konnivartha.com : ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി അടൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ മനുഷ്യചങ്ങല സംഘടിപ്പിച്ചു.
അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി ലഹരിയെന്ന വിപത്തിനെതിരെ അതി ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.
വളരെ കാലിക പ്രാധാന്യമുള്ള അതിഗൗരവമേറിയ വിഷയമാണിതെന്നും ലഹരിയെന്ന വിപത്തിനെ നേരിടേണ്ടത് ഓരോ പൗരന്റേയും അവകാശമാണെന്നും സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ മാഫിയ ശക്തമായി പിടിമുറുക്കിയിരിക്കുകയാണെന്നും പ്രളയത്തേയും കോവിഡിനേയും ഒറ്റക്കെട്ടായി നേരിട്ട നമുക്ക് ലഹരിയേയും നമ്മുടെ നാട്ടില്‍ നിന്നും പറിച്ചെറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ നഗരസഭ വിദ്യാഭ്യാസ -കലാകായിക സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അലാവുദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. മഹേഷ് കുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗാന്ധി സ്മൃതിയില്‍ അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റോണി രഞ്ജി പാണംതുണ്ടില്‍, ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ജി വാസുദേവന്‍, പറക്കോട് ബ്ലോക്ക് ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ റോഷന്‍ ജേക്കബ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോര്‍ജ് ബേബി, സിപിഎം പ്രതിനിധി പി. രവീന്ദ്രന്‍, കോണ്‍ഗ്രസ് പ്രതിനിധി ഷിബു ചിറക്കരോട്ട്, സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൊലീസ്- എക്സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.