Trending Now

കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് റോഡ് പ്രവർത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും

 

konnivartha.com : നിയോജകമണ്ഡലത്തിലെ ഏനാദിമംഗലം കലഞ്ഞൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കലഞ്ഞൂർ- കുടുത്ത-പൂതങ്കര ഇളമണ്ണൂർ- കിൻഫ്ര- ചായലോട് റോഡ് ഉദ്ഘാടനം, മലയാലപ്പുഴയിലെ വിവിധ പൊതുമരാമത്ത് റോഡുകൾ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിൻ്റെ ഉദ്ഘാടനം എന്നിവ ഇന്ന് നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടം നിർവഹിക്കുന്നത്.അഡ്വ. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും.

2020- 21 ബജറ്റിൽ ഉൾപ്പെടുത്തിയാണ് കുടുത്ത- ജംഗ്ഷൻ- പൂതങ്കര- ഇളമണ്ണൂർ – കിൻഫ്ര -ചായലോട് റോഡ് 6 കോടി രൂപ ചിലവഴിച്ച് ആധുനികവത്കരിച്ചത്. അഞ്ച് കിലോമീറ്റർ ദൂരമുള്ള റോഡ് 5.5 മീറ്റർ വീതിയിൽ BM&BC സാങ്കേതികവിദ്യയിൽ നിർമ്മാണം പൂർത്തീകരിച്ചത്. റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓടയും കലങ്കം റോഡിന്റെ വശങ്ങൾ സംരക്ഷിക്കുന്നതിനായി സംരക്ഷണഭിത്തി നിർമാണം ഐറിഷ് ഓട നിർമാണം, ട്രാഫിക് സുരക്ഷ പ്രവർത്തികൾ എന്നിവ പൂർത്തികരിച്ചിട്ടുണ്ട്. ഇതോടെ കായംകുളം പത്തനാപുരം റോഡിൽ നിന്നും, ഏനാദിമം ഗലത്ത് നിന്നും കലഞ്ഞൂരിലേക്കും, പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കും വളരെ എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കും. ഉദ്ഘാടന ചടങ്ങ് ഉച്ചയ്ക്ക് 1.30 ന് പൂതങ്കര ശാസ്താ ക്ഷേത്ര ജംഗ്ഷനിൽ പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം ചെയ്യും.അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷൻ ആകും, ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ, പൊതുമരാമത്ത് ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ, ജനപ്രതിനിധികൾ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ , രാഷ്ട്രീയപാർട്ടിയെ പ്രതിനിധികൾ തുടങ്ങിയവർപങ്കെടുക്കും.

 

ദീർഘനാളുകളായി തകർന്നു കിടന്നിരുന്ന മലയാലപ്പുഴയിലെ പൊതുമരാമത്ത് റോഡുകൾ നവീകരിക്കുന്നതിനായി 16 കോടിയുടെ നിർമ്മാണ പ്രവർത്തികൾക്കാണ് തുടക്കം കുറിക്കുന്നത്. കോന്നിയെയും മലയാലപ്പുഴയുടെ വിവിധ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകളുടെ ശൃംഖലയാണിത്. 10 കിലോമീറ്റർ ദൂരത്തിലാണ് നിലവിലുള്ള മൂന്നു മീറ്റർ റോഡ് അഞ്ചര മീറ്റർ വീതിയിൽ BM&BC സാങ്കേതികവിദ്യയിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നത്. ഓട നിർമ്മാണം, സംരക്ഷണഭിത്തി നിർമ്മാണം, ഐറിഷ് ഡ്രയിൻ നിർമ്മാണം, പുതിയ കലുങ്കിന്റെ നിർമ്മാണം, പുതിയ കലിങ്കുകൾ മെച്ചപ്പെടുത്തൽ,കോമ്പൗണ്ട് ഭിത്തി നിർമ്മാണം, ട്രാഫിക് സുരക്ഷാ പ്രവർത്തനങ്ങൾ എന്നിങ്ങനെയാണ് വിഭാവനം ചെയ്തിട്ടുള്ളത്.

കാസർഗോഡ് ആസ്ഥാനമായുള്ള സി എച്ച് കൺസഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിലാണ് നിർമ്മാണ ചുമതല. റോഡ് പ്രവർത്തി പൂർത്തീകരിക്കുന്നതോടെ മലയാലപ്പുഴ ക്ഷേത്രത്തിലേക്കടക്കമുള്ള യാത്രാസൗകര്യം സുഗമമാവുകയാണ്.

 

വൈകിട്ട് 3. 30ന് മലയാലപ്പുഴ ജംഗ്ഷനിൽ പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷൻ ആകും, ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ, പൊതുമരാമത്ത് ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ, ജനപ്രതിനിധികൾ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ , രാഷ്ട്രീയപാർട്ടിയെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും