Trending Now

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 01/10/2022)

മൂലൂര്‍ സ്മാരകത്തില്‍ വിദ്യാരംഭവും കുമാരനാശാന്റെ 150-ാം ജയന്തിയും രചനാ ശതാബ്ദിയും ഒക്ടോബര്‍ അഞ്ചിന്

വിദ്യാരംഭവും മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചന ശതാബ്ദിയും ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരം 4.30ന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരവകാശ കമ്മീഷണര്‍ കെ.വി. സുധാകരന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മുന്‍ എംഎല്‍എയും മൂലൂര്‍ സ്മാരക കമ്മറ്റി പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിക്കും.
ഒക്ടോബര്‍ അഞ്ചിന് രാവിലെ 7.30ന് നടക്കുന്ന വിദ്യാരംഭ ചടങ്ങില്‍ കെ.വി. സുധാകരന്‍, അശോകന്‍ ചരുവില്‍, റവ. ഡോ. മാത്യു ഡാനിയേല്‍, ഡോ. കെ.ജി. സുരേഷ് പരുമല എന്നിവര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. രാവിലെ 10ന് നടക്കുന്ന കവിസമ്മേളനം അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യും. എ. ഗോകുലേന്ദ്രന്‍ അധ്യക്ഷത വഹിക്കും.
ഒക്ടോബര്‍ ആറിന് രാവിലെ 10.30ന് ആശാന്‍ കവിതകളെ കുറിച്ചുള്ള ചര്‍ച്ച പരിപാടി സജി ചെറിയാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. പി. സോമന്‍, പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, ഡോ. പ്രസന്ന രാജന്‍, ഡോ.പി.റ്റി അനു തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ഒക്ടോബര്‍ ഏഴിന് രാവിലെ 10.30ന് ആശാന്‍ കവിതകളെ കുറിച്ചുള്ള ചര്‍ച്ച പരിപാടി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുപ്രകാശം, പ്രൊഫ. മാലൂര്‍ മുരളീധരന്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

 

 

ഐഎച്ച്ആര്‍ഡി അപേക്ഷ ക്ഷണിച്ചു
പാലക്കാട് -അയലൂര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സെന്‍ട്രലൈസിഡ് യു.ജി അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് (ചെയ്യാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം) ഐഎച്ച്ആര്‍ഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ അപേക്ഷിക്കാം. ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്സി കമ്പ്യൂട്ടര്‍ ഇലക്ടോണിക്സ് എന്നീ കോഴ്സുകളില്‍ അഡ്മിഷന്‍ എടുക്കാന്‍ താത്പര്യമുളളവര്‍ ഈ മാസം 12ന് വൈകിട്ട് നാലിന് മുമ്പായി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍ : 9495 069 307, 8547 005 029, 0492 3 241 766.

ലേലം
ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണത്തിന്റെ പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് റോഡു നിര്‍മ്മിച്ചപ്പോള്‍ ഇളക്കി എടുത്ത കരിങ്കല്ലുകള്‍, പടിക്കു മുകളിലെ റൂഫിംഗ്, ഇളക്കിയ എം.എസ് പൈപ്പുകള്‍, ജി.ഐ ഷീറ്റുകള്‍, സ്റ്റീല്‍ വര്‍ക്കുകള്‍, അലുമിനിയം ഹാന്‍ഡ് റെയില്‍ എന്നിവയുടെ ലേലം ഈ മാസം 11ന് രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഇ മെയില്‍ : [email protected].


ലോക വയോജന ദിനഘോഷം നടന്നു
ലോക വയോജന ദിനത്തോടനുബന്ധിച്ച് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വയോജനദിനാഘോഷവും യോഗ പരിശീലനോദ്ഘാടനവും ജില്ലാ പഞ്ചായത്തംഗം സി.കെ ലതാകുമാരി നിര്‍വഹിച്ചു. പെരിങ്ങര ചാത്തങ്കേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു.
പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് മുഖ്യപ്രഭാഷണവും പുളിക്കീഴ് ശിശുവികസന പദ്ധതി ഓഫിസര്‍ ഡോ. ആര്‍ പ്രീതാകുമാരി വിഷയാവതരണം നടത്തി. ആയുഷ് പെരിങ്ങര മെഡി. ഓഫീസര്‍ ഡോ.ബിജി വര്‍ഗീസ്, ആയുര്‍വേദം റിട്ട.ഡിഎംഒ ഡോ.കെ.എം.മത്തായി, യോഗാ ട്രെയിനര്‍ ജെറി ജോഷി ആരോഗ്യ ക്ലാസ്സുകള്‍ നയിച്ചു. ബ്ലോക്ക് അംഗങ്ങളായ ബിനില്‍കുമാര്‍, മറിയാമ്മ എബ്രഹാം, സി.കെ അനു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനുന്ധതി അശോക്, പഞ്ചായത്തംഗങ്ങളായ സുഭദ്ര രാജന്‍, വിഷ്ണു നമ്പൂതിരി, ചന്ദ്രു എസ്. കുമാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഡോ.എം.യു രഞ്ജിനി തുടങ്ങിയവര്‍ പങ്കെടുത്തു.

തടിലേലം
അടൂര്‍ താലൂക്കില്‍ പളളിക്കല്‍ വില്ലേജില്‍ ബ്ലോക്ക് 34ല്‍ റീസര്‍വെ 113/2 ല്‍പെട്ട 28.10 ആര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ഒരു ആഞ്ഞിലിയും ഒരു മാവും ഈ മാസം ആറിന് 11ന് ലേലം ചെയ്ത് വില്‍ക്കും. ഫോണ്‍ : 0473 4 224 826.

എം.ബി.എ സ്പോട്ട് അഡ്മിഷന്‍
യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (യു.ഐ.എം) അടൂര്‍ സെന്ററില്‍ ഒഴിവുള്ള എം.ബി.എ സീറ്റുകളിലേക്ക് ഒക്ടോബര്‍ ഏഴു മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം 50 ശതമാനം മാര്‍ക്കോടുകൂടി പാസായ ജനറല്‍ വിഭാഗത്തിനും, 48 ശതമാനം മാര്‍ക്കോടുകൂടി പാസായ ഒബിസി വിഭാഗത്തിനും, പാസ്മാര്‍ക്ക് നേടിയ എസ്‌സി /എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. കെമാറ്റ്, സി മാറ്റ്, കാറ്റ് ഇവയില്‍ ഏതെങ്കിലും പാസായിരിക്കണം. അഡ്മിഷന്‍ നേടുന്നതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി യുഐഎം അടൂര്‍ സെന്ററില്‍ ഹാജരാകണം. ഫോണ്‍ 9746 998 700, 9946 514 088, 9400 300 217.

പൈപ്പ് പൊട്ടല്‍ പരിഹരിക്കണം; താലൂക്ക് വികസന സമിതി
കോഴഞ്ചേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെളള പൈപ്പ് ലൈന്‍ പൊട്ടി കുടിവെളളം നഷ്ടമാകുന്നുവെന്നും അധികൃതര്‍ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നും കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. അതിഥി തൊഴിലാളികളെ താമസിപ്പിക്കുമ്പോള്‍ വീട്ടുടമസ്ഥരുടെ കൈയ്യില്‍ ഇവരെകുറിച്ചുളള വ്യക്തമായ രേഖകള്‍ ഉണ്ടാകണം. ഇത് ബന്ധപ്പെട്ട അധികാരികള്‍ എല്ലാ മാസവും പരിശോധന നടത്തണം.

