യാതെ എത്തുന്നവര്‍ക്ക് വിവിധ ഇടത്താവളങ്ങളിലും നിലയ്ക്കലും പമ്പയിലും ഉള്‍പ്പെടെ തത്സമയ ബുക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ശബരിമലയിലെ ഇന്നത്തെ ചടങ്ങുകള്‍
(08.12.2022)
………
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12 മണിക്ക് കളഭാഭിഷേകം
12.30ന് ……ഉച്ചപൂജ
1മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും
ശബരിമലയില്‍ പോലീസിന്റെ മൂന്നാം ബാച്ച് ചുമതലയേറ്റു
ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൂന്നാം ബാച്ച് ബുധനാഴ്ച ചുമതലയേറ്റു. പുതിയതായി എത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു.
അയ്യപ്പഭക്തന്മാരുടെ സുഗമമായ ദര്‍ശനം, സുരക്ഷ എന്നീ കാര്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കി വേണം പ്രവര്‍ത്തിക്കാനെന്ന് ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ (എസ്.ഒ.) ഹരിശ്ചന്ദ്ര നായിക് നിര്‍ദേശം നല്‍കി. ഇക്കാര്യങ്ങള്‍ക്ക് പുറമെ പുണ്യം പൂങ്കാവനം ഉദ്യമത്തില്‍ പങ്കാളികളാകണമെന്നും സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ഭക്തരെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, നടപ്പന്തല്‍, ശരംകുത്തി, മരക്കൂട്ടം എന്നിവടങ്ങളിലും പുണ്യം പൂങ്കാവനം പദ്ധതിയുടെ നടത്തിപ്പിനുമായി സംഘങ്ങളായി തിരിച്ചാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.
അസി. സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍. ശ്രീകുമാര്‍, ഒമ്പത് ഡി.വൈ.എസ്.പിമാര്‍, 33 സി.ഐമാര്‍, 93 എസ്.ഐ/ എ.എസ്.ഐ, 1200 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1335 പോലീസുകാരെയാണ് ശബരിമലയിലെ സേവനത്തിനായി നിയോഗിച്ചത്.
പത്ത് ദിവസമാണ് ശബരിമലയില്‍ പുതിയതായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ചുമതല. എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, മറ്റു സംസ്ഥാനങ്ങളിലെ പോലീസുകാര്‍, വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.
സന്നിധാനത്തെ ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി നശിപ്പിച്ചു
സന്നിധാനത്തെ ഹോട്ടലില്‍ നിന്നും റവന്യൂ സ്‌ക്വാഡ് പഴകിയ അച്ചാറും ഭക്ഷണസാധനങ്ങളും പിടികൂടി നശിപ്പിച്ചു. രണ്ട് ജാറുകളിലായി സൂക്ഷിച്ചിരുന്ന 40 കിലോയോളം വരുന്ന പഴകിയ അച്ചാറും ഭക്ഷണസാധനങ്ങളുമാണ് റവന്യൂ സ്‌ക്വാഡ് പിടിച്ചെടുത്ത് നശിപ്പിച്ചത്.
ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ. ശ്രീകുമാര്‍, എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് കെ. ഗോപകുമാര്‍, സ്‌ക്വാഡ് ലീഡര്‍ വി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും സന്നിധാനത്തെ ഭക്ഷണശാലകളില്‍ കര്‍ശനമായ പരിശോധന തുടരുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് പറഞ്ഞു.