ഇ-ലേലം
ജില്ലയിലെ അടൂര്‍, ആറന്മുള, കീഴ്വായ്പൂര്‍, റാന്നി, തിരുവല്ല, ചിറ്റാര്‍ എന്നീ ആറ് പോലീസ് സ്റ്റേഷനുകളില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുളള 15 ലോട്ടുകളിലുളള 75 വാഹനങ്ങളുടെ വില്‍പ്പന നവംബര്‍ 21 ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ-ലേലം ചെയ്യും. താത്പര്യമുളളവര്‍ www.mstcecommerce.com വെബ് സൈറ്റില്‍ ബയര്‍ ആയി പേര് രജിസ്റ്റര്‍ ചെയ് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0468 2222630.
കുടുംബശ്രീ എസ്‌വിഇപി അക്കൗണ്ടന്റ് തെരഞ്ഞെടുപ്പ്
ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ ബ്ലോക്ക് നോഡല്‍ സൊസൈറ്റി മുഖേന കോയിപ്രം ബ്ലോക്കില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ്എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം പദ്ധതിയിലേക്കായി ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിന്റെ താല്‍കാലിക നിയമനത്തിന് കോയിപ്രം ബ്ലോക്കിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ കുടുംബശ്രീ കുടുംബാംഗമോ ആയ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 01.11.2022ന് 18വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരും ആയിരിക്കണം.
വിദ്യാഭ്യാസയോഗ്യത : ബികോം പ്ലസ് ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
പ്രതിദിന വേതനം 600 രൂപ. അപേക്ഷാഫോറം കുടുംബശ്രീ സിഡിഎസ് ഓഫീസില്‍ നിന്നും ലഭ്യമാകും. താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷ, (വയസ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം) കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 24ന് വൈകുന്നേരം അഞ്ചു വരെ. അതിനുശേഷം ലഭ്യമാകുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോണ്‍ : 89089087165, 7558893773.
സ്‌ക്കഫോള്‍ഡ് 2022 പരിശീലനപരിപാടി
സമഗ്ര ശിക്ഷാ കേരള നടപ്പാക്കുന്ന നൂതന പദ്ധതിയായ സ്‌ക്കഫോള്‍ഡ് 2022 ന്റെ പരിശീലനപരിപാടി ഇന്ന് (19) ആരംഭിക്കും. ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (19) ചെറുകോല്‍പ്പുഴ ജെ.എം.എം.എ. ഹോളിസ്റ്റിക് സെന്ററില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. ആദ്യഘട്ട പരിശീലനം 19, 20 തീയതികളില്‍ നടക്കും.
കായികക്ഷമതാ പരീക്ഷ
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികജാതി/പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 340/20) (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്-പട്ടിക വര്‍ഗം മാത്രം) (കാറ്റഗറി നമ്പര്‍ 251/20) തസ്തികകളുടെ 31/08/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി 2022 നവംബര്‍ 23 മുതല്‍ 29 വരെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫല്‍ മെസേജ്, എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫല്‍ പരിശോധിക്കുക. ഫോണ്‍: 0468 2222665.
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ 2022- 23 വര്‍ഷം ജില്ലയില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്‌സ് നടത്തുവാന്‍ താത്പര്യമുള്ള സര്‍ക്കാര്‍ /എയ്ഡഡ്/ അഫിലിയേറ്റീവ് കോളജുകള്‍/ അംഗീകാരമുള്ള സംഘടനകള്‍/ മഹല്ല് ജമാഅത്തുകള്‍ /ചര്‍ച്ച് കമ്മറ്റികള്‍ /ക്ലബ്ബുകള്‍ എന്നിവയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നിര്‍ദിഷ്ട ഫോമില്‍ നവംബര്‍ 25 നകം പ്രിന്‍സിപ്പല്‍, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം, പത്തനംതിട്ട എന്ന വിലാസത്തിലോ നേരിട്ടോ സമര്‍പ്പിക്കണം അപേക്ഷ ഫോറം www.minoritywelfare.kerala.
ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം
നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ അല്ലെങ്കില്‍ പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ കഴിയാത്ത സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ്, ഏഴ് ദിവസത്തെ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമായ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു.
