പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികൾക്കായി കേന്ദ്ര സർക്കാരിനോടാവശ്യപ്പെടാൻ എം. പിമാരുടെ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം. പിമാരും മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി കേന്ദ്ര സർക്കാരിനു സമർപ്പിച്ച പ്രൊപ്പോസലുകൾ അംഗീകരിക്കണം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് അനിവാര്യമെങ്കിൽ നിയമനിർമ്മാണം നടത്തണം.
ജനസാന്ദ്രത കൂടിയ 109 പഞ്ചായത്തുകൾ കൂടി സി. ആർ. ഇസഡ് 2 കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം.
നേമം കോച്ചിംഗ് ടെർമിനൽ യാഥാർത്ഥ്യമാക്കാൻ എം. പിമാർ കേന്ദ്ര റെയിൽവേ മന്ത്രിയെ കാണാൻ തീരുമാനിച്ചു. റെയിൽവേ ട്രാക്കിനു കുറുകെ ഇ. എച്ച്. റ്റി ലൈനുകൾ നിർമ്മിക്കുന്നതിന് റെയിൽവേയിൽ നിന്നും അനുമതി ലഭിക്കേണ്ടതുണ്ട്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ കമ്പനികൾക്ക് സർവ്വീസ് നടത്താൻ പോയിന്റ് ഓഫ് കോൾ അനുവദിക്കുന്നതിനും ആസിയാൻ രാജ്യങ്ങളുമായി ഓപ്പൺ സ്‌കൈ പോളിസിയുടെ ഗുണങ്ങൾ ലഭ്യമാക്കുന്നതിനും ഇടപെടണം.
മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കേന്ദ്ര സർക്കാരിൽ നിന്നും പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയോ പ്രത്യേക ഫണ്ടായോ തുക അനുവദിപ്പിക്കാൻ അടിയന്തര ശ്രദ്ധയുണ്ടാവണം. ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് എം. പിമാർ സമ്മർദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.