പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവ ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ എന്‍. റ്റി. സി /എന്‍. എ. സി.  യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഡിസംബര്‍ 12 ന് രാവിലെ 11 ന് അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐ യില്‍ ഹാജരാകണം. ഫോണ്‍: 0468 2258710

സ്പോട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടക്കുന്ന ദ്വിവര്‍ഷ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്‌സിലേക്ക് ജില്ലയിലെ സ്പോട് അഡ്മിഷന്‍ തുടരുന്നു. ഫോണ്‍:  9400 541 381.

 

ശില്പശാല നടത്തി
തിരുവല്ല താലൂക്കിലെ സംരംഭകര്‍ക്ക് വേണ്ടി താലൂക്ക് തല സംരംഭക ശില്പശാല(പി.എം.എഫ്.എം.ഇ സ്‌കീം ) പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു. പ്രോഗ്രാമിന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി എബ്രഹാം നിര്‍വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം എം ബി അനീഷ് അധ്യക്ഷത വഹിച്ചു. തിരുവല്ല താലൂക്ക് എ.ഡി.ഐ.ഒ സ്വപ്ന ദാസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍ അനില്‍ കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം എ.ഡി.ഐ.ഒ കെ അനൂപ് ഷിനു, പുളിക്കീഴ് ബ്ലോക്ക് ജോയിന്റ് ബിഡിഒ വിനീത, പുളിക്കീഴ് ബ്ലോക്ക് ഐ.ഇ.ഒ എസ് കവിത, പദ്മിനി ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 
സൗജന്യ പിഎസ്‌സി പരിശീലനം
ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറുമാസ സൗജന്യ പി എസ് സി പരിശീലനത്തിലേക്ക് അപേക്ഷിക്കാം. ജനുവരി 3 മുതല്‍ ആരംഭിക്കുന്ന കോഴ്‌സില്‍ റെഗുലര്‍, ഹോളിഡേ ബാച്ചുകളിലായിട്ടാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി, സിഖ് എന്നീ വിഭാഗങ്ങള്‍ക്ക് സീറ്റുകള്‍ പരിമിതം. എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പും ഫോട്ടോയും സഹിതം പ്രിന്‍സിപ്പാള്‍ കോച്ചിംഗ് സെന്റര്‍ മൈനോറിറ്റി യൂത്ത് തൈക്കാവ് സ്‌കൂള്‍ കോമ്പൗണ്ട് പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ ഫോറം ഓഫീസില്‍ നിന്നും ലഭിക്കും.അവസാന തീയതി ഡിസംബര്‍ 20. വെബ്‌സൈറ്റ്: www.minoritywelfare.kerala.gov.in ഫോണ്‍: 0468 2 329 521, 9961 602 993, 8281 165 072
 

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
രണ്ടാംലോക മഹായുദ്ധ സേനാനികള്‍ക്കും, വിധവകള്‍ക്കുമുള്ള പ്രതിമാസ സാമ്പത്തികസഹായം 2022 ഡിസംബര്‍ മുതല്‍ തുടര്‍ന്ന് ലഭിക്കുന്നതിന് ജീവന സാക്ഷ്യപത്രം 2022 ഡിസംബര്‍ ആദ്യം തന്നെ പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍  സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് സാമ്പത്തികസഹായം തുടര്‍ന്നു ലഭിക്കുന്നതല്ല എന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2961104.
 

കര്‍ഷക ട്രെയിനിംഗ്
ക്ഷീരവികസന വകുപ്പിന് കീഴിലുള്ള അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ ഡിസംബര്‍ 12 മുതല്‍ 17 വരെ കര്‍ഷക ട്രെയിനിംഗ് നടത്തുന്നു. ട്രെയിനിംഗില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക് 0473 4 299 869, 9495 390 436, 9446 453 247 നമ്പറുകളില്‍ വിളിക്കുകയോ വാട്ട്‌സ് ആപ്പ് ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്ക് ട്രെയിനിംഗില്‍ പങ്കെടുക്കാം.
 