ഡിസംബര്‍ ആറു മുതല്‍ 14 വരെ കളമശേരിയിലുള്ള കീഡ് കാമ്പസിലാണ് പരിശീലനം. പാക്കിംഗ്, ബ്രാന്‍ഡിംഗ്, ലീഗല്‍ആന്റ് സ്റ്റാറ്റിയൂട്ടറി കംപ്ലയിന്‍സ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ്, വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്‌മെന്റ്, ടൈം ആന്റ് സ്ട്രസ് മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സ്‌കീംസ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലനത്തിന്റെ ഫീസ് 4,130 രൂപയാണ്. താത്പര്യമുള്ളവര്‍ കീഡിന്റെ വെബ്‌സൈറ്റ് ആയ www.kied.infoല്‍ ഓണ്‍ലൈനായി ഡിസംബര്‍ ഒന്നിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0484 2532890, 2 550322.
ബാലാവകാശവാരാചരണം: തത്സമയ സംവാദം നടത്തി
വനിത ശിശുവികസന വകുപ്പ് ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനത്തോട് അനുബന്ധിച്ച് ബാലാവകാശവാരാചരണം സംഘടിപ്പിച്ചു. തിരുവല്ല മുത്തൂര്‍ ക്രൈസ്റ്റ് സെന്റര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടിയും തത്സമയസംവാദം നടത്തി. ക്രൈസ്റ്റ് സെന്റര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.തോമസ് ചേമ്പിലപറമ്പില്‍ അധ്യക്ഷനായ യോഗം ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതദാസ് ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ കൃത്യമായ ലക്ഷ്യബോധത്തോടും അര്‍പ്പണ മനോഭാവത്തോടും കൂടെ വളര്‍ന്നുവരണമെന്നും കുടുംബത്തോടും സമൂഹത്തോടും കടപ്പെട്ടവരായിരിക്കണമെന്നും സബ് കളക്ടര്‍ പറഞ്ഞു. കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും അവരോട് സംവദിക്കുകയും ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് സി. മിഖായേല്‍, ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സോഷ്യല്‍ വര്‍ക്കര്‍ എലിസബത്ത് ജോസ്, കൗണ്‍സിലര്‍ ജോബിന്‍ കെ. ജോയ് എന്നിവര്‍ പങ്കെടുത്തു.
സന്നിധാനത്ത് പില്‍ഗ്രിം സര്‍വീസ് ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശബരിമല സന്നിധാനത്തുള്ള പില്‍ഗ്രിം സര്‍വീസ് ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ശബരിമല മുന്‍ മേല്‍ശാന്തി കൃഷ്ണദാസ് ഭദ്ര ദീപം തെളിയിച്ചു. കൗണ്ടറിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.എ മഹേഷ് കുമാര്‍ നിര്‍വഹിച്ചു. റീജിയണല്‍ മാനേജര്‍ സി.ഉമേഷ്, ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ സിറിയക് തോമസ്, ബ്രാഞ്ച് മാനേജര്‍ എം.സാദ്ദിഖ്, ഓഫീസേഴ്‌സ് അസോസിയേഷന്‍ റീജിയണല്‍ സെക്രട്ടറി ടി.ആര്‍. പ്രശാന്ത്, സ്റ്റാഫ് യൂണിയന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ആര്‍. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാങ്കുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നടപ്പന്തലിലുള്ള ശാഖയില്‍ ലഭ്യമാണ്.
വിവാഹധനസഹായം തുക വര്‍ദ്ധിപ്പിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ വിവാഹധനസഹായ പദ്ധതി പ്രകാരം നല്‍കിയിരുന്ന 75,000 രൂപ 1,25,000 ആയി വര്‍ധിപ്പിച്ചു. ഓഗസ്റ്റ് 30 മുതലുളള വിവാഹങ്ങള്‍ക്കാണ് പുതുക്കിയ തുക അനുവദിക്കുന്നത്. അതിന് മുമ്പുളള തീയതികളില്‍ നടന്ന വിവാഹങ്ങള്‍ക്ക് 75,000 രൂപ അനുവദിക്കുന്നു. നിശ്ചിത അപേക്ഷാ ഫോമിനോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്, വിവാഹ ക്ഷണക്കത്ത്, വിവാഹ സര്‍ട്ടിഫിക്കറ്റ്, തദ്ദേശ സ്വയംഭരണസ്ഥാപനത്തില്‍ നിന്നും വിവാഹ ധനസഹായം നല്‍കിയിട്ടില്ല എന്ന സാക്ഷ്യപത്രം വിവാഹചെലവിന്റെ രേഖകള്‍ തുടങ്ങിയവ സഹിതം ബ്ലോക്ക് /മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവാഹ തീയതിക്ക് ഒരു വര്‍ഷത്തിനകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് /മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 2 322 712.
