ശബരിമല വിശേഷങ്ങൾ
(20.11 2022)
………
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12 മണിക്ക് കളഭാഭിഷേകം
12.30ന് ……ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കൽ
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മുതൽ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.
തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്- ശബരിമല തന്ത്രി
രാജ്യത്തിന്റെ പലഭാഗത്തു നിന്നും ഭക്തജനങ്ങള്‍ ശബരിമലയില്‍ എത്തുന്നുണ്ട്. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനത്തിന് എല്ലാ സൗകര്യങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര് ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക് ഒരു കാരണവശാലം തീര്‍ത്ഥാടകര്‍ കൊണ്ടവരരുതെന്നും കാനന ക്ഷേത്രത്തിന്റെ പവിത്രത കാത്ത് സൂക്ഷിക്കാന്‍ തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പൊതു ഇടങ്ങളില്‍ മല മൂത്രവിസജനം ചെയ്യരുത്.മാലിന്യങ്ങള്‍ വലിച്ചെറിയരുത്. പമ്പയില്‍ തുണി ഒഴുക്കുന്നത്, മാളികപുറത്ത് മഞ്ഞള്‍ പൊടി വിതറുന്നത് അടക്കമുള്ള അനാചരങ്ങള്‍ ഒഴിവാക്കണം.
ഇരുമുടിക്കെട്ടില്‍ ആവശ്യമായ സാധനങ്ങള്‍ മാത്രം കൊണ്ടുവരുക. പനിനീര്, ചന്ദനത്തിരി മുതലായവ ഇരുമുടിക്കെട്ടില്‍ നിന്ന് ഒഴിവാക്കി ക്ഷേത്ര നിവേധ്യത്തിനുള്ള സാധനങ്ങള്‍ മാത്രം ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം പങ്കുവച്ചു.
ശബരിമല കയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നുണ്ടോ ശ്രദ്ധിക്കണം
സഹായവുമായി 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍
ശബരിമല കയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പമ്പ മുതല്‍ സന്നിധാനം വരെയുളള മല കയറ്റത്തില്‍ ഉണ്ടാകുന്ന അമിതമായ ബുദ്ധിമുട്ടുകള്‍ നിസാരമായി കാണരുത്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപക്ഷെ ഹൃദയാഘാതത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. എല്ലാ ഭാഷകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്തു വരുന്നു. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ശബരിമല പാതകളില്‍ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നീലിമല താഴെ, നീലിമല മധ്യഭാഗം, നീലിമല മുകളില്‍, അപ്പാച്ചിമേട് താഴെ, അപ്പാച്ചിമേട് മധ്യഭാഗം, അപ്പാച്ചിമേട് മുകളില്‍, ഫോറസ്റ്റ് ക്യാമ്പ് ഷെഡ്, മരക്കൂട്ടം, ക്യൂ കോംപ്ലക്സ്, ശരംകുത്തി, വാവരുനട, പാണ്ടിത്താവളം, സ്വാമി അയ്യപ്പന്‍ റോഡില്‍ ചരള്‍മേട് മുകളില്‍, ഫോറസ്റ്റ് മോഡല്‍ ഇഎംസി, ചരല്‍മേട് താഴെ, കാനന പാതയില്‍ കരിമല എന്നിവിടങ്ങളിലാണ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുള്ളത്. കാനന പാതയില്‍ വനംവകുപ്പിന്റെ സഹായത്തോടെ കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളിലും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാണ്.
തളര്‍ച്ച അനുഭവപ്പെടുന്ന തീര്‍ത്ഥാടര്‍ക്ക് വിശ്രമിക്കുവാനും, ഓക്സിജന്‍ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷര്‍ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്സറ്റേണല്‍ ഡിഫിബ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. പമ്പ ആശുപത്രി, നീലിമല, അപ്പാച്ചിമേട് കാര്‍ഡിയോളജി സെന്ററുകള്‍, സന്നിധാനം ആശുപത്രി, സ്വാമി അയ്യപ്പന്‍ റോഡിലെ ചരല്‍മേട് ആശുപത്രി എന്നിവിടങ്ങളിലും ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആയുര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികളും പ്രവര്‍ത്തിക്കുന്നുണ്ട്.
മല കയറുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
1. എല്ലാ പ്രായത്തിലുമുള്ള തീര്‍ത്ഥാടകരും സാവധാനം മലകയറണം. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കണം.
2. ലഘു ഭക്ഷണം കഴിച്ചതിനുശേഷം മലകയറുന്നതാണ് നല്ലത്.
3. മലകയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടുക.
4. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍, ഹൃദ്രോഗം, മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയവയുള്ള തീര്‍ത്ഥാടകര്‍ മലകയറ്റം ഒഴിവാക്കുന്നതാണ് നല്ലത്.
5. ഹൃദയ സംബന്ധമായ പ്രശ്നങ്ങളോ രക്താതി മര്‍ദ്ദമോ ഉള്ളവര്‍ മലകയറുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം.
6. പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ രോഗങ്ങളുള്ള തീര്‍ത്ഥാടകര്‍ കഴിക്കേണ്ട മരുന്നുകള്‍, ചികിത്സാരേഖകള്‍ എന്നിവ കരുതുക
7. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക
8. ആരോഗ്യ പ്രശ്നങ്ങളുള്ള തീര്‍ത്ഥാടകര്‍ തീര്‍ത്ഥാടനത്തിന് മുന്‍പ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടുക.
9. മലകയറുന്നതിന് കുറഞ്ഞത് രണ്ടാഴ്ച മുന്‍പ് മുതല്‍ ദിവസവും അരമണിക്കൂര്‍ നടത്തം ശീലമാക്കി ശാരീരികക്ഷമത ഉറപ്പാക്കുന്നതും നല്ലതാണ്.
അയ്യനെക്കാണാന്‍ ഇതിനകം എത്തിയത് രണ്ട് ലക്ഷത്തോളം ഭക്തര്‍
ഇത്തവണത്തെ മണ്ഡലകാല മഹോത്സവത്തിന്റെ ആദ്യ നാല് ദിവസത്തിനുള്ളില്‍ അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയത് രണ്ട് ലക്ഷത്തിലധികം ഭക്തര്‍. ഇനിയുള്ള ദിവസങ്ങളില്‍ ഭക്തരുടെ എണ്ണം വര്‍ധിക്കുമെന്നാണ് ഇത് നല്‍കുന്ന സൂചനകള്‍. അവധി ദിവസങ്ങളില്‍ ഒരു ലക്ഷത്തോളംപേര്‍ വീതമെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നട തുറന്ന 16 ന് 26,378 പേരാണ് ബുക്ക് ചെയ്തശേഷം ദര്‍ശനത്തിന് എത്തിയത്. സ്‌പോട്ട് ബുക്കിംഗിലൂടെ എത്തിയവരുടെ എണ്ണംകൂടി പരിഗണിച്ചാല്‍ ഇത് 30,000 കവിയും. 50,000ല്‍ അധികം ഭക്തരാണ് 17, 18 തീയതികളില്‍ വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തശേഷം കലിയുഗവരദ ദര്‍ശനത്തിനായി പതിനെട്ടാംപടി ചവിട്ടിയത്. 19 ന് 72,000 ഓളം ബുക്കിംഗ് ആണ് ഉണ്ടായിരുന്നത്. ഇതില്‍ 50,000 ത്തോളം പേരും ഉച്ചയ്ക്ക് മുന്നേതന്നെ സന്നിധാനത്തെത്തിയിരുന്നു.
സമാധാനപരമായ അന്തരീക്ഷത്തില്‍, പരാതികള്‍ക്കിടയില്ലാത്ത മണ്ഡലകാലമായതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ ഭക്തര്‍ ഇവിടേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഹരിഹര പുത്രനെ ദര്‍ശിക്കുന്നതിനുള്ള സമയക്രമം നീട്ടിയത് ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിട്ടുണ്ട്. രാവിലെ അഞ്ചിന് എന്നത് പുലര്‍ച്ചെ മൂന്ന് മുതലാക്കി മാറ്റിയതോടെ അയ്യപ്പ ദര്‍ശനത്തിന് കൂടുതല്‍ സമയം ലഭിച്ചു. ഇത് ഭക്തരുടെ കാത്തുനില്‍പ്പിനുള്ള സമയക്രമത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഇക്കാരണംകൊണ്ടുതന്നെ സന്നിധാനത്തേക്ക് എത്തുന്ന ഭക്തരുടെ എണ്ണം ഇനിയും വര്‍ധിക്കും.
