Trending Now

ലഹരി വിരുദ്ധ ശൃംഖലയൊരുക്കാൻ നാടൊരുങ്ങി

*വിദ്യാലയങ്ങളും ഓഫിസുകളും കേന്ദ്രീകരിച്ച് നവംബർ ഒന്നിന് വൈകിട്ട് മൂന്നിന്

മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയ്ക്കായി നാടൊരുങ്ങിയെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സംസ്ഥാനത്തെങ്ങും നവംബർ ഒന്നിന് വൈകിട്ട് മൂന്ന് മണിക്കാണ് ശൃംഖല. ഓരോ വാർഡിലെയും വിദ്യാലയങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചാണ് ശൃംഖല തീർക്കുന്നത്.

വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രത്തിൽ ശൃംഖല തീർക്കും. ഇതിന് പുറമേ സംസ്ഥാനത്തെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലും ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയിൽ, പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ചടങ്ങ്. ഗാന്ധി പാർക്ക് മുതൽ അയ്യൻകാളി സ്‌ക്വയർ വരെ അഞ്ച് കിലോമീറ്ററോളം നീളുന്ന ശൃംഖലയിൽ മന്ത്രിമാരും ജനപ്രതിനിധികളും കാൽലക്ഷത്തോളം വിദ്യാർഥികളും പൊതുജനങ്ങളും കണ്ണിചേരും. സ്‌കൂളുകളിലെ പരിപാടികളിൽ വിദ്യാർഥികൾക്കൊപ്പം, രക്ഷിതാക്കൾ, അധ്യാപകർ ജീവനക്കാർ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവരും പങ്കാളികളാകും. മയക്കുമരുന്നിനെതിരെയുള്ള കേരളത്തിന്റെ ഈപോരാട്ടത്തിൽ പങ്കാളികളാകാൻ ഓരോ വ്യക്തിയും തയ്യാറാകണമെന്ന് മന്ത്രി അഭ്യർഥിച്ചു. യുവാക്കളെയും വിദ്യാർഥികളെയും ലഹരിയുടെ വിപത്തിൽ നിന്ന് രക്ഷിക്കാനുള്ള ഈ യുദ്ധത്തിൽ കേരളത്തിന് ജയിച്ചേ പറ്റൂ.  ആഗോളാടിസ്ഥാനത്തിൽ തന്നെ മയക്കുമരുന്നിനെതിരെയുള്ള ഏറ്റവും വലിയ ജനമുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഒരേ സമയം ഇത്രയുമധികമാളുകൾ മയക്കുമരുന്നിനെതിരെ അണിചേരുന്നത് ലോകത്ത് തന്നെ അപൂർവ്വമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബർ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടമാണ് നവംബർ ഒന്നിന് നടക്കുന്ന ശൃംഖലയോടെ സമാപിക്കുന്നത്. നവംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് തന്നെ എല്ലാ കേന്ദ്രത്തിലും ശൃംഖലയ്ക്കായി കേന്ദ്രീകരണമുണ്ടാകണം. കൃത്യം മൂന്ന് മണിക്ക് ശൃംഖല തീർക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. പ്രതീകാത്മകമായി ലഹരി കത്തിച്ചു കുഴിച്ചുമൂടുകയും ചെയ്യും. പരിപാടിയുടെ പ്രചരണാർത്ഥം ഞായർ തിങ്കൾ ദിവസങ്ങളിൽ വിളംബര ജാഥകളും, ഫ്‌ലാഷ് മോബുകളും നടക്കുകയാണ്.