അപേക്ഷ ക്ഷണിച്ചു
മിഷന്‍ ഗ്രീന്‍ ശബരിമല 2022-23 മായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നിലയ്ക്കല്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗ് എക്‌സ്‌ചേഞ്ച് കൗണ്ടറില്‍ (തുണി സഞ്ചി വിതരണം) രാത്രിയിലും പകലുമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് യുവാക്കളെ ആവശ്യമുണ്ട്. നിലയ്ക്കലിലെ സ്റ്റാളിലേക്ക് നിലയ്ക്കല്‍, അട്ടത്തോട് മേഖലയിലെ ട്രൈബല്‍ വിഭാഗങ്ങളില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുളളവര്‍ അപേക്ഷ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവയുമായി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ നവംബര്‍ 22ന് മുന്‍പായി അപേക്ഷിക്കണം. ഫോണ്‍ : 0468 2 322 014, 8129 557 741.
കലാപരിശീലനം: അഭിമുഖം 26ന്
പ്രമാടം ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഹെഡ്മിസ്ട്രസ് നിര്‍വഹണ ഉദ്യോഗസ്ഥയായ എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് കലാപരിശീലനം (ചിത്ര, രചന, സംഗീതം) നല്‍കുന്നതിന് അടിസ്ഥാന യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ 25ന് വൈകുന്നേരം നാലു വരെ പ്രമാടം ഗവ. എല്‍.പി സ്‌കൂളില്‍ സ്വീകരിക്കും. അഭിമുഖം 26ന് രാവിലെ 11ന് പ്രമാടം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഓട്ടോറിക്ഷ മീറ്ററുകളുടെ പുന:പരിശോധന ക്യാമ്പ് മാറ്റിവച്ചു
റാന്നി ലീഗല്‍ മെട്രോളജി ഓഫീസില്‍ നവംബര്‍ 21 ന് നിശ്ചയിച്ചിരുന്ന ഓട്ടോറിക്ഷ മീറ്ററുകളുടെ പുന:പരിശോധന ക്യാമ്പ് ചില അടിയന്തിര സാഹചര്യങ്ങള്‍ മൂലം നവംബര്‍ 22 ലേക്ക് മാറ്റിവച്ചതായി റാന്നി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ജലവിഭവ വകുപ്പ് മന്ത്രിയുടെ യോഗം
ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതികള്‍, ശബരിമല തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ എന്നിവ വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ നാളെ (19) ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും.
പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററുകളുടെ ഉദ്ഘാടനം 19ന്
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററുകളുടെ ഉദ്ഘാടനം ഇലന്തൂര്‍ ബോക്ക് പഞ്ചായത്തില്‍ ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും.
2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലാണ് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ സ്ഥാപിച്ചത്. ചെറുകോല്‍, വാഴക്കുന്നം, നാരങ്ങാനം, ആലുംങ്കല്‍, ഓമല്ലൂര്‍, വാഴമുട്ടം, ചെന്നീര്‍ക്കര, വെട്ടോലിമല, മല്ലപ്പുഴശ്ശേരി, കുഴിക്കാല, കോഴഞ്ചേരി, തെക്കേമല, ഇലന്തൂര്‍, മലമുറ്റം എന്നീ അങ്കണവാടികളിലാണ് കൗണ്‍സിലിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, വൈസ് പ്രസിഡന്റ് പി.വി അന്നമ്മ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എസ് തസ്നീം, പ്രോഗ്രാം ഓഫീസര്‍ നിഷ നായര്‍, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി സി.പി രാജേഷ് കുമാര്‍, ശിശു വികസന പദ്ധതി ഓഫീസര്‍ വി. താര എന്നിവര്‍ പങ്കെടുക്കും.
69ാം അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപനം തിരുവല്ലയില്‍
69-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം നവംബര്‍ 20ന് തിരുവല്ല വിജയ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സഹകരണ, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. അവാര്‍ഡ് വിതരണം ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, കെ.പി. മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ.ആര്‍. സനല്‍കുമാര്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എം.എസ്. ഷെറിന്‍, പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. തിലകന്‍, കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ സഹദേവന്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം പി.ജി. ഗോപകുമാര്‍, അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍, റാന്നി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ആര്‍. പ്രസാദ്, ജോയിന്റ് ഡയറക്ടര്‍ ഓഡിറ്റ് എം.ജി. രാമദാസ്, കെസിഇയു ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍, കെസിഇസി ജനറല്‍ സെക്രട്ടറി വി.എം. അനില്‍, കെസിഇഎഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാര്‍, സംസ്ഥാന സഹകരണ യൂണിന്‍ സെക്രട്ടറി ഗ്ലാഡി ജോണ്‍ പുത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഉച്ചയ്ക്ക് 1.30ന് സെമിനാര്‍ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും.
