കുട്ടികള്‍ ഇന്നത്തെ പ്രതീക്ഷയും നാളത്തെ സ്വപ്നസാക്ഷാത്കാരവുമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലാതല ശിശുദിനാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ ശിശു ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു കളക്ടര്‍. കുട്ടികള്‍ക്ക് എല്ലാ വെല്ലുവിളികളേയും ധൈര്യപൂര്‍വം നേരിടുന്നതിനും കൈവരിക്കാന്‍ പോകുന്ന ഒരോ നേട്ടങ്ങളേയും ആത്മവിശ്വാസത്തോടെയും സമചിത്തതയോടെയും സമീപിക്കുന്നതിനുമുള്ള സാഹചര്യം ഒരുക്കികൊടുക്കുക എന്നത് ഒരോ പൗരന്റെയും കടമയാണ്. നമ്മള്‍ ചെയ്യുന്ന നന്മ നിറഞ്ഞ പ്രവര്‍ത്തികള്‍ പരസ്പരം കാണുവാനും പ്രോല്‍സാഹിപ്പിക്കുവാനും നല്ല ചിന്തകള്‍ പങ്കുവയ്ക്കുവാനുമുള്ള മനസ് എല്ലാവര്‍ക്കും ഉണ്ടാകണം. ഒത്തുപിടിച്ചാല്‍ നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നും ജില്ലാ കളക്ടര്‍ കുട്ടികളെ ഓര്‍മിപ്പിച്ചു. ചൂരക്കോട് ഗവ എല്‍പിഎസിലെ കുട്ടികള്‍ അവതരിപ്പിച്ച ലഹരിമുക്ത സമൂഹം എന്ന ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ പ്രധാനമന്ത്രി പഴകുളം ഗവണ്‍മെന്റ് എല്‍പിഎസിലെ വിദ്യാര്‍ഥിനിയായ നെഹ്സീന കെ നദീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കര്‍ കൊടുമണ്‍ സെന്റ് പീറ്റേഴ്സ് യുപിഎസിലെ വിദ്യാര്‍ഥിനിയായ അല്‍ക്കാ മേരി ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി അംഗം പ്രൊഫ. ടി.കെ.ജി നായര്‍ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. കലഞ്ഞൂര്‍ ഗവണ്‍മെന്റ് എച്ച്എസ്എസിലെ വിദ്യാര്‍ഥിയായ വി. നിരഞ്ജന്‍, ചെന്നീര്‍ക്കര എസ്എന്‍ഡിപി എച്ച്എസ്എസിലെ വിദ്യാര്‍ഥിനിയായ എല്‍. ജിതാ ലക്ഷ്മി, ചൂരക്കോട് എന്‍എസ്എസ് എച്ച്എസ്എസിലെ വിദ്യാര്‍ഥിയായ സോജു സി ജോസ്, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പ്രൊഫ. കെ. മോഹനകുമാര്‍, സെക്രട്ടറി ജി. പൊന്നമ്മ, ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍, ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍, എക്സിക്യൂട്ടീവ് അംഗം കെ. ജയകൃഷ്ണന്‍, അംഗങ്ങളായ കലാനിലയം രാമചന്ദ്രന്‍ നായര്‍, രാജന്‍ പടിയറ, പി.ജി. രാജന്‍ ബാബു, കുഞ്ഞന്നാമ്മ കുഞ്ഞ്, ചന്ദ്രികാ മുകുന്ദന്‍, വിവേക്, ഡോ. രാജഗോപാലന്‍, രാജേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാതല ശിശുദിനാഘോഷത്തിന്് തുടക്കമിട്ട് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പതാക ഉയര്‍ത്തി. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ശിശുദിനഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്‍സിസി, സ്‌കൗട്ട്, എസ്പിസി കേഡറ്റുമാര്‍, ജെആര്‍സി അംഗങ്ങള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.