konnivartha.com : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ഉള്ള അതി പ്രശസ്തമായ മലയാലപ്പുഴ ദേവീക്ഷേത്രത്തെ അപമാനിക്കാൻ നടത്തിയ ശ്രമത്തെ ക്ഷേത്രത്തിൽ കൂടിയ യോഗത്തിൽ ക്ഷേത്ര ഉപദേശകസമിതി ശക്തമായ പ്രതിഷേധം ഇന്ന് രേഖപ്പെടുത്തി.
ഇക്കഴിഞ്ഞ ദിവസം ഇലന്തൂരിൽ നടന്ന നരബലിയുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രമുഖ വാർത്താ ചാനലുകളിൽ നടന്ന ചർച്ചകളിൽ സ്വാമി സന്ദീപാനന്ദഗിരി പ്രസ്തുത വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത മഹാ ക്ഷേത്രമായ ശ്രീ മലയാലപ്പുഴ ദേവീക്ഷേത്രത്തെയും നാട്ടുകാരെയും അപമാനിക്കാൻ ശ്രമിച്ചിരുന്നു.
2002ൽ നടന്ന ശതകോടി അർച്ചനയുമായി ബന്ധപ്പെട്ടാണ് വസ്തുത കൾക്ക് നിരക്കാത്ത കാര്യങ്ങൾ അദ്ദേഹം ചാനലുകളിൽ വന്ന് പറഞ്ഞത്. അദ്ദേഹം ചാനൽ ചർച്ചകളിൽ പരാമർശിച്ചത് സി.പി. നായരെ വധിക്കാൻ ശ്രമിച്ചു എന്നതാണ് ശതകോടി അർച്ചന കേസ് എന്നാണ്. 2019 ൽ പ്രസ്തുത ശതകോടി അർച്ചനാ കേസിന്റെ വിധി വന്നിരുന്നു. ആയതിൽ പൊതുമുതൽ നശിപ്പിച്ചതിന്റെ പേരിൽ കുറച്ചുപേരെ ശിക്ഷിച്ചിരുന്നു. ബാക്കിയുള്ളവരെ എല്ലാം വെറുതെ വിട്ടിരുന്നു. വധശ്രമത്തിന്റെ പേരിൽ ആരെയും പ്രസ്തുത കേസിൽ ശിക്ഷിച്ചിട്ടില്ല.തികച്ചും വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ സ്വാമി സന്ദീപാനന്ദഗിരിക്കെതിരെ പത്തനംതിട്ട ഡി.വൈ.എസ്.പി.ക്കും, മലയാലപ്പുഴ പോലീസ് സ്റ്റേഷനിലും ക്ഷേത്ര ഉപദേശകസമിതി പരാതി ഇന്ന് നൽകി. കൂടുതൽ നിയമനടപടികളിലേക്ക് ഉടനെ നീങ്ങുമെന്നും ക്ഷേത്ര ഉപദേശകസമിതി അറിയിച്ചു
വാര്‍ത്ത : അനു ഇളകൊള്ളൂര്‍