കേരളത്തിന്റെ സാമ്പത്തിക വികസനത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് എന്ന വിഷയം മുന്‍ പിഎസ്സി ചെയര്‍മാന്‍ ഗംഗാധര കുറുപ്പ് നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ്, സഹകരണ സംരക്ഷണ സമിതി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, ബി.പി. പിള്ള, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ആറന്മുള സഹകരണ എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇന്ദു പി നായര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രൊഫ. ഡോ. ജേക്കബ് ജോര്‍ജ് മോഡറേറ്ററാകും. സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റിയംഗം പി.ജെ. അജയകുമാര്‍, ജോയിന്റ് രജിസ്ട്രാര്‍ പത്തനംതിട്ട എം.പി. ഹിരണ്‍ എന്നിവര്‍ പങ്കെടുക്കും.
‘പഥം- മഹാത്മാപാദം പതിഞ്ഞ പത്തനംതിട്ട’ഡോക്യുമെന്ററി പ്രകാശനം
എസ്എസ്‌കെ പത്തനംതിട്ട ജില്ലാ ഡോക്യുമെന്റേഷന്‍ ടീം തയാറാക്കിയ ‘പഥം- മഹാത്മാപാദംപതിഞ്ഞ പത്തനംതിട്ട’ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം നാളെ (19) നടക്കും. മഹാത്മാഗാന്ധി പത്തനംതിട്ട ജില്ലയില്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ഉള്‍പ്പെടുയിട്ടുള്ളതാണ് ഡോക്യുമെന്ററി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ,വനിതാ ശിശുവികസന വകുപ്പു മന്ത്രി വീണാ ജോര്‍ജ് ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വഹിക്കുമെന്ന് എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
മികവിന്റെ 20 വര്‍ഷങ്ങള്‍ പിന്നിട്ട് അക്ഷയ
സംസ്ഥാന സര്‍ക്കാരിന്റെ ജനശാക്തീകരണ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി, വിവര സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകള്‍ സാധാരണക്കാരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2002 നവംബര്‍ 18 ന് അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്തു തുടക്കമിട്ട അക്ഷയ പദ്ധതി സേവന സന്നദ്ധയുടെ 20 വര്‍ഷങ്ങള്‍ പിന്നിടുന്നു. പിന്നിട്ട വഴികളിലൂടെയും താണ്ടിയ പടവുകളിലൂടെയും തിരിഞ്ഞു നോക്കുമ്പോള്‍ സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളായ 2650 അക്ഷയ കേന്ദ്രങ്ങള്‍ വിവര സാങ്കേതിക വിദ്യയുടെ പൂര്‍ണതയുടെ നേര്‍ക്കാഴ്ചകളായി നിലകൊള്ളുന്നത് ദര്‍ശിക്കാനാവും.
സംസ്ഥാന സര്‍ക്കാരും, ഐടി മിഷനും അക്ഷയയും ഒരുമിച്ചു കൈകോര്‍ത്ത് സുതാര്യത ഉറപ്പു വരുത്തി ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ഫലം കണ്ടു. തുടക്കത്തില്‍ സേവനങ്ങള്‍ വീട്ടു പടിക്കല്‍ എത്തിയിരുന്നെങ്കില്‍ ഇന്ന് അക്ഷയ സേവനങ്ങള്‍ വീടുകള്‍ തോറും നേരിട്ടു നല്‍കുന്ന അവസ്ഥ വരെയെത്തി. സാങ്കേതിക രംഗത്ത് വളരെയധികം മുന്നേറ്റം സൃഷ്ടിച്ച കേരളത്തിന്റെ സമസ്ത മേഖലകളിലും ഒരു ഐടി തരംഗം സൃഷ്ടിക്കാന്‍ പോയ വര്‍ഷങ്ങളിലൂടെ അക്ഷയയ്ക്ക് സാധിച്ചിട്ടുണ്ട്.