തെരുവുനായ ശല്യം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. കന്നുകാലിചന്ത പുന:സ്ഥാപിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. പത്തനംതിട്ട ടൗണില്‍ അബാന്‍ ജംഗ്ഷന് സമീപം നോ പാര്‍ക്കിംഗ് എന്നെഴുതിയിട്ടും ബസുകള്‍ നിര്‍ത്തി ആള്‍ക്കാരെ കയറ്റിയിറക്കുന്നത് ടൗണില്‍ ഗതാഗത കരുക്കിന് കാരണമാകുന്നതായും യോഗം വിലയിരുത്തി.
റോഡ് സൈഡിലെ ഓടകള്‍ നികത്തി സ്വകാര്യ വ്യക്തികള്‍ കൃഷി ചെയ്യുന്നത് ഒഴിവാക്കി ഓടകള്‍ വൃത്തിയാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഓമല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് (എസ്) പ്രതിനിധി മാത്യൂ ജി. ഡാനിയേല്‍, കേരള കോണ്‍ഗ്രസ്(എം)പ്രതിനിധി മാത്യു മരോട്ടിമൂട്ടില്‍, ഐയുഎംഎല്‍ പ്രതിനിധി എന്‍.ബിസ്മില്ലാഖാന്‍, ജനതാദള്‍ (എസ്) പ്രതിനിധി സുമേഷ് ഐശ്വര്യ, ആര്‍എസ്പി പ്രതിനിധി ജോണ്‍സ് യോഹന്നാന്‍, കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധി ജോണ്‍ പോള്‍ മാത്യു, തഹസില്‍ദാര്‍ ജി. മോഹനകുമാരന്‍നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ആര്‍.സിന്ധു, വിവിധ വകപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ല നവകേരളം കര്‍മ്മ പദ്ധതി ഓഫീസ് ഉപയോഗത്തിലേക്കായി 1200 ക്യുബിക് കപ്പാസിറ്റി(സിസി)യില്‍ കുറയാത്ത അഞ്ച് സീറ്റ് ടാക്സി/ടൂറിസ്റ്റ് വാഹനം പ്രതിമാസവാടകയ്ക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് ലഭിക്കുന്നതിന് താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുളളവര്‍ ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്നിന് മുന്‍പ് ക്വട്ടേഷനുകള്‍ കളക്ടറേറ്റില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാനിംഗ് ഓഫീസിലെ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ : 9188 120 323.

ഗാന്ധിജയന്തി വാരാഘോഷം; ലഹരി വിമുക്ത കേരളം പ്രചാരണം
ജില്ലാതല ഉദ്ഘാടനം  (ഒക്ടോബര്‍ 2ന്) പത്തനംതിട്ടയില്‍

ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിവിമുക്ത കേരളം പ്രചാരണ പരിപാടിയുടെയും ജില്ലാതല ഉദ്ഘാടനം  (ഒക്ടോബര്‍ 2) രാവിലെ ഒന്‍പതിന്  പത്തനംതിട്ട തൈക്കാവ് ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നത് തല്‍സമയം പ്രദര്‍ശിപ്പിക്കും.
ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ.കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ഗാന്ധിജയന്തിദിന സന്ദേശം നല്‍കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സ്വാഗതവും എഡിഎം ബി. രാധാകൃഷ്ണന്‍ നന്ദിയും പറയും.  യോദ്ധാവ് പദ്ധതി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് ലഹരി മുക്ത കേരളം പദ്ധതിയും വിശദീകരിക്കും. ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ഇന്ന് (ഒക്ടോബര്‍ 2) രാവിലെ എട്ടിന് കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്നും ലഹരിവിമുക്ത- സമാധാന സന്ദേശ റാലി ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ റാലി ഫ്ളാഗ് ഓഫ് ചെയ്യും. വിദ്യാര്‍ഥികള്‍, കുടുംബശ്രീ, സാക്ഷരത പ്രവര്‍ത്തകര്‍, എന്‍.സി.സി, എന്‍.എസ്.എസ്., സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ക്ലബുകളുടെ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 8.30 ന് റാലി ഗാന്ധിസ്‌ക്വയറിലെത്തുകയും ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തുകയും ചെയ്യും. തുടര്‍ന്ന് ഒന്‍പതിന് ജില്ലാതല ഉദ്ഘാടന സമ്മേളനം ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി സൂക്ത ചിത്രപ്രദര്‍ശനം സംഘടിപ്പിക്കും.