Trending Now

രാത്രികാല വെറ്ററിനറി സേവനങ്ങള്‍ക്ക് എല്ലാം ബ്ലോക്കിലും വാഹനം നല്‍കും: മന്ത്രി ജെ.ചിഞ്ചു റാണി

രാത്രികാല വെറ്ററിനറി സേവനങ്ങള്‍ നല്‍കുന്നതിന് എല്ലാം ബ്ലോക്കിലും വാഹനം അനുവദിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മലയാലപ്പുഴ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണനിലവാരമുള്ള കാലിത്തീറ്റ ലഭ്യമാക്കാന്‍ വേണ്ട പ്രത്യേക നിയമം നടപ്പാക്കും. ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിന് ആവശ്യമായ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.

പഞ്ചായത്തുകളില്‍ പശു ഗ്രാമം പദ്ധതി നടപ്പാക്കുകയും ഇതിലൂടെ പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയില്‍, മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ സുനില്‍, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷാജി, കോന്നി ബ്ലോക്ക് അംഗം സുജാത അനില്‍, ഗ്രാമ പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ പ്രീജാ പി. നായര്‍, എസ്.ബിജു, കോന്നി ക്ഷീര വികസന ഓഫീസര്‍ റ്റി.ജി. മിനി, ക്ഷീരസംഘം പ്രസിഡന്റ് മലയാലപ്പുഴ ശശി, ക്ഷീര സംഘം പ്രതിനിധികളായ കെ. ജയലാല്‍, സി.റ്റി.സ്‌കറിയ, എന്‍. ലാലാജി, ഗീത മോഹന്‍, ബി. വനജകുമാരി, സുനില്‍ ജോര്‍ജ്, സി.ആര്‍. റീന, വിജയകുമാരിയമ്മ, ആര്‍. രശ്മി നായര്‍, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ക്ഷീര വികസന സെമിനാറും ഡയറി എക്സിബിഷനും ക്ഷീരകര്‍ഷകരെ ആദരിക്കലും നടത്തി.