സാങ്കേതിക വികസന രംഗത്ത് ബഹുമുഖ സേവനപ്രവര്‍ത്തനങ്ങള്‍ അക്ഷയയിലൂടെ നടപ്പാക്കിയതില്‍ ഏറ്റവും ശ്രദ്ധേയമായത് 2011-ല്‍ തുടക്കമിട്ട ആധാര്‍ എന്റോള്‍മെന്റില്‍ സംസ്ഥാനം കൈവരിച്ച നേട്ടമാണ്. ആധാറിന്റെ അഭാവത്തില്‍ ഒരു വ്യക്തിക്കുപോലും ക്ഷേമ പെന്‍ഷനുകളോ, മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാന്‍ ഇടയാകാത്ത സാഹചര്യം ഉണ്ടാകരുതെന്ന സര്‍ക്കാരിന്റെ കര്‍ശനനിലപാടിലൂടെ ശയ്യാവലംബരായ ആളുകളുടെ വീടുകളില്‍ പോലും നേരിട്ടെത്തി അക്ഷയ പ്രതിനിധികള്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നത് ഏറ്റവും അഭിനന്ദനാര്‍ഹമാണ്. കാടിന്റെ മക്കളായ കേരളത്തിലെ ആദിവാസി ജനതയ്ക്കും നേരിട്ടെത്തി ആധാര്‍ സേവനം എത്തിക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തി.
അക്ഷയ വാര്‍ഷികാഘോഷം: ആധാര്‍ സേവനങ്ങള്‍ സൗജന്യം ജില്ലയില്‍ അക്ഷയ വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മൈലപ്ര സാംസ് ഓഡിറ്റോറിയത്തില്‍ (നവംബര്‍.19) നടക്കുന്ന ചടങ്ങിനൊടാനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ആധാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ഐ. ടി. മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.
അക്ഷയ ദിനം :അക്ഷയ കേന്ദ്രങ്ങളില്‍ വിപുലമായ ആഘോഷം
അക്ഷയ ദിനമായ (നവംബര്‍ 18) ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കേന്ദ്രങ്ങള്‍ വര്‍ണ്ണാഭമായി അലങ്കരിച്ചും, സേവനങ്ങള്‍ക്ക് കേന്ദ്രങ്ങളില്‍ എത്തിയ പൊതുജനങ്ങള്‍ക്ക് മധുരം നല്‍കിയുമാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ആഘോഷ പരിപാടികളില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ഭിന്നശേഷി ദിനാഘോഷം ഡിസംബര്‍ മൂന്നിന്
ജില്ലയിലെ ഭിന്നശേഷി ദിനാഘോഷം ഡിസംബര്‍ മൂന്നിന് നടത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ബി. രാധകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനയോഗത്തില്‍ തീരുമാനമായി. പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് പള്ളിയങ്കണത്തില്‍ നടക്കുന്ന പരിപാടി രാവിലെ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പതാക ഉയര്‍ത്തും. ഭിന്നശേഷി കുട്ടികളുടെ കലാ കായിക പ്രകടനങ്ങള്‍ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ കമ്മിറ്റികള്‍ ആലോചനയോഗത്തില്‍ തീരുമാനിച്ചു.
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
2022-23 വര്‍ഷത്തെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്റ് ഡെവലപ്മെന്റ് പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയന വര്‍ഷം നാല്, ഏഴ് ക്ലാസുകളില്‍ നിന്ന് വിജയിച്ച (നടപ്പു വര്‍ഷം അഞ്ച്, എട്ട് ക്ലാസുകളില്‍ സര്‍ക്കാര്‍ /എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന) എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡ് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം.
സമഗ്രശിക്ഷകേരളം
ജില്ലയിലെ ബി.ആര്‍.സികളിലേക്ക് ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ട്രെയ്‌നര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം നവംബര്‍ 23ന് രാവിലെ 10ന് തിരുവല്ലയിലുള്ള എസ്എസ്‌കെ ജില്ലാപ്രോജക്ട് ഓഫീസില്‍ നടത്തും. അപേക്ഷകര്‍ നിരാക്ഷേപപത്രം, ഫോം 144 എന്നിവ അപേക്ഷയ്ക്കൊപ്പം ഹാജരാക്കിയിട്ടില്ലെങ്കില്‍ ആയതു സഹിതം അന്നേദിവസം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0469 2 800 167.
വിവരാവകാശ കമ്മീഷന്‍ തെളിവെടുപ്പ് 22ന്
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പത്തനംതിട്ടയില്‍ നവംബര്‍ 22ന് തെളിവെടുപ്പ് നടത്തും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് തെളിവെടുപ്പ് ആരംഭിക്കും.
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കിം നേതൃത്വം നല്കും.
ജില്ലയില്‍ സമര്‍പ്പിക്കപ്പെട്ട വിവരാവകാശ അപേക്ഷകളിലെ രണ്ടാം അപ്പീലുകളാണ് പരിഗണിക്കുക.
അപേക്ഷകരും ബന്ധപ്പെട്ട ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും കമ്മീഷനെ ബോധിപ്പിക്കാനുള്ള രേഖകളും തെളിവുകളുമായി ഹാജരാകണം. ഓഫീസര്‍മാര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു