വില വിവര പട്ടിക സമര്‍പ്പിക്കണം
ശബരിമല തീര്‍ഥാടനത്തിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിലവിവര പട്ടിക (വിവിധ ഭാഷകളിലുളളത്) തീര്‍ഥാടകര്‍ക്ക് കാണത്തക്ക വിധത്തിലും വായിക്കത്തക്ക വിധത്തിലും പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമാക്കി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
കന്നുകാലികളെ മേയാന്‍ വിടരുത്
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് അപകട സാധ്യത കണക്കിലെടുത്ത് വടശേരിക്കര മുതല്‍ അട്ടത്തോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില് ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.
അനധികൃത വഴിയോര കച്ചവടങ്ങള്‍ നിരോധിച്ചു
ശബരിമല തീര്‍ഥാടനത്തിനോടനുബന്ധിച്ച് പമ്പ മുതല്‍ സന്നിധാനം വരെയുളള പാതകളില്‍ അനധികൃത വഴിയോര കച്ചവടങ്ങള്‍ നടത്തുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഈ ഉത്തരവ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേറ്റുമാര്‍ /എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് (വെസ്റ്റ് ഡിവിഷന്) ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ നടപ്പാക്കണം.
റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ കര്‍ശന നിരോധനം
ശബരിമല തീര്‍ത്ഥാടന കാലയളവില്‍ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രധാന തീര്‍ഥാടക പാതകളില്‍ ആടുമാടുകളെ കെട്ടിയിടുക, മേയാന്‍ വിടുക, പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് സമീപം പാചകം ചെയ്യുക, നിലയ്ക്കല്‍ മുതല്‍ ഹോട്ടലുകളില്‍ മാംസാഹാരം സൂക്ഷിക്കുക, ഭിക്ഷാടനം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുള്ളതായും കൂടാതെ ളാഹ മുതലുള്ള ഹോട്ടലുകളില്‍ ഒരേ സമയം സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം പരമാവധി അഞ്ച് ആയി നിജപ്പെടുത്തിയിട്ടുള്ളതായും റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വാഹനങ്ങളുടെ സമീപം പാചകം നിരോധിച്ചു
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നത് നിരോധിച്ച് ജില്ലാ കളക്ടറും ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഈ ഉത്തരവ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ നടപ്പാക്കണം.
ഹോട്ടലുകളില്‍ സൂക്ഷിക്കാവുന്നത് അഞ്ച് ഗ്യാസ് സിലിണ്ടര്‍
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് ളാഹ മുതല്‍ സന്നിധാനം വരെയുളള ഹോട്ടലുകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം 2004 ലെ ഗ്യാസ് സിലിണ്ടര്‍ റൂള്‍സ് 44(ബി)(1) പ്രകാരം അഞ്ച് ആയി നിജപ്പെടുത്തിയും, ഗ്യാസ് സിലിണ്ടറുകള്‍ അപകടകരമായി പൊതു സ്ഥലങ്ങളില്‍ സൂക്ഷിക്കുന്നത് നിരോധിച്ചും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഈ ഉത്തരവ് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍, പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസര്‍, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ നടപ്പാക്കണം.
മാംസാഹാരം ശേഖരിക്കുന്നതും പാചകം ചെയ്യുന്നതും നിരോധിച്ചു
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുളള ഭക്ഷണശാലകളില്‍ മാംസാഹാരം ശേഖരിച്ചുവെയ്ക്കുന്നതും പാചകം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഈ ഉത്തരവ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ നടപ്പാക്കണം.