Trending Now

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (18/11/2022)

മതമൈത്രിയുടെ പ്രതീകമായി സന്നിധാനത്തെ വാവര് നട

ഭാരതത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് തത്വമസി സന്ദേശം അരുളുന്ന ശബരിമല സന്നിധാനവും പതിനെട്ടാം പടിക്ക് താഴെയുള്ള വാവര് സ്വാമിനടയും.
സന്നിധാനത്ത് അയ്യനെ കാണാന്‍ എത്തുന്ന ഭക്തര്‍ മതമൈത്രിയുടെ പ്രതീകമായ വാവര് സ്വാമി നടയിലും ദര്‍ശനത്തിനായി എത്തും. അയ്യപ്പ സ്വാമിയുടെ അംഗ രക്ഷകനും ഉറ്റ ചങ്ങാതിയുമായിരുന്നു വാവര്‍. മതസൗഹാര്‍ദത്തിന്റെ ഏറ്റവും വലിയ പ്രതീകം തന്നെയാണ് അയ്യപ്പന്റെയും വാവരുടെയും ചരിത്രപരമായ സൗഹൃദമെന്ന് വാവരുനടയിലെ മുഖ്യകാര്‍മികനും വാവരുടെ പിന്‍തലമുറക്കാരനുമായ വി.എസ്. അബ്ദുള്‍ റഷീദ് മുസലിയാര്‍ പറഞ്ഞു.
വരുന്ന കാലം മുന്നില്‍ കണ്ട് ഒരുമിച്ച് കൂടിയവരാണ് അയ്യപ്പനും വാവരും. പുലിപ്പാല്‍
തേടിയിറങ്ങിയ മണികണ്ഠന്‍ വാവരുമായി ഏറ്റുമുട്ടുകയും ചങ്ങാതിമാരായി മാറുകയും ചെയ്തു. പിന്നീട് തന്റെ ദൗത്യ നിര്‍വഹണത്തിന് അയ്യപ്പന്‍ വാവരെ കൂടെ കൂട്ടിയെന്നും ഒടുവില്‍ സന്നിധാനത്തിന് സമീപം വാവരെയും കുടിയിരുത്തി എന്നാണ് ഐതീഹ്യമെന്നും അബ്ദുല്‍ റഷിദ് മുസലിയാര്‍ പറഞ്ഞു.
വാവര്‍ വൈദ്യനും ജ്യോതിഷിയും ആയിരുന്നു. വാവര്സ്വാമി നടയില്‍ വണങ്ങുന്ന ഭക്തര്‍ക്ക് നല്‍കുന്നത് അരി, ജീരകം, ചുക്ക്, കുരുമുളക്, ഏലക്ക എന്നീ പഞ്ചകക്കൂട്ടുകള്‍ കൊണ്ടുണ്ടാക്കിയ പ്രസാദമാണ്. ഇതു ഭക്തന്റെ ജലദോഷം, പനി തുടങ്ങിയ ശാരീരിക അസ്വസ്ഥകള്‍ക്കുള്ള മരുന്ന് കൂടിയാണ്. കൂടാതെ ഭക്തര്‍ കാണിക്കയായി നടയില്‍ സമര്‍പ്പിക്കുന്ന കുരുമുളകില്‍ അല്പം എടുത്ത ശേഷം ബാക്കി ഭാഗം പ്രാര്‍ഥിച്ച് തിരികെ നല്‍കുകയും ചെയ്യുന്നു.
വാവരുടെ ഉടവാള്‍ സൂക്ഷിച്ചിരിക്കുന്നതിന് ഇടതു ഭാഗത്തായിട്ടാണ് കര്‍മ്മിയിരുന്ന് ഭക്തര്‍ക്ക് പ്രസാദം നല്‍കുന്നത്. പഞ്ചകകൂട്ട് കൂടാതെ ഭസ്മവും ചരടും ഇവിടെ നിന്ന് ഭക്തര്‍ക്ക് പ്രസാദമായി നല്‍കാറുണ്ട്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വായ്പ്പൂര്‍ വെട്ടപ്ലാക്കല്‍ കുടുംബത്തിലെ തലമുതിര്‍ന്ന അംഗമാണ് വാവരുടെ പ്രതിനിധിയും മുഖ്യകാര്‍മ്മികനുമായി വാവര് നടയില്‍ എത്തുക. വാവരുടെ ഊര് എന്നത് ലോപിച്ചാണ് വായ്പ്പൂര് ആയത് എന്നും ഐതീഹ്യമുണ്ട്.

