Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

അമിതവില: സന്നിധാനത്തും പമ്പയിലും കടകള്‍ക്കെതിരെ നടപടിയെടുത്തു

സന്നിധാനത്തും പമ്പയിലും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കച്ചവടം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ജില്ലാ ഭരണകൂടം. സന്നിധാനത്ത് പരാതിയുയര്‍ന്ന സ്ഥാപനങ്ങളില്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് സജികുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സന്നിധാനത്തെ ജ്യൂസ് കട, പാത്രക്കട പാണ്ടിത്താവളത്തിലെ ശ്രീഹരി ഭവന്‍ ഹോട്ടല്‍ എന്നിവയില്‍ നിന്നും 5000 രൂപ പിഴ ഈടാക്കി. വ്യാപകമായ പരാതി ഉയര്‍ന്നതോടെയാണ് ഡ്യൂട്ടി മജിസ്ട്രേറ്റ് പരിശോധന നടത്തിയത്. ജ്യൂസ് കടയില്‍ അളവിലും, ഗുണത്തിലും, വിലയിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഒരു നാരങ്ങ കൊണ്ട് അഞ്ചിലധികം നാരങ്ങാ വെള്ളം എടുത്തായിരുന്നു വെട്ടിപ്പ്. 43 രൂപയുള്ള തണ്ണിമത്തന്‍ ജ്യൂസിന് 54 രൂപയാണ് വാങ്ങിയതായും കണ്ടെത്തി. വെട്ടിപ്പ് തുടര്‍ന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന താക്കീതും മജിസ്ട്രേറ്റ് നല്‍കി. 120 രൂപ തീരുമാനിച്ച പാത്രത്തിന് സന്നിദാനത്തിന് സമീപമുള്ള പാത്രക്കടയില്‍ 150 രൂപയാണ് ഈടാക്കിയിരുന്നത്. കൊള്ളവില പരസ്യമായി എഴുതി വച്ചായിരുന്നു കച്ചവടം. ഭക്ഷണസാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയതിന്് പാണ്ടിത്താവളത്തിലെ ഹോട്ടലിനും പിഴയിട്ടു. രാവിലെ നടത്തിയ പരിശോധനയില്‍ കടകളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയിരുന്നു. ഇവര്‍ക്ക് താക്കീത് നല്‍കി. താക്കീത് നല്‍കിയിട്ടും തട്ടിപ്പ് തുടര്‍ന്ന കടകള്‍ക്കാണ് പിഴയിട്ടത്.

പമ്പയില്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആറ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് പിഴയീടാക്കി. പമ്പയില്‍ 10 വിഭാഗങ്ങളുടെ കീഴിലായി 10 സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍മാരും 305 വിശുദ്ധിസേനാംഗങ്ങളും ജോലിയിലുണ്ട്. റവന്യൂ, അളവുതൂക്കം, ഫുഡ് ആന്റ് സേഫ്റ്റി, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളില്‍ നിന്നായി ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. കടകള്‍, ഹോട്ടലുകള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി 175 സ്ഥാപനങ്ങളില്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തി.

മണ്ഡല മകരവിളക്ക്: ശബരിമല എഡിഎം ആയി പി. വിഷ്ണുരാജിനെ നിയമിച്ചു

മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി പി. വിഷ്ണുരാജ് ഐഎഎസിനെ ഈ സീസണിലെ ശബരിമല എഡിഎം ആയി നിയമിച്ചു. നിലവില്‍ ഫോര്‍ട്ട് കൊച്ചി സബ്കളക്ടറാണ് വിഷ്ണുരാജ്. ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ വിവിധ വകുപ്പുകളുടെ ഏകോപനച്ചുമതല ശബരിമല എഡിഎമ്മിനാണ്.

ശബരിമല വിശേഷങ്ങള്‍ (25.11 2022)


പുലര്‍ച്ചെ 2.30 മണിക്ക് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12.00ന് …. കളഭാഭിഷേകം
12.30ന് …. ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

 

 

ചികിത്സയ്ക്കായി ആധുനികസംവിധാനങ്ങള്‍: ശബരിമലയില്‍ പൂര്‍ണ്ണസജ്ജമായി ആരോഗ്യവകുപ്പ്

ശബരിമല മണ്ഡലപൂജ മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് എത്തുന്ന ഭക്തജനങ്ങളുടെ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് സുസജ്ജം. നിലയ്ക്കലില്‍ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചിട്ടുണ്ട്. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു.

