Trending Now

നെൽമണികൾകൊണ്ട് വിസ്മയം തീർത്ത് കൊൽക്കത്ത സ്വദേശിനി പുതുൽ ദാസ് മിത്ര കേരളത്തില്‍

 

konnivartha.com : നെൽമണികൾകൊണ്ട് വിസ്മയം തീർത്ത് കൊൽക്കത്ത സ്വദേശിനി പുതുൽ ദാസ് മിത്ര. കോഴിക്കോട് സ്വപ്നനഗരിയിൽ വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിച്ച മലബാർ ക്രാഫ്റ്റ് മേളയിലാണ് സന്ദർശകരിൽ ആശ്ചര്യമുണർത്തി പുതുലിന്റെ സ്റ്റാളുള്ളത്. മാലകളും കമ്മലുകളും കൗതുകത്തോടെ വീക്ഷിക്കുന്നവർ ഇതെല്ലാം നിർമ്മിച്ചിരിക്കുന്നത് നെല്ലുപയോ​ഗിച്ചാണെന്നറിയുന്നതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടും.

ചെറുതും വലുതുമായി കൗതുകമുണർത്തുന്ന മനോഹരമായ ആഭരണങ്ങളാണ് പുതുലിന്റെ സ്റ്റാളിൽ സജ്ജീകരിച്ചിരിക്കുന്നത്. കമ്മലുകൾ, മാലകൾ, ചോക്കർ ചെയിനുകൾ തുടങ്ങി വ്യത്യസ്ത ഡിസൈനുകളിലുള്ള ആഭരണങ്ങൾ ഇവിടെ കിട്ടും.

പൂർണ്ണമായും നെല്ലുപയോ​ഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് പ്രധാന ആകർഷണം. പല നിറങ്ങളിലും വലുപ്പത്തിലുമുള്ള മാലകളും കമ്മലുകളും അവയുടെ സെറ്റുകളും ലഭ്യമാണ്. സ്റ്റഡ് കമ്മലുകൾ മുതൽ വ്യത്യസ്ത നീളത്തിലുള്ള കമ്മലുകളുടെ ശേഖരം തന്നെ സ്റ്റാളിലുണ്ട്. സാരികൾക്ക് അനുയോജ്യമായ നീളത്തിലുള്ള മാലകൾ, ചോക്കർ എന്നിവയും ഇവിടെ ലഭ്യമാണ്. 50 മുതൽ 1000 രൂപവരെയാണ് വില.

 

പശ്ചിമ ബം​ഗാളിൽ കൃഷിചെയ്യുന്ന ​പ്രത്യേകതരം നെല്ലാണ് ആഭരണങ്ങളിൽ ഉപയോ​ഗിക്കുന്നത്. നിർമ്മാണം നെല്ലിലാണെങ്കിലും ചുവപ്പ്, പച്ച, കറുപ്പ് തുടങ്ങി വ്യത്യസ്തങ്ങളായ നിറങ്ങളിലുള്ള ആഭരണങ്ങളുമുണ്ടിവിടെ. അക്രിലിക്ക് പെയിന്റ്സ് ആണ് ആഭരണങ്ങൾക്ക് നിറം നൽകാൻ ഉപയോ​ഗിച്ചിരിക്കുന്നത്. നനയ്ക്കാൻ കഴിയുമെന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. നനഞ്ഞാൽ പെട്ടന്നു ചീത്തയാവുമെന്ന ഭയവും വേണ്ട, കുറഞ്ഞത് അഞ്ച് വർഷം വരെ ആഭരണങ്ങൾ ഉപയോ​ഗിക്കാൻ പറ്റുമെന്ന് പുതുൽ ഉറപ്പു നൽകുന്നു.

 

വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആ​ഗ്രഹമാണ് ഇത്തരമൊരു സംരംഭത്തിലേക്ക് തന്നെ നയിച്ചതെന്ന് പുതുൽ പറയുന്നു. സഹോദരന് നെല്ലുപയോ​ഗിച്ച് നിർമ്മിച്ചുനൽകിയ രാഖി ഒരു വർഷം കഴിഞ്ഞിട്ടും ചീത്തയാകാതെ നിന്നു. ഇതിൽ നിന്നാണ് നെല്ലിൽ നിന്ന് ആഭരണങ്ങൾ നിർമ്മിക്കാം എന്ന ചിന്തയിലേക്ക് എത്തിയത്. 23 വർഷമായി ക്രാഫ്റ്റ് രം​ഗത്തുള്ള പുതുൽ ഇന്ത്യയിലും വിദേശത്തുമായി നടന്ന വിവിധ മേളകളിൽ പങ്കെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് കേരളത്തിലെത്തുന്നതെന്നും പുതുൽ പറഞ്ഞു.

 

ആദ്യ ഘട്ടത്തിൽ സ്വന്തമായാണ് ആഭരണങ്ങൾ നിർമ്മിച്ചതെങ്കിൽ ഇപ്പോൾ പുതുലിന് കീഴിൽ 16 സ്ത്രീകൾ ജോലി ചെയ്യുന്നു. തന്റെ ആഗ്രഹത്തിനൊപ്പം കുറച്ചുപേർക്കെങ്കിലും വരുമാനം ലഭ്യമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പുതുൽ. പാഡി ക്രാഫ്റ്റിലെ സംഭാവനകൾ പരി​ഗണിച്ച് ദേശീയ -സംസ്ഥാന പുരസ്ക്കാരങ്ങളും പുതുലിന് ലഭിച്ചിട്ടുണ്ട്.

error: Content is protected !!