സുരക്ഷാ സന്നാഹങ്ങളുമായി അഗ്‌നി രക്ഷാസേന

സുരക്ഷാ സന്നാഹങ്ങളുമായി അഗ്‌നി രക്ഷാസേന സന്നിധാനത്ത് താത്കാലിക സ്റ്റേഷന്‍ തുറന്നു. ശബരിമലയില്‍  സേനയുടെ വാഹനങ്ങള്‍ എത്താത്തതിനാല്‍ ബദല്‍ ഉപകരണങ്ങള്‍  താത്കാലിക ഫയര്‍ ആന്റ് റസ്‌ക്യു  സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. 9 പോയിന്റുകളിലായി 67 സേനാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രദേശത്ത് തീപിടുത്തമുണ്ടായാല്‍ 9 പോയിന്റുകളെയും ബന്ധിപ്പിച്ച് ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ ഹൈഡ്രന്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സന്നിധാനത്തെ പതിനെട്ടാംപടി, വലിയ നടപ്പന്തല്‍ തുടങ്ങിയ ഇടങ്ങളും അഗ്‌നി രക്ഷാ സേനയുടെ സഹായത്തോടെയാണ് ശുചികരീക്കുന്നത്. അഗ്‌നി രക്ഷാ സേനയുടെ സേവനം പ്രയോജനപ്പെടുത്തിയാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍  വിശുദ്ധി സേനയിലെ  ശുചികരണ തൊഴിലാളികള്‍ ശബരിമല ശുചീകരിക്കുന്നത്.
സന്നിധാനം, ഭസ്മക്കുളം, മാളികപ്പുറം, പാണ്ടിത്താവളം, കൊപ്രാക്കളം, നടപ്പന്തല്‍, കെഎസ്ഇബി, ശരംകുത്തി,  മരക്കൂട്ടം എന്നിങ്ങനെ 9 കേന്ദ്രങ്ങളിലാണ് അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുള്ളത്. സന്നിധാനം, പമ്പ, നിലക്കല്‍ മേഖലകളിലായി 200 ഓളം ജീവനക്കാരെയാണ് ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. പത്ത് ദിവസമാണ് ഒരു ബാച്ചിന്റെ പ്രവര്‍ത്തന കാലാവധി. അഗ്‌നി രക്ഷാ സേന സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സൂരജാണ് സന്നിധാനത്തെ അഗ്‌നി രക്ഷാ സേനയെ നയിക്കുന്നത്.

ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമായി അഗ്നി സുരക്ഷാ ക്ലാസ്
മണ്ഡല മമഹാത്സവ കാലത്ത് ശബരിമലയില്‍ സേവനമനുഷ്ഠിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമായി അഗ്നിസുരക്ഷ സംബന്ധിച്ച ക്ലാസ് നടക്കും. ദേവസ്വം ജീവനക്കാരും അപ്പം, അരവണ പ്ലാന്റിലെ ജീവനക്കാരും പരിശീലനത്തില്‍ പങ്കെടുക്കും.
20  ന് രാവിലെ 11ന് ശബരി ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കുന്ന ക്ലാസില്‍ അഗ്നി പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഗ്നി രക്ഷാ നിലയത്തിലെ സേനാംഗങ്ങള്‍ വിശദീകരിക്കും.

