konnivartha.com : കോന്നി മണ്ഡലത്തിലെ ഡ്രോൺ സർവേ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.റീസര്‍വേ സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളുടേയും ശാശ്വത പരിഹാരമാണ് ഡിജിറ്റല്‍ സര്‍വേയെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജനപങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് രേഖകള്‍ ഹാജരാക്കേണ്ടതാണ്.സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനുഷ്യനിര്‍മ്മിതമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ഇതിന്റെ ലക്ഷ്യം. പന്ത്രണ്ട് വില്ലേജുകളാണ് ഡിജിറ്റല്‍ സര്‍വേയ്ക്കായി ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്.കോന്നി മണ്ഡലത്തിലെ പ്രമാടം,തണ്ണിത്തോട്, വള്ളിക്കോട്, കോന്നി താഴം മൈലപ്ര വില്ലേജുകളില്‍ ആണ് ആദ്യ ഘട്ട സർവേ നടക്കുന്നത്.
സവിശേഷമായ ഭൂപ്രകൃതികള്‍ക്ക് അനുസൃതമായ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ സര്‍വേ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന 20 ശതമാനം ഭൂപ്രദേശങ്ങൾ ഡ്രോൺ സർവേ ചെയ്യുന്നതിനും ബാക്കിയുള്ള 80 ശതമാനം ഭൂപ്രദേശങ്ങൾ റീബിൽഡ് കേരള ഫണ്ട് ഉപയോഗിച്ച് CORS, RTK, ETS മുതലായ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു പൂർത്തീകരിക്കും.വകുപ്പിൽ നിന്ന് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ആധുനിക വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൊതുജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി വിവരവ്യവസ്ഥ അടിസ്ഥാനപ്പെടുത്തി നടപ്പിലാക്കുന്ന നൂതന ഭൂസർവേ പ്രവർത്തനങ്ങളാണ് ഡിജിറ്റൽ സർവേ.
ഡിജിറ്റൽ സർവ്വേ പൂർത്തിയാകുന്നതോടുകൂടി ഭൂമി സംബന്ധമായ എല്ലാവിധ റവന്യൂ സേവനങ്ങളും അതിവേഗത്തിൽ പൊതുജനങ്ങൾക്ക് ലഭിക്കും എന്നതാണ് സർവ്വേയുടെ പ്രത്യേകത. പ്രമാടം സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മോഹനൻ നായർ, വാഴവിള അച്യുതൻ നായർ, പ്രമാടം സ്റ്റേഡിയം അഡ്മിനിസ്ട്രേറ്റർ കെ.ആർ.ജയൻ, പി എസ് ഗോപി, ഹെഡ് സർവ്വേയർ ജിജു തോമസ് ,ഫസ്റ്റ് ഗ്രേഡ് സർവ്വേയർ മാളു എസ് പിള്ള ,സെക്കന്റ് ഗ്രേഡ് സർവ്വേയർമാരായ ഷിബു,നെജിമോൾ ധന്യ, വി. എൻ സുരാജ് , എൻ.നാഗരാജൻ , അമൽ ജോസ്, രാമദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.