Trending Now

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 22/10/2022 )

ക്വട്ടേഷന്‍
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി 2022-23 വര്‍ഷത്തേയ്ക്ക് നിബന്ധനകള്‍ക്ക് വിധേയമായി കരാറടിസ്ഥാനത്തില്‍ മിനിമം എട്ട് സീറ്റ് കപ്പാസിറ്റിയുള്ള പാസഞ്ചര്‍ വാഹനം പ്രതിമാസം 1000 കിലോമീറ്റര്‍ ഓടുന്നതിനായി വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും നിയമാനുസൃതമായ ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിനു പുറത്ത് വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വാഹനം ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 31ന് രാവിലെ 11 വരെ.  ഫോണ്‍ : 0473 5 251 153.

 

വര്‍ണ്ണായനം (23)
ചെങ്ങന്നൂര്‍ പെരുമ സര്‍ഗ്ഗോത്സവത്തിന്റെയും ചാമ്പ്യാന്‍സ് ബോട്ട് ലീഗ് വള്ളംകളിയുടെയും ഭാഗമായി കേരള ലളിതകലാ അക്കാദമി ( ഒക്ടോബര്‍ 23) മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍ ഗ്രൗണ്ടില്‍ കലാകാര കൂട്ടായ്മയായ വര്‍ണ്ണായനം സംഘടിപ്പിക്കുന്നു. കൂട്ടായ്മയുടെ ഉദ്ഘാടനം രാവിലെ ഒന്‍പതിന് പ്രശസ്ത ചിത്രകാരന്‍ ഷിബു നടേശന്‍ നിര്‍വ്വഹിക്കും. 100 കലാകാരര്‍ 100 മീറ്റര്‍ ക്യാന്‍വാസിലാണ് ചിത്രരചന നിര്‍വ്വഹിക്കുന്നത്. അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

അറിയിപ്പ്
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമുള്ള തൊഴിലാളികളില്‍ 2018-19 കാലയളവിലെ ആര്‍ എസ് ബി വൈ-സി എച്ച് ഐ എസ് കാര്‍ഡ് കൈവശമുണ്ടായിരുന്ന തൊഴിലാളികള്‍ നിലവിലെ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കെഎഎസ്പി) ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ആനുകൂല്യം ലഭ്യമാക്കുന്നുണ്ടോ എന്നുമുള്ള വിവരം കറ്റോട് പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അറിയിക്കണമെന്ന് വെല്‍ ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0469-2603074


തെങ്ങിന്‍ തൈ വിതരണം

മൈലപ്ര ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ ഒരു തൈയ്ക്ക് 50 രൂപ നിരക്കില്‍ തെങ്ങിന്‍തൈകള്‍ വിതരണം നടത്തുന്നു. ഗ്രാമപഞ്ചായത്ത് പരിധിയിലുളളവര്‍ കരം അടച്ചരസീതുമായി വന്ന് കൈപ്പറ്റണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
മലയാള ഭാഷാ പുരോഗതി അവലോകന യോഗം 25ന്

മലയാള ഭാഷാ പുരോഗതി അവലോകന യോഗം ഈ മാസം 25ന് ഉച്ചയ്ക്ക് ശേഷം 2.30ന് ഗൂഗിള്‍ മീറ്റ് മുഖേന ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.ഓംബുഡ്സ്മാന്‍ സിറ്റിംഗ് 27ന്
പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ഈ മാസം 27ന് രാവിലെ 10.30 മുതല്‍ ഹിയറിംഗ് നടത്തുന്നതും പരാതികള്‍ സ്വീകരിക്കുമെന്നും മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ അറിയിച്ചു.

ഗ്രാമീണ വനിതാ ദിനത്തില്‍ വനിതകളെ ആദരിച്ചു
ഗ്രാമീണ വനിതാ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട നഗരസഭ സിഡിഎസ് – ജിആര്‍സിയുടെ നേതൃത്വത്തില്‍ പൊതുഇടങ്ങളില്‍ സ്ത്രീകള്‍ എന്ന വിഷയത്തില്‍ സംവാദവും കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന വിഷയത്തില്‍ അനുഭവ സമാഹരണവും നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി ഉദ്ഘാടനം ചെയ്തു.

