konnivartha.com : ഇലന്തൂര്‍ നരബലി കേസില്‍ നിര്‍ണായക കണ്ടെത്തല്‍. ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിന്ന് രക്തക്കറ കണ്ടെത്തി. ഫ്രിഡ്ജിനുള്ളിലും രക്തം കണ്ടെത്തി. പഴക്കമുള്ളതും പുതിയതുമായ രക്തക്കറകളാണ് കണ്ടെത്തിയത്. വീട്ടില്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചു എന്നുകരുതുന്ന കത്തികളും സംഘം കണ്ടെത്തി. പരിശോധന പൂര്‍ത്തിയാക്കി ഡോഗ് സ്‌ക്വാഡ് മടങ്ങി. വീട്ടിനുള്ളില്‍ തെളിവെടുപ്പ് തുടരുകയാണ്.
ഒന്നാം പ്രതി മുഹമ്മദ് ഷാഫിയുടെ വിരലടയാളം ഫൊറന്‍സിക് സംഘം ശേഖരിച്ചു. നരബലി നടന്ന മുറിക്കകത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചു. തിരുമ്മല്‍ കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തി.
ഭഗവല്‍ സിംഗിന്റെ വീട്ട് പരിസരത്തുനിന്ന് കണ്ടെടുത്ത അസ്ഥി ഒളിപ്പിച്ച നിലയിലായിരുന്നു. മരത്തിനു പിറകില്‍ ചെറിയ കുഴിയില്‍ കല്ല് കൊണ്ട് മറച്ച നിലയിലായിരുന്നു അസ്ഥി. കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വീടിന് പിന്‍വശത്തുള്ള പറമ്പിനോട് ചേര്‍ന്നുള്ള മഹാഗണി മരത്തിന് ചുവട്ടില്‍ നിന്നാണ് എല്ല് കണ്ടെത്തിയത്. എല്ല് കൂടുതല്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം ശേഖരിച്ചു.ചോദ്യം ചെയ്യലില്‍ പ്രതികള്‍ പലതും മറച്ചുവയ്ക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ പശ്ചാത്തലത്തില്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും ഒരുമിച്ച് നടത്തുകയാണ് പൊലീസ്. ലൈലയുടെ മൊഴിയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ വീട്ടുവളപ്പിലുണ്ടോ എന്ന സംശയത്തിന് കാരണമായത്.മൂന്ന് പ്രതികളേയും ഇലന്തൂരിലെത്തിച്ചത് മൂന്ന് വാഹനങ്ങളിലാണ്. ചോദ്യം ചെയ്യലില്‍ മൂന്ന് പ്രതികളുടേയും മൊഴികള്‍ തമ്മില്‍ വൈരുധ്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മൂന്നുപേരെയും പ്രത്യേകം വാഹനങ്ങളില്‍ പ്രദേശത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നത്.