Trending Now

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ (28/11/2022)

പവിത്രം ശബരിമല യജ്ഞത്തില്‍ പങ്കാളിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല ശുദ്ധീകരണ യജ്ഞത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പങ്കാളിയായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ശബരിമലയിലെ മാലിന്യ സംഭരണത്തിനും സംസ്‌കരണത്തിനും പരിഹാരമാവാന്‍ വൃശ്ചികം ഒന്നിന് (നവംബര്‍ 17) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച പുതിയ പദ്ധതിയാണ് പവിത്രം ശബരിമല. ഇതിനായി വിശുദ്ധി സേന എന്ന പേരില്‍ ശുചിത്വ തൊഴിലാളികള്‍ സമയാസമയങ്ങളില്‍ മാലിന്യം ശേഖരിക്കാന്‍ സ്ഥാപിച്ച ഗാര്‍ബേജ് ബിന്നുകളില്‍ നിന്നും മാലിന്യം ട്രാക്ടറുകളില്‍ നീക്കം ചെയ്യും.

 

ദേവസ്വം ജീവനക്കാര്‍, മറ്റ് വകുപ്പ് ജീവനക്കാര്‍, അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍ എന്നിവരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും. മാലിന്യങ്ങള്‍ തരം തിരിച്ച് ഇന്‍സിനേറ്ററുകളില്‍ എല്ലാ ദിവസവും സംസ്‌കരിക്കും. ശബരിമല, പമ്പ, നിലയ്ക്കല്‍, ശബരിമല ഇടത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പവിത്രം ശബരിമലയുടെ പ്രവര്‍ത്തനം. കേരള പോലീസിന്റെ പുണ്യം പൂങ്കാവനം എന്ന ശുചിത്വ യജ്ഞവും ഒപ്പംതന്നെ പ്രവര്‍ത്തിക്കുന്നു. ശുചീകരണ യജ്ഞത്തില്‍ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ആര്‍. രവികുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കു ചേര്‍ന്നു.

മണ്ഡലമകര വിളക്ക്: ബംഗളൂരുവില്‍ നിന്ന് ഡിസംബര്‍ ഒന്ന് മുതല്‍ പ്രത്യേക ബസ് സര്‍വ്വീസ്

കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ക്കായി രണ്ട് പ്രത്യേക ബസ് സര്‍വ്വീസുമായി കര്‍ണാടക ആര്‍.ടി.സി. ബംഗളൂരുവില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും ഒരു രാജഹംസ സര്‍വ്വീസും ഒരു ഐരാവത് വോള്‍വോ സര്‍വ്വീസുമാണ് ആരംഭിക്കുക. ഡിസംബര്‍ ഒന്ന് മുതല്‍ ഈ ബസ്സുകള്‍ സര്‍വീസ് തുടങ്ങും. രാജഹംസ സര്‍വ്വീസ് ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് ബംഗളൂരു ശാന്തിനഗര്‍ ബസ് സ്റ്റാന്റില്‍ നിന്ന് തിരിച്ച് പിറ്റേന്ന് പുലര്‍ച്ചെ 7.29 ന് പമ്പയിലെത്തും. ഐരാവത് വോള്‍വോ സര്‍വീസ് ഉച്ചയ്ക്ക് 2 മണിക്ക് ബംഗളൂരു ശാന്തിനഗര്‍ ബസ്റ്റാന്റില്‍ നിന്ന് തിരിച്ച് പിറ്റേന്ന് പുലര്‍ച്ചെ 6.45 ന് പമ്പയിലെത്തും. തിരിച്ചുള്ള സര്‍വ്വീസ് രാജഹംസ പമ്പയില്‍ നിന്ന് വൈകിട്ട് 5 മണിക്ക് തിരിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 12 ന് ബംഗളൂരിവിലെത്തും. ഐരാവത് വോള്‍വോ നിലക്കലില്‍ നിന്ന് വൈകിട്ട് 6 മണിക്ക് തിരിച്ച് പിറ്റേന്ന് രാവിലെ 11 മണിക്ക് ബംഗളൂരുവിലെത്തും. ഇരു ബസ്സുകള്‍ക്കും മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്റില്‍ സ്‌റ്റോപ്പുണ്ടാകും. ടിക്കറ്റുകള്‍ https://www.ksrtc.in/ എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