അയ്യപ്പഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇവിടെ ഒരുക്കിയിട്ടുള്ളത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഭക്തരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിന് മാത്രമായി പ്രത്യേക മെയില്‍ ഐഡി ആരംഭിച്ചിട്ടുണ്ട്. ഇതില്‍ വരുന്ന പരാതികളും നിര്‍ദ്ദേശങ്ങളും അതത് ദിവസം മന്ത്രിതന്നെ നേരിട്ട് അവലോകനം ചെയ്ത് അപര്യാപതതകള്‍ പരിഹരിക്കുന്നുണ്ട്.
പമ്പ മുതല്‍ സന്നിധാനം വരെ സേവനം നല്‍കുന്ന വിവിധ വകുപ്പുകള്‍ തമ്മിലുള്ള കോ-ഓര്‍ഡിനേഷനും മികവ് പ്രകടിപ്പിക്കുന്നുണ്ട്. ഇവരുടെ യോഗം രണ്ട് ദിവസത്തിലൊരിക്കല്‍ എന്ന നിലയില്‍ നടന്നുവരുന്നു. സ്വന്തം വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം മറ്റ് വകുപ്പുകളുടെ പ്രവര്‍ത്തനവും മികവാര്‍ന്നതാക്കാനുള്ള സഹായ മനസ്ഥിതിയോടെ ഉദ്യോഗസ്ഥരും ജീവനക്കാരും പ്രവര്‍ത്തിക്കുന്നത് ഭക്തരുടെ ആയാസങ്ങള്‍ പെട്ടെന്ന് ലഘൂകരിക്കാന്‍ സഹായകമാവുന്നുണ്ട്.
മല കയറുന്നവര്‍ക്ക് സൗജന്യ ഔഷധകുടിവെള്ളം വിതരണം പാതകളിലുടനീളം ഉറപ്പാക്കുന്നു. ശരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വേണ്ട മെഡിക്കല്‍ സഹായവും കൃത്യമായി ഉറപ്പാക്കിയിട്ടുണ്ട്. അലോപതി, ആയുര്‍വേദം, ഹോമിയോ ചികത്സകള്‍ ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങളിലേക്കായി ഉപയോഗിക്കുന്നതിന് ആംബുലന്‍സ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.
ശബരിമലയെ വൃത്തിയോടെ കാത്തുസൂക്ഷിക്കാനാവുന്നു എന്നതും അയ്യപ്പഭക്തരുടെ പ്രശംസയ്ക്ക് പാത്രമായിക്കഴിഞ്ഞു. പുണ്യം പൂങ്കാവനം പദ്ധതി പ്രകാരമുള്ള ശുചീകരണത്തോടൊപ്പം ദേവസ്വം വകുപ്പ് ഇത്തവണ അവതരിപ്പിച്ച ‘പവിത്രം ശബരിമല’ പദ്ധതിയും നടന്നുവരുന്നു. വിശുദ്ധിസേനാംഗങ്ങളും സജീവമായതോടെ സന്നിധാനം എല്ലാ ദിവസവും വൃത്തിയാക്കാന്‍ കഴിയുന്നുണ്ട്.
മൂന്ന് ദിവസത്തിലൊരിക്കല്‍ എന്ന നിലയില്‍ അഗ്‌നിരക്ഷാ വിഭാഗം ഹോസ് ഉപയോഗിച്ച് സന്നിധാനം കഴുകി വൃത്തിയാക്കുന്നുമുണ്ട്.
അയ്യനെ കാണാന്‍ എത്തുന്ന ഭക്തര്‍ക്ക് സൗജന്യ ഭക്ഷണവും നല്‍കുന്നുണ്ട്. ദേവസ്വം വക അന്നദാന ശാലകളിലൂടെ ഒരു ദിവസം 30,000 പേര്‍ക്ക് വരെ സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്നു. ആര്‍ഒ പ്ലാന്റുകളില്‍നിന്നുള്ള കുടിവെള്ള വിതരണത്തിനായി 179 ടാപ്പുകളാണ് സന്നിധാനത്തുള്ളത്. കൂടാതെ പമ്പയില്‍നിന്നുതന്നെ 200 രൂപ ഡെപോസിറ്റ് ഈടാക്കി സ്റ്റീല്‍ ബോട്ടിലുകളില്‍ ഔഷധവെള്ളവും നല്‍കുന്നുണ്ട്. ചുക്ക്, പതിമുഖം, രാമച്ചം തുടങ്ങിയവ ചേര്‍ത്താണ് ഔഷധജലം തയാറാക്കുന്നത്. കാനന പാതകളിലൂടെയുള്ള യാത്രയ്ക്കിടെ ഈ ബോട്ടിലുകളില്‍ ജലം നിറയ്ക്കുന്നതിന് 15 കേന്ദ്രങ്ങളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ തിരികെ പമ്പയില്‍ എത്തി ബോട്ടില്‍ മടക്കി നല്‍കുമ്പോള്‍ ഡെപോസിറ്റ് തുകയും അവര്‍ക്ക് കൈമാറുന്നു.
