Trending Now

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ ( 30/09/2022)

 

അന്താരാഷ്ട്ര വയോജന ദിനാചരണം:  സംസ്ഥാനതല ഉദ്ഘാടനം (01.10.2022) മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

അന്താരാഷ്ട്ര വയോജന ദിനാചരണം, സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രാവിലെ 11.30ന് ആരോഗ്യ വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ പ്രമേയം മാറുന്ന ലോകത്ത് വയോജനങ്ങളുടെ പ്രതിരോധം എന്നതാണ്.

 

നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ.എസ്.അയ്യര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, അസിസ്റ്റന്റ് ഡയറക്ടറും നോഡല്‍ ഓഫീസറുമായ ഡോ. ബിപിന്‍ കെ ഗോപാല്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം) ഡോ. വി. മീനാക്ഷി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

ദിനാചരണത്തിന്റെ ഭാഗമായി വയോജനങ്ങളെ ആദരിക്കല്‍, മെഡിക്കല്‍ ക്യാമ്പ്, സ്‌ക്രീനിംഗ്, ബോധവത്ക്കരണ ക്ലാസ്, നേത്ര പരിശോധന ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു.

 

 

ആശുപത്രികളില്‍ വയോജനങ്ങള്‍ക്ക് രണ്ടാഴ്ച വിവിധ സ്‌പെഷ്യാലിറ്റി
സേവനങ്ങള്‍ക്ക് 30 ലക്ഷം രൂപ അനുവദിച്ചു: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യമേഖലയില്‍ വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും

ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനം

തിരുവനന്തപുരം: അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 1 മുതല്‍ 14 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലും വയോജനങ്ങള്‍ക്ക് മാത്രമായി വിവിധ സ്‌പെഷ്യാലിറ്റിയിലുള്ള സേവനങ്ങള്‍ നല്‍കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാന ആരോഗ്യ മേഖലയില്‍ വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. വയോജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ പ്രാഥമികതലം മുതല്‍ ജില്ലാ ആശുപത്രികള്‍ വരെയും മെഡിക്കല്‍ കോളേജുകളിലും മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി കൊണ്ട് താഴെതലം വരെ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കി കൊണ്ടും ആശുപത്രികളുടെ ഭൗതിക സാഹചര്യത്തില്‍ വയോജന സൗഹൃദ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കൊണ്ടും ആരോഗ്യ രംഗത്തെ വയോജന സൗഹൃദമാക്കുവാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.
ജില്ലാ ആശുപത്രികളില്‍ ജറിയാട്രിക് വാര്‍ഡുകളും ജറിയാട്രിക് ഒപിയും ഫിസിയോതെറാപ്പിയും നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി വരുന്നു. പക്ഷാഘാത ക്ലിനിക്ക്, കാത്ത്‌ലാബ്, കൊറോണറികെയര്‍ യൂണിറ്റ്, ശ്വാസ് ക്ലിനിക്ക്, ഡയാലിസിസ് യൂണിറ്റുകള്‍ എന്നിവ സാധ്യമാക്കിക്കൊണ്ട് വയോജനങ്ങള്‍ക്കുള്ള സേവനം ഉറപ്പാക്കി വരുന്നു. താലൂക്കാശുപത്രികളിലും വയോജന സൗഹൃദ ശൗചാലയങ്ങളും സാന്ത്വന പരിചരണവും മറ്റ് സ്‌പെഷ്യാലിറ്റി സേവനങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഫിസിയോ തെറാപ്പിസ്റ്റുകളെയും നഴ്‌സുമാരെയും വയോജന ചികിത്സ നല്‍കുന്നതിന് നിയമിച്ചിട്ടുണ്ട്. കൃത്രിമ ദന്തങ്ങള്‍, ശ്രവണ സഹായി, വൈകല്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഉപകരണങ്ങള്‍ എന്നിവയും വയോജന പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത് വരുന്നു.
അന്താരാഷ്ട്ര വയോജന ദിനം സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇന്ന് (ഒക്ടോബര്‍ 1 )  രാവിലെ 11.30ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ‘മാറുന്ന ലോകത്ത് മുതിര്‍ന്ന പൗരന്‍മാരുടെ അതിജീവനം’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര വയോജനദിന സന്ദേശം. ഈ വര്‍ഷത്തെ വയോജനാരോഗ്യ ദിനം രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടിയായാണ് ആരോഗ്യവകുപ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