 

അടിയന്തര ശസ്ത്രക്രിയകള്‍ക്കുള്ള ഓപ്പറേഷന്‍ തിയേറ്റര്‍, ഐ.സി.യു, ഇ.സി.ജി, ഓക്‌സിജന്‍, എക്‌സ് റേ, ലബോറട്ടറി എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ കാര്‍ഡിയോളജി സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ഈ ആശുപത്രികളിലെല്ലാം പാമ്പുവിഷത്തിനും, പേവിഷത്തിനുമുള്ള പ്രതിരോധ മരുന്നുകള്‍ ലഭ്യമാണ്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതയില്‍ 15 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മല കയറുന്നതിനിടെ തളര്‍ച്ചയോ ക്ഷീണമോ അനുഭവപ്പെടുന്നവര്‍ക്ക് വിശ്രമിക്കാനും ഓക്‌സിജന്‍ ശ്വസിക്കാനും പ്രഥമ ശുശ്രൂഷയ്ക്കുമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവ കൂടാതെ പള്‍സ് ഓക്‌സിമീറ്റര്‍, ഹൃദയ പുനര്‍ജീവനത്തിനുള്ള എക്‌സ്റ്റേണല്‍ ഡിഫിബ്രിലേറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള തീര്‍ത്ഥാടന പാതയില്‍ എന്തെങ്കിലും അടിയന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തൊട്ടടുത്ത വൈദ്യസഹായ കേന്ദ്രത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി ഹൃദയ പുനരുജ്ജീവനം ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷ നല്‍കും. തുടര്‍ന്ന് ഓരോ അടിയന്തര വൈദ്യസഹായ കേന്ദ്രത്തോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അയ്യപ്പ സേവാ സംഘം സ്ട്രെചര്‍ വോളണ്ടിയര്‍മാര്‍ ഇവരെ കൂടുതല്‍ ചികിത്സാ സൗകര്യമുള്ള ആശുപത്രികളില്‍ എത്തിക്കും.

എരുമേലിയില്‍ നിന്നും പമ്പയ്ക്ക് വരുന്ന പരമ്പരാഗത കാനനപാതയില്‍ വനം വകുപ്പിന്റെ സഹായത്തോടെ കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടി തട്ട്, കരിമല എന്നിവിടങ്ങളിലും അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അടിയന്തരഘട്ടങ്ങളില്‍ സന്നിധാനത്തില്‍ നിന്നും രോഗികളെ പമ്പയില്‍ എത്തിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെയും വനം വകുപ്പിന്റെയും ഓരോ ആംബുലന്‍സുകള്‍ വീതം സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സുകള്‍ പമ്പ, നിലക്കല്‍, ഇലവുങ്കല്‍, എരുമേലി, വടശ്ശേരിക്കര, പന്തളം, പത്തനംതിട്ട ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകളുടെ ചുമതലയില്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ തെര്‍മല്‍ ഫോഗിങ് സ്‌പ്രേയിങ് ഉള്‍പ്പെടെയുള്ള കൊതുക നിവാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരടങ്ങുന്ന സംഘം നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ദര്‍ശനത്തിന് എത്തുന്നവര്‍ മലകയറുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കുന്ന ബോധവല്‍ക്കരണ ബോര്‍ഡുകള്‍ ആറു ഭാഷകളില്‍ തയ്യാറാക്കി പന്തളം, പത്തനംതിട്ട ഇടത്താവളം, നിലയ്ക്കല്‍ പമ്പ, ശരണ പാതയുടെ ഇരുവശങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ശബരിമല വാര്‍ഡില്‍ എല്ലാ ബെഡുകളിലും ഓക്സിജന്‍ സപ്ലൈ, വെന്റിലേറ്റര്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, ഓക്സിജന്‍ ബെഡ്, ഇസിജി, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, മള്‍ട്ടി പാരാ മോണിറ്റര്‍, ബൈപാസ് വെന്റിലേറ്റര്‍ തുടങ്ങി ഐ.സി.യു അടക്കമുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശബരിമല വാര്‍ഡില്‍ 18 ഉം കാര്‍ഡിയോളജി വിഭാഗത്തില്‍ രണ്ടും അടക്കം ഇരുപത് ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. ജീവന്‍രക്ഷാ മരുന്നുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ലാബ് ടെസ്റ്റുകള്‍ തുടങ്ങി എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കും. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം ശബരിമല വാര്‍ഡിലേക്ക് മാത്രമായി ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, അറ്റന്‍ഡര്‍മാര്‍ അടക്കമുളള ടീമിന്റെ 24 മണിക്കൂര്‍ സേവനം ഒരുക്കിയിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളേജിലും പ്രത്യേക വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്.

ഇത്തവണ പമ്പ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. (04735 203232) തീര്‍ത്ഥാടന പാതയില്‍ ഏതെങ്കിലും തീര്‍ഥാടകന് നെഞ്ചുവേദനയോ ഹൃദയസ്തംഭനമോ ഉണ്ടായാല്‍ അവരുടെ അടുത്തേക്ക് അഞ്ച് മിനിറ്റിനുള്ളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി വേണ്ട ശുശ്രൂഷ നല്‍കി പമ്പയില്‍ എത്തിച്ച് ഉടന്‍തന്നെ ജനറല്‍ ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. കാത്ത് ലാബും, കാര്‍ഡിയോളജിസ്റ്റുകളെയും അധികമായി നിയോഗിച്ചിട്ടുണ്ട്.

ശബരിമലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്

മണ്ഡല തീര്‍ത്ഥാടന കാലത്ത് പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കാനും ഭക്തര്‍ക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ആരോഗ്യ സംരക്ഷണത്തിനുമായി വിപുലമായ ക്രമീകരണവുമായി ആരോഗ്യ വകുപ്പ് . അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദ വിഭാഗങ്ങളിലെ ആശുപത്രികളില്‍ പകര്‍ച്ചവ്യാധികള്‍ക്കും വിവിധങ്ങളായ രോഗങ്ങള്‍ക്കുള്ള ചികില്‍സയ്ക്ക് വേണ്ട വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കൊറോണ ലക്ഷണമുള്ളവരെ പമ്പയില്‍ തന്നെ ആന്റിജന്‍ ടെസ്റ്റ് ചെയ്യും. രോഗം കണ്ടെത്തുന്നവരില്‍ തീവ്രമായ ലക്ഷണമുള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ ക്വാറന്റൈനില്‍ വിടുകയും ചെയ്യും. ചിക്കന്‍ പോക്‌സ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ വകുപ്പുകള്‍ വിവിധ രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ സന്നിധാനത്തുള്ള സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ സന്നിധാനത്തെ ഓഫീസ് മുറികളിലും താമസ സ്ഥലങ്ങളിലും അണുനശീകരണം ചെയ്തു. കൊതുക് നിര്‍മ്മാര്‍ജ്ജനത്തിന് വെള്ളം കെട്ടി കിടക്കാതിരിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനൊപ്പം വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ മെഷീന്‍ ഫോഗിങ്ങ് ചെയ്യുന്നു. എലിപ്പനി തടയാന്‍ 200 മില്ലി ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ രോഗസാധ്യതയുള്ളിടത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് വിതരണം ചെയ്തു.

ഭക്ഷ്യ ശാലകളിലെ ശുചിത്വം ഉറപ്പാക്കാന്‍ സ്‌ക്വാഡുകള്‍ സ്ഥിരമായി പരിശോധന നടത്തുന്നു. ആയുര്‍വേദ വകുപ്പ് ശബരിമല സന്നിധാനത്തും വിവിധ വകുപ്പ് ഓഫീസുകളിലും പോലീസ് ക്യാമ്പിലുമെല്ലാം വൈകുന്നേരം ആറ് മണിക്ക് ധൂപസന്ധ്യ എന്ന പേരില്‍ അപരാജിതധൂപം പുകച്ച് അണുനശീകരണം ചെയ്യുന്നു. ശടങ്കപാനീയം എന്ന ആറ് മരുന്നുകള്‍ ചേര്‍ന്ന ഔഷധ വെള്ളം ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു. ഇത് പ്രതിരോധശേഷിക്കും ദഹനത്തിനും ഗുണം ചെയ്യുന്നതാണ്. ഹോമിയോ വകുപ്പ് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ സന്നിധാനത്ത് ഭക്തര്‍ക്കും ജീവനക്കാര്‍ക്കും വിതരണം ചെയ്തു വരുന്നു. ചിക്കന്‍ പോക്‌സ് പ്രതിരോധത്തിന് 1700 പ്രതിരോധ ഗുളിക ഹോമിയോ വകുപ്പ് ശബരിമലയില്‍ വിതരണം ചെയ്തു.

തീര്‍ത്ഥാടനം സുഗമമാക്കാന്‍ വിപുലമായ സജ്ജീകരണവുമായി എക്‌സൈസ് വകുപ്പ്

മണ്ഡല മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി സുഗമമായ തീര്‍ഥാടനത്തിന് വിപുലമായ സജ്ജീകരണവുമായി എക്സൈസ് വകുപ്പ്. പമ്പയില്‍ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലും, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലും വിന്യസിക്കപ്പെട്ടിട്ടുള്ള എക്സൈസ് സേന നിരന്തരം ലഹരിവിരുദ്ധ പരിശോധനകള്‍ നടത്തി സുരക്ഷ ഉറപ്പാക്കുന്നുണ്ട്. സന്നിധാനത്ത് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെപി മോഹന്റെ നേതൃത്വത്തില്‍ ചുമതയുള്ള ടീം കഴിഞ്ഞ ദിവസം വരെ 53 കോട്പ കേസുകളും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കണ്ടെടുത്തു. 10600 രൂപാ ഫൈന്‍ ഈടാക്കി. കൂടാതെ പോലീസ്, ഫോറസ്റ്റ് വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകളും നടത്തി. എക്‌സൈസിന്റെ ആദ്യ ടീം അംഗങ്ങള്‍ നവംബര്‍ 14 മുതല്‍ തന്നെ പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ സേവനം തുടങ്ങിയിരുന്നു.

error: Content is protected !!