ശബരിമലയുടെ പവിത്രത കാക്കാന്‍ എല്ലാ ഭക്തരും കൈകോര്‍ക്കണം: മേല്‍ശാന്തി

പവിത്രമായ സന്നിധാനവും ശബരമല പൂങ്കാനവും സംരക്ഷിക്കേണ്ടത് ഭക്തരുടെ കടയമയാണെ് മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി. കൊവിഡ് മഹാമാരി വിട്ടൊഴിഞ്ഞ, പ്രകൃതി അനുകൂലമായി നില്‍ക്കുന്ന ഒരു മണ്ഡലകാലമാണ് ഇത്തവണത്തേത്. അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് ഇതുവരെ ഉണ്ടായത്. കൊവിഡിനു മുന്‍പുള്ള നിലയിലേക്ക് തിരക്ക് വര്‍ധിക്കുന്നത് ശബരിമല ലോകോത്തര തീര്‍ഥാടന കേന്ദ്രമാകുന്നു എന്നതിന്റെ സൂചനയാണ്. ഇനിയും തിരക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച ഭക്തര്‍ക്ക് ഏറെ പ്രധാന്യമുള്ള പന്ത്രണ്ട് വിളക്ക് ഉത്സവം എന്ന പ്രത്യേകത കൂടിയുണ്ട്. പന്ത്രണ്ട് വിളക്കിന് ശേഷം തിരക്ക് കൂടും. പന്തിരുകുലത്തിലെ പന്ത്രണ്ട് മക്കളുടെ ദേവിയുപാസനയുമായി ബന്ധപ്പെട്ടതാണ് പന്ത്രണ്ട് വിളക്കുത്സവത്തിന്റെ ഐതിഹ്യമെന്നും മേല്‍ശാന്തി പറഞ്ഞു.

വലിയ നടപ്പന്തലില്‍ സ്റ്റീല്‍ കുപ്പികളില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

വലിയ നടപ്പന്തലില്‍ അയ്യപ്പഭക്തര്‍ക്ക് പുതുതായി എത്തിച്ച 500 സ്റ്റീല്‍ കുപ്പികളില്‍ ഔഷധവെള്ള വിതരണം തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പരിപാടിക്ക് തുടക്കം കുറിച്ചു. ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് ഓഫീസര്‍, മറ്റ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കാളികളായി. ശബരിമലയില്‍ തിരക്ക് വര്‍ധിച്ചത് മൂലം വലിയ നടപ്പന്തലില്‍ ക്യൂ നില്‍ക്കുന്ന ഒമ്പത് വരികള്‍ക്കിടയില്‍ രണ്ടെണ്ണം ഒഴിച്ചിട്ടിട്ടുണ്ട്. രണ്ട് വശങ്ങളിലൂടെയും ഒഴിച്ചിട്ട വരിയിലൂടെ കുടിവെള്ളം വിതരണം ചെയ്യും. വരികള്‍ക്കിടയിലുള്ള ഭക്തര്‍ക്കും കുടിവെള്ളം എത്തിക്കാന്‍ സ്റ്റീല്‍ കുപ്പിയില്‍ വെള്ളം നല്‍കുന്നതിലൂടെ സാധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ഹരിത ചട്ടം പാലിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കാനാണ് സ്റ്റീല്‍ കുപ്പികള്‍ തിരഞ്ഞെടുത്തത്. വെള്ളം കുടിച്ച ശേഷം ഉടന്‍ തന്നെ കുപ്പിവെള്ളം മറ്റുള്ള ഭക്തര്‍ക്ക് നല്‍കുകയും കാലിയായ മുറയ്ക്ക് തിരിച്ചേല്‍പ്പിക്കുകയും ചെയ്യും. തിരക്ക് വര്‍ധിച്ചതോടെ ഭക്തര്‍ക്കെല്ലാം ദാഹജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സന്നിധാനത്തേക്കുള്ള വഴിയിലും ശബരിമല സന്നിധാനത്ത് വിവിധ സ്ഥലങ്ങളിലും ഔഷധ വെള്ളം ലഭ്യമാക്കുന്നുണ്ട്. ആറര ലക്ഷം പേരാണ് തിങ്കളാഴ്ച (നവംബര്‍ 28) വരെ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയത്.
കൊവിഡ് രൂക്ഷമായ 2020ലെ തീര്‍ത്ഥാടന കാലത്ത് സ്റ്റീല്‍ കുപ്പികളില്‍ കുടിവെള്ളം നല്‍കിയിരുന്നു. മുന്‍കൂറായി 100 രൂപ അടച്ച് വാങ്ങിയിരുന്ന സ്റ്റീല്‍കുപ്പി പിന്നീട് തിരിച്ചേല്‍പ്പിച്ച് ഡിപ്പോസിറ്റ് തുക തിരികെ വാങ്ങാന്‍ സാധിച്ചിരുന്നു.

 

വിപുലമായ സൗകര്യങ്ങളോടെ ശബരിമല തീര്‍ഥാടകര്‍ക്കായി 52 ഇടത്താവളങ്ങള്‍
സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി എത്തുന്ന ശബരിമലതീര്‍ഥാടകര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വിവിധയിടങ്ങളിലായി 52 ഇടത്താവളങ്ങള്‍. ഇതിന് പുറമേ കൊച്ചിന്‍, മലബാര്‍ ദേവസ്വങ്ങള്‍ക്കു കീഴില്‍ വരുന്ന 12 ക്ഷേത്രങ്ങളിലും സര്‍വ സജ്ജീകരണങ്ങളുമായി ഇടത്താവളങ്ങളങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഈ ഇടത്താവളങ്ങള്‍ പ്രവര്‍ത്തിക്കും. പൊലീസിന്റെ നൈറ്റ് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിരിവെയ്ക്കാനുള്ള ഷെല്‍ട്ടര്‍സൗകര്യം, കുടിവെള്ളം, ആഹാരം, ടോയ്ലറ്റ് എന്നിവ എല്ലാ ഇടത്താവളങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. പുഴയില്ലാത്ത ഇടങ്ങളില്‍ കുളിക്കുന്നതിനായി ഷവര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടത്താവളങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ sabarimalaonline.org എന്ന വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ഇടത്താവളങ്ങള്‍-