ഭക്തര്‍ക്ക് ഉറങ്ങുന്നതിനായി 550 മുറികളാണ് സന്നിധാനത്ത് ലഭ്യമാക്കിയിട്ടുള്ളത്. ഇതില്‍ 104 എണ്ണത്തിന് ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യാം. കൂടാതെ ഒരേസമയം 17,000 പേര്‍ക്ക് വിരി വയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാണ്ടിത്താവളം മാഗുണ്ട, വലിയ നടപ്പന്തല്‍ താഴെയും മുകളിലും, മാളികപ്പുറത്ത് റൂഫ് ടോപ്പുള്ള പ്രദേശം, മരാമത്ത് ഓഫീസിന് മുന്നിലെ ഇന്റര്‍ലോക്ക് പാകിയ മൂന്ന് യാര്‍ഡ്, അക്കൊമഡേഷന്‍ ഓഫീസിലെ മൂന്ന് ഇന്റര്‍ലോക്ക് കോബിള്‍ഡ് ഓപ്പണ്‍ യാര്‍ഡുകള്‍ എന്നിവടങ്ങളില്‍ വിരിവയ്ക്കാന്‍ സൗകര്യമുണ്ട്.
സന്നിധാനത്തുമാത്രം 1005 ടോയ്ലറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 885 എണ്ണവും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്. 105 എണ്ണം പേ ആന്‍ഡ് യൂസ് മാതൃകയിലുള്ളതാണ്. എല്ലാ ബ്ലോക്കുകളിലും ഓരോ ടോയ്ലറ്റ് വീതം ശിശു, ഭിന്നശേഷി സൗഹൃദമായാണ് ഒരുക്കിയിട്ടുള്ളത്.
മീഡിയ സെന്റര്‍ ഫോണ്‍ നമ്പര്‍
മണ്ഡലകാല മഹോത്സവത്തോട് അനുബന്ധിച്ച് ശബരിമല സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന മീഡിയ സെന്ററില്‍ ഫോണ്‍ കണക്ഷന്‍ ലഭിച്ചു. 04735 202664 എന്ന നമ്പരില്‍ മീഡിയ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.
സന്നിധാനത്ത് സംയുക്ത പരിശോധന നടത്തി
നിരോധിത ലഹരി വസ്തുക്കളുടെ ഉപഭോഗവും വിപണനവും നടക്കുന്നില്ലെന്ന് ഉറപ്പാക്കാനായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സംയുക്ത പരിശോധന നടത്തി. മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള പ്രദേശത്താണ് പോലീസും എക്‌സൈസ് വിഭാഗവും സംയുക്തമായി പരിശോധന നടത്തിയത്.
കടകള്‍, താത്കാലിക ജീവനക്കാരുടെ ഷെഡ്ഡുകള്‍, കൊപ്രാക്കളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന പരിശോധനയില്‍ ലഹരി വസ്തുകള്‍ കണ്ടെത്താനായിട്ടില്ല. തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ പരിശോധന സംഘം ബോധവത്കരണം നടത്തി. എസ് എച്ച് ഒ സുരേഷ്, എക്‌സൈസ് ഇന്‍സ്‌പെകട്ര്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുമെന്നും ഇരുവരും അറിയിച്ചു.
ഭാരതത്തില്‍ സ്വന്തമായി പിന്‍ കോഡ് ഉള്ളത് രണ്ടേ രണ്ടുപേര്‍ക്കു മാത്രം ….!