തീര്‍ത്ഥാടകര്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങളൊരുക്കി സര്‍ക്കാര്‍ ആശുപത്രി
ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തന്മാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമേകാന്‍ മികച്ച സംവിധാനം. മല കയറിയെത്തുന്ന അയ്യപ്പഭക്തരുടെ ഏത് അടിയന്തിര ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന ആധുനിക സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പിനു കീഴിലുള്ള സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്.
അടിയന്തിര ശസ്ത്രക്രിയ നടത്താനുള്ള ഓപ്പറേഷന്‍ തീയറ്ററുള്‍പ്പെടെയാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഐസിയു, വെന്റിലേറ്റര്‍, ഇസിജി, ഓക്‌സിജന്‍, എക്‌സറേ  തുടങ്ങിയ സംവിധാനങ്ങളും ഇവിടെ സുസജ്ജം. പാമ്പുവിഷ – പേവിഷ പ്രതിരോധത്തിനുള്‍പ്പെടയുള്ള എല്ലാവിധ മരുന്നുകളും ആശുപത്രികളില്‍ ലഭ്യമാക്കിക്കഴിഞ്ഞു.
ശബരിമല നോഡല്‍ ഓഫീസര്‍ ഡോ. ഇ. പ്രശോഭിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് കുരുവിളയാണ് സന്നിധാനത്തെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ സര്‍ക്കാര്‍ ആശുപത്രിയില്‍ സേവന സന്നദ്ധരായി 60 ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. ഇതില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലെ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യലിറ്റി വിഭാഗങ്ങളിലായി കാര്‍ഡിയോളജി, പള്‍മനോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോ, അനസ്‌തേഷ്യ തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്.
സന്നിധാനത്തിന് പുറമെ നിലയ്ക്കല്‍, പമ്പ  എന്നിവിടങ്ങളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സര്‍ക്കാര്‍ ആശുപത്രികളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ കാര്‍ഡിയാക് സെന്ററുകളും തുറന്നിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായത്തിനായി 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.
സന്നിധാനം ആശുപത്രിക്ക് കീഴിലായി പാണ്ടിത്താവളം, മരക്കൂട്ടം, ക്യൂകോംപ്ലക്‌സ്, ശരംകുത്തി, വാവര് നട എന്നിവിടങ്ങളിലായി അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും മികച്ച സംവിധാനങ്ങളോടെ പ്രവര്‍ത്തിച്ചുവരുന്നു.
വിദഗ്ധ ഡോക്ടര്‍മാരെ കൂടാതെ പാരാമെഡിക്കല്‍ സ്റ്റാഫ്, നഴ്‌സിംഗ് ഓഫീസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍ തുടങ്ങിയവരുടെ സേവനവും ആശുപത്രിയില്‍ ആവശ്യത്തിന് ഉറപ്പാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിനു കീഴില്‍ വനം വകുപ്പിന്റെയും, ദേവസ്വം ബോര്‍ഡിന്റെയും രണ്ട് ആംബുലന്‍സുകളുടെ സേവനവും  സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ആംബുലന്‍സ് സര്‍വീസ്. സന്നിധാനത്തും ചരല്‍കുന്നിലുമാണ് ഓഫ് റോഡ് ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതോടൊപ്പം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സേവനവും ലഭ്യമാണ്.
പൊതുജനാരോഗ്യ കാര്യങ്ങള്‍ വിലയിരുത്തുന്നതിനോടൊപ്പം അരവണ ഫുഡ് പ്ലാന്റിന്റേയും സന്നിധാനത്തെ മറ്റിടങ്ങളിലെയും സാനിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളും, ഹോട്ടല്‍ പരിശോധന, ഹെല്‍ത്ത് കാര്‍ഡ് പരിശോധന, ഭക്ഷ്യസുരക്ഷ, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം  എന്നിവയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തി വരുന്നു.

ശബരിമല: അഭിപ്രായങ്ങള്‍ അറിയിക്കാന്‍ [email protected]

ശബരിമലയില്‍ തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാ ഭക്തര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍. തീര്‍ത്ഥാടകര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ [email protected] എന്ന മെയില്‍ ഐഡിയിലേക്ക് നല്‍കാവുന്നതാണെന്ന് മന്ത്രി അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലുടെ അറിയിച്ചു.

എല്ലാ വിശ്വാസികള്‍ക്കും അല്ലലില്ലാതെ ദര്‍ശനം നടത്തി മടങ്ങുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന് ദിവസവും വിലയിരുത്തുന്നുണ്ട്. അപര്യാപ്തതകള്‍ ശ്രദ്ധയില്‍പ്പെടുന്നത് ഉടനടി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകും. ഈ സൗകര്യം തീര്‍ത്ഥാടകര്‍ നല്ല രീതിയില്‍ വിനിയോഗിക്കണമെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.

മഴ മാറി; ഭക്തജന തിരക്ക് തുടങ്ങി
രണ്ടു ദിവസമായി അയ്യപ്പഭക്തരെ ആശങ്കയിലാഴ്ത്തിയ മഴ പെയ്തൊഴിഞ്ഞതോടെ സന്നിധാനത്ത് വീണ്ടും തിരക്ക് വര്‍ധിച്ചു. ആഴ്ച അവസാനമായതിനാല്‍  നാളെയും കുടുതല്‍ ഭക്തര്‍ അയ്യനെ ദര്‍ശിച്ച് പുണ്യം നേടാനായി സന്നിധാനത്തേക്ക് എത്തുന്നതിനുള്ള സാഹചര്യം ഇതോടെ സംജാതമായി.