 

കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിന് മുമ്പ് കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

 

ദേശീയ പോഷണ മാസാചരണം പോഷക മൂല്യമുള്ള ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍

 

പോഷക മൂല്യമുള്ള ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പോഷകമാസാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗമാര സൗഹൃദ ആരോഗ്യകേന്ദ്രത്തിന്റെയും അടൂര്‍ ജനറല്‍ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

നഗരസഭ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ജെ.മണികണ്ഠന്‍, ജിഷ സാരു തോമസ്, ആര്‍.ദീപ, ശരത്ത്ചന്ദ്രന്‍, സാനി.എം സോമന്‍, ഡോ.പ്രശാന്ത്, എം.അഷറഫ്, ഷൈനി സിജു, ഏയ്ഞ്ചല ജെറാള്‍ഡ് തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഗവണ്‍മെന്റ് ആശുപത്രിയിലെ ഡയറ്റീഷന്‍ ജ്യോതി എന്‍ നായര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ശാരീരിക മാനസികാരോഗ്യത്തിനും വളര്‍ച്ചക്കും പോഷണത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം പരമ്പരാഗത ഭക്ഷണങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ചും പ്രചാരണം നല്‍കുക  എന്ന ഉദ്ദേശത്തോടും കൂടിയാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍മാസം ദേശീയ പോഷണ മാസമായി ആചരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റര്‍ രചന മത്സരം, ബോധവത്കരണ ക്ലാസുകള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു.

 

 

വയോജന ദിനാചരണം

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനാചരണം(01) രാവിലെ 10: 30 ന് നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. വി അന്നമ്മ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ വയോജനങ്ങളെ ആദരിക്കും. ജീവിതം എങ്ങനെ ആസ്വാദ്യകരമാക്കാം, വയോജനാരോഗ്യം എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തും.


ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
ജനകീയ ആസൂത്രണത്തിന്റെ രജത ജൂബിലിയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം എന്നിവയുടെ ഭാഗമായി പഞ്ചായത്ത് വകുപ്പ് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റ് /ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തില്‍ നിന്നും രണ്ടു പേര്‍ അടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഒക്ടോബര്‍ ആറിന് മുമ്പായി സ്‌കൂള്‍ മേധാവി മുഖേന ഗ്രാമപഞ്ചായത്തിലോ ഏഴാം തീയതി ഒരു മണിക്ക് മുമ്പായി ബന്ധപ്പെട്ട പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റിലോ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പെര്‍ഫോമന്‍സ് ആഡിറ്റ് യൂണിറ്റ് തല മത്സരങ്ങള്‍ ഒക്ടോബര്‍ 11 നും ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ 18നും നടത്തുന്നതാണ്. പ്രാഥമികതലത്തിലും ജില്ലാതലത്തിലും യഥാക്രമം സമ്മാനം നേടുന്ന ടീമുകള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

വയോജനദിനാഘോഷവും യോഗ പരിശീലനോദ്ഘാടനവും (01)
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനദിനാഘോഷവും യോഗ പരിശീലനോദ്ഘാടനവും = (ഒക്ടോബര്‍ 1) രാവിലെ 10 മണിക്ക് പെരിങ്ങര ചാത്തങ്കേരി കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്തംഗം സി.കെ ലതാകുമാരി ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

 

പുളിക്കീഴ് ഐ.സി.ഡി.എസ് ശിശുവികസന പദ്ധതി ഓഫിസര്‍ ഡോ. ആര്‍ പ്രീതാകുമാരി വിഷയാവതരണം നടത്തും. ആയുഷ് പെരിങ്ങര മെഡി. ഓഫീസര്‍ ഡോ.ബിജി വര്‍ഗീസ്, ആയുര്‍വേദം റിട്ട.ഡിഎംഒ ഡോ.കെ.എം.മത്തായി, യോഗാ ട്രെയിനര്‍ ജെറി ജോഷി ആരോഗ്യ ക്ലാസ്സുകള്‍ നയിക്കും.

error: Content is protected !!