Trending Now

നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളാകുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങള്‍: വനിതാ കമ്മീഷന്‍

 

konnivartha.com : അന്ധവിശ്വസത്തിന്റെ ഭാഗമായി നടത്തിയ നരബലിയും ഇതിന് സ്ത്രീകള്‍ ഇരകളായി മാറ്റപ്പെടുന്നതും അതീവ ഗൗരവമേറിയ വിഷയങ്ങളാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു.

പത്തനംതിട്ട ഇലന്തൂരില്‍ നരബലി നടന്ന സ്ഥലം സന്ദര്‍ശിച്ച് സാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍.വിദ്യാഭ്യാസമേറെയുള്ള കേരള സമൂഹത്തില്‍ അന്ധവിശ്വാസങ്ങളുടെ ഭാഗമായിട്ട് നരബലി അടക്കമുള്ള ക്രൂര കൃത്യങ്ങള്‍ നടക്കുന്നുവെന്നത് ഭയപ്പെടുത്തുന്നതാണ്.

വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടുവാന്‍ സ്ത്രീകള്‍ തയാറാകുന്നുവെന്നതും ചര്‍ച്ച ചെയ്യേപ്പെടേണ്ട വിഷയമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന നരബലി അടക്കമുള്ള ഹീനകൃത്യങ്ങളെക്കുറിച്ചാണ് ഇതുവരെ ചര്‍ച്ച ചെയ്തിരുന്നത്. ഇപ്പോള്‍ സാക്ഷര കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ട് ഇത്തരം ഹീനകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് വിഷമകരമായ കാര്യമാണ്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. പോലീസ് നടത്തിയ ജാഗ്രതയോടു കൂടിയുള്ള അന്വേഷണത്തിന്റെ ഫലമായാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തു വരാന്‍ ഇടയായതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ചെയര്‍പേഴ്സനൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

 

ഇലന്തൂരിലെ നരബലി : അന്ധവിശ്വാസ അനാചാര നിര്‍മ്മാര്‍ജ്ജന നിയമം കാലഘട്ടത്തിന്റെ ആവശ്യം;യുവജന കമ്മീഷന്‍

പത്തനംതിട്ട ഇലന്തൂരിലെ നരബലി നവോത്ഥാന കേരളത്തിന് അപമാനകരമാണെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോം പറഞ്ഞു. അന്ധവിശ്വാസ അനാചാര നിര്‍മ്മാര്‍ജ്ജന ബില്‍ അടിയന്തിര പ്രാധാന്യത്തോടെ  നിയമസഭ പാസാക്കി നടപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ഒരു സമൂഹം എന്ന നിലയില്‍ നാം  ആര്‍ജിച്ച സാക്ഷരതയും സാംസ്‌കാരിക മേന്മയും ദുര്‍ബലപ്പെടുത്തുകയും റദ്ദ് ചെയ്യപ്പെടുകയും ചെയ്യുന്നതിന്റെ വര്‍ത്തമാന സാക്ഷ്യമാണ് ഈ സംഭവം. മറ്റൊരു മനുഷ്യനെ കൊലചെയ്തു വിശ്വാസം സംരക്ഷിക്കാന്‍ വ്യക്തികള്‍ തയ്യാറാകുന്നത് സമൂഹത്തിന്റെ പിന്നോട്ട് പോക്കിന്റെ തെളിവാണ്.

അന്ധവിശ്വാസങ്ങളുടെ പ്രചാരകരെയും പ്രയോക്താക്കളായി നില്‍ക്കുന്ന സാമൂഹ്യവിരുദ്ധരെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണം. യുവജനങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും സാമൂഹിക മണ്ഡലത്തില്‍ ചലനാത്മകമായ രീതിയില്‍ യുവജനങ്ങളെ അണിനിരത്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.

error: Content is protected !!