വൃശ്ചികം ഒന്നിന് വൈകിട്ടോടെയാണ് കനത്തമഴ സന്നിധാനത്തേക്ക് പെയ്തിറങ്ങിയത്. അടുത്ത ദിവസം പകല്‍ വെയില്‍ പരന്നുവെങ്കിലും വൈകിട്ടോടെ വീണ്ടും മഴ ആരംഭിക്കുകയായിരുന്നു. ശക്തി കുറവായിരുന്നെങ്കിലും വലിയ ഇടവേളകളില്ലാത്ത മഴ ഇന്നലെ (18) രാവിലെ വരെ നീണ്ടുനിന്നു. ഇത് മല കയറുന്നവരുടെ എണ്ണത്തേയും ബാധിച്ചു.
അതേസമയം മഴയേയും അവഗണിച്ച് ആയിരങ്ങളാണ് ഇന്നലെയും കലിയുഗ വരദനെകണ്ട് വണങ്ങാന്‍ എത്തിയത്. ചലച്ചിത്രതാരം ദിലീപ് ഉള്‍പ്പെടെ പുലര്‍ച്ചെ തന്നെ ദര്‍ശനത്തിനെത്തിയിരുന്നു. തുടര്‍ന്ന് മേല്‍ശാന്തിയേയും തന്ത്രിയേയും സന്ദര്‍ശിച്ച ദിലീപ് പ്രത്യേക പൂജകളും വഴിപാടുകളും നടത്തുകയും ചെയ്തു.
ദര്‍ശന സമയം വര്‍ധിപ്പിച്ചത് നീണ്ട ക്യൂ കുറയുന്നതിനും കാരണമായിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മുതലാണ് ഇപ്പോള്‍ ഹരിഹരസുതനെ ദര്‍ശിക്കാനാവുന്നത്. മുമ്പ് ഇത് അഞ്ചുമണിയായിരുന്നു. പുലര്‍ച്ചതന്നെ ദര്‍ശനം നടത്താനാവുമെന്നതിനാല്‍ ഭക്തര്‍ക്ക് അത്രയും സമയം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്ന സാഹചര്യവും ഇതിലൂടെ ഒഴിവായി.അടുത്ത 6 മണിക്കൂറില്‍ പ്രതീക്ഷിക്കാവുന്ന 

ദിനാന്തരീക്ഷ സ്ഥിതി
(പുറപെടുവിച്ച സമയം വൈകിട്ട് 5 മണി)നിലയ്ക്കല്‍
താപനില :  22-26:°c
കാറ്റ് : 1-5 km/ hr
മഴ :  പൊതുവെ തെളിഞ്ഞ കാലാവസ്ഥ ലഘുവായ മഴയ്ക്ക് സാധ്യത

പമ്പ
താപനില : 23-27 °c
കാറ്റ് :        1-5 km/ hr
അര്‍ദ്രത :  70-90%
മഴ :       പൊതുവെ തെളിഞ്ഞ കാലാവസ്ഥ ലഘുവായ മഴയ്ക്ക് സാധ്യത

സന്നിധാനം
താപനില : 22-25 °c
കാറ്റ്     :  1-5 km/ hr
ആര്‍ദ്രത : 70-90%
മഴ  : പൊതുവെ തെളിഞ്ഞ കാലാവസ്ഥ ലഘുവായ മഴയ്ക്ക് സാധ്യത

അപ്പാച്ചിമേട്
താപനില : 23-26 °c
കാറ്റ്     :  1-5 km/ hr
ആര്‍ദ്രത : 70-90%
മഴ  : പൊതുവെ തെളിഞ്ഞ കാലാവസ്ഥ ലഘുവായ മഴയ്ക്ക് സാധ്യത

ശബരിമല വിശേഷങ്ങള്‍ (19.11 2022)

പുലര്‍ച്ചെ 2.30 മണിക്ക് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.35 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12.00ന് …. കളഭാഭിഷേകം
12.30ന് …. ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

error: Content is protected !!