സന്നിധാനത്ത് ഭക്തജനപ്രവാഹം; ഇതുവരെയെത്തിയത് നാല് ലക്ഷത്തിലധികം ഭക്തര്‍
മണ്ഡലമകരവിളക്ക് മഹോത്സവം ആരംഭിച്ച് ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ അയ്യപ്പഭക്തരുടെ തിരക്കേറുന്നു. വെള്ളിയാഴ്ച രാവിലെ 9 മണി വരെയുള്ള കണക്കനുസരിച്ച് നാല് ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് ദര്‍ശനം നടത്തിയത്. പ്രതിദിനം അരക്ഷത്തോളം പേരാണ് ശരാശരി ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളില്‍ ശരാശരി പതിനായിരം പേരാണ് ദര്‍ശനം നടത്തിയിരുന്നത്. വരും ദിവസങ്ങളില്‍ തിരക്ക് കൂടുമെന്നാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 30 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ആകെ 8,79,905 (എട്ട് ലക്ഷത്തി എഴുപത്തൊന്‍പതിനായിരത്തി തൊള്ളായിരത്തി അഞ്ച്) പേരാണ് ബുക്കിംഗ് നടത്തിയിരിക്കുന്നത്. നവംബര്‍ 26, 28 തിയതികളിലാണ് ഏറ്റവുമധികം പേര്‍ ബുക്ക് ചെയ്തിരിക്കുന്നത്. 26 ശനിയാഴ്ച 83,769 (എണ്‍പത്തി മൂവായിരത്തി എഴുനൂറ്റി അറുപത്തിയൊന്‍പത്), 28 തിങ്കള്‍ 81,622 (എണ്‍പത്തിയോരായിരത്തി ആറുനൂറ്റി ഇരുപത്തിരണ്ട്) എന്നിങ്ങനെയാണ് ബുക്കിംഗ്. നവംബര്‍ 30 വരെയുള്ള ബുക്കിംഗുകളില്‍ ഏറ്റവും കൂടുതല്‍ ഈ ദിവസങ്ങളിലാണ്. നവംബര്‍ 21 നാണ് ഇതുവരെ ഏറ്റവുമധികം പേര്‍ ദര്‍ശനം നടത്തിയത്-57,663 (അന്‍പത്തിയേഴായിരത്തി അറുനൂറ്റി അറുപത്തി മൂന്ന്). നിലവില്‍ പരമാവധി 1,20,000 ബുക്കിംഗാണ് ഒരു ദിവസം സ്വീകരിക്കുക.
ഭക്തരുടെ എണ്ണം എത്ര കൂടിയാലും സന്നിധാനം സജ്ജം
വരുംദിവസങ്ങളില്‍ സന്നിധാനത്ത് കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മതിയായ ക്രമീകരണങ്ങളുമായി പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നേരത്തേ സജ്ജമാണ്. നിലവിലെ ക്രമീകരണങ്ങള്‍ അനുസരിച്ച് പ്രതിദിനം ഒന്നേകാല്‍ ലക്ഷം ഭക്തര്‍ ദര്‍ശനത്തിനെത്തിയാലും യൊതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ അറിയിച്ചു. ദര്‍ശന സമയം രാവിലെയും വൈകിട്ടും വര്‍ധിപ്പിച്ചത് അയ്യപ്പദര്‍ശനം സുഗമമാക്കി. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ സംവിധാനം നിര്‍ബന്ധമാക്കിയതിലൂടെ തിരക്ക് വിലയ തോതില്‍ നിയന്ത്രിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
മൊബൈല്‍ ടെസ്റ്റിംഗ് ലാബ് ഉള്‍പ്പെടെ സംവിധാനങ്ങള്‍; ജാഗ്രതയോടെ ഭക്ഷ്യസുരക്ഷാ വകുപ്പ്
മണ്ഡല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഗുണനിലവാര പരിശോധനയ്ക്ക് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി സദാ ജാഗരൂകരാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. 4 സ്‌പെഷ്യല്‍ സ്‌ക്വാഡുകളാണ്് ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പരിശോധനയ്ക്കായി രൂപീകരിച്ചിട്ടുള്ളത്്. സന്നിധാനം, പമ്പ, നിലക്കല്‍, ളാഹ, എരുമേലി എന്നീ സ്ഥലങ്ങളിലാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ്. നിലക്കല്‍, എരുമേലി ഭാഗങ്ങളില്‍ വനിതാ ഉദ്യാഗസ്ഥരാണ് പരിശോധനയ്ക്കുള്ളത്. സന്നിധാനത്ത് ഒരു ഡെസിഗ്നേറ്റഡ് ഓഫീസറും ഒരു ഭക്ഷ്യ സുരക്ഷ ഓഫീസറും ഒരു ഓഫീസ് സ്റ്റാഫുമുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ പ്രാഥമിക ഗുണനിലവാരം മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബില്‍ പരിശോധിക്കും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമെങ്കില്‍ പത്തനംതിട്ട ഫുഡ് ടെസ്റ്റിംഗ് ലാബിലും തിരുവനന്തപുരം സര്‍ക്കാര്‍ അനലിറ്റിക് ലാബിലും സാമ്പിളുകള്‍ അയയ്ക്കും. അപ്പം, അരവണ എന്നിവയുടെ ഗുണനിലവാരം സന്നിധാനത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ഫുഡ് ടെസ്റ്റിംഗ് ലാബിലാണ് പരിശോധിക്കുന്നത്. പ്രസാദാവശ്യത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം പമ്പയില്‍ പ്രവര്‍ത്തിക്കുന്ന ലാബില്‍ പരിശോധിക്കും. അപ്പം,അരവണ പ്ലാന്റുകള്‍, അന്നദാനമണ്ഡപം, ഓഫീസ് മെസ്, എന്നിവടങ്ങളിലെല്ലാം സ്‌ക്വാഡ് കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നു. എല്ലാ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാണ്. എഫ്.എസ്.എസ്.എ.ഐയുടെ നിര്‍ദ്ദേശം അനുസരിച്ചു ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഒരു സ്ഥാപനത്തില്‍ ഒരാള്‍ക്കെങ്കിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഭക്തജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാനുള്ള ടോള്‍ ഫ്രീ നമ്പര്‍ എല്ലാ സ്ഥാപങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘു ലേഖ എല്ലാ സ്ഥാപനങ്ങളിലും നല്‍കിയിട്ടുണ്ട്.
മണ്ഡല മകരവിളക്ക്: ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി
മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി. പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണറുടെ പരിധിയില്‍ വരുന്ന ഇവിടങ്ങളില്‍ ഇതുവരെ 272 പരിശോധനകളാണ് നടത്തിയത്. 187 സാമ്പിളുകള്‍ ശേഖരിച്ചു. ന്യൂനതകള്‍ കണ്ടെത്തിയ 10 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കി. 5 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്‍കി. കോട്ടയം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ പരിധിയില്‍ വരുന്ന എരുമേലിയില്‍ 149 പരിശോധനകള്‍ നടത്തി. 25 സാമ്പിളുകള്‍ ശേഖരിച്ചു. ഇത് വരെ 33 മുന്നറിയിപ്പ് നോട്ടീസുകളും ഒരു പിഴയീടാക്കല്‍ നോട്ടീസും നല്‍കി. വരും ദിവസങ്ങളിലും തുടര്‍ പരിശോധനകള്‍ നടത്തുമെന്നും വരുന്ന പരാതികള്‍ അടിയന്തിര പ്രാധാന്യം നല്‍കി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സന്നിധാനം ഓഡിറ്റോറിയത്തില്‍ മലപ്പുറം തിരൂര്‍ നീലാംബരി ഭക്തിഗാന ട്രൂപ്പ് അവതരിപ്പിച്ച സംഗീതാര്‍ച്ചന