Trending Now

വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം  വളര്‍ത്തേണ്ടത് അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്


സമൂഹത്തിന്റെ പുരോഗതിക്കൊപ്പം വ്യക്തിജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ ശാസ്ത്രത്തെ അറിയേണ്ടതുണ്ടെന്നും വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച പത്തനംതിട്ട റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവം 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
ഒരു പ്രശ്നം ഉണ്ടായാല്‍ അതിനുള്ള പരിഹാരം ശാസ്ത്രീയ ചിന്തകളിലൂടെയും കണ്ടെത്തലുകളിലൂടെയും ദൂരീകരിക്കാന്‍ ശ്രമിക്കണം. ശാസ്ത്രം പഠിക്കുന്ന വിദ്യാര്‍ഥികള്‍ ചോദ്യം ചോദിക്കുവാന്‍ പഠിക്കുക എന്നതിനോടൊപ്പം കണ്ടുപിടിക്കാനുള്ള അന്വേഷണവും നടത്തണം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തൊട്ടും, അറിഞ്ഞും, കേട്ടും പഠിക്കുന്ന രീതിയില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സജ്ജീകരിച്ചു കൊണ്ട് വിദ്യാര്‍ഥി കേന്ദ്രീകൃതമായ വിദ്യാഭ്യാസം നല്‍കുന്നതിലാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
നവോഥാന കാലഘട്ടത്തിലൂടെ കടന്നുപോയി മനസിലെ ഇരുളിനെ മായ്ച്ച് പരുവപ്പെടുത്തി എടുത്ത തെളിഞ്ഞ ചിന്തയാണ് നമ്മുടെ സമൂഹത്തിനുള്ളത്. അത് നിലനിര്‍ത്തുവാന്‍ വിവിധ തലത്തിലുള്ള ഇടപെടലുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം ശാസ്ത്ര ബോധവും ശാസ്ത്ര മേളകളും ഏറെ പ്രധാന്യം വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്രം വളരുന്നതിനോടൊപ്പം മനുഷ്യന്റെ ശാസ്ത്രബോധവും വളരണമെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ശാസ്ത്രം പഠിക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ മനസും ശാസ്ത്രീയമായി വളരേണ്ടതുണ്ട്. അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, ആഭിചാര കൊലകള്‍ തുടങ്ങി ഇന്ന് സമൂഹത്തിനൊട്ടാകെ അവമതിപ്പ് ഉണ്ടാക്കുന്ന സംഭവങ്ങള്‍ക്കെല്ലാം കാരണം നമ്മുടെ ഉളളിലുള്ള മൂഢ വിശാസങ്ങളാണ്. ഇവയെ ഇല്ലാതാക്കാന്‍ ശാസ്ത്രത്തെ അടുത്തറിഞ്ഞ്് പ്രവൃത്തി പഥത്തില്‍ കൊണ്ടു വരാന്‍ ശ്രമിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
നവംബര്‍ മൂന്ന്, നാല് തീയതികളിലായി അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഐടി മേള, ഗണിത ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, എന്നിവയോടൊപ്പം വൊക്കേഷണല്‍ എക്സ്പോയും തുടങ്ങി. വിവിധ മത്സര വിഭാഗങ്ങളിലായി മൂവായിരത്തോളം വിദ്യാര്‍ഥികള്‍ ഇക്കുറി ശാസ്ത്ര മേളയില്‍ മാറ്റുരയ്ക്കും.
സെന്റ് തോമസ് എച്ച്എസ്എസ് കോഴഞ്ചേരി, ഗവ.ഹൈസ്‌കൂള്‍ കോഴഞ്ചേരി, ബിആര്‍സി കോഴഞ്ചേരി, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ കോഴഞ്ചേരി എന്നീ വേദികളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 11 ഉപജില്ലകളില്‍ നിന്നായി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ജെ. ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍,  മെമ്പര്‍ സാറാമ്മ ഷാജന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതു മുരളി, ബിജിലി പി ഈശോ, സാലി ഫിലിപ്പ്, റോയി ഫിലിപ്പ്, ബിജോ പി മാത്യു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകാഭായ്, ഹയര്‍സെക്കന്‍ഡറി റീജിയണല്‍ ഡെപ്യുട്ടി ഡയറക്ടര്‍  വി.കെ. അശോക് കുമാര്‍, വിഎച്ച്എസ്ഇ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആര്‍. സിന്ധു, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാല്‍, ഡിഇഒ ഷീലാ കുമാരിയമ്മ, എഇഒ പി. അനിത, സ്‌കൂള്‍ മാനേജര്‍ റവ. തോമസ് മാത്യു, പ്രിന്‍സിപ്പല്‍ മത്തായി ചാക്കോ, ഹെഡ്മിസ്ട്രസ് ആശാ തോമസ്, പിടിഎ പ്രസിഡന്റ് റോയ് മാത്യു, റിസപ്ഷന്‍ കണ്‍വീനര്‍ പി.കെ. പ്രസന്നന്‍, പബ്ലിസിറ്റി കണ്‍വീനര്‍ സ്മിജു ജേക്കബ്, അധ്യാപകന്‍ റെജു തോമസ് എന്നിവര്‍ പ്രസംഗിച്ചു.