കൊട്ടാരക്കര ഗ്രൂപ്പിന് കീഴില്‍: -1. പി.ഡി മണികണ്ഠേശ്വരം ദേവസ്വം, 2. വെട്ടിക്കവല ദേവസ്വം, 3. പട്ടാഴി ദേവസ്വം. പുനലൂര്‍ ഗ്രൂപ്പിന് കീഴില്‍: -1. പുതിയിടം ദേവസ്വം, 2. ത്രിക്കൊദേശം ദേവസ്വം, 3. ആര്യങ്കാവ് ദേവസ്വം, 4. കുളത്തുപ്പുഴ ദേവസ്വം, 5. ത്രിക്കൊദേശ്വരം ദേവസ്വം, 6. കണ്ണങ്കര ദേവസ്വം.
കരുനാഗപ്പള്ളി ഗ്രൂപ്പിന് കീഴില്‍: -1. ശാസ്താംകോട്ട ദേവസ്വം, 2. പടയനാര്‍കുളങ്ങര ദേവസ്വം.  അമ്പലപ്പുഴ ഗ്രൂപ്പിന് കീഴില്‍: – 1. അമ്പലപ്പുഴ ദേവസ്വം, 2. തകഴി ദേവസ്വം,
3. മുല്ലയ്ക്കല്‍ ദേവസ്വം, 4. ചാലി നാരായണപുരം ദേവസ്വം. ഹരിപ്പാട് ഗ്രൂപ്പിന് കീഴില്‍: –
1. ഹരിപ്പാട് ദേവസ്വം, 2. പാതിരംകുളങ്ങര. ആറന്‍മുള ഗ്രൂപ്പിന് കീഴില്‍: -1. ചെങ്ങന്നൂര്‍ ദേവസ്വം, 2. ഓമല്ലൂര്‍ ദേവസ്വം, 3. പന്തളം വലിയകോയിക്കല്‍ ദേവസ്വം, 4. റാന്നി പെരുനാട് ദേവസ്വം, 5. വടശേരിക്കര ദേവസ്വം, 6. അയിരൂര്‍ പുതിയകാവ് ദേവസ്വം, 7. വെട്ടൂര്‍ ആയിരംവല്ലി ദേവസ്വം, 8. പ്രയാര്‍ ദേവസ്വം, 9. മുരിങ്ങമംഗലം ദേവസ്വം, 10.കൊടുമണ്‍ ദേവസ്വം.
കോട്ടയം ഗ്രൂപ്പിന് കീഴില്‍: -1. തിരുനക്കര ദേവസ്വം, 2. തളിയില്‍ ദേവസ്വം. ഏറ്റുമാനൂര്‍ ഗ്രൂപ്പിന് കീഴില്‍: -1. ഏറ്റുമാനൂര്‍ ദേവസ്വം, 2. കടുത്തുരുത്തി ദേവസ്വം, 3. വെള്ളപ്പാട്ട് ദേവസ്വം, 4. കീഴ്ത്തടിയൂര്‍ ദേവസ്വം. വൈക്കം ഗ്രൂപ്പിന് കീഴില്‍: -1. വൈക്കം ദേവസ്വം,
2. ഉദയംപേരൂര്‍ ദേവസ്വം, 3. തുറവൂര്‍ ദേവസ്വം.
ത്രിക്കാരിയൂര്‍ ഗ്രൂപ്പിന് കീഴില്‍:-1. കീഴില്ലം ദേവസ്വം, 2. അറക്കുള ദേവസ്വം.
പരവൂര്‍ ഗ്രൂപ്പിന് കീഴില്‍: -1. ആലുവ മഹാദേവ ക്ഷേത്രം, 2. കോതകുളങ്ങര ദേവസ്വം,
3. കണ്ണന്‍കുളങ്ങര ദേവസ്വം, 4. ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. മുണ്ടക്കയം ഗ്രൂപ്പിന് കീഴില്‍: -1. എരുമേലി ദേവസ്വം, 2. ചിറക്കടവ് ദേവസ്വം, 3. പീരുമേട് ദേവസ്വം, 4. വണ്ടിപ്പെരിയാര്‍ സത്രം. 5. ചേനപ്പടി ദേവസ്വം, 6. കൊടുങ്ങൂര്‍ ദേവസ്വം.
ഉള്ളൂര്‍ ഗ്രൂപ്പിന് കീഴില്‍: -1. ഒ.ടി.സി. ഹനുമാന്‍ ക്ഷേത്രം. നെയ്യാറ്റിന്‍കര ഗ്രൂപ്പിന് കീഴില്‍: -1. കൊട്ടാരം ദേവസ്വം, 2. പാറശാല ദേവസ്വം.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ സജ്ജീകരിച്ചിരിക്കുന്ന ഇടത്താവളങ്ങള്‍-
മുടിക്കോട് ക്ഷേത്രം, ചിറങ്ങര ക്ഷേത്രം, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍, വടക്കുംനാഥ ക്ഷേത്രം, കുറുമാലിക്കാവ്, തിരുവാഞ്ചിക്കുളം.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ സജ്ജീകരിച്ചിരിക്കുന്ന ഇടത്താവളങ്ങള്‍-മല്ലകാര്‍ജുന ക്ഷേത്രം, ചന്ദ്രഗിരി, തൃക്കണ്ണാട് ശാസ്താ ക്ഷേത്രം, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, എടക്കാട് മഹാവിഷ്ണു ക്ഷേത്രം, ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രം, പിഷാരിക്കാവ് ഭഗവതി ദേവസ്വം, കാടാമ്പുഴ ഭഗവതി ക്ഷേത്രം, തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, ഗുരുവായൂരപ്പന്‍ ക്ഷേത്രം, ശ്രീ കുറുംബ ഭഗവതി ക്ഷേത്രം, ത്രിത്തല്ലൂര്‍ ശിവക്ഷേത്രം.

