തണ്ണിത്തോട് : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിലെ ഒറ്റപ്പെട്ട പ്രദേശമായ മണ്ണീറയിൽ മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനായി 5 സെന്റ് സ്ഥലം സൗജന്യമായി പഞ്ചായത്തിന് കൈമാറി. മണ്ണീറ നെടുംപുറത്ത് വീട്ടിൽ സിബി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് അദ്ദേഹം പഞ്ചായത്തിന്റെ അടിസ്ഥാന വികസനത്തിനായി കൈമാറിയിട്ടുള്ളത്. വിനോദ സഞ്ചാരികൾ ധാരാളം എത്തിച്ചേരു എത്തിച്ചേരുന്ന അടവി കുട്ട വഞ്ചി സവാരി കേന്ദ്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മണ്ണീറ വെള്ളച്ചാട്ടത്തിലേക്ക് ദിവസവും നൂറു കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്. എന്നാൽ സ്ത്രീകൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് പ്രാഥമികാവശ്യത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് വലിയ പോരായ്മയായി നിലനിൽക്കുകയാണ്. പദ്ധതികൾ നടപ്പിലാക്കുവാൻ സ്ഥലം ലഭിക്കാതെ വന്നതാണ് പ്രദേശത്ത് അടിസ്ഥാന സൗകര്യം ഒരുക്കുവാൻ അധികൃതർക്ക് കഴിയാതെ വന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ഗ്രാമ പഞ്ചായത്ത് അംഗം പ്രീതി. പി.എസ് മുൻ ഗ്രാമ പഞ്ചായത്ത് അംഗം ഷാജി ശങ്കരത്തിൽ എന്നിവരുടെ നിരന്തരമായ പരിശ്രമഫലമായിട്ടാണ് ഇപ്പോൾ സ്ഥലം ലഭ്യമായിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് വിനോദ സഞ്ചാര വകുപ്പുമായി സഹകരിച്ച് ന്യൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ആലോചനകൾ നടന്നു വരുന്ന വേളയിൽ സ്ഥലം ലഭ്യമായത് പദ്ധതി നടത്തിപ്പിന് വേഗത കൂടുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. സ്ഥലത്തിന്റെ ഉടമസ്ഥൻ നെടുംപുറത്ത് സിബി മാത്യു സഹോദരൻ സിജോ മാത്യു എന്നിവർ ചേർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ കുട്ടപ്പൻ, സെക്രട്ടറി ആർ.സേതു എന്നിവർക്ക് വസ്തുവിന്റെ രേഖകൾ കൈമാറി. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷാജി കെ. ശാമുവൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമപഞ്ചായത്ത് അംഗം പി.എസ് പ്രീത, ഷാജി ശങ്കരത്തിൽ, ക്ലർക്ക് ഗോപകുമാർ, റിനീഷ് മണ്ണീറ എന്നിവർ പങ്കെടുത്തു.