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ആരോഗ്യത്തിന് ഹാനികരമായ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വാലിഡ് യു.ഡി.ഐ.എസ്.ഇ.കോഡ് ഉളള സര്‍ക്കാര്‍/ എയ്ഡഡ്/ അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.
മേല്‍ പറഞ്ഞ തൊഴിലില്‍ ഏര്‍പ്പെടുന്നു എന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ  സെക്രട്ടറിയുടെ/സാമൂഹികക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം സഹിതം അപേക്ഷകള്‍ ഡിസംബര്‍ 31 നകം ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപാലിറ്റി പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്. ഫോണ്‍: 0468 2 322 712.

വേനലിനെ പ്രതിരോധിക്കാന്‍ തണ്ണിമത്തന്‍ തോട്ടങ്ങള്‍ ഒരുക്കി പന്തളം തെക്കേക്കര
വരാന്‍ പോകുന്ന വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍  ജൈവ തണ്ണിമത്തന്‍ തോട്ടങ്ങള്‍ ഒരുക്കി പന്തളം തെക്കേക്കര. മൂന്ന് ഹെക്ടര്‍ വരുന്ന തരിശുഭൂമികളില്‍ തണ്ണിമത്തന്‍ തോട്ടങ്ങള്‍ ഒരുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്.. ഏറെ വിഷപൂരിതമായി വിപണിയില്‍ ലഭിക്കുന്ന തണ്ണിമത്തന്‍ ജൈവരീതിയില്‍ തന്നെ ഉത്പാദിപ്പിച്ച് തദ്ദേശീയമായി വിപണനം നടത്തുകയാണ് ലക്ഷ്യം.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തരിശു കിടക്കുന്ന സ്ഥലങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിയോഗ്യമാക്കി ഫലവര്‍ഗ തോട്ടങ്ങള്‍ വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പ്രധാന ലക്ഷ്യമായ കര്‍ഷകര്‍ക്ക് വരുമാനവര്‍ധനവ് ഉറപ്പുവരുത്തുന്നതിനാണ് വ്യത്യസ്തമായ കൃഷിരീതികള്‍ കൃഷിഭവനും ഗ്രാമപഞ്ചായത്തും നടപ്പാക്കുന്നത്.
തെക്കേക്കര പടുകോട്ടുക്കല്‍ വാര്‍ഡില്‍ മുന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മേരി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള 75 സെന്റോളം വരുന്ന തരിശുഭൂമിയില്‍ ആദ്യഘട്ട വിത്തിട്ടു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധരപ്പണിക്കര്‍, കൃഷി ഓഫീസര്‍ സി. ലാലി, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍മാരായ അഖില്‍ മോഹന്‍, രഞ്ചുചന്ദ്രന്‍ സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ കെ.ബി. ശ്രീദേവി, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്
ഇലന്തൂര്‍ ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകള്‍ /ഗവണ്‍മെന്റ് നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റ്/ബിഎഎംഎസ് /ബിഎന്‍വൈഎസ്, എം എസ് സി (യോഗ), എംഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്ക് ഡിസംബര്‍ 15ന് രാവിലെ 10ന് ഇലന്തൂര്‍ ഹോമിയോ ഡിസ്പെന്‍സറിയില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം.
ടെന്‍ഡര്‍

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് 2023 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് നടത്തുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12ന് പകല്‍ 4.30 വരെ.  ഫോണ്‍ : 0468 2 214 108.
ടെന്‍ഡര്‍

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് 2023 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ക്ലോറിനേഷന്‍ നടത്തുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12ന് പകല്‍ 4.30 വരെ. ഫോണ്‍ : 0468 2 214 108.സിഎംഒ പോര്‍ട്ടല്‍; ജില്ലാതല പരിശീലന പരിപാടി 14 ന്
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമായ സിഎംഒ പോര്‍ട്ടല്‍ സംബന്ധിച്ച് പരാതി പരിഹാര സെല്ലില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ നയിക്കുന്ന ജില്ലാതല പരിശീലന പരിപാടി ഡിസംബര്‍ 14 ന് രാവിലെ 10.30 ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സംസ്ഥാന ശ്രദ്ധ നേടുന്ന പരിപാടിയായി ആറന്മുള നിറവ് മേളയെ മാറ്റണം: മന്ത്രി വീണാജോര്‍ജ്


സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയായി ആറന്മുള നിറവ് വിനോദവിജ്ഞാന മേളയെ മാറ്റണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ആറന്മുള നിറവ് പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആറന്മുളയുടെ ചരിത്രവും സംസ്‌കാരവും പ്രതിഫലിക്കുന്ന കാര്‍ഷിക, കരകൗശല, വിനോദ വിജ്ഞാനമേള ഏറ്റവും മികച്ച തയാറെടുപ്പോടെ നടത്തേണ്ട ഉത്തരവാദിത്വം ഉണ്ട്. അതിനായി എല്ലാ വകുപ്പുകളും മികച്ച ക്രമീകരണങ്ങള്‍ ഒരുക്കണം. വലിയ ജനപങ്കാളിത്തത്തോടെ നിറവ് സംഘടിപ്പിക്കുമെന്നും ഇതിനായി ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സഹായം ഉറപ്പാക്കുമെന്നും  മന്ത്രി പറഞ്ഞു.


ആറന്മുളയിലെ കരകൗശല ഉത്പന്നങ്ങള്‍, മുളകൊണ്ടുള്ള ഉത്പന്നങ്ങള്‍, ആറന്മുള വള്ളസദ്യയ്ക്ക് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍, ആറന്മുള മ്യൂറല്‍ ആര്‍ട്ട് ഗ്യാലറിയില്‍ നിന്നുള്ള ചുവര്‍ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും മേളയിലുണ്ടാകും. മേളക്ക് മുന്നോടിയായി പൈതൃക സ്മൃതിയാത്രയും സംഘടിപ്പിക്കും. മേളയ്ക്ക് മുന്നോടിയായി വിവിധ വകുപ്പുകള്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. ആറന്മുള നിറവ് സാംസ്‌കാരിക മേളയ്ക്ക് ലോഗോ തയാറാക്കാന്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയാറാക്കുന്ന ആള്‍ക്ക് സമ്മാനം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലോഗോ, തയാറാക്കിയ ആളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെ ഇ മെയിലായി അയയ്ക്കണം. അവസാന തീയതി ഡിസംബര്‍ 17. ഇമെയില്‍ വിലാസം: explorearanmula@gmail.com
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ജില്ലാ പഞ്ചായത്തംഗം ആര്‍. അജയകുമാര്‍,  ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദേവി,  തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ്, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, ഡിഎംഒ (ആരോഗ്യം) ഡോ.എല്‍ അനിതാകുമാരി,  ആറന്മുള എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്ദു പി നായര്‍, സതീഷ് മിറാന്‍ഡ, പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍ പിള്ള, ആറന്മുള വികസനസമിതി പ്രസിഡന്റ് പി.ആര്‍. രാധാകൃഷ്ണന്‍, സെക്രട്ടറി അശോകന്‍, ഖജാന്‍ജി സന്തോഷ് കുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സമ്മാനദാനം ഡിസംബര്‍ ഒന്‍പതിന്

ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരി മുക്ത കേരളം പ്രചാരണത്തിന്റെയും ഭാഗമായി നടത്തിയ ചിത്രരചന, ഉപന്യാസ രചന മത്സര വിജയികള്‍ക്കും മലയാള ദിനാചരണം, ഭരണഭാഷാ വാരാഘോഷം എന്നിവയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്കുമുള്ള സമ്മാനദാനം ഡിസംബര്‍ 9ന് കളക്ടറേറ്റില്‍ നടക്കും. രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സമ്മാനദാനം നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തെ തിരഞ്ഞെടുത്തു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പുളിക്കീഴ് ഡിവിഷനിലെ അംഗം മായ അനില്‍ കുമാറിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് എഡിഎം ബി. രാധകൃഷ്ണന്‍ നേതൃത്വം നല്‍കി. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ നിലവിലുണ്ടായ ഒരു ഒഴിവിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്. മറ്റ് ആരും തന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍: ബോധവത്ക്കരണ ക്ലാസ് നടത്തി
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ശ്രീ ചിത്തിര തിരുനാള്‍ ടൗണ്‍ഹാളില്‍  ഗാര്‍ഹിക പീഡന നിരോധന നിയമം  2005, സ്ത്രീധനനിരോധന നിയമം 1961 എന്നിവയെ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  ജില്ലാ ലേബര്‍ ഓഫീസര്‍ എസ്. സുരാജ്   ബോധവത്ക്കരണ അധ്യക്ഷത വഹിച്ചു.
ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്നിം  മുഖ്യ പ്രഭാഷണം  നടത്തി.  വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍  എ. നിസ, വനിതാ സെല്‍ സി.ഐ. എസ്. ഉദയമ്മ, ബിഎംഎസ് സെക്രട്ടറി എ.എസ്. രാഘുനാഥന്‍ നായര്‍,  ജില്ലാ തല ഐസിഡിഎസ് സെല്‍ സീനിയര്‍ സൂപ്രണ്ട് പി.എന്‍. രാജലക്ഷ്മി, വനിതാ ശിശു വികസന ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജി. സ്വപ്നമോള്‍, വനിതാ സംരക്ഷണ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ഫൗസിമോള്‍ എന്നിവര്‍ സംസാരിച്ചു.  മൗണ്ട് സിയോണ്‍ കോളജ് വിദ്യാര്‍ഥികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, കുടുംബശ്രീ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഗവ. മഹിളാ മന്ദിരം  ലീഗല്‍ കൗണ്‍സിലര്‍  അഡ്വ. സ്മിതാ ചന്ദ് ഗാര്‍ഹിക പീഡന നിരോധന നിയമം  2005, സ്ത്രീധന നിരോധന നിയമം 1961 എന്നിവയെ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് നയിച്ചു. ലോ കോളജ് വിദ്യാര്‍ഥികള്‍ സംശയങ്ങള്‍ ആരായുകയും  തുടര്‍ന്ന് നിയമത്തെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു.
പ്രവാസി സംരംഭകര്‍ക്കായി സൗജന്യ സംരംഭകത്വ പരിശീലന പരിപാടി തിരുവനന്തപുരത്ത്
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് ഡിസംബറില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ഡിസംബര്‍ 15 നകം രജിസ്റ്റര്‍ ചെയ്യണം.
പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിലാണ് സംരംഭക പരിശീലന പരിപാടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായാണ് സംരംഭകത്വ പരിശീലനം. രജിസ്റ്റര്‍ ചെയ്യുന്നതിനായി  0471-2770-534, +91-8592 958 677 എന്നീ നമ്പറുകളിലോ  nbfc.norka@kerala.gov.innbfc.coordinator@gmail.com എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടുക. നോര്‍ക്ക റൂട്ട്സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പാക്കുന്ന വിവിധ സംരംഭക സഹായ പദ്ധതികള്‍, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിശീലനത്തിന്റെ ഭാഗമായി ലഭിക്കും.
ഗ്രാമസഭ