വ്യത്യസ്തവും വേറിട്ടതുമായ മേഖലകളില്‍ കഴിവുതെളിയിച്ചതും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവന്നതുമായ വനിതകളെ ചടങ്ങില്‍ ആദരിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക വേണു അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ആര്‍ അജിത് കുമാര്‍, ഇന്ദിരാമണിയമ്മ, ജില്ലാ ആസൂത്രണ സമിതി അംഗം പി. കെ അനീഷ്, നഗരസഭ കൗണ്‍സില്‍ അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി, വൈസ് ചെയര്‍പേഴ്സണ്‍ ടീനാ സുനില്‍, നഗരസഭ മെമ്പര്‍ സെക്രട്ടറി മിനി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

കാര്‍ഷിക സെന്‍സസ് നവംബറില്‍ ആരംഭിക്കും
11 – മത് കാര്‍ഷിക സെന്‍സസ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക നയരൂപീകരണത്തിനുമായാണ് കാര്‍ഷിക സെന്‍സസ് നടത്തുന്നത്.
ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ നിന്ന് ലഭ്യമാകുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ മുഖേന താല്‍ക്കാലിക എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ വന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുമെന്ന് ജില്ലാ സാമ്പത്തിക സ്ഥിതിവിവരകണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ജില്ലയില്‍ 307 എന്യൂമറേറ്റര്‍മാരെയും 60 സൂപ്പര്‍വൈസര്‍മാരേയും കാര്‍ഷിക സെന്‍സസിനായി നിയമിച്ചിട്ടുണ്ട്. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിനാണ് സെന്‍സസിന്റെ നടത്തിപ്പു ചുമതല.
മൂന്ന് ഘട്ടങ്ങളിലായാണ് കാര്‍ഷിക സെന്‍സസിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എല്ലാ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെയും മുഴുവന്‍ ഉടമസ്ഥരുടെയും കൈവശാനുഭവ ഭൂമിയുടെ എണ്ണവും വിസ്തൃതിയും സാമൂഹ്യവിഭാഗം, ജെന്‍ഡര്‍ ഉടമസ്ഥത, ഹോള്‍ഡിംഗിന്റെ തരം തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നതാണ് ഒന്നാംഘട്ടം. പ്രധാന സര്‍വ്വെയായ രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളുടെ 20% വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത ഹോള്‍ഡിംഗുകളില്‍ നിന്ന് കൃഷി രീതി, ജലസേചനം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും.
മൂന്നാംഘട്ടത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളുടെ ഏഴ് ശതമാനം സാമ്പിള്‍ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത ഹോള്‍ഡിംഗുകളുടെ ഇന്‍പുട്ട് ഉപയോഗരീതിയെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കും.
കൈവശാനുഭവ ഭൂമിയുടെ എണ്ണവും വിസ്തൃതിയും, ഭൂവിനിയോഗം, കൃഷി രീതി, കൃഷിക്കുപയോഗിക്കുന്ന ജലസേചനം, വളം, കീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍ മുതലായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാര്‍ഷിക മേഖലയുടെ ഘടനയും സവിശേഷതകളും വിവരിക്കുക, കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതി തയ്യാറാക്കുകയും പുതിയ നയങ്ങള്‍ രൂപികരിക്കുകയും ചെയ്യുന്നതിനാവശ്യമായ വിവരങ്ങള്‍ ഏറ്റവും താഴ്ന്ന ഭൂമിശാസ്ത്രപരമായ തലമായ ജില്ല, ബ്ലോക്ക്, വാര്‍ഡ് വരെ നല്‍കുക, ഭാവിയില്‍ കാര്‍ഷിക സര്‍വ്വെ നടത്തുന്നതിനാവശ്യമായ ചട്ടക്കൂട് ഉണ്ടാക്കുക തുടങ്ങിയവയാണ് കാര്‍ഷിക സെന്‍സസിന്റെ ലക്ഷ്യം.അഞ്ച് വര്‍ഷത്തിലൊരിക്കലാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കാര്‍ഷിക സെന്‍സസ് നടത്തുന്നത്.
ലൈഫ് ഗാര്‍ഡ് നിയമനം
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വടശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ കടവുകളില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു. 20 നും 40 നും മധ്യേ പ്രായമുളള മികച്ച കായിക ക്ഷമതയും നീന്തല്‍ വൈദഗ്ദ്ധ്യവും വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസവും ഉളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ സ്ഥിരതാമസം  തെളിയിക്കുന്ന രേഖകള്‍ സഹിതം ഈ മാസം 28 ന് ഉച്ചയ്ക്ക് മൂന്നിന് മുമ്പ് വടശേരിക്കര പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0473 5 252 029

