സന്നിധാനം പോസ്റ്റ് ഓഫീസ് ഷഷ്ടിപൂര്‍ത്തി നിറവില്‍
*സ്വാമി അയ്യപ്പന്‍, സന്നിധാനം പി.ഓ, 689713*
*തപാല്‍ പ്രസാദ വിതരണത്തിന് രണ്ടാഴ്ച്ചക്കുള്ളില്‍ ലഭിച്ചത് 208 ഓര്‍ഡറുകള്‍*
ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനം ആരംഭിച്ചതോടെ സന്നിധാനം പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം സജീവമായി.
തപാല്‍ പ്രസാദ വിതരണം പുനരാരംഭിച്ചതോടെ കഴിഞ്ഞ 15 ദിവസത്തിനകം 208 ഓര്‍ഡറുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്നിധാനം പോസ്റ്റ് ഓഫീസിന് ലഭിച്ചത്. ഇതുവഴി 1,34,800 രൂപ സമാഹരിച്ചു.
ഓണ്‍ലൈന്‍ പ്രസാദ വിതരണത്തിന് മൂന്ന് കിറ്റുകളാണ് ഉള്ളത്; 520 രൂപ കിറ്റില്‍ ഒരു അരവണയും , 960 രൂപ കിറ്റില്‍ നാല് അരവണയും, 1760 രൂപ കിറ്റില്‍ 10 അരവണയും ഉണ്ടാകും. കൂടാതെ എല്ലാ കിറ്റിലും നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി
എന്നിവയും പ്രത്യേകം പാക്ക് ചെയ്യും.
രാജ്യത്തിന്റെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഓണ്‍ലൈനായി പ്രസാദം ബുക്ക് ചെയ്യാം. പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ സ്പീഡ് പോസ്റ്റില്‍ പ്രസാദം വീട്ടില്‍ എത്തും.
ഓണ്‍ലൈന്‍ പ്രസാദ വിതരണത്തിന് പുറമേ സന്നിധാനത്തെ പോസ്റ്റ് ഓഫീസില്‍ സ്വാമി അയ്യപ്പന് എത്തുന്ന കത്തുകളും ‘കൈകാര്യം’ ചെയ്യണം.
പ്രേമലേഖനം, ഗൃഹപ്രവേശം, കല്യാണം തുടങ്ങി വിശേഷ ചടങ്ങുകളുടെ ആദ്യ ക്ഷണം വരെ അയ്യപ്പനാണ് അയക്കുന്നത്. അയ്യപ്പന്റെ പേരു വെച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഭക്തര്‍ അയക്കുന്ന ഈ കത്തുകള്‍ അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ച ശേഷം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവ്.
വര്‍ഷത്തില്‍ മൂന്ന് മാസം മാത്രം പ്രവര്‍ത്തിക്കുന്ന ഈ പോസ്റ്റ് ഓഫീസിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്. പതിനെട്ടാം പടിയും അയ്യപ്പ മുദ്രയുമുള്ള സീല്‍, പ്രത്യേകം സ്റ്റാമ്പ്, സ്വന്തമായി പിന്‍കോഡ് തുടങ്ങിയവയെല്ലാം സന്നിധാനത്തെ ഈ പോസ്റ്റ് ഓഫീസിന് മാത്രം സ്വന്തം.
പ്രിയപ്പെട്ടവര്‍ക്ക് അയ്യപ്പമുദ്ര പതിഞ്ഞ കത്തുകളും മണിയോഡറുകളും അയക്കുന്നതിന് ദിനംപ്രതി നൂറു കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്.
മണ്ഡലം ആരംഭിച്ച് ഇന്നലെവരെ (ഡിസംബര്‍ 2) 6000 പോസ്റ്റ് കാര്‍ഡുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും അയച്ചത്. 1963 ല്‍ പോസ്റ്റോഫീസും 1974 ല്‍ പതിനെട്ടാംപടി ആലേഖനം ചെയ്തിട്ടുള്ള സീലും നിലവില്‍ വന്നു. കഴിഞ്ഞ മണ്ഡലകാലത്ത് തപാല്‍ പ്രസാദ വിതരണത്തിലൂടെ രണ്ടരക്കോടി രൂപയുടെ വരുമാനമാണ് പോസ്റ്റ് ഓഫീസും ദേവസ്വം ബോര്‍ഡും സമാഹരിച്ചത്.
ശബരിമലയില്‍ ചടങ്ങുകള്‍
(04.12.2022)
………
പുലര്‍ച്ചെ 2.30 ന്
പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം
7.30 ന് ഉഷപൂജ
11.30 ന് 25 കലശാഭിഷേകം
12 മണിക്ക് കളഭാഭിഷേകം
12.30 ന് ……ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.
4.25 ലക്ഷത്തോളം അന്നദാനം നടത്തി
ശബരിമല ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും സൗജന്യ ഭക്ഷണവുമായി ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപങ്ങള്‍ സജീവം. പ്രതിദിനം ശരാശരി 22,000 ത്തോളം ഭക്തരാണ് മാളികപ്പുറത്തിന് സമീപം പ്രവര്‍ത്തിക്കുന്ന അന്നദാന മണ്ഡപത്തെ ആശ്രയിക്കുന്നത്. ഇന്നലെ (ഡിസംബര്‍ 2) വരെ 50 ലക്ഷത്തോളം രൂപയാണ് അന്നദാനത്തിന് സംഭാവനയായി ലഭിച്ചത്.
ഒരേസമയം 3500 പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള അത്യാധുനിക സൗകര്യങ്ങളാണ് അന്നദാന മണ്ഡപത്തില്‍ ഒരുക്കിയിരിക്കുന്നത്. ദിവസം മൂന്ന് പ്രാവശ്യം ഹാള്‍ മുഴുവന്‍ അണുവിമുക്തമാക്കി ശുചീകരിക്കുകയും ചെയ്യും. ഇതര സംസ്ഥാന ഭക്തര്‍ക്കായി മറ്റ് ഭാഷകളിലും അന്നദാന മണ്ഡപത്തിലെ ഭക്ഷണ വിതരണത്തെക്കുറിച്ച് അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്.
പ്രഭാത ഭക്ഷണം ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ചുക്കുവെള്ളം എന്നിവ രാവിലെ 6.30 മുതല്‍ 11 മണി വരെ വിതരണം ചെയ്യും. ഉച്ചക്ക് 12 മുതല്‍ 3.30 വരെ പുലാവ്, അച്ചാര്‍, സലാഡ്, ചുക്കു വെള്ളം എന്നിവ വിതരണം ചെയ്യും. രാത്രി ഭക്ഷണം 6.30 മുതല്‍ 11.15 വരെ കഞ്ഞി പയര്‍/അസ്ത്രം എന്നിവയും നല്‍കും.
ഭക്ഷണ വിതരണ ശേഷം പാത്രങ്ങള്‍ വൃത്തിയാക്കുന്നതിന് ഇലക്ട്രിക്കല്‍ ഡിഷ് വാഷ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. 230 ജീവനക്കാരാണ് അന്നദാനം മണ്ഡപത്തില്‍ ജോലി ചെയ്യുന്നത്. എല്ലാവരുടെയും കൃത്യമായ ആരോഗ്യ സുരക്ഷാ ദേവസ്വം ബോര്‍ഡ് ഉറപ്പാക്കുന്നുണ്ട്.
സ്റ്റീം സംവിധാനം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതിലൂടെ വളരെ വേഗത്തിലും ചിലവ് കുറച്ചും ഭക്ഷണം തയ്യാറാക്കാന്‍ സാധിക്കുന്നു. അത്യാഹിതം ഉണ്ടായാല്‍ നേരിടുന്നതിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉപകരണങ്ങളും അടുക്കളയുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കര്‍ശന നിയന്ത്രണത്തോടെയാണ് ജീവനക്കാരെ അടുക്കളയിലേക്ക് പ്രവേശിപ്പിക്കുന്നത്. പുറത്തുനിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല.
ശബരിമല സന്നിധാനം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സന്നിധാന പരിസരത്ത് എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ 215 കോട്പ (സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാഗോ പ്രോഡക്റ്റ്‌സ് ആക്ട് 2003) കേസുകള്‍ കണ്ടെത്തുകയും 16 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു.
ഇത്രയും കേസുകളിലായി 43,000 രൂപ പിഴ ഈടാക്കി സര്‍ക്കാറിലേക്ക് ഒടുക്കി. ശബരിമല സന്നിധാന പരിസരമായ കൊപ്രാക്കളം, പാണ്ടിത്താവളം എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ കണ്ടെത്തിയത്. ശക്തമായ പരിശോധനകള്‍ വരും നാളുകളിലും തുടരുമെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.