മലപ്പുറം ജില്ലയിൽ പൊന്നാനി മുതൽ വഴിക്കടവു വരെ 83 കിലോമീറ്റർ ദൈർഘ്യത്തിൽ നവംബർ ഒന്നിന് വൻബഹുജന പങ്കാളിത്തത്തോടെ മനുഷ്യശ്യംഖല തീർക്കും. തിരുവനന്തപുരം ജില്ലയിൽ നഗരത്തിന് പുറമേ നെടുമങ്ങാട്, കല്ലറ, ആര്യനാട് തുടങ്ങിയ കേന്ദ്രങ്ങളിലും ശൃംഖല തീർക്കും. എറണാകുളത്ത് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നവംബർ ഒന്നിന് ശൃംഖലയുടെ ഭാഗമായി ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗഹൃദ ഫുട്ബാൾ മത്സരവും സംഘടിപ്പിക്കും. തൃശൂർ ജില്ലയിൽ തൃശൂർ തേക്കിൻകാട്‌ മൈതാനിയിൽ വിപുലമായ മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ കളക്ടറേറ്റിലെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് കളക്ടറേറ്റ് അങ്കണത്തിൽ മനുഷ്യ ചങ്ങല സൃഷ്ടിക്കും. തൃശ്ശൂർ ജില്ലയിലെ ലൈബ്രറികളുടെ നേതൃത്വത്തിൽ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട്  46 മനുഷ്യ ശൃംഖലതീർക്കാനും തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് കുറ്റ്യാടി, നരിക്കോട്ടുചാൽ പഞ്ചായത്തുകളിൽ വിപുലമായ ജനകീയ ശൃംഖലകൾ സംഘടിപ്പിക്കും. കണ്ണൂർ ജില്ലയിലെ ധർമ്മടം പഞ്ചായത്തിൽ  5000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പത്തനംതിട്ട അടൂരിൽ വിപുലമായ ശൃംഖല സംഘടിപ്പിക്കും. കോട്ടയം ജില്ലയിൽ വിവിധ കോളേജ്, ഹയർ സെക്കന്ററി സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ കോട്ടയം ശാസ്ത്രി റോഡിൽ ലഹരിക്കെതിരെ ‘ലഹരിയില്ലാതെരുവ്’ എന്ന പേരിൽ കലാസാഹിത്യ സംഗമം സംഘടിപ്പിക്കുന്നു. ആലപ്പുഴ ദേവികുളങ്ങരയിൽ പഞ്ചായത്തിന്റെ വടക്ക് തെക്ക് ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിപുലമായ ശൃംഖല ഒരുക്കുന്നുണ്ട്.

ലഹരിവ്യാപനത്തിനെതിരെ കർശനനടപടി; ലഹരിവിമുക്തിക്ക് സർക്കാർ ഒപ്പം: മന്ത്രി വി. ശിവൻകുട്ടി

