Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 02/12/2022 )

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’; അറിയിപ്പ് നല്‍കുന്നത് ശ്രീനിവാസും ഗോപാലകൃഷ്ണന്‍ നായരും

രണ്ട് ദശാബ്ദക്കാലമായി സന്നിധാനത്തെ അനൗണ്‍സ്‌മെന്റ് താരങ്ങള്‍

ശബരിമല അയ്യപ്പ സന്നിധിയെ കഴിഞ്ഞ 24 വര്‍ഷങ്ങളായി ‘ശബ്ദമുഖരിത’മാക്കുകയാണ് ആര്‍. എം. ശ്രീനിവാസനും എ.പി ഗോപാലകൃഷ്ണന്‍ നായരും. ദേവസ്വം ബോര്‍ഡിന്റെ പബ്ലിസിറ്റി കം പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്ററിലെ അനൗണ്‍സര്‍മാരാണ് 64-കാരായ ഇരുവരും.

അറിയിപ്പുകള്‍ക്ക് പുറമേ ‘ശ്രീകോവില്‍ …’, ‘ഹരിവരാസനം’ തുടങ്ങിയ ഭക്തിഗാനങ്ങളും ഇവിടെ നിന്നാണ് നിയന്ത്രിക്കുന്നത്. നഷ്ടപ്പെടുന്ന വസ്തുക്കള്‍, ചെയ്യേണ്ടതും ചെയ്തുകൂടാത്തതുമായ ആചാരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, സുരക്ഷാ മുന്നറിയിപ്പുകള്‍, വഴിപാട് സമയ ക്രമീകരണങ്ങള്‍, ശ്രീകോവില്‍ അടയ്ക്കല്‍, തുറക്കല്‍ വിവരങ്ങള്‍ തുടങ്ങിയവ ഇവിടെ നിന്നും വിവിധ ഭാഷകളില്‍ ഭക്തരിലേക്ക് എത്തിക്കുന്നു.

ദിനംപ്രതി ആയിരക്കണക്കിന് അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്ന സന്നിധാനത്ത് അഞ്ചു ഭാഷകളിലാണ് അറിയിപ്പുകള്‍ നല്‍കുന്നത്. കര്‍ണാടക ബംഗ്ലൂരു സ്വദേശിയായ ആര്‍. എം. ശ്രീനിവാസന്‍ കഴിഞ്ഞ 24 വര്‍ഷമായി അനൗണ്‍സറായി തെലുങ്ക്, കന്നഡ, തമിഴ് ഭാഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പത്തനംതിട്ട കോഴഞ്ചേരിക്കാരന്‍ എ.പി ഗോപാലകൃഷ്ണന്‍ നായര്‍ 21 വര്‍ഷമായി മലയാളത്തിലാണ് വിവരങ്ങള്‍ നല്‍കുന്നത്.

ഇവര്‍ക്ക് കൂട്ടായി അഖില്‍ അജയ് മൂന്നു വര്‍ഷമായി ഹിന്ദിയിലും ഇംഗ്ലീഷിലും അറിയിപ്പുകള്‍ നല്‍കുന്നു.

കലാനിലയം നാടകവേദി അനൗണ്‍സറില്‍ നിന്നും അയ്യപ്പ സന്നിധിയിലെക്കുള്ള മാറ്റമാണ് ഗോപാലകൃഷ്ണന് പറയാനുള്ളത്. ശബരിമലയുടെ ചരിത്രവും ഐതിഹ്യവും ഭക്തലക്ഷങ്ങളിലേക്ക് പകരാന്‍ കഴിയുന്ന ആഹ്ലാദവും അദ്ദേഹം പങ്കുവെക്കുന്നു.

ബി.എസ്.എഫ് ഭടനില്‍ നിന്നും അനൗണ്‍സറാവുകയും അയ്യപ്പ സന്നിധി തന്റെ ജീവിതത്തെ മാറ്റിമറിച്ച അനുഭവവുമാണ് ശ്രീനിവാസന് പങ്കുവെക്കാനുള്ളത്.

പിന്നിട്ട വര്‍ഷങ്ങളിലൂടെ നടക്കുമ്പോള്‍ സംഭവബഹുലമായ ഓര്‍മ്മകളാണ് ഇരുവര്‍ക്കും. കുഞ്ഞു കുട്ടികള്‍ അടക്കം ധാരാളം അയ്യപ്പന്മാരായിരുന്നു മുന്‍കാലങ്ങളില്‍ കൂട്ടം തെറ്റിയിരുന്നത്. ഉറ്റവരില്‍ നിന്ന് ഒരു നിമിഷത്തേക്ക് വേര്‍പിരിയുകയും പിന്നീട് അവരെ കണ്ടുമുട്ടുമ്പോളുള്ള ആഹ്ലാദവും ആനന്ദകണ്ണീരും ഇവര്‍ ഓര്‍ത്തെടുക്കുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇപ്പുറം അയ്യപ്പ സന്നിധി സാധാരണ രീതിയിലേക്ക് മടങ്ങിവന്നതിന്റെ സന്തോഷവും ഇരുവരും പ്രകടിപ്പിച്ചു.

