Trending Now

പത്തനംതിട്ട ജില്ലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു അതീവശ്രദ്ധ വേണം: ഡിഎംഒ

 

konnivartha.com : ജില്ലയുടെ കൂടുതല്‍ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധയോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി അറിയിച്ചു.

കോട്ടാങ്ങല്‍, ഏനാദിമംഗലം, പന്തളംതെക്കേക്കര, പെരിങ്ങര, അരുവാപ്പുലം, പുറമറ്റം, റാന്നി പെരുനാട്, തുമ്പമണ്‍, ആനിക്കാട് പഞ്ചായത്ത് പ്രദേശത്തുനിന്നാണ് ഈ മാസം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ കോട്ടാങ്ങലില്‍ ഒരു മരണവും ഉണ്ടായി. ഇടവിട്ട് പെയ്യുന്ന മഴമൂലം വീടിനു ചുറ്റും അലക്ഷ്യമായി കിടക്കുന്ന വസ്തുക്കളില്‍ വെള്ളം കെട്ടി നില്‍ക്കാനും അവയില്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുക് മുട്ടയിട്ട് വ്യാപിക്കാനും ഉള്ള സാഹചര്യമാണുള്ളത്.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

വീടിന്റെ പരിസരത്ത് വെള്ളം ശേഖരിക്കപ്പെടാന്‍ സാധ്യതയുള്ള പാത്രങ്ങള്‍, പൊട്ടിയ കളിപ്പാട്ടങ്ങള്‍, ടയറുകള്‍, ചിരട്ട, മുട്ടത്തോട് തുടങ്ങിയവയിലെ വെള്ളം കളഞ്ഞശേഷം അവ ശേഖരിച്ച് വെള്ളം വീഴാത്ത സ്ഥലത്ത് സൂക്ഷിക്കുകയോ ശരിയായ വിധം ഒഴിവാക്കുകയോ ചെയ്യുക. വീടിനു വെളിയില്‍ ഉപയോഗത്തിലുള്ള ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റ് തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നില്ലെന്ന് ഉറപ്പു വരുത്തണം. മണിപ്ലാന്റ് വളര്‍ത്തുന്ന പാത്രത്തിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റണം.

ചെടിച്ചെട്ടിയുടെ അടിയിലെ പാത്രത്തില്‍ ശേഖരിക്കപ്പെടുന്ന വെള്ളം ആഴ്ചയിലൊരിക്കല്‍ മാറ്റുക. സ്ഥിരമായി ഉപയോഗിക്കാത്ത ക്ലോസെറ്റിലെ വെള്ളത്തില്‍ മണ്ണെണ്ണ, ഡീസല്‍ തുടങ്ങിയവ ഒഴിച്ച് കൂത്താടി വളരുന്നില്ലെന്ന് ഉറപ്പു വരുത്തുക. വീടിന്റെ മുകള്‍ഭാഗം, സണ്‍ഷെയ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാത്തവിധം വൃത്തിയാക്കുക. ഓവര്‍ ഹെഡ് ടാങ്കുകള്‍ക്ക് ശരിയായവിധം മൂടി ഉണ്ടെന്ന് ഉറപ്പാക്കണം.

കെട്ടിട നിര്‍മ്മാണത്തിനായും വീട്ടാവശ്യത്തിനായും ശേഖരിച്ചുവെച്ചിരിക്കുന്ന പാത്രങ്ങളിലെ വെള്ളം ആഴ്ചയിലൊരിക്കലെങ്കിലും ഒഴിവാക്കി ഉള്‍വശം നന്നായി ഉരച്ചു കഴുകിയശേഷം മാത്രം വീണ്ടും വെള്ളം ശേഖരിക്കുക. കക്കൂസ് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ മുകള്‍ഭാഗത്ത് കൊതുക് പുറത്തു വരാത്തവിധം വലകെട്ടുക. ശരീരം പരമാവധി മൂടുന്നവിധം വസ്ത്രം ധരിക്കുക. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക.