Trending Now

തൊഴിലുറപ്പില്‍ കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയ്യണം: ആന്റോ ആന്റണി എംപി

 

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി (ദിഷാ) യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എംപി. സാധാരണക്കാരായ ധാരാളം കുടുംബങ്ങളുടെ വരുമാന മാര്‍ഗമായ തൊഴിലുറപ്പ് പദ്ധതിയിലൂടെ നൂറു ശതമാനം തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം.

തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ പിന്നിലുള്ള പഞ്ചായത്തുകള്‍ പ്രശ്നങ്ങള്‍ കണ്ടെത്തി അപാകതകള്‍ പരിഹരിച്ച് മുന്നോട്ടു പോകണം. ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് കിണര്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പു പദ്ധതിയിലൂടെ പഞ്ചായത്തുകള്‍ വ്യാപകമായി നടപ്പാക്കണം.

പട്ടികവര്‍ഗ വിഭാഗത്തിന് 200 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. വനവിഭവങ്ങളുടെ ശേഖരണം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകുമോ എന്ന മുന്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി മിഷന്റെ അനുമതി തേടണമെന്ന് ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ശുചിത്വ മേഖലയില്‍ ഖരദ്രവ്യ മാലിന്യ പദ്ധതികള്‍ക്ക് പഞ്ചായത്തുകള്‍ മുന്‍ഗണന നല്‍കി അര്‍ഹരായ കുടുംബങ്ങള്‍ക്ക് സോക്ക്പിറ്റുകള്‍ കമ്പോസ്റ്റ് പിറ്റുകള്‍ എന്നിവ നിര്‍മിച്ചു നല്‍കണം.

പിഎംജിഎസ്വൈ പദ്ധതിയില്‍ ഇനിയും 25 കി.മീ. റോഡുകള്‍ ഏറ്റെടുക്കാന്‍ സാധിക്കുമെന്നിരിക്കെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള റോഡുകള്‍ കോര്‍നെറ്റ്വര്‍ക്കില്‍ ലഭ്യമല്ല. അതത് മേഖലകളിലെ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന റോഡുകളുടെ പട്ടിക അടിയന്തിരമായി തയാറാക്കി പിഐയുവിന് സമര്‍പ്പിക്കണം.

സ്വന്തമായി സ്ഥലമുള്ള പഞ്ചായത്തുകള്‍ അംഗന്‍വാടി നിര്‍മിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. പി എം എ വൈ പദ്ധതിയില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതിപ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതി വഴി ലഭിക്കുന്നുണ്ടെന്ന് ബ്ലോക്ക് പ്രോഗ്രം ഓഫീസര്‍മാരും മുനിസിപ്പല്‍ സെക്രട്ടറിമാരും ഉറപ്പ് വരുത്തണം. എസ്ബിഎം ഫണ്ട് വിനിയോഗിച്ച് മെച്ചപ്പെട്ടതും നൂതനവുമായ പദ്ധതികള്‍ ചെയ്യാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും എംപി നിര്‍ദേശിച്ചു. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തന അവലോകനം എംപിയുടെ നേതൃത്വത്തില്‍ നടന്നു.

സംസ്ഥാന തലത്തില്‍ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ പുരസ്‌കാര അര്‍ഹരായ മൈലപ്ര, നെടുമ്പ്രം, റാന്നി അങ്ങാടി, കടമ്പനാട്, ഏഴംകുളം പഞ്ചായത്തുകള്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. എംജിഎന്‍ആര്‍ഇ ജിഎസ് മൊബൈല്‍ പോസ്റ്റര്‍ മത്സരത്തില്‍ വിജയികളായ ജീവനക്കാരായ തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് അക്രഡിറ്റഡ് എഞ്ചിനിയര്‍ അശോക് കുമാര്‍, സീതത്തോട് ഗ്രാമ പഞ്ചായത്ത് എഐറ്റിഎ ബോബി പോത്തനും തൊഴിലാളികളായ ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ പ്രിയ വി ടൈറ്റസ്, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ ഉഷാകുമാരി എന്നിവര്‍ക്കും എംപി സമ്മാനം നല്‍കി.

എഡിഎം ബി. രാധകൃഷ്ണന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്‍. ഹരി, ടി.കെ. സാജു, ടി. ജോസ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

error: Content is protected !!