konnivartha.com : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പി ജി കോഴ്‌സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോന്നി ഗവ. മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ച് എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രവേശനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആദ്യ ബാച്ചിന്റെ പ്രവേശനോത്സവം വിദ്യാര്‍ഥികളുടെയും നാടിന്റെയും സ്വപ്ന സാഫല്യമാണ്. ഈ വര്‍ഷം എംബിബിഎസ് ക്ലാസ് ആരംഭിക്കുന്നതിലൂടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളേജിനെ പോസ്റ്റ് ഗ്രാജുവേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കും. ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനഫലമായാണ് നാടിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ എന്നതിനപ്പുറം സാമൂഹ്യ സേവനമാണ് ആരോഗ്യരംഗമെന്നും മന്ത്രി വിദ്യാര്‍ഥികളോട് പറഞ്ഞു.
വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രവേശനോത്സവത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി അത്യാധുനിക ഉപകരണങ്ങള്‍ ആണ് എത്തിച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ച അവസ്ഥയില്‍ നിന്നാണ് കോന്നി മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമായതെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യപ്രഭാഷണം നടത്തി. കോന്നി ഗവ. മെഡിക്കല്‍ കോളേജ് എംബിബിഎസ് ആദ്യ ബാച്ചില്‍ പ്രവേശനം നേടിയ 79 വിദ്യാര്‍ഥികളെ ആശുപത്രി കവാടത്തില്‍ വച്ച് മന്ത്രിയും എംഎല്‍എയും കളക്ടറും അടങ്ങുന്ന സംഘം സ്വീകരിച്ചു. ഇനി രണ്ട് അലോട്‌മെന്റുകള്‍ കൂടി നടക്കാനുണ്ട്. കോന്നി മെഡിക്കല്‍ കോളേജില്‍ 100 സീറ്റാണ് അനുവദിച്ചത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, കോന്നി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി,ഡിഎംഇ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.അബ്ദുള്‍ റഷീദ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്‍, എന്‍ എച്ച് എം ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, കോന്നി ഗവ. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സെസി ജോബ് തുടങ്ങിയവര്‍ പങ്കെടുത്തു.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ വിശ്വാസ്യത പിടിച്ചുപറ്റാൻ കോന്നി മെഡിക്കൽ കോളേജിനായതായി അഡ്വ: കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. അനുവദിച്ചിട്ടുള്ള നൂറ് സീറ്റിൽ 79 കുട്ടികളാണ് ഇരുവരെയുള്ള അലോട്ട്മെൻ്റിലൂടെ അഡ്മിഷൻ നേടിയത്.ഇതിൽ രണ്ട് കുട്ടികൾ മാത്രമാണ് ഹയർ ഓപ്ഷൻ ലഭിക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ള77 കുട്ടികളും കോന്നിയിൽ തന്നെ പഠിക്കാൻ തീരുമാനിച്ചത് കോന്നി മെഡിക്കൽ കോളേജിനു ലഭിച്ച അംഗീകാരമായാണ് കാണുന്നത്.
ആദ്യമായി മെഡിക്കൽ അഡ്മിഷന് അനുമതി ലഭിക്കുന്ന മെഡിക്കൽ കോളേജുകൾക്കുള്ള പല പരിമിതികളേയും കോന്നി മെഡിക്കൽ കോളേജിന് മറികടക്കാൻ കഴിഞ്ഞതുകൊണ്ടാണ് വിദ്യാർത്ഥികൾ കോന്നിയിൽ തന്നെ പഠിക്കാൻ ഉറച്ച തീരുമാനമെടുത്തത്.
വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും പ്രതീക്ഷകൾ സാക്ഷാത്കരിക്കത്തക്ക നിലയിലുള്ള തുടർ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു.
ആകെ അഡ്മിഷൻ നേടിയിട്ടുള്ള 79 വിദ്യാർത്ഥികളിൽ 55 പേർ പെൺകുട്ടികളും,.24 പേർ ആൺകുട്ടികളുമാണ്.ഇവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും കോന്നിയിൽ ഉറപ്പാക്കുമെന്ന് എം.എൽ.എ രക്ഷിതാക്കൾക്ക് ഉറപ്പു നല്കി. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോന്നിയിലേക്ക് വന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ പഠന സൗകര്യം ഉറപ്പാക്കുമെന്നും എം.എൽ.എ പറഞ്ഞു. അടുത്ത രണ്ട് അലോട്ട്മെൻറ് കൂടി കഴിയുമ്പോൾ കോന്നിയിൽ 100 കുട്ടികളും പഠനത്തിന് എത്തിച്ചേരും.
ആദ്യ ദിനത്തിൽ തന്നെ രക്ഷിതാക്കളുടെ യോഗം കോളേജിൽ ചേർന്ന് അദ്ധ്യാപക രക്ഷാകർതൃസമിതിയ്ക്ക് രൂപം നല്കി. സജികുമാർ (പ്രസിഡൻ്റ്), ഡോ: സെസി ജോബ് (സെക്രട്ടറി), ഡോ: ഉമാശങ്കർ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 12 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയാണ് തെരഞ്ഞെടുത്തത്.