ശബരിമല തീര്‍ഥാടന പാതകളില്‍ സഹായം നല്‍കുന്നതിനും തീര്‍ഥാടകര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനുമായി മൊബൈല്‍ ആപ്പ് നിര്‍മിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പമ്പയിലെ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടകര്‍ക്ക് വൈദ്യസഹായം, കുടിവെള്ളം, കാനനപാതയിലെ സൂക്ഷിക്കേണ്ട സ്ഥലങ്ങള്‍, വന്യമൃഗങ്ങള്‍ കാണപ്പെടുന്ന സ്ഥലങ്ങള്‍, മറ്റ് സഹായക കേന്ദ്രങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയതാവും ആപ്പ്. തീര്‍ഥാടകര്‍ക്ക് ആപ്പിലൂടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിനും സൗകര്യമൊരുക്കും.അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ ആപ്പ് നിര്‍മിക്കാന്‍ തീരുമാനമായത്.
വനം വകുപ്പിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും. തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തും. മനുഷ്യ സാധ്യമായ എല്ലാ സുരക്ഷാ സംവിധാനവും ശബരിമലയില്‍ ഒരുക്കും. ളാഹ മുതല്‍ പമ്പ വരെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റസ്പോണ്‍സ് ടീമിനെ നിയോഗിക്കും. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, എക്കോ ഷോപ്പുകള്‍ എന്നിവയും പ്രവര്‍ത്തിക്കും. കാനന പാതകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിക്കും.
പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ഇക്കോ ഗാര്‍ഡ്, എലിഫന്റ് സ്‌ക്വാഡ്, സ്നേക് സ്‌ക്വാഡ് എന്നിവരെയും നിയമിക്കും. ഉദ്യോഗസ്ഥര്‍ മാസ്‌ക് ധരിച്ചിരിക്കണം. ദേവസ്വം പ്രതിനിധി, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി ഇനിയും അപകടകരമായ നിലയില്‍ നിലനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനമാവണം വനം വകുപ്പിന്റേത്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടത്തി തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സഹായം നല്‍കുന്നതിനുമായി മൊബൈല്‍ ആപ്പ് വനം വകുപ്പ് നിര്‍മിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വനം വകുപ്പ് ആധുനിക സജീകരണങ്ങള്‍ സുരക്ഷയ്ക്കായി കൂടുതല്‍ ഉപയോഗിക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളുടെ എണ്ണം വര്‍ധിപ്പിക്കണം. തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കണം. സംയുക്ത പരിശോധന നടത്തി നിലയ്ക്കലെ കടകള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ആളുകള്‍ കൂടുന്നതിന് അനുസരിച്ച് സുരക്ഷയും ശക്തമാക്കണം. ഉദ്യോഗസ്ഥര്‍ക്ക് വന്യമൃഗങ്ങളെ നിരീക്ഷിക്കുന്നതിനും, ശല്യം ഒഴിവാക്കുന്നതിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി ആവശ്യമായ ഉപകരണങ്ങള്‍ നല്‍കണം. മാലിന്യ മുക്ത തീര്‍ഥാടന കാലമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തന്മാര്‍ക്ക് മനസിലാവുന്നതിന് വ്യത്യസ്ഥ ഭാഷകളില്‍ ആവശ്യമായ സൂചനാ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കണം. സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും എംഎല്‍എ പറഞ്ഞു.
ആനത്താരകളില്‍ സൂചനാ ബോര്‍ഡുകള്‍ വനം വകുപ്പ് സ്ഥാപിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. തീര്‍ഥാടകരുടെ സുരക്ഷയെ മുന്‍നിര്‍ത്തി കാട്ടുപന്നികളെ കൂടുവച്ച് പിടിച്ച് ഉള്‍ക്കാടുകളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കി നല്‍കണം. മുന്നൊരുക്കങ്ങള്‍ നേരത്തെ തന്നെ നടത്താനായതിനാല്‍ മികച്ച ഒരു മണ്ഡലകാലമാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, കോട്ടയം സബ് കളക്ടര്‍ സഫ്ന നസ്റുദീന്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് ഹൈറേഞ്ച്. ആര്‍.എസ്. അരുണ്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വനം വന്യജീവി വിഭാഗം പി.പി. പ്രമോദ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, ഫോറസ്റ്റ് ജോയിന്റ് സെക്രട്ടറി ആര്‍. രാജേഷ്, റാന്നി ഡിഎഫ്ഒ ജയകുമാര്‍ ശര്‍മ്മ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ ഖോരി, പന്തളം രാജകൊട്ടാര പ്രതിനിധി നാരായണ വര്‍മ്മ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.