konnivartha.com : രാധചേച്ചിയും മായചേച്ചിയും തിരക്കിലാണ്. മൂഴിയാര്‍ പ്രദേശത്ത് താമസിക്കുന്ന മലമ്പണ്ടാരം ഗോത്ര വിഭാഗത്തിനായി തുടങ്ങിയ കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെ അമരസ്ഥാനത്തേക്കാണിവര്‍ എത്തിയിരിക്കുന്നത്. ജില്ലയിലെ സെമിനൊമാഡിക്ക് വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെടുന്ന അയല്‍കൂട്ടമെന്ന ഖ്യാതിയാണ് നന്ദനത്തിനുള്ളത്.
കാടിന്റെ മക്കളെ മാത്രം ഉള്‍പ്പെടുത്തിയാണ് നന്ദനം എന്ന അയല്‍കൂട്ടം രൂപീകരിച്ചിട്ടുള്ളത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തങ്ങള്‍ക്കും കടന്നുവരണം എന്ന ആര്‍ജവത്തോടെയാണ് പത്തുപേരടങ്ങുന്ന സംഘം കൂടുബശ്രീക്ക് കീഴില്‍ അയല്‍ക്കൂട്ട യൂണിറ്റായി പ്രവര്‍ത്തനം ആരംഭിച്ചത്.
അയല്‍ക്കൂട്ടത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണയുമായി സിഡിഎസ് മുഖേന നിയോഗിച്ചിട്ടുള്ള റിസോഴ്‌സ് പേഴ്‌സണും ഒപ്പമുണ്ടാവും. ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ആശയം ഇവര്‍ക്കിടയിലേക്ക് എത്തിക്കുകയാണ് ഈ അയല്‍ക്കൂട്ടത്തിന്റെ പ്രധാനലക്ഷ്യം. കുടുംബങ്ങളിലെ ചെറുപ്രശ്‌നങ്ങള്‍ വരെ കണ്ടെത്തി പരിഹാരം കണ്ടെത്താനും, സ്വയം പര്യാപ്തത കൈവരിക്കല്‍, സാമൂഹ്യ അരക്ഷിതാവസ്ഥ ഇല്ലാതാക്കല്‍, ലഹരിയുടെ ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനുള്ള ബോധവല്‍കരണം നല്‍കല്‍ തുടങ്ങി വിവിധ സാമൂഹ്യ വിഷയങ്ങളില്‍ കൃത്യമായ ഇടപെടലും അവബോധവും അയല്‍ക്കൂട്ടത്തിലൂടെ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു.
കുടുംബശ്രീയുടെ 25-ാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം 15 ദിവസം ദൈര്‍ഘ്യമുള്ള സുദൃഢം എന്ന പേരില്‍ കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ ഉള്‍ച്ചേര്‍ക്കല്‍ ഉണ്ടാക്കുന്നതിനുമുള്ള കാമ്പയിന്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കി വരുകയാണ്. ഈ കാമ്പയിന്റെ ഭാഗമായാണ് മൂഴിയാറില്‍ മലമ്പണ്ടാരം കുടുംബങ്ങള്‍ക്കായി അയല്‍ക്കൂട്ടം രൂപീകരിച്ചത്.
പ്രാരംഭഘട്ടത്തില്‍ എന്താണ് ഒരു സംഘടനയെന്നും എങ്ങനെയാണ് അതിന്റെ പ്രവര്‍ത്തന രീതിയെന്നും പരിചയപ്പെടുത്തുന്നതിനോടൊപ്പം ചെറുസമ്പാദ്യ ശീലങ്ങളെ കുറിച്ചും സാമ്പത്തിക വിഷയങ്ങള്‍ പരസഹായമില്ലാതെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ചും ധാരണ നല്‍കുവാന്‍ ശ്രമിക്കുമെന്ന് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.കെ. ഷാജഹാന്‍ പറഞ്ഞു. കുടുംബശ്രീയിലൂടെ കാടിന്റെ മക്കള്‍ക്കും ഒരു ദൗത്യം ഏറ്റെടുക്കുവാന്‍ അവസരമൊരുക്കുകയാണ് നന്ദനം എന്ന അയല്‍ക്കൂട്ടത്തിലൂടെ