ഇ-ലേലം
പത്തനംതിട്ട ജില്ലയിലെ അടൂര്‍, കൊടുമണ്‍, തിരുവല്ല, കോയിപ്രം, കീഴ്വായ്പൂര്‍ എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകളില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുളള വിവിധ തരത്തിലുളള ഒന്‍പത് ലോട്ടുകളിലായുളള 20 വാഹനങ്ങള്‍ എംഎസ്റ്റിസി ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ് സൈറ്റായ www.mstcecommerce.com മുഖേന ഈ മാസം 31 ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ ലേലം ചെയ്യും. ഫോണ്‍ : 0468 2 222 630.അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി : കാമ്പയിന്‍ നടത്തി
അതിദാരിദ്ര്യ കുടുംബങ്ങള്‍ക്ക് അവശ്യരേഖകള്‍ നല്‍കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അവകാശം അതിവേഗം പദ്ധതിയുടെ ഇലന്തൂര്‍ ബ്ലോക്കിലെ ഉദ്ഘാടനവും കാമ്പയിനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിക്കായി സര്‍ക്കാര്‍ നല്‍കിയ എല്ലാ നിര്‍ദ്ദേശങ്ങളും സമയബന്ധിതമായി നടപ്പിലാക്കിക്കൊണ്ട് പദ്ധതി പൂര്‍ത്തികരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന്  അതിദാരിദ്ര്യ ലിസ്റ്റില്‍ ഉള്‍പ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്, ഏഴ് പേര്‍ക്ക് ആധാര്‍ കാര്‍ഡ്, പന്ത്രണ്ട് പേര്‍ക്ക് തിരിച്ചറിയല്‍ രേഖ എന്നിവ റവന്യൂ, സപ്ലൈ ഓഫീസ്, അക്ഷയ സെന്റര്‍ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ കാമ്പയിനില്‍ നല്‍കി.
യോഗത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ അഭിലാഷ് വിശ്വനാഥ്, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാറാമ്മ ഷാജന്‍, ജിജി ചെറിയാന്‍, സാം.പി.തോമസ്, അജി അലക്‌സ്, ബിഡിഒ സി.പി രാജേഷ് കുമാര്‍, ജോയിന്റ് ബിഡിഒ ഗിരിജ, ഹൗസിങ് ഓഫീസര്‍ ആശ,  ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാര്‍, റാന്നി, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാര്‍, റാന്നി, കോഴഞ്ചേരി റവന്യു വകുപ്പ് ജീവനക്കാര്‍, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സ്പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജ് 2022-23 അധ്യായനവര്‍ഷത്തെ ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 25 ന് നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പത്തനംതിട്ട ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ അഡ്മിഷന്‍ ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ഇപ്പോള്‍ അഡ്മിഷന്‍ നേടിയിട്ടുള്ളവര്‍ക്കും ബ്രാഞ്ച്മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം.

പുതിയതായി അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍ രേഖകളും, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ് എന്നിവയും കൊണ്ടുവരണം. മറ്റ് പോളിടെക്നിക്ക് കോളജില്‍ അഡ്മിഷന്‍ എടുത്തവര്‍ സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ്, അഡ്മിഷന്‍ സ്ലിപ്പ്, ഫീസ് അടച്ച രസീത് എന്നിവ മാത്രം ഹാജരാക്കിയാല്‍ മതിയാകും.
രജിസ്ട്രേഷന്‍സമയം : രാവിലെ 9 മുതല്‍ 10 വരെ മാത്രം. ഒക്ടോബര്‍ 25 ന് ഒന്നു മുതല്‍ 70000 വരെ റാങ്ക് ഉള്ള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. റ്റി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.സി, മുസ്ലിം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗം, ലാറ്റിന്‍ കാത്തലിക്ക്, പിന്നാക്കഹിന്ദു, പിന്നാക്ക ക്രിസ്ത്യന്‍, ധീവര, വിശ്വകര്‍മ, കുടുംബി, പട്ടികവര്‍ഗം, പട്ടികജാതി, അംഗപരിമിതര്‍, എക്സ് സര്‍വീസ് എന്നീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍(ഏകദേശം 4000 രൂപയും)ക്രെഡിറ്റ് / ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കണം. പി.ടി.എ ഫണ്ട് ക്യാഷ് ആയി നല്‍കണം.ഗസ്റ്റ് ഫാക്കല്‍റ്റി; അപേക്ഷ ക്ഷണിച്ചു
ടൂറിസം വകുപ്പിന്  കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് അക്കാഡമിക് അസിസ്റ്റന്റ് എന്ന താത്കാലിക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.  യോഗ്യത – 55 ശതമാനം മാര്‍ക്കോടെ എം കോം റെഗുലര്‍, എംബിഎ റഗുലര്‍ കോഴ്സ് (ഫുള്‍ ടൈം) പാസായിരിക്കണം. 2022 ജനുവരി ഒന്നിന്  40 വയസ് തികയാന്‍ പാടില്ല. നെറ്റ് യോഗ്യത യുളളവര്‍ക്കും യു.ജി /പി.ജി  ക്ലാസുകളില്‍ മിനിമം ഒരു വര്‍ഷത്തെ അധ്യാപന പരിചയം ഉളളവര്‍ക്ക് മുന്‍ഗണന.  പ്രതിമാസ വേതനം 24000 രൂപ. പിഎച്ച്ഡി യോഗ്യതയുളളവര്‍ക്ക് 30000 രൂപ. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 25. അപേക്ഷകള്‍ ഡയറക്ടര്‍, കിറ്റ്സ്, തൈക്കാട് , തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയക്കണം. വെബ് സൈറ്റ് : www.ktttscdu.org.ഫോണ്‍ : 0471 2 329 468/2 329 539.


ഡ്രൈവര്‍ കം അറ്റന്‍ഡര്‍

മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല മണ്ഡല മകര വിളക്ക് കാലത്ത് നടത്തി വരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ്‌സോണ്‍ പ്രൊജക്ടിന്റെ 2022-23 വര്‍ഷത്തില്‍ താത്കാലിക ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ആയി സേവനം അനുഷ്ഠിക്കാന്‍ താത്പര്യമുളള ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ ഡ്രൈവിംഗ് ലൈസന്‍സിന്റെയും ആധാറിന്റെയും പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്, കോവിഡ് 19 രണ്ട് ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പത്തനംതിട്ട ആര്‍റ്റിഒ മുമ്പാകെ ഈ മാസം 31 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. എല്‍.എം.വി ലൈസന്‍സ് എടുത്ത് അഞ്ച് വര്‍ഷം പ്രവര്‍ത്തി പരിചയം ഉളളവരെ മാത്രമേ പരിഗണിക്കൂ. പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്. മണ്ഡല മകര വിളക്ക് കാലത്തേക്ക് ആയിരിക്കും നിയമനം.

ടെന്‍ഡര്‍
സമഗ്ര ശിക്ഷാ കേരളം, ഗവ.മോഡല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ട്,തിരുവല്ല, പത്തനംതിട്ട ജില്ലാ പ്രൊജക്ട് ഓഫീസ് മുഖാന്തിരം 2022-23 വര്‍ഷം ഭിന്നശേഷിയുളള വിദ്യാര്‍ഥികള്‍ക്ക് 361 വ്യത്യസ്ത ഓര്‍ത്തോ ഉപകരണങ്ങള്‍, 81 ഹിയറിംഗ് എയിഡുകള്‍ തുടങ്ങിയ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 11. www.etenders.kerala.gov.in ഫോണ്‍ : 0469 2 6001 67.