എയ്ഡ്സിനെതിരെ ഒരുമിച്ചു നിന്നു പോരാടിയാല്‍ മാത്രമേ ലോകത്തില്‍ നിന്ന് തുടച്ചു മാറ്റാനാവൂയെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് പറഞ്ഞു.
പത്തനംതിട്ടയില്‍ ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. അസമത്വത്തിനെതിരെ പോരാടുക എന്ന ഉത്തരവാദിത്വമാണ് ലോക എയ്ഡ്സ് ദിനം ഓര്‍മിപ്പിക്കുന്നത്. എയ്ഡ്സ് രോഗികള്‍ അകറ്റി നിര്‍ത്തപ്പെടേണ്ടവരല്ല. അവരും പരിഗണന അര്‍ഹിക്കുന്നവരാണ്. മികച്ച രീതിയിലുള്ള അവബോധത്തിലൂടെ രോഗത്തെ പിടിച്ചുകെട്ടാന്‍ സാധിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.
ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിന സന്ദേശം. ബോധവത്കരണ റാലി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഫ്ളാഗ് ഓഫ് ചെയ്തു. റാലിയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകള്‍ക്ക് സാറാമ്മ വര്‍ഗീസ് കോയിപ്പുറത്ത് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി.
നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സ്‌കിറ്റ് മല്‍സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് മെമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി. പത്തനംതിട്ട മുദ്ര സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് എയ്ഡ്സ് ബോധവത്കരണ കാക്കാരശി നാടകം അവതരിപ്പിച്ചു.
പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍, നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി, ജില്ലാ എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. നിധീഷ് ഐസക്ക് സാമുവല്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.കെ. അശോക് കുമാര്‍, സാന്ത്വനം പ്രോജക്ട് മാനേജര്‍ വിജയ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.