ഒന്ന് ഇന്ത്യന്‍ പ്രസിഡന്റിന്, സ്വന്തമായി തപാല്‍ പിന്‍കോഡുള്ള ഇനി ഒരാളുണ്ട്. ആരാണെന്നല്ലേ…?
സാക്ഷാല്‍ ശ്രീ ശബരിമല അയ്യപ്പന്‍. 689713 എന്നതാണ് അയ്യപ്പ സ്വാമിയുടെ പിന്‍കോഡ്. സന്നിധാനം തപാല്‍ ഓഫീസിന്റെ പിന്‍കോഡാണിത്. വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് അയ്യപ്പസ്വാമിയുടെ പിന്‍കോഡും തപാല്‍ ഓഫീസും സജീവമായിരിക്കുക. ഉത്സവകാലം കഴിയുന്നതോടെ പിന്‍കോഡ് നിര്‍ജീവമാകും. മണ്ഡല മകര വിളക്ക് കാലത്തു മാത്രമാണ് ഓഫീസിന്റെ പ്രവര്‍ത്തനം.
സന്നിധാനത്തെ തപാല്‍ഓഫീസിന് പിന്നെയുമുണ്ട് പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല. ഈ മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയയ്ക്കാന്‍ നിരവധി തീര്‍ത്ഥാടകരാണ് നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നത്. ഉല്‍സവകാലം കഴിഞ്ഞാല്‍ ഈ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉല്‍സവകാലത്താണ് ഈ മുദ്ര വെളിച്ചം കാണുക.
ഈ തപാല്‍ഓഫീസ് കൈകാര്യം ചെയ്യുന്ന എഴുത്തുകളിലും മണി ഓര്‍ഡറികളിലുമുണ്ട് ഒരുപാട് കൗതുകങ്ങള്‍. നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിക്ക് നിത്യവും നിരവധി കത്തുകളാണിവിടെ ലഭിക്കുന്നത്. ഉദ്ദിഷ്ടകാര്യ ലാഭത്തിനും ആകുലതകള്‍ പങ്കുവെച്ചും പ്രണയം പറഞ്ഞുമുള്ള കത്തുകള്‍. ഉദ്ദിഷ്ടകാര്യങ്ങള്‍ നടത്തിത്തരണമെന്നാവശ്യപ്പെട്ടു
1963ല്‍ സന്നിധാനം പോസ്റ്റ് ഓഫീസ് നിലവില്‍ വന്നെങ്കിലും 1974 ലാണ് പതിനെട്ടാം പടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്ന ലോഹ സീല്‍ പ്രാബല്യത്തില്‍ വന്നതെന്നും സന്നിധാനം പോസ്റ്റ് മാസ്റ്റര്‍ അരുണ്‍ പി.എസ് പറഞ്ഞു.
വിവിധ കമ്പനികളുടെ മൊബൈല്‍ ചാര്‍ജിങ്, മണി ഓര്‍ഡര്‍ സംവിധാനം, ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് സംവിധാനം, പാഴ്സല്‍ സര്‍വീസ് തുടങ്ങിയ സേവനങ്ങളും സന്നിധാനം തപാല്‍ഓഫീസില്‍ ലഭ്യമാണ്. പോസ്റ്റ്മാസ്റ്റര്‍ക്ക് പുറമെ ഒരു പോസ്റ്റുമാനും രണ്ട് മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫുമാണ് സന്നിധാനം തപാല്‍ ഓഫീസിലുള്ളത്.
പരിസ്ഥിതിയെ സംരക്ഷിച്ച് പുണ്യദര്‍ശനം;തീര്‍ത്ഥാടന പുണ്യത്തിന് പുണ്യം പൂങ്കാവനം പദ്ധതി
കാനന ക്ഷേത്രമായ ശബരിമലയുടെ സംരക്ഷണവും ശുചീകരണവും ഓരോ തീര്‍ത്ഥാടകന്റെയും ഉത്തരവാദിത്തമാണെന്ന് ബോധ്യപ്പെടുത്തി വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളുമാണ് ശബരിമലയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. കയ് മെയ് മറന്നുള്ള പ്രവര്‍ത്തനത്തില്‍ പോലീസ്, വനം വകുപ്പ്, ഫയര്‍ഫോഴ്സ്, എക്സൈസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, എന്‍ഡിആര്‍എഫ് അടക്കമുള്ള സേനകള്‍ മുന്‍കൈയ്യെടുക്കുമ്പോള്‍ തീര്‍ത്ഥാടനത്തിനെത്തിയ ഭക്തരും ഇവരോടൊപ്പം ചേരുന്ന പുലര്‍ കാഴ്ച തീര്‍ഥാടന പുണ്യത്തിന്റെത് കൂടിയാണ്.
പുണ്യം പൂങ്കാവനം പദ്ധതിയുമായി കേരള പോലീസിനൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, റവന്യു-വനം- എക്സൈസ്, ആരോഗ്യ വകുപ്പുകള്‍ കേന്ദ്ര സേനകള്‍, അയ്യപ്പ സേവ സംഘം, അയ്യപ്പ സേവ സമാജം, വിശുദ്ധിസേന തുടങ്ങി സന്നദ്ധ സംഘങ്ങള്‍ കൈകോര്‍ക്കുന്നത് ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കിയാണ്.
സപ്ത കര്‍മ്മങ്ങളിലൂടെ പരിസ്ഥിതി സൗഹാര്‍ദ തീര്‍ത്ഥാടനം ലക്ഷ്യം വച്ച് പന്ത്രണ്ട് വര്‍ഷം മുന്‍പാണ് പുണ്യ പൂങ്കാവനം പദ്ധതിക്ക് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് പി. വിജയന്‍ തുടക്കം കുറിച്ചത്. ഇന്ന്് നിയമപാലനത്തിലും ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നതിനും പുറമെ കേരള പോലീസിന്റെ ഒരു സംഘം ഉദ്യോഗസ്ഥര്‍ പുണ്യപൂങ്കാവനം പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയാണ് നേത്യത്വം നല്‍കുന്നത്. സന്നിധാനം, പമ്പ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ ഒരു മണിക്കൂറെങ്കിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാനാണ് പദ്ധതിയിലൂടെ തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിക്കുന്നത്.
പദ്ധതിയുടെ ലക്ഷ്യം മനസിലാക്കി നിരവധി ഭക്തരാണ്് തീര്‍ത്ഥാടനശേഷം പദ്ധതിയുടെ ഭാഗമാകുന്നത്. പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ക്കായി സന്നിധാനത്ത് രജിസ്ട്രേഷന്‍ ഹെല്‍പ് ഡെസ്‌കൂം ആരംഭിച്ചിട്ടുണ്ട്. വൃശ്ചികം ഒന്നിന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനാണ് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ വര്‍ഷത്തെ ശുദ്ധി സേവ പ്രവര്‍ത്തനങ്ങള്‍ക്ക് ശബരിമല തന്ത്രി കണ്ഠരര് രാജീവരും ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയും ചേര്‍ന്ന് നിര്‍വഹിച്ചു.
പൂങ്കാവനം കാത്തുസൂക്ഷിക്കാന്‍ ഇവ പാലിക്കാം
കാനനവാസനായ ദേവനെ കാണാനെത്തുന്ന ഭക്തര്‍ പലപ്പോഴും മറക്കുന്ന, എന്നാല്‍ എപ്പോഴും ഓര്‍ത്തിരിക്കേണ്ട കാര്യമാണ് ശബരിമലയെന്ന പൂങ്കാവനത്തിന്റെ പവിത്രത. അതിനാല്‍തന്നെ ഭക്തജനങ്ങള്‍ സദാ ഓര്‍ക്കേണ്ടവയാണിവ.
1. പൂങ്കാവനത്തിന് ദോഷമായ ഒന്നും പ്രത്യേകിച്ച് പ്ലാസ്റ്റിക് കൊണ്ടുവരരുത്. തീര്‍ത്ഥാടനത്തിനിടയില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ വഴിയിലുപേക്ഷിക്കാതെ തിരികെകൊണ്ടുപോയി സംസ്‌ക്കരിക്കുക.
2. പമ്പാനദിയില്‍ കുളിക്കുമ്പോള്‍ സോപ്പോ, എണ്ണയോ ഉപയോഗിക്കാതിരിക്കുക. വസ്ത്രങ്ങള്‍ നദിയില്‍ ഉപേക്ഷിക്കാതിരിക്കുക.
3. പതിനെട്ടാംപടി ചവിട്ടുന്നതിന് മുന്‍പായി തേങ്ങയുടയ്ക്കുക, മറ്റുള്ളിടത്ത് ചെയ്യാതിരിക്കുക.