കുളിക്കടവുകളില്‍ ലൈഫ്ഗാര്‍ഡും ജാക്കറ്റും;തീര്‍ഥാടകര്‍ക്ക് സുരക്ഷയൊരുക്കി പഞ്ചായത്തുകള്‍
പത്തനംതിട്ട ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളിലായി തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന 47 കടവുകളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പഞ്ചായത്ത് വകുപ്പ്. വടശേരിക്കര-5, റാന്നി-2, റാന്നി അങ്ങാടി-4, റാന്നി പെരുനാട്-6, റാന്നി പഴവങ്ങാടി-1, കോന്നി-1, സീതത്തോട്-4, ആറന്‍മുള-3, മല്ലപ്പുഴശേരി-2, അയിരൂര്‍-5, ചെറുകോല്‍-5, ഓമല്ലൂര്‍-2, കുളനട-5, വെച്ചൂച്ചിറ-2 എന്നിങ്ങനെയാണ് കടവുകള്‍. ഇവിടങ്ങളില്‍ കടവ് ഒന്നിന് എന്ന നിലയില്‍ ലൈഫ്ജാക്കറ്റുകള്‍, ലൈഫ്ബോയ് എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡുകളെയും ഇവിടങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. എല്ലാ കടവുകളിലും വൈദ്യുതി വിളക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കടവുകളിലെല്ലാം വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ കീഴില്‍ വരുന്ന 13 ഇടത്താവളങ്ങളിലും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ വകുപ്പ് ഒരുക്കിക്കഴിഞ്ഞു. പെരുനാട് പഞ്ചായത്തില്‍ തീര്‍ഥാടകര്‍ക്കായി ചുക്കുവെള്ളം വിതരണം ചെയ്യുന്നുണ്ട്. ഇടത്താവളങ്ങളിലും തീര്‍ഥാടന പാതയിലും വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുശൗചാലയങ്ങള്‍, ഇത് വൃത്തിയാക്കുന്നതിനുള്ള തൊഴിലാളികള്‍, ഓവുചാല്‍ സംവിധാനം എന്നിവയും ഏര്‍പ്പെടുത്തി. വിരിവയ്ക്കുന്നതിന് മുന്‍വര്‍ഷങ്ങളെക്കാള്‍ സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ് അറിയിച്ചു.

ശബരിമലയില്‍ കേളികൊട്ട്; അരങ്ങുണര്‍ത്തി ആദ്യമായി മേജര്‍സെറ്റ് കഥകളി

ശബരിമലയില്‍ കന്നിക്കഥകളിയുടെ കേളികൊട്ട് ഉണര്‍ത്തി വലിയ നടപ്പന്തലിലെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ ‘മഹിഷീമര്‍ദ്ദനം’ അരങ്ങേറി. അയ്യപ്പസന്നിധിയില്‍ ആദ്യമായി മേജര്‍സെറ്റ് കഥകളി അരങ്ങേറിയപ്പോള്‍ കാണികളായി വന്ന ഭക്തര്‍ക്കും കൗതുകം. കൊല്ലം മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് കഥകളി കേന്ദ്രത്തില്‍ നിന്നും 20 പേരടങ്ങുന്ന കഥകളി സംഘമാണ് ശബരിമലയില്‍ കഥകളി അവതരിപ്പിച്ചത്. വാരണാസി മധു രചിച്ച മഹിഷീമര്‍ദ്ദനം ആട്ടക്കഥയാണ് സന്നിധാനത്തെ അരങ്ങില്‍ അവതരിപ്പിച്ചത്. വാരണാസി സഹോദരന്‍മാര്‍ എന്നറിയപ്പെട്ട വാരണാസി മാധവന്‍ നമ്പൂതിരി, വാരണാസി വിഷ്ണു നമ്പൂതിരി എന്നിവരുടെ ചെറുമകനാണ് വാരണാസി മധു.

കരിവേഷത്തില്‍ ഉഗ്രരൂപിയായ മഹിഷിയായി കലാമണ്ഡലം പ്രശാന്ത്, മഹിഷിയുടെ സുന്ദരി വേഷധാരിയായി മധു വാരണാസി, അയ്യപ്പനായി കലാമണ്ഡലം വിശാഖ്, മന്ത്രിയായി കലാമണ്ഡലം നിധിന്‍ ബാലചന്ദ്രന്‍ , നാരദനായും ബ്രഹ്മാവായും ഹരി മോഹന്‍ , ഇന്ദ്രനായി അഭിജിത് പ്രശാന്ത് എന്നിവര്‍ വേഷമിട്ടു.

കലാമണ്ഡലം ഹരീഷ് നമ്പൂതിരി, കലാമണ്ഡലം വിനീഷ് എന്നിവര്‍ കഥകളി സംഗീതം അവതരിപ്പിച്ചു. കലാനിലയം സുഭാഷ് ബാബു, കലാഭാരതി സുമേഷ് എന്നിവര്‍ ചെണ്ട, ഏവൂര്‍ മധു, കലാമണ്ഡലം അജി കൃഷ്ണന്‍, കലാമണ്ഡലം ദീപക് എന്നിവര്‍ മദ്ദളം എന്നിങ്ങനെ മേളം അവതരിപ്പിച്ചു. ചിങ്ങോലി പുരുഷോത്തമന്‍ ചുട്ടിയും ശ്രീകൃഷ്ണവിലാസം കഥകളിയോഗം പോരുവഴി ചമയവും അവതരിപ്പിച്ചു. പോരുവഴി വാസുദേവന്‍ പിള്ള, മുകുന്ദപുരം വിനോദ്, അശോകന്‍ പന്മന, എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. പ്രഭാകരന്‍ ഉണ്ണിത്താന്‍ കഥകളി സംഘത്തിന്റെ മാനേജറാണ്.

സന്നിധാനത്ത് കടകളിലും ഹോട്ടലുകളിലും പരിശോധന കര്‍ശനമാക്കി; 31000 രൂപ പിഴയിട്ടു

സന്നിധാനത്ത് കടകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി. ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തിലുള്ള പത്ത് പേരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. വിരിവെയ്ക്കുന്നതിന് അയ്യപ്പന്‍മാരില്‍ നിന്നും അമിത തുക ഈടാക്കുക, ഭക്ഷണസാധനങ്ങളുടെ അളവില്‍ കുറവ് വരുത്തുക, സ്റ്റീല്‍ പാത്രങ്ങള്‍ക്ക് അമിതവില ഈടാക്കുക തുടങ്ങിയ 8 കേസുകളിലായി സംഘം 31000 രൂപ പിഴ ഈടാക്കി. രാത്രിയില്‍ അനധികൃതമായി ചുക്കുകാപ്പി, കട്ടന്‍ചായ എന്ന പേരില്‍ വില്‍പന നടത്തിയവര്‍ക്കെതിരെയും നടപ്പന്തലില്‍ നിന്ന് നെയ്‌ത്തേങ്ങ ശേഖരിച്ച് വില്‍പന നടത്തിയവര്‍ക്കെതിരെയും നടപടിയെടുത്തു.

റവന്യൂ, ലീഗല്‍ മെട്രോളജി, ആരോഗ്യം, സിവില്‍ സ്‌പ്ലൈസ്, വകുപ്പുകളിലെ ജീവനക്കാരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. അമിതവില ഈടാക്കുക, വിലനിലവാര ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതിരിക്കുക, മായം ചേര്‍ക്കുക, പരിസര ശുചിത്വം പാലിക്കാതിരിക്കുക തുടങ്ങിയവയില്‍ പരിശോധിച്ച് നടപടിയെടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

ശബരിമല വിശേഷങ്ങള്‍
(29.11 2022)

………
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. തിരുനട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12 മണിക്ക് കളഭാഭിഷേകം
12.30ന് ……ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

പന്ത്രണ്ട് വിളക്ക് ഉത്സവത്തിൻ്റെ ഭാഗമായി ശബരിമല സന്നിധാനത്ത് വിളക്കുകൾ തെളിയിക്കുന്നു