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ഡുകളിലെ ഗ്രാമസഭ ഡിസംബര്‍ ഒന്‍പത് മുതല്‍ 18  വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. ദിവസം, വാര്‍ഡ്, സ്ഥലം, സമയം എന്ന ക്രമത്തില്‍.
ഡിസംബര്‍ ഒന്‍പതിന് പന്ന്യാലി വാര്‍ഡിന് പന്ന്യാലി  സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 2.30 ന്.
ഡിസംബര്‍ 10 ന് വാഴമുട്ടം നോര്‍ത്ത് വാഴമുട്ടം എന്‍.എസ്.എസ് കരയോഗ മന്ദിരത്തില്‍ രാവിലെ 11 ന്, ഐമാലി വെസ്റ്റ് ഐമാലി എന്‍.എസ്.എസ് കരയോഗ മന്ദിരത്തില്‍ ഉച്ചയ്ക്ക് രണ്ടിന്,  വാഴമുട്ടം വാഴമുട്ടം പ്രകൃതി ക്ഷോഭ പുനരധിവാസ ഷെല്‍ട്ടര്‍ ഉച്ചയ്ക്ക് രണ്ടിന്.
ഡിസംബര്‍ 11 ന്  പൈവളളി ഓമല്ലൂര്‍ ഗവ. എച്ച്.എസ് ഉച്ചയ്ക്ക് രണ്ടിന്, പുത്തന്‍പീടിക  ഓമല്ലൂര്‍ ഗവ. എച്ച്.എസില്‍ ഉച്ചയ്ക്ക് ശേഷം മൂന്നിന്.
ഡിസംബര്‍ 13 ന്  ആറ്റരികം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഉച്ചയ്ക്ക് 2.30 ന്.
ഡിസംബര്‍  14 ന് ഐമാലി ഈസ്റ്റ് ഓമല്ലൂര്‍ എന്‍എസ്എസ് ഇംഗ്ലീഷ്  മീഡിയം സ്‌കൂള്‍ അമ്പലജംഗ്ഷന്‍ രാവിലെ 11  ന്.
ഡിസംബര്‍  16 ന് ഓമല്ലൂര്‍ ടൗണ്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയം ഉച്ചയ്ക്ക് 2.30 ന്.
ഡിസംബര്‍  17 ന് മുളളനിക്കാട് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാള്‍ മുളളനിക്കാട്  രാവിലെ 10 ന്, മണ്ണാറമല  പുത്തന്‍പീടിക എംഎസ് സി എല്‍പി എസ് രാവിലെ 11 ന്, ചീക്കനാല്‍ ഗവ.എല്‍.പി എസില്‍ 2.30 ന്
ഡിസംബര്‍ 18  ന് പറയനാലി കമ്മ്യൂണിറ്റി സെന്റര്‍ പറയനാലി  രാവിലെ 11 ന്, മഞ്ഞിനിക്കര മഞ്ഞിനിക്കര ജിഎല്‍പിഎസ് ഉച്ചയ്ക്ക് 2.30 ന്.

മസ്റ്ററിംഗ്
ജില്ലാ കെട്ടിട നിര്‍മാണ ക്ഷേമബോര്‍ഡില്‍ നിന്നും 2019 ഡിസംബര്‍ 31 വരെ പെന്‍ഷനായവരില്‍ മസ്റ്ററിംഗ് നടത്തുവാന്‍ സാധിക്കാതെ പോയതിനാല്‍ പെന്‍ഷന്‍ മുടങ്ങിയിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് സ്വന്തം ചെലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്റര്‍ ചെയ്യുന്നതിനും മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിനും എല്ലാ മാസവും ഒന്നു മുതല്‍ 20 വരെയുളള തീയതികളില്‍ സമയം അനുവദിച്ചിട്ടുളളതിനാല്‍ പെന്‍ഷന്‍ മുടങ്ങിയിരിക്കുന്ന ഗുണഭോക്താക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2324947.

ബോധവല്‍ക്കരണ ക്ലാസ്
വനിതാ ശിശു വികസന വകുപ്പിന്റെ കണ്‍വെര്‍ജന്‍സ് ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതിലേക്ക് വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് വിവിധ വകുപ്പുകളിലെ ജില്ലതല മേധാവികള്‍ക്ക് ഇന്ന് (ഡിസംബര്‍ 8) ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരു അര്‍ദ്ധ ദിന ബോധവല്‍ക്കരണ പരിപാടി നടക്കും.

സ്ത്രീകള്‍ക്ക് പദവിയും അംഗീകാരവും നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സ്ത്രീകള്‍ക്ക് പദവിയും അംഗീകാരവും നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഗാര്‍ഹിക പീഡന നിരോധന നിയമം 2005 നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സാധ്യതകള്‍, പരിമിതികള്‍ എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ പദവി നിര്‍ണയിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ധാരാളം നിയമ നിര്‍മാണങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സ്ത്രീകള്‍ക്ക് പദവി നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ദേശീയ തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഭരണഘടന ഭേദഗതിയില്‍ മൂന്നിലൊന്ന് സംവരണം വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ കേരളം 50 ശതമാനമാക്കി ഇതുയര്‍ത്തി. ഇക്കാരണത്താല്‍ പൊതുരംഗത്ത് ഇറങ്ങുന്ന ജനപ്രതിനിധികളില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. മനുഷ്യ മനസില്‍ അടിഞ്ഞു കൂടിയിരിക്കുന്ന തെറ്റായ ധാരണയാണ് പുരുഷ മേധാവിത്വ സമീപനം. അത് നിയമത്തിലൂടെയോ, നീതി ന്യായ കോടതിയുടെ പ്രവര്‍ത്തനത്തിലൂടെയോ, പോലീസ് സേനയുടെ പ്രവര്‍ത്തനത്തിലൂടെയോ മാത്രം മാറ്റിയെടുക്കാന്‍ സാധിക്കുന്നതല്ല. സ്ത്രീയും പുരുഷനും അടങ്ങുന്ന സമൂഹത്തിന്റെ ശക്തമായ ബോധവല്‍ക്കരണത്തിലൂടെയാകണം. സ്ത്രീകള്‍ക്ക് പദവിയും അംഗീകാരവും നല്‍കേണ്ടത് പുരുഷ സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട സബ് ജഡ്ജി ദേവന്‍ കെ മേനോന്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. കുടുംബ സംബന്ധമായ കേസുകള്‍ കോടതികളിലും മറ്റും തീര്‍പ്പാക്കാന്‍ തടസമായി നില്‍ക്കുന്നത് വ്യക്തികളുടെ അഹംഭാവവും തെറ്റായ വീക്ഷണവും മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്നിം അധ്യക്ഷത വഹിച്ചു.വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ. നിസ, എം. ഫൗസിമോള്‍, പത്തനംതിട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, അഭിഭാഷകരായ സ്മിത ചന്ദ്, രജനി എസ് ആനന്ദ്, ടി. ലത, അശ്വതി ബാബു, റിയ മത്തായി തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയിലെ സ്‌കൂളുകള്‍ക്ക് കംപ്യൂട്ടറും ലാപ്ടോപ്പും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഇന്ന് (8)
ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതിന് കംപ്യൂട്ടറും ലാപ്ടോപ്പും വിതരണം ചെയ്യുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്(8) രാവിലെ 10ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. തുടര്‍ന്ന് രാവിലെ 11ന് സംസ്ഥാന പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് ശില്‍പ്പശാല നടക്കും.

പത്ത് വര്‍ഷം പൂര്‍ത്തിയായ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം

സര്‍ക്കാര്‍/സര്‍ക്കാര്‍ അനുബന്ധ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി പരക്കെ ആധാര്‍ അംഗീകരിക്കപ്പെട്ടിരിക്കെ ബയോമെട്രിക് ഒതന്റിക്കേഷന്‍ മുഖനെ ഉപഭോക്താവിനെ/ ഗുണഭോക്താവിനെ പിഴവില്ലാതെ തിരിച്ചറിയുന്നതിനായി ആധാര്‍ പോര്‍ട്ടലില്‍ നല്കിയിട്ടുള്ള വിവരങ്ങള്‍ കൃത്യമാക്കണം.

10 വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളവരും ആധാര്‍കാര്‍ഡ് എടുത്ത സമയത്ത് നല്‍കിയിട്ടുള്ള വ്യക്തി വിവരങ്ങള്‍ പിന്നീട് ഭേദഗതി വരുത്തിയിട്ടില്ലാത്തവരുമായ  എല്ലാവരും പേര്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ആധാര്‍ പോര്‍ട്ടലില്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്യണം. myAadhaar (www.myaadhaar.uidai.gov.in) പോര്‍ട്ടലിലെ  അപ്ഡേറ്റ് ഡോക്യുമെന്റ് എന്ന സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈനായി വിവരങ്ങള്‍ ചേര്‍ക്കാം.  ഇതിനായി 25 രൂപ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
പത്തനംതിട്ട ജില്ലയിലെ അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും ഇപ്രകാരം വ്യക്തി വിവരങ്ങളും വിലാസവും സംബന്ധിച്ച വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലേക്ക് 50 രൂപ ഫീസ് നല്‍കണം.
ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ തടസരഹിതമായി ലഭിക്കുന്നതിലേക്ക് പൊതുജനങ്ങള്‍ ഓണ്‍ലൈനായോ അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

വിജ്ഞാനോത്സവം: വിജയികളെ പ്രഖ്യാപിച്ചു

സംസ്ഥാന സര്‍വ വിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി സംഘടിപ്പിച്ച വിജ്ഞാനോത്സവം സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കോന്നി കലഞ്ഞൂര്‍ ജി.വി.എച്ച്.എസ്.എസ് ആന്‍ഡ് എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വി. നിരഞ്ജനും പന്തളം എന്‍.എസ്.എസ്. ഗേള്‍സ് എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മനു വന്ദനയും കരസ്ഥമാക്കി.

സായുധസേന നല്‍കുന്നത് കൂട്ടായ്മയിലൂടെ നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന സന്ദേശം: ജില്ലാ കളക്ടര്‍
കൂട്ടായ്മയിലൂടെയും സമന്വിതമായ പ്രവര്‍ത്തനത്തിലൂടെയും നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നുള്ള സന്ദേശമാണ് സായുധസേന നല്‍കുന്നതെന്ന് ജില്ലാ കളക്ടറും ജില്ലാ സായുധസേന പതാകനിധി പ്രസിഡന്റുമായ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
സായുധസേനാ പതാകദിനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ഒരേ ദിശയില്‍ ഒരുമിച്ച് യോജിപ്പോടെയുള്ള പ്രവര്‍ത്തനത്തിലൂടെയാണ് യുദ്ധങ്ങളിലും മറ്റു വലിയ പ്രതിസന്ധികളിലും നമ്മുടെ സായുധസേന ആവര്‍ത്തിച്ച് വിജയം കൈവരിക്കുന്നത്.
രാജ്യത്തിനുവേണ്ടി ത്യാഗോജ്വലമായ ജീവിതം സമര്‍പ്പിച്ച് വീരമൃത്യു വരിച്ച ധീര  ജവാന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും, സായുധസേനയില്‍ നിന്നും വിരമിച്ച് നമ്മുടെ ജീവിതത്തില്‍ വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന എക്സ് സര്‍വീസ് മെന്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്കും ആദരമര്‍പ്പിച്ചു കൊണ്ടാണ് സായുധസേന പതാകദിനം ആചരിക്കുന്നത്. സൈനികര്‍ നയിക്കുന്ന ചിട്ടയോടെയുള്ള ജീവിതം നമ്മള്‍ മാതൃകയാക്കണം. സൈനിക ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രാപ്തി  വരുത്തുവാനുമുള്ള എല്ലാ നടപടികളും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി.
2022 ലെ ജില്ലയുടെ സായുധ സേന പതാകയുടെ വില്‍പ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം എന്‍സിസി കേഡറ്റില്‍ നിന്നും സായുധസേന പതാക ഏറ്റുവാങ്ങി കളക്ടര്‍ നിര്‍വഹിച്ചു.  ചടങ്ങില്‍ ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട ലെഫ്റ്റനന്റ് കേണല്‍ വി. കെ. മാത്യു അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് എക്സ് സര്‍വീസ് ലീഗ് ജില്ലാ പ്രസിഡന്റ്
സ്‌ക്വാഡ്രന്‍ ലീഡര്‍ ടി.സി. മാത്യു, നാഷണല്‍ എക്സ് സര്‍വീസ് മെന്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ  ജി. രാധാകൃഷ്ണപിള്ള ( ജില്ലാ പ്രസിഡന്റ്), അഡ്വ.രാജേഷ് നെടുമ്പ്രം (ജില്ലാ സെക്രട്ടറി), വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ ജി. രാജീവ്, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ പി.പി. ജയപ്രകാശ്, സീനിയര്‍ ക്ലര്‍ക്ക് ആര്‍. രാജീവ്, സായുധസേന അംഗങ്ങള്‍,  കുടുംബാംഗങ്ങള്‍, എന്‍സിസി കേഡറ്റുമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
error: Content is protected !!