4. ഒരുകാരണവശാലും തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.
5. ടോയ്ലറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുക. അയ്യപ്പന്റെ പൂങ്കാവനത്തില്‍ മാലന്യമല്ല നന്മയുടെ വിത്തുകള്‍ വിതറുക. വ്രതശുദ്ധിയോടെയും ഉത്തരവാദിത്വത്തോടെയും നടത്തുന്ന തീര്‍ത്ഥാടനമാണ് സാര്‍ത്ഥകമെന്ന് തിരിച്ചറിയുക.
6. എല്ലാ അയ്യപ്പന്‍മാര്‍ക്കും സ്വാമിയെ കാണാന്‍ തുല്യ അവകാശമുണ്ട്. നിര തെറ്റിക്കാതെ തിക്കും തിരക്കും കാണിക്കാത ക്യൂ പാലിക്കുക.
പൂങ്കാവനത്തെ പുണ്യമാക്കി ‘വിശുദ്ധി സേന’
ശബരിമലയിലെ പുലര്‍കാഴ്ചകളില്‍ പ്രധാനമാണ് മെറൂണ്‍ യൂണിഫോമില്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് പ്രായഭേദമെന്യ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന വിശുദ്ധിസേന. വലിയ നടപ്പന്തലിലും, പമ്പയിലും, അപ്പാച്ചി മേട്ടിലും, സന്നിധാനത്ത് മുക്കിലും മൂലയിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ചെറുസംഘങ്ങള്‍ ഭക്തര്‍ക്ക് ശുചിത്വ ബോധമുണര്‍ത്തുന്ന കാഴ്ചയാണ്. ട്രെയിലറുകള്‍ നിറയെ മാലിന്യം വാരിക്കൂട്ടൂന്ന ഈ സംഘങ്ങള്‍ക്ക് അയ്യപ്പസ്വാമിയുടേയും പൂങ്കാവനത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കല്‍ മാത്രമാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ ഇവര്‍ക്കിടാന്‍ വിശുദ്ധിസേന എന്നല്ലാതെ മറ്റൊരു പേരില്ല.
ശബരിമല തീര്‍ത്ഥാടനം, മേടവിഷു മഹോത്സവം, തിരുവുത്സവം എന്നീ കാലയളവുകളില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ്. 1995ല്‍ രൂപികൃതമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് കീഴിലാണ് വിശുദ്ധി സേനാഗംങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി തമിഴ്നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്.
ഈ വര്‍ഷം 1000 വിശുദ്ധിസേനാംഗങ്ങളെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്തും പമ്പയിലും 300 പേരെ വീതവും നിലയ്ക്കലും ബേസ് ക്യാമ്പിലുമായി 350 പേരെയും നിയോഗിച്ചിട്ടുണ്ട്. പന്തളത്തും കുളനടയിലുമായി മറ്റൊരു 50 പേരെയും വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സേലം സ്വദേശികളാണ്.
വിശുദ്ധിസേനാംഗങ്ങള്‍ക്ക് ദിവസ വേതനം 450 രൂപയാണ്. ഇതിന് പുറമേ യൂണിഫോം, ചെരുപ്പ്, പുല്‍പ്പായ, എണ്ണ, സോപ്പ്, ബെഡ്ഷീറ്റ്, ഭക്ഷണം എന്നിവയും അനുവദിക്കുന്നുണ്ട്. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഗ്രാന്റും അനുവദിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലാ കളക്ടറാണ് സൊസൈറ്റിയുടെ അധ്യക്ഷ. അടൂര്‍ റെവന്യു ഡിവിഷണല്‍ ഓഫീസറാണ് മെമ്പര്‍ സെക്രട്ടറി.
നിയമസഭ പരിസ്ഥിതി സമിതി സന്ദര്‍ശനം 23ന്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി നവംബര്‍ 23ന് ഉച്ചയ്ക്ക് 12ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി യോഗം ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി വിവരശേഖരണം നടത്തുകയും ശബരിമല സന്നിധാനം സന്ദര്‍ശിക്കുകയും ചെയ്യും.
ശബരിമല തീര്‍ഥാടനം: ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ 21ന് പമ്പയില്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ നവംബര്‍ 21ന് രാവിലെ 11ന് പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ യോഗം ചേരും.