ആറന്മുള മണ്ഡലത്തിലെ എല്ലാ വീടുകളിലും 2023 അവസാനത്തോടെ പൈപ്പ് ലൈന്‍ കണക്ഷന്‍ എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കരിക്കപ്പടി- കൊച്ചുമല- വടക്കേടത്തുപടി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എംഎല്‍എ ഫണ്ടില്‍ നിന്നും പത്തു ലക്ഷം രൂപ ചിലവഴിച്ചാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
റോഡ്, കുടിവെള്ളം എന്നിവ അടിസ്ഥാനപരമായ ആവശ്യമാണെന്നും 2021 ലാണ് കരിക്കപ്പടി- കൊച്ചുമല- വടക്കേടത്തുപടി റോഡിന് വേണ്ടി ഫണ്ട് അനുവദിച്ചതെന്നും നാടിന്റെ വികസനമെന്നത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. ആറന്മുള മണ്ഡലത്തില്‍ എല്ലാവര്‍ക്കും തൊഴില്‍ സാധ്യമാക്കുകയെന്നതാണ് സ്വപ്നം. സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്. അതിലൂടെ സാമൂഹികക്ഷേമവും നാടിന്റെ പുരോഗതിയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വാര്‍ഡ് അംഗം വില്‍സി ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം ആര്‍. അജയകുമാര്‍, ബാബു തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം ജൂലി ദിലീപ്, പഞ്ചായത്തംഗങ്ങളായ ശ്രീനി ചാണ്ടിശേരി, പ്രസാദ് വേരുങ്കല്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി.കെ. ബാബുരാജ്, പി.കെ. അനിയന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീജ കുഞ്ഞമ്മ, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ആര്‍. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.