കുട്ടികളുമായി സന്നിധാനത്ത് എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കുട്ടികളുടെ കഴുത്തില്‍ ധരിപ്പിക്കുക, തിരക്കുകളില്‍ കൂട്ടം തെറ്റാതെ നോക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ശ്രീനിവാസിനും ഗോപാലന്‍കൃഷ്ണന്‍ നായര്‍ക്കും നല്‍കാനുള്ളത്.

ശബരിമലയിലെ  ചടങ്ങുകള്‍  (03.12.2022)

പുലര്‍ച്ചെ 3 ന്…. നട തുറക്കല്‍
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.45 മുതല്‍ ആരംഭിക്കുന്ന നെയ്യഭിഷേകം 11 മണി വരെ
6 മണിക്ക് അഷ്ടാഭിഷേകം
7.30 ന് ഉഷപൂജ
12.30 ന് ……ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കല്‍.

വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

 

അയ്യപ്പന്മാര്‍ക്ക് ആശ്വാസമായി ആശുപത്രികള്‍ : ചികിത്സ തേടിയവര്‍ 36,280 കടന്നു

ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവിഭാഗം ഒരുക്കിയിരിക്കുന്നത്. എല്ലാ അയ്യപ്പന്മാരും ആരോഗ്യകരമായി മലകയറി ഇറങ്ങുകയെന്ന ലക്ഷ്യത്തോടെ സന്നിധാനത്തും പമ്പയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെ ഹോമിയോ, ആയുര്‍വേദം, അലോപ്പതി ആശുപത്രികളില്‍ ഇന്നലെ വരെ (ഡിസംബര്‍ 1 ) 36,280 തീര്‍ത്ഥാടകര്‍ ചികിത്സ തേടി.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ നാല് വെന്റിലേറ്ററുകള്‍, എമര്‍ജന്‍സി വാര്‍ഡുകള്‍, ബ്ലഡ് ടെസ്റ്റിംഗ് ലാബ്, എക്‌സ്-റേ യൂണിറ്റ്, തിരുമല്‍ കേന്ദ്രം, ഐ.ആര്‍ ലാമ്പ് തുടങ്ങി എല്ലാ അടിയന്തര സാഹചര്യവും നേരിടാന്‍ ആവശ്യമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

20 ഡോക്ടര്‍മാരും 70 ഓളം ജീവനക്കാരുമാണ് അയ്യപ്പന്മാര്‍ക്ക് ആശ്വാസം പകരുന്നത്. പാമ്പുകടി പ്രതിരോധ മരുന്ന്, റാബീസ് വാക്‌സിനേഷന്‍, മുറിവ് ഉണക്കല്‍ എന്നീ മരുന്നുകളുടെ കരുതല്‍ ശേഖരവുമുണ്ട്.

ഹൃദയസംബന്ധമായ രോഗങ്ങള്‍, അപസ്മാരം തുടങ്ങിയവയ്ക്കാണ് കൂടുതല്‍ പേരും ചികിത്സ തേടുന്നത്. ആരോഗ്യപ്രശ്‌നങ്ങളുള്ള അയ്യപ്പന്മാര്‍ സാവധാനം മലകയറണമെന്നും, ഭക്ഷണം, ഉറക്കം എന്നിവ ഒഴിവാക്കി മലകയരുതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം ശബരിമലയില്‍ പ്രതിദിനം ശരാശരി എണ്‍പതിനായിരത്തോളം സ്വാമിമാരാണ് ദര്‍ശനം നടത്തുന്നത്.

വൈദ്യസഹായം ആവശ്യമായി വരുന്നവര്‍ക്ക് സന്നിധാനത്തും ഇടത്താവളങ്ങളിലും ക്രമീകരിച്ചിരിക്കുന്ന എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കി കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ പമ്പയിലേക്ക് മാറ്റും. ഇതിനായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വനം വകുപ്പുകളുടെ പ്രത്യേക ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

സന്നിധാനത്തിലെ അണുനശീകരണത്തിന് അപരാജിത ചൂര്‍ണം പുകയ്ക്കലും ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്ത കുടിവെള്ളവും ഭക്തര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.

ശബരിമലയെ ശുചിയായി കാത്തുസൂക്ഷിച്ച് വിശുദ്ധിസേന

ശുചീകരണത്തിനായി നിയോഗിച്ചിരിക്കുന്നത് 1000 വിശുദ്ധി സേനാംഗങ്ങളെ

വിശുദ്ധി സേനയ്ക്ക് നേതൃത്വം നല്‍കുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി

ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങളാണ്. ശബരിമല സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലായി വിശുദ്ധി സേനാംഗങ്ങള്‍ രാപകല്‍ ഭേദമന്യേ തീര്‍ഥാടന കാലത്ത് ശുചീകരണം നടത്തി വരുന്നു. ആയിരം വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ശുചീകരണത്തിനായി നിയോഗിച്ചിട്ടുള്ളത്.

ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചെയര്‍പേഴ്സണും അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള മെമ്പര്‍ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ് പൂങ്കാവനത്തിന്റെ ശുചീകരണ സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. സന്നിധാനത്ത് 300 ഉം പമ്പയില്‍ 300ഉം നിലയ്ക്കല്‍ 350ഉം പന്തളത്തും കുളനടയിലുമായി 50 പേരും ഉള്‍പ്പെടെ 1000 വിശുദ്ധി സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. ശുചീകരണത്തിനായി ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളെ വിവിധ സെക്ടറുകളായി തിരിച്ചിട്ടുണ്ട്. ചെറു സംഘങ്ങളെയാണ് വിവിധ സെക്ടറുകളുടെ ശുചീകരണത്തിനായി നിയോഗിച്ചിട്ടുള്ളത്.

ഓരോ സെക്ടറിലും വിശുദ്ധി സേനാംഗങ്ങളില്‍ ഒരാളെ ലീഡറായി നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് പരിസര ശുചീകരണം, മാലിന്യം ശേഖരിച്ച് സംസ്‌കരിക്കല്‍ എന്നിവ നടത്തുന്നത്.

കാനന പാതയിലേത് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ട്രാക്ടര്‍ ഉപയോഗിച്ച് സന്നിധാനത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ച് ഇന്‍സിനറേറ്റര്‍ ഉപയോഗിച്ചാണ് സംസ്‌കരിക്കുന്നത്. ഇതിനു പുറമേ റവന്യു, ആരോഗ്യ വകുപ്പുകളില്‍ നിന്നുള്ള സൂപ്പര്‍വൈസര്‍മാരെയും ഓരോ സെക്ടറുകളിലായി നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറും വിശുദ്ധി സേനയുടെ ശുചീകരണം നടക്കുന്നുണ്ട്.

അതത് സ്ഥലങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേട്ടുമാരും എക്സിക്യുട്ടീവ് മജിസ്ട്രേട്ടുമാരുമാണ് താഴെത്തട്ടില്‍ വിശുദ്ധിസേനയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
പോലീസ് സേനയുടെ നേതൃത്വത്തില്‍ സന്നിധാനത്ത് നടക്കുന്ന പുണ്യം പൂങ്കാവനം ശുചീകരണത്തിലും ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പവിത്രം ശബരിമല ശുചീകരണത്തിലും വിശുദ്ധി സേനാംഗങ്ങള്‍ ദിവസവും പങ്കാളികളാകുന്നുണ്ട്.

ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 1995ല്‍ ആണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി രൂപീകരിച്ചത്. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും വാഹനവും ഒരുക്കിയിട്ടുണ്ട്.

ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി തമിഴ്നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്. വിശുദ്ധിസേനാംഗങ്ങള്‍ക്ക് വേതനത്തിന് പുറമേ യൂണിഫോം, ചെരുപ്പ്, പുല്‍പ്പായ, എണ്ണ, സോപ്പ്, ബെഡ്ഷീറ്റ്, ഭക്ഷണം എന്നിവയും നല്‍കുന്നു.

ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഗ്രാന്റും ലഭിക്കുന്നുണ്ട്. ശബരിമല തീര്‍ഥാടനത്തിനു പുറമേ മേടവിഷു മഹോത്സവം, തിരുവുത്സവം കാലയളവുകളിലും വിശുദ്ധി സേന ശുചീകരണം നടത്തുന്നുണ്ട്.
പൂങ്കാവനത്തെ പരിശുദ്ധമായി സൂക്ഷിക്കുന്നതിനായി പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പാ നദി മാലിന്യ മുക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ മിഷന്‍ഗ്രീന്‍ ശബരിമല എന്ന പേരില്‍ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡ്, ജില്ലാ ശുചിത്വമിഷന്‍, കുടുംബശ്രീ മിഷന്‍, നവകേരള മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, അയ്യപ്പസേവാസംഘം, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ബോധവത്ക്കരണവും നടത്തി വരുന്നു.

error: Content is protected !!