 *കവച് രണ്ടാം ഘട്ടത്തിൽ നേരിട്ടുള്ള ഇടപെടൽ

സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്സ് ക്യാമ്പയിനിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കായി തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും  രണ്ടാം ഘട്ടത്തിൽ നേരിട്ടുള്ള കൂടുതൽ ഇടപെടലുകൾക്ക് പ്രാധാന്യം നൽകുമെന്നും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ എല്ലാ അതിഥിതൊഴിലാളി ക്യാമ്പുകളിലുംതൊഴിലിടങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ലഹരി വ്യാപന സാധ്യതകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ലഹരി വിമുക്തിയുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികൾക്കായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടി കവചിന്റെ സംസ്ഥാനതല സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം ഇ.കെ. നായനാർ പാർക്കിൽ  നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപഭോഗമോ വിനിമയമോ വ്യാപനമോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ്, എക്സൈസ് വകുപ്പുകളുമായി ചേർന്നു  കർശന നടപടികൾ സ്വീകരിക്കും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങൾക്കും  ലഹരി വിമുക്തിക്കും  ആരോഗ്യവകുപ്പുമായി ചേർന്ന് പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന്  കേരളത്തിന്റെ ഉത്പാദന  സേവന,വിതരണ മേഖലകളിൽ  ഒഴിച്ചുകൂടാനാവാത്ത  ഘടകമായി മാറി അതിഥിത്തൊഴിലാളികൾ മാറി. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിൽ ഒട്ടേറെ ക്ഷേമ പദ്ധതികളാണ്  സർക്കാർ നടപ്പാക്കുന്നത്.  എന്നാൽ   അവർക്കിടയിൽ  ഒറ്റപ്പെട്ട ചില ക്രിമിനൽ പ്രവണതകളും  ലഹരി ഉപയോഗവും ഉണ്ടെന്നുള്ള  റിപ്പോർട്ടുകളെ  സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതിഥി തൊഴിലാളികളെ ലഹരിമാഫിയ ഉപയോഗിക്കുന്നതായും അവരിൽ കമ്പോളം കണ്ടെത്തുന്നതായും റിപ്പോർട്ടുകളുണ്ട്.  അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ  സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്യാമ്പുകൾ സന്ദർശിക്കാനെത്തുന്ന തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരെ  സഹായിക്കുന്നതിന് അതിഥിത്തൊഴിലാളികൾക്കിടയിൽ നിന്ന് വളന്റിയേഴ്സിനെ രൂപീകരിക്കും. ഇവർക്കു പരിശീലനവും നൽകും. ക്യാമ്പുകളിലെത്തുന്ന ഉദ്യോഗസ്ഥരോട് മയക്കുമരുന്ന് ഉപഭോഗവും വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാവുന്നതാണ്. വിവരം ലഭിക്കുന്ന ഉദ്യോഗസ്ഥൻ ഇത് സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട പോലീസ് – എക്സൈസ് – ആരോഗ്യവകുപ്പ്  ഉദ്യോഗസ്ഥർക്ക് കൈമാറേണ്ടതും ഈ വിഷയത്തിൽ നടപടികൾ സ്വീകരിച്ച വിവരം ഉറപ്പാക്കേണ്ടതുമാണ്. ലഹരിക്ക് അടിപ്പെട്ടവരുടെ മോചനത്തിന് ഉദ്യോഗസ്ഥർ സഹായകരവും മാതൃകാപരവുമായ നിലപാടുകൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമാകുന്ന ലഹരി ഉപയോഗം  ശരീരികവും മാനസീകവുമായി ഒട്ടേറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം  വ്യക്തിയുടെയും കുടുംബത്തിന്റെയും സാമൂഹിക സാമ്പത്തിക ജീവിതത്തെ തകിടം മറിക്കുമെന്നും  ഇത് മനസ്സിലാക്കി  അതിൽനിന്നും സ്വയം മോചിതരാവാനും മറ്റുള്ളവരെ  പിന്തിരിപ്പിക്കാനും ശ്രമിക്കണമെന്നും ലഹരിക്കെതിരെയുള്ള കേരള സർക്കാരിന്റെ സുപ്രധാന പോരാട്ടത്തിൽ എല്ലാവരും അണിചേരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.  ലേബർ കമ്മീഷണർ ഡോ കെ വാസുകി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ അധ്യക്ഷനായ ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണിജോയിന്റ് എക്‌സൈസ് കമ്മീഷണർ (വിമുക്തി) ആർ. ഗോപകുമാർഅഡീ. ലേബർ കമ്മീഷണർ കെ.എം. സുനിൽവിവിധ തൊഴിലാളി സംഘടന പ്രതിനിധികൾവ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾമറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കവച് സംസ്ഥാനതലസമാപന സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന അതിഥിത്തൊഴിലാളി ലഹരിവിരുദ്ധ മഹാറാലി പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്തു.  ലഹരിക്കെതിരെയുള്ള സന്ദേശങ്ങളുമായി രണ്ടായിരത്തിലധികം അതിഥിത്തൊഴിലാളികൾ പങ്കെടുത്ത റാലി പുത്തരിക്കണ്ടം മൈതാനത്തെ ഇ.കെ. നായനാർ പാർക്കിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങൾ പങ്കെടുത്ത വിവിധ കലാപരിപാടികളും നടന്നു.

കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകണം: മന്ത്രി വി. ശിവൻകുട്ടി

*ലഹരിക്കെതിരെ നഗരം ചുറ്റി മോട്ടോർതൊഴിലാളികളുടെ വാഹനറാലി

കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവൻ ജനങ്ങളും ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകണമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ലഹരിക്കെതിരെ കേരള മോട്ടോർതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ മോട്ടോർതൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ റാലി ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് ഭീഷണി സൃഷ്ടിക്കും വിധത്തിലാണ് ലഹരി വില്പനയും ഉപഭോഗവും. ഈ ശൃംഖല ഇല്ലാതാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

കനകക്കുന്ന് മുതൽ തമ്പാനൂർ വരെ നടന്ന റാലിയിൽ മുന്നൂറോളം ഓട്ടോടാക്സി വാഹനങ്ങൾ അണിനിരന്നു. കനകക്കുന്നിൽ നടന്ന ഫ്ളാഗ് ഓഫ് ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനായി. ലേബർ കമ്മിഷണർ കെ. വാസുകി,  കേരള മോട്ടോർതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. കെ. ദിവാകരൻചീഫ് എക്സിക്യൂട്ടിവ് ഓഫിസർ രഞ്ജിത് പി. മനോഹർ എന്നിവർ പങ്കെടുത്തു.