konnivartha.com
ടെക്നിക്കല്‍ അസിസ്റ്റന്റായി കരാര്‍ നിയമനം
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതി പത്തനംതിട്ട ജില്ലാ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദവും ഒപ്പം കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവ.അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. കരാര്‍ നിയമന കാലയളവില്‍ സര്‍ക്കാര്‍ അംഗീകൃത വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 20നകം അതത് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കണം. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, നവകേരളം കര്‍മ്മപദ്ധതി 2, ജില്ലാ പ്ലാനിംഗ് ഓഫീസ്, കളക്ട്രേറ്റ്, പത്തനംതിട്ട 689 645
ഫാക്കല്‍റ്റി ഇന്റര്‍വ്യു: അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങള്‍ പി.എസ്.സി പരിശീലനം നല്‍കുന്നതിലേക്ക് ഫാക്കല്‍റ്റികളെ തിരഞ്ഞെടുക്കുന്നതിനായും നിലവിലെ ഫാക്കല്‍റ്റി നവീകരിക്കുന്നതിനായും യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ബിരുദമോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരോ ആയിരിക്കണം. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോമില്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം 15നകം പ്രിന്‍സിപ്പാള്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്സ്, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബില്‍ഡിംഗ് തൈക്കാവ്, പത്തനംതിട്ട, പിന്‍ 689 645 എന്ന വിലാസത്തിലോ നേരിട്ടോ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 9447 049 521, 9961 602 993.
ഏകദിന സെമിനാര്‍
കയര്‍ ഭൂവസ്ത്ര വിതാന പദ്ധതി 2022-23 ന്റെ പ്രചാരണത്തിനായി ഇലന്തൂര്‍ ബ്ലോക്കില്‍ ഈ മാസം 15ന് രാവിലെ 10ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സെമിനാര്‍ നടത്തുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
പോലീസ് കോണ്‍സ്റ്റബിള്‍: ശാരീരിക അളവെടുപ്പും
കായികക്ഷമതാ പരീക്ഷയും ഈ മാസം 12 മുതല്‍
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കെഎപി ബറ്റാലിയന്‍ മൂന്ന്)(കാറ്റഗറി നമ്പര്‍ 530/2019) തസ്തികയുടെ 17/08/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം 12 മുതല്‍ നവംബര്‍ അഞ്ച് വരെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഫോണ്‍: 0468 2 222 665.
ശബരിമല തീര്‍ഥാടനം: ദേവസ്വം വകുപ്പ് മന്ത്രിയുടെ യോഗം 17ന്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 17ന് രാവിലെ 11.30ന് പമ്പയിലെ ശ്രീരാമ സാകേതം കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
ശബരിമല സുരക്ഷാ യാത്ര 19ന്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷാസ്ഥിതി വിലയിരുത്തുന്നതിന് ഒക്ടോബര്‍ 19ന് പത്തനംതിട്ടയില്‍നിന്നും പമ്പ വരെയും പമ്പയില്‍ നിന്നും സന്നിധാനം വരെയും സുരക്ഷാ യാത്ര നടത്തും. സുരക്ഷായാത്ര രാവിലെ ഒന്‍പതിന് ആരംഭിക്കും.
ശബരിമല തീര്‍ഥാടനം: ഗതാഗത വകുപ്പ് മന്ത്രിയുടെ യോഗം 27ന്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 27ന് രാവിലെ 11ന് പമ്പയിലെ ശ്രീരാമ സാകേതം കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
ക്ഷീരകര്‍ഷകര്‍ക്ക് ട്രെയിനിംഗ്
അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററില്‍ ക്ഷീര കര്‍ഷകര്‍ക്കായി ശുദ്ധമായ പാലുല്‍പ്പാദനം എന്ന വിഷയത്തെ ആസ്പദമാക്കി ഈ മാസം 13, 14 തീയതികളില്‍ രണ്ട് ദിവസത്തെ ട്രെയിനിംഗ് നടത്തും. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ക്ഷീരകര്‍ഷകര്‍ക്ക് 04734 266869, 9495390436 എന്നീ നമ്പറുകളില്‍ വിളിക്കുകയോ വാട്സാപ്പ് ചെയ്തോ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് ട്രെയിനിംഗില്‍ പങ്കെടുക്കാം
സ്പോട്ട് അഡ്മിഷന്‍
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ പോളിടെക്നിക്ക് കോളേജുകളിലെ 2022-23 അധ്യയന വര്‍ഷത്തെ ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 11,12 തീയതികളില്‍ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ താഴെപറയുന്നഅഡ്മിഷന്‍ ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം.
പുതിയതായിഅഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍രേഖകളും, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ് എന്നിവയും കൊണ്ടുവരണം. മറ്റ് പോളിടെക്നിക്ക് കോളേജില്‍ അഡ്മിഷന്‍ എടുത്തവര്‍ സ്പോട്ട് രജിസ്ട്രേഷന്‍ സ്ലിപ്പ്, അഡ്മിഷന്‍ സ്ലിപ്പ്, ഫീസ് അടച്ച രസീത് എന്നിവ മാത്രം ഹാജരാക്കിയാല്‍ മതിയാകും.
രജിസ്ട്രേഷന്‍സമയം : രാവിലെ ഒന്‍പത് മുതല്‍ 10 വരെ മാത്രം
ഒക്ടോബര്‍ 11 ന് ഒന്നു മുതല്‍ 25000 വരെ റാങ്ക് ഉള്ള എല്ലാവിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍, കുടുംബി, പട്ടികവര്‍ഗ്ഗം, ധീവര, ലാറ്റിന്‍ കാത്തലിക്ക്, കുശവന്‍, അംഗപരിമിതര്‍, ഓര്‍ഫന്‍ എന്നീ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം.
ഒക്ടോബര്‍ 12 ന് 25001 മുതല്‍ 50000 വരെ റാങ്ക്ഉള്ള എല്ലാവിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. മുസ്ലിം, വിശ്വകര്‍മ്മ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗം, ഈഴവ, പിന്നോക്ക ഹിന്ദു , പിന്നോക്ക ക്രിസ്ത്യന്‍, വിഎച്ച്.എസ്.സി, പട്ടികജാതി എന്നീ വിഭാഗത്തിലെ